മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇന്ന് ഒക്ടോബർ 16.ലോക ഭക്ഷ്യ ദിനം. എല്ലാവർക്കും ഭക്ഷണം എല്ലാവർക്കും വിദ്യാഭ്യാസം എന്ന സമത്വസുന്ദരമായ അവസ്ഥ നിലവിൽ വരുന്ന ഒരു ലോകമാകട്ടെ നമ്മുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും മുന്നിട്ടു നിൽക്കേണ്ടത്.

ജീവൻ നിലനിർത്താൻ പ്രാണവായുവും ജലവും ഭക്ഷണവും അത്യന്താപേക്ഷിതമാണല്ലോ. ജീവിതത്തിൽ ഒരിക്കലെങ്കിലും പട്ടിണി കിടക്കേണ്ടി വന്നവർക്കെല്ലാം അതിൻ്റെ തീക്ഷ്ണതയെക്കുറിച്ചറിയാം. അതു കൊണ്ടു തന്നെ അങ്ങനെയുള്ളവർക്ക് വിശക്കുന്ന മനുഷ്യരോട് പുസ്തകം കൈയിലെടുക്കാൻ പറയില്ല. ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ പൊരിയുന്ന വയറുമായി കഴിയുന്നവർ ഇന്നുമുണ്ട്. രക്തദാനം മഹാദാനം എന്നത് ശരി തന്നെ.എന്നാൽ ഏറ്റവും വലിയ ദാനം അന്നദാനം തന്നെയത്രേ.

കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റകൃതി കൊണ്ടു തന്നെ പ്രശസ്തനായ ശ്രീ.രാമപുരത്തുവാരിയരെക്കുറിച്ചു കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ലെന്നു തോന്നുന്നു. സഹപാഠികളായി സാന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ നിന്നും വിദ്യാഭ്യാസം നേടിയ ശ്രീകൃഷ്ണനും സുദാമാവ് എന്ന ബ്രാഹ്മണ ബാലനും സുഹൃത്തുക്കളായിരുന്നു. വിദ്യാഭ്യാസാനന്തരം അവരവരുടെ കർമമേഖലയിലേയ്ക്ക് ഇരുവരും യാത്രയായി.ശ്രീകൃഷ്ണൻ കംസനിഗ്രഹത്തിനു ശേഷം കാരാഗൃഹത്തിൽ നിന്നും മാതാപിതാക്കളെ മോചിപ്പിക്കയും മഥുരാധിപതിയായി ലക്ഷമീസമേതനായി വാഴുകയും ചെയ്തു. സുദാമാവ് വിവാഹിതനായി കുടുംബത്തോടൊപ്പം പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. വിശന്നുവലഞ്ഞ മക്കൾക്ക് ഭക്ഷണം കൊടുക്കാനാവാതെ വിഷമിക്കുന്ന അദ്ദേഹത്തിൻ്റെ ഭാര്യ കുറെക്കാലമായി നിർബന്ധിക്കുന്നൊരു കാര്യമുണ്ട്. സഹപാഠിയല്ലേ സാക്ഷാൽ ശ്രീകൃഷ്ണൻ ... അദ്ദേഹത്തെ പോയൊന്നു കാണൂ.. നമ്മുടെ വിഷമങ്ങൾ അറിയിച്ചാൽ സഹായിയ്ക്കാതിരിക്കില്ല എന്ന്. 

കുചേല പത്നിയുടെ വാക്കുകളിങ്ങനെയാണ്:
"ഇല്ല ദാരിദ്ര്യാർത്ഥിയോളം വലുതായിട്ടൊരാർത്തിയും ഇല്ലം വീണു കുത്തുമാറായതും കണ്ടാലും ''
ദാരിദ്ര്യ ദു:ഖത്തോളം വലിയ മറ്റൊരു ദു:ഖവുമില്ല എന്നത് അനുഭവിച്ചറിഞ്ഞ ആളുടെ വാക്കുകളാണിത്. പിന്നീട് കുചേലൻ സതീർത്ഥ്യനെ കാണാൻ പോയതും ഭഗവാൻ്റെ ഭക്ത വാത്സല്യവുമെല്ലാം മനോഹരമായി കവിതയിൽ പ്രതിപാദിച്ചിരിക്കുന്നു.

നാമിന്നു ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് ജീവിച്ചു വരുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥാവിശേഷം ..പലർക്കും ജോലി നഷ്ടപ്പെട്ടു.. കൈയിൽ പണമില്ലാത്ത അവസ്ഥയിൽ കുടുംബം പോറ്റാൻ എന്തു ചെയ്യുമെന്നറിയാത്ത അതിദയനീയമായ അവസ്ഥ എത്ര ഭീകരമാണ്. ദയവായി നമുക്കു ചുറ്റുമൊന്നു കണ്ണോടിക്കുക. ആവുന്ന സഹായം ചെയ്യുക.പ്രത്യേകിച്ച് വിശക്കുന്നവർക്കു ഭക്ഷണം ലഭിക്കുന്നുണ്ടെന്നുറപ്പു വരുത്തുക. ചോദിക്കാൻ മടിയുള്ളവരുണ്ടാകും.അവരുടെ ആത്മാഭിമാനത്തിനു ക്ഷതമേൽക്കാത്ത വിധം സഹായഹസ്തവുമായി സമീപിക്കുക. 


രോഗ ദുരിതങ്ങൾ ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വന്നു ചേരാം... നമ്മെ ക്കൊണ്ട് ഒരാളുടെയെങ്കിലും വിശപ്പു മാറ്റാൻ കഴിഞ്ഞാൽ അത്രത്തോളം പുണ്യം മറ്റെന്തുണ്ട് !
ഒരു നേരത്തെ വിശപ്പു മാറ്റാനായി ഭക്ഷണമെടുത്ത ആദിവാസി മധുവിനെ നിർദയം തല്ലിക്കൊന്ന വരുള്ള നാടാണ്... അതിനു ശേഷം സ്വൈരവും സമാധാനവുമെന്തെന്നറിഞ്ഞിട്ടില്ല നമ്മൾ... ഇനിയും വിശന്നു പൊരിയുന്ന വയറുകൾ കണ്ടില്ലെന്നു നടിക്കരുതേ...

അന്നദാനം തന്നെയാണ് മഹാദാനം..
ഒരിക്കലും ഭക്ഷണം പാഴാക്കിക്കളയരുതെന്നു കൂടി ഈ ഭക്ഷ്യദിനത്തിൽ ഏവരും ഓർക്കുമല്ലൊ. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