mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
സ്വാതന്ത്ര്യം എന്നാല് ഒരു ഉത്തരവാദിത്വം കൂടിയാണ് ,അത് കൊണ്ടാണ് പലരും അതിനെ ഭയപ്പെടുന്നത്--ബര്ണാഡ് ഷാ
ഒരേ സമയം ഓസ്കാർ പുരസ്കാരവും നോബൽ സമ്മാനവും ഏറ്റു വാങ്ങിയ മഹാനായ സാഹിത്യകാരൻ ജോർജ്ജ് ബർണാഡ് ഷായുടെ നൂറ്റി അറുപത്തിനാലാം ജന്മദിനമാണിന്ന് (July 26 2020).
1856 ജൂലൈ 26 ന് അയർലന്റിലെ ഡബ്ലിനിലാണ് ബര്ണാഡ് ഷായുടെ ജനനം. കുട്ടിക്കാലം മുതലേ എഴുത്തു തുടങ്ങിയ ഒരു മുഴുനീള എഴുത്തുകാരനൊന്നുമായിരുന്നില്ല ഷാ. സാമൂഹികമായ ചുറ്റുപാടുകൾ എഴുത്തുകാരനാക്കിയ വിപ്ലവകാരിയാണ് അദ്ദേഹമെന്ന് പറയാം. രാജ്യത്തിന്റെ പൊതു വിദ്യാഭ്യാസ പദ്ധതികൾ, വെറും സാധാരണക്കാരുടെ ജീവിതം, ചൂഷണങ്ങൾ എന്നിവയിലൊക്കെ മനസ്സ് മടുത്തു പ്രതികരണവും പ്രതിഷേധവും രേഖപ്പെടുത്താനായാണ് ഷാ എഴുത്തു ആരംഭിക്കുന്നത്. ആദ്യം നോവലെഴുത്തിൽ തുടങ്ങിയെങ്കിലും സാഹിത്യ ലോകം ബർണാഡ് ഷാ എന്ന പേര് കേട്ട് തുടങ്ങുന്നത് നാടക രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിലൂടെയാണ്. അറുപത്തിമൂന്നു നാടകങ്ങൾക്കുപുറമേ രണ്ടു ലക്ഷത്തിലധികം ലഘു പ്രബന്ധങ്ങൾ അദ്ദേഹം എഴുതിയെന്നു കേൾക്കുമ്പോൾ വായനക്കാർ അമ്പരക്കും. എന്നാൽ എഴുത്തിനോട് അത്രയ്ക്ക് ആരാധനയും ഭ്രാന്തുമായിരുന്നു ഷായ്ക്ക്.
 
ഷായുമായി ബന്ധപ്പെട്ടു നിരവധി തമാശ നിറഞ്ഞ കഥകൾ നിലവിലുണ്ട്. നിലയ്ക്കാത്ത പുകവലിക്കാരനായിരുന്നു ഷാ എന്നത് പൊതു സമൂഹത്തിൽ എല്ലാവർക്കും അറിയുന്ന കാര്യമാണ്. അത്രയധികം സിഗരറ്റുകൾ നിത്യേന വലിച്ചു കൂട്ടിയിരുന്ന അദ്ദേഹത്തോട് ഒരിക്കൽ ഒരു സുഹൃത്ത് പുകവലി നിർത്താൻ ഉപദേശിച്ചപ്പോൾ ഷാ നൽകിയ മറുപടി " പുകവലി നിര്ത്താന് വളരെ എളുപ്പമാണ്. ഞാന് തന്നെ ഒരു നൂറ് തവണയെങ്കിലും പുകവലി നിര്ത്തിയിട്ടുണ്ട്" എന്നായിരുന്നു. ചോദ്യങ്ങൾക്കു വളരെ കൃത്യമായി ഷാ മറുപടി നൽകിയിരുന്നു.
