mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഗ്രാമങ്ങളിലെ കൊയ്തുണങ്ങിയ പാsവരമ്പത്തു ഒരിക്കൽ കൂടി തിറയും പൂതനും ദൃശ്യമായി തുടങ്ങി. ബഹുവര്ണങ്ങളണിഞ്, കണ്ണെഴുതി, മഞ്ഞൾ തേച്ച മുഖങ്ങളുമായി ആ ദേവരൂപങ്ങൾ കൊട്ടിനൊത്തു നൃത്തചുവട് വെച്ച് നീങ്ങുന്ന കാഴ്ച്ചകൾ ഇനി ഈ നാട്ടിലുള്ളവർക്കു സാഫല്യമോ സായൂജ്യമോ ഒക്കെ ആണ്.


വീടുവീടാന്തരം കയറി ഇറങ്ങിയും ഇടയ്ക്കു വിയർപ്പ് വറ്റാൻ വിശ്രമിച്ചും ഇളനീർ കുടിച്ച് ക്ഷീണം മാറ്റിയും സന്ധ്യയോടെ അടുത്തുള്ള ഏതെങ്കിലും ഒരു ഭഗവതികാവ് പൂകുകയായിരിക്കും അവരുടെ ലക്ഷ്യം.

കാവുകളെക്കുറിച് പറയുകയാണെങ്കിൽ, മിക്ക കാവുകളും വലുതോ ചെറുതോ ആയ ചിറകളുടെ അരികിലായിരിക്കും. സ്ഫടികം പോലുള്ള തീർത്ഥജലത്തിൽ ആഴത്തിലെ അടിമണലിൽ മത്സ്യകുഞ്ഞുങ്ങൾ ഇടിമിന്നൽ പോലെ വെട്ടിതിളങ്ങി നീങ്ങുന്നത് പോലും കാണാം കാലപഴക്കം കൊണ്ട് കറുത്തുപോയ കല്പടവുകളിൽ നിന്നാൽ. തൊട്ട്കിടക്കുന്ന നാടിന് അന്നം നൽകുന്ന വലിയ പാടശേഖരങ്ങളും തലമുറകൾക്കു തണലേകിയ ആല്മരങ്ങളുമൊക്കെ ഈ കാവുകളുടെ തൊടുകുറിയും മുഖമുദ്രകളുമാണ് . ചെമന്ന തെച്ചിപ്പൂക്കൾ പൂത്തുനിൽക്കുന്ന കുറ്റികാടുകൾ ചെമ്പരത്തിക്കാടുകളുമായി ആലിംഗനം ചെയ്തുനിൽക്കുന്നതിനടുത്തുതന്നെ പൂക്കൾ പൂത്തുലഞ്ഞ കുംകുമങ്ങൾ കമിതാക്കൾക്ക് കാവൽ നിൽക്കുന്നത് സാധാരണ കാഴ്ചകളാണ്.

ആഴ്ചകളോളം നീണ്ട് നില്ക്കുന്ന ആഘോഷങ്ങൾക്കാണ് ഇവിടം എല്ലാ വർഷവും വേദിയാകുന്നത്. ആനയെ എഴുന്നളിച്ചു നടത്തുന്ന ദിവസങ്ങളോളം നീളുന്ന പറയെടുപ്പ് വലിയ ശക്തി ക്ഷേത്രങ്ങളുടെ തലയെടുപ്പും ഉത്സവവിളംബരവും കൂടിയാണ്. പല തരത്തിലുള്ള പറകളുണ്ടെങ്കിലും നെല്പറയാണ് പ്രധാനം.

കളംപാട്ട് എന്നറിയപ്പെടുന്നതാണ് മറ്റൊരു ചടങ്.ഇത്‌ മുടക്കമില്ലാതെ ഇന്നും മിക്ക ദേവീക്ഷേത്രങ്ങളിലും നടത്താറുണ്ട്. മഞ്ഞപ്പൊടിയും അരിപ്പൊടിയും പോലുള്ള പ്രകൃതിജന്യമായ നിറങ്ങളുടെ സമ്മിശ്രണം മനോഹരമായ ദേവീരൂപമായി മാറുന്ന ഒരത്ഭുതകലയാണ് അത്. ഭയവും ഭക്തിയും ഒരുമിച്ച് മനസ്സിലുദിക്കുന്ന വിസ്മയമുഹൂർത്തം. നിലവിളക്കുകളുടെ പ്രഭാപൂരത്തിൽ, അസുരവാദ്യം കൊട്ടിക്കയറുമ്പോൾ, ചെമന്ന പട്ടും ഉറഞ്ഞുതുള്ളുന്ന കോമരവുമൊക്ക ഭക്തരെ മറ്റെവിടേക്കോ കൊണ്ടുപോകും. കുഞ്ഞുമനസ്സുകളിൽ ഒരു പക്ഷെ ഭയം മാത്രമായിരിക്കും ഈ മായകാഴ്ച സൃഷ്ടിക്കുക. പലപ്പോഴും അമ്മയുടെ ഒക്കത്തു അള്ളിപിടിച്ചിരിക്കുന്ന ഭയചകിതമായ പിഞ്ചു മുഖങ്ങൾ ഇപ്പോഴും ദേവീരൂപങ്ങളോടൊപ്പം മനസ്സിൽ തെളിയുന്നു.

