"ജാതസ്യ ഹി ധ്രുവം മൃത്യു
ധ്രുവം ജന്മമൃതശ്ച ച ''
(ഭഗവദ് ഗീത )
ജനിച്ചവന് മരണമുണ്ട്.. മരിച്ചവന് ജനനവും എന്നത് നിശ്ചയമത്രേ. ഭൂമിയിൽ ജനിക്കയും കർമങ്ങളൊടുങ്ങി മരിക്കയും വീണ്ടും പുനർജനിക്കയും ചെയ്യുമെന്നർത്ഥം.
ഭൂമിയിൽ ജനിച്ചവർക്കെല്ലാം ഒരുനാൾ എല്ലാ മുപേക്ഷിച്ചിവിടം വിട്ടു പോകേണ്ടതാണെന്നതാണെന്ന് നമുക്കെല്ലാമറിയാം.
എങ്കിലും ചിലരുടെ മരണം വല്ലാത്തൊരു ശൂന്യത അവശേഷിപ്പിക്കും. അതെന്നേക്കുമങ്ങിനെ ഒരു തീരാ നഷ്ടമായിത്തന്നെ നിലകൊള്ളുകയും ചെയ്യും. അത്തരത്തിലൊരു ദേഹവിയോഗം ഇന്നു കൈരളിയെ കണ്ണീരണിയിക്കുന്നു.
മഹാകവി അക്കിത്തം അച്ച്യുതൻ നമ്പൂതിരി നല്ലൊരു മനുഷ്യ സ്നേഹിയുമായിരുന്നു എന്നതിന് അദ്ദേഹത്തിൻ്റെ മഹത്തായ കവിതകളും ഉൽകൃഷ്ടമായ പ്രഭാഷണങ്ങളും സാക്ഷിയാണ്.
മലയാള കവിതയിൽ പുരോഗമന പ്രവണതക്കു തുടക്കമിട്ട കവിയാണ് അക്കിത്തം എന്നു പറയാറുണ്ട്. എങ്കിലും അതോടൊപ്പം തന്നെ കവിതയുടെ സൗന്ദര്യാത്മകതയും അദ്ദേഹം സ്വാംശീകരിച്ചു എന്നതാണ് ആ മാഹാത്മൃത്തെ അരക്കിട്ടുറപ്പിക്കുന്നത്.
''ഇതിഹാസ കവി" എന്നദ്ദേഹത്തിനെ വിശേഷിപ്പിക്കാറുണ്ട്. ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എന്ന കാവ്യസമാഹാരത്തിൻ്റെ രചയിതാവെന്ന നിലയിൽ മാത്രമല്ല ഈ വിശേഷണം എന്നു തോന്നുന്നു.പുരാണേതിഹാസങ്ങളിലും വേദോപനിഷത്തുക്കളിലും എന്നു വേണ്ട മഹത്തായ ഭാരതീയ സംസ്കൃതിയുടെ അന്തഃ സന്തയെ മുഴുവൻ ഉൾക്കൊള്ളുന്ന പ്രൗഢ ഗാംഭീരമായ ആ മഹത് വ്യക്തിത്വം ഏറെ ലളിതവുമായിരുന്നു.
"വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം " എന്ന വരികൾ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചെടുക്കാനായി നമുക്കു മുന്നിലേക്ക് സമർപ്പിക്കയാണ് കവി.
പാരമ്പര്യം സാംസ്ക്കാരിക മൂല്യങ്ങളും മറന്ന് പുത്തൻ പരിഷ്കാരത്തിൻ്റെ പാതയിലേക്ക് മുൻപിൻ നോക്കാതെ കുതിക്കുന്ന മനുഷ്യരിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെയും നന്മകളെയും കുറിച്ച് കവി ആശങ്കാകുലനായിരുന്നു. ആധുനികത ജീവിതത്തിൻ്റെ ഭദ്രതയെ ചോദ്യം ചെയ്യുന്നത് തെല്ലൊരാശങ്കയോടു കൂടിയാണ് അദ്ദേഹം നോക്കിക്കാണുന്നത്.
"നിരത്തിൽ കാക്ക കൊത്തുന്നു ചത്ത പെണ്ണിൻ്റെ കണ്ണുകൾ
മുല ചപ്പി വലിക്കുന്നു നര വർഗ നവാതിഥി ''
എന്ന വരികളിൽ നിന്നും ഉരുത്തിരിയുന്ന ചിത്രം ക്രൂരമായൊരു സത്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്.
സത്യത്തിൻ്റെ മുഖം വികൃതമാണത്രേ.. സാമൂഹികമായും സാമ്പത്തികമായും ചൂഷണത്തിനിരയാക്കപ്പെട്ടവരുടെ ജീവിത കഥകൾ കേൾക്കാൻ അത്ര രസമൊന്നും കാണില്ല.ജീവിയ്ക്കാനുള്ള നെട്ടോട്ടത്തിനിടയിൽ സ്വന്തം സഹോദരങ്ങളെ തിരിഞ്ഞു നോക്കാനും കൂടെ കൂട്ടാനും തയ്യാറല്ലാത്തവരാണധികവും. അതു കൊണ്ടു തന്നെ ഇത്തരം ചിത്രങ്ങൾ വെറും കഥകളിൽ മാത്രമല്ല യഥാർത്ഥ ലോകത്തിലും സംഭവിക്കുന്നവ തന്നെയാണ് എന്നത് നിഷേധിക്കാനാവില്ല.
കവി ഋഷിയാണ് എന്നതിനർത്ഥം അത്ര മാത്രം ജ്ഞാനം നേടിയിരിക്കണം എന്നുകൂടിയാണ്. താൻ നേടിയ അറിവ് മറ്റുള്ള സഹജീവികൾക്കു കൂടി പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തിക്കയും വേണം. തൻ്റെ തൂലിക മഹത്തായ ജീവിത ദർശനങ്ങളെ ആവിഷ്ക്കരിക്കുന്നതോടൊപ്പം സാധാരണക്കാരനു കൂടി പ്രയോജനപ്പെടുംവിധം ഉപയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ജീവിതമെന്നത് സുഗമ പാതയിലൂടെയുള്ള സഞ്ചാരം മാത്രമല്ല .ഒരുപാട് പ്രശനങ്ങളെയും വിഷമങ്ങളെയും നേരിട്ടു കൊണ്ട് ശുഭാപ്തി വിശ്വാസത്തോടെ സധൈര്യം നേരിടാനുള്ള കരുത്താണ് നമുക്കു വേണ്ടത്. 'എല്ലാം ശരിയാവും ' എന്ന ശുഭാപ്തി വിശ്വാസം മുറുകെ പിടിക്കാനുള്ള ഉദ്ബോധനം കൂടി നൽകുന്നതാണദ്ദേഹത്തിൻ്റെ വരികൾ.
" കാണായതപ്പടി കണ്ണുനീരെങ്കിലും ഞാനുയിർക്കൊള്ളുന്നു വിശ്വാസശക്തിയാൽ!"
എന്ന വരികൾക്ക് കാലിക പ്രസക്തിയുണ്ട്.
മലയാളത്തെ സ്നേഹിച്ച മഹാകവിയിലൂടെ ആറാം തവണയും കൈരളി ജ്ഞാനപീo പുരസ്ക്കാരത്താൽ ആദരിക്കപ്പെട്ടു..
മലയാള സാഹിത്യത്തിനും സഹൃദയ ലോകത്തിനും തീരാവേദനകൾ നൽകി അദ്ദേഹം വിട പറഞ്ഞു.കവിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.