അതുപോലെതന്നെയാണ് കൂത്തുകൾ. ദേശക്കൂത്തുകൾ നാലോ അഞ്ചോ ദേശങ്ങളുടെ വകയായിരിക്കും. കൂത്തമ്പലത്തിൽ പലപ്പോഴും വിജനമായ വേളകളിലും വേദികളിലും ആയിരിക്കും അരങ്ങേറുന്നത്. തോല്പാവകളിലൂടെ ദാരികവധം പോലുള്ള ദേവീപുരാണകഥകൾ ഒരിക്കൽക്കൂടി ഇവിടെ പുനർജനിക്കുമ്പോൾ ശാന്തിക്കാരും അമ്പലവാസികളും മാത്രമായിരിക്കണം കാഴ്ചക്കാർ. ഇന്നത്തെ ചെറുപ്പക്കാർക്ക്‌ കൂത്തും കൂറയുമൊക്ക അറിയാൻ ഒട്ടും വഴിയില്ല .

വൈകി ഏതാണ്ട് രാത്രിയുടെ അന്ത്യയാമങ്ങളിൽപോലും കാവുകളിൽ നിന്ന് കാറ്റിനോടൊപ്പം ഒഴുകിയെത്തുന്ന ചെണ്ടമേളം ഇളംമഞ്ഞിന്റെ അകമ്പടിയോടെയുള്ള മയക്കത്തെ അനവസരത്തിൽ അലോസരപ്പെടുത്താറുണ്ട്. വവ്വാലിന്റെ ചിറകടികൾക്ക് തുണയായി വീശിയടിക്കുന്ന പടിഞ്ഞാറൻ കാറ്റിന്റെ മർമരത്തോടൊപ്പം പാലമരച്ചുവട്ടിലും പനയോലച്ഛായകളിലുമൊക്കെ നിഗൂഢമായ നിഴലുകൾ ഇണചേരുന്ന സീൽകാരങ്ങളും ഒച്ചയനക്കങ്ങളും കാതോർത്തു കിടക്കുന്നതിനിടയിൽ വീണ്ടും ഒരു പക്ഷെ നിദ്രാദേവത ആശ്ലേഷിചെന്നിരിക്കും .

വള്ളുവനാടൻ ഗ്രാമങ്ങളിൽ ആണെന്ന് തോന്നുന്നു ആദ്യം ഉത്സവങ്ങൾ കൊടികയറുന്നത്. പിനീടാണ് തെക്കും വടക്കും ഉത്സവലഹരികളിലേക്ക് കളം മാറുന്നത്. കൊയ്ത്തു കഴിഞ്ഞ് കൈ നിറയുമ്പോളായിരിക്കണം പണ്ട് പൂർവികന്മാർ ഇവക്കൊക്കെ കാലവും കോലവും ചിട്ടപ്പെടുത്തിയത് . കഠിനമായ കായികാധ്വാനത്തിനൊടുവിൽ കൈയയച്ചു ജീവിക്കാനുള്ള ആഗ്രഹങ്ങളുടെ പരിണാമം.

കാലമെത്ര കഴിഞ്ഞാലും കാവിലെ കൊടിയിറങ്ങിക്കഴിഞ്ഞാലും അടുത്ത കൊടിയേറ്റങ്ങൾക്കും ചിലമ്പൊലിക്കും ചെണ്ടമേളങ്ങൾക്കൊക്കെ വേണ്ടി ദാഹിച്ചു കാവലിരിക്കുന്ന ഒരു പിടി പഴമനസ്സുകൾ നമ്മുടെ ഗ്രാമവീഥികളിലേക്കു കണ്ണും നട്ട് കാവുകളിലെ ആൽതറകളിലും വഴിയരികിലും കാതോർത്തു ഇരിപ്പുണ്ടാകും എന്നുറപ്പ്‌.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