എഴുത്തുകാരൻ മാത്രമായിരുന്നില്ല ബർണാഡ് ഷാ, മികച്ച ഒരു ഫൊട്ടോഗ്രാഫർ കൂടിയാണെന്ന് ലണ്ടൻ നാഷണൽ ട്രസ്റ് സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിളിച്ചു പറയുന്നു. 1890 കൾ മുതൽ ഇങ്ങോട്ട് രാജ്യങ്ങൾ സന്ദർശിയ്ക്കാനിറങ്ങുമ്പോൾ അദ്ദേഹം കയ്യിൽ ഒരു ക്യാമറയും കരുതുമായിരുന്നു. അത്തരത്തിൽ ഷാ എടുത്ത ഇരുപതിനായിരത്തിലധികം ചിത്രങ്ങളുണ്ട് ട്രസ്റ്റിന്റെ ശേഖരത്തിൽ. ഇതിലുമെത്രയോ ഷാ എടുത്തിരിക്കാമെന്നും ചരിത്രകാരന്മാർ പറയുന്നു.
 
100 വിശ്വപ്രസിദ്ധരുടെ ഫലിതങ്ങള് എന്ന പുസ്തകത്തിൽ ബർണാഡ്‌ഷായുടെ ഫലിതം അടയാളപ്പെടുത്തിയിരിക്കുന്ന, അദ്ദേഹം പൊങ്ങച്ചക്കാരിയായ ഒരു സ്ത്രീയുമായി നടത്തിയ സംഭാഷണ രൂപത്തിലാണ്, തന്റെ പ്രായം എത്രയെന്നു കൃത്യമായി പറയാനാകുമോ എന്ന ഷായോടുള്ള സ്ത്രീയുടെ ചോദ്യത്തിന്, തെല്ലുനേരം ആ സ്ത്രീയെ നിരീക്ഷിച്ചശേഷം ഷാ പറഞ്ഞു:“നിങ്ങളുടെ പല്ലുകള് കണ്ടാല് ഒരു പതിനെട്ടു വയസ്സു മാത്രമേ തോന്നൂ. നിങ്ങളുടെ ചുരുണ്ട്ബ്രൗണ്നിറത്തിലുള്ള മുടി കണ്ടാല് 19 വയസ്സ് തോന്നിക്കും. എന്നാല് നിങ്ങളുടെ നടത്തവും ഭാവവും കണ്ടാല് പതിന്നാല് വയസ്സില് കൂടുതല് തോന്നില്ല.’’ എന്ന ഉത്തരത്തിൽ സന്തുഷ്ടയായി സ്ത്രീ പ്രായം പറയൂ എന്ന് വീണ്ടും ഓർമ്മിപ്പിച്ചപ്പോൾ ഇവയെല്ലാം കൂട്ടിയാൽ കിട്ടുന്നതാണ് നിങ്ങളുടെ പ്രായം എന്ന ഫലിതം തുറന്നു പറയാൻ ധൈര്യം കാട്ടിയ വ്യക്തിയുമായിരുന്നു. ഇത്തരം നിരവധി ഫലിത വാക്യങ്ങൾ പലയിടങ്ങളിലായി പല പുസ്തകങ്ങളിലായി ഷായുടേതായി ചിതറിക്കിടക്കുന്നുമുണ്ട്.
അങ്ങേയ്‌ക്ക് ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ ആരായി ജനിക്കണം?
വലിയ വലിയ മോഹങ്ങളും സ്വപ്നങ്ങളും ഇടകലർത്തി ഉത്തരം പറയാൻ കഴിയുന്ന ചോദ്യം. എന്നാൽ ബർണാഡ് ഷാ ഇതിനു മറുപടി നൽകിയത് മറ്റൊരു മനുഷ്യനായി ജനിക്കണം എന്ന് പറഞ്ഞുകൊണ്ടാണ്. ഈ ജന്മത്തിലെ എല്ലാ കർമ്മങ്ങളും പ്രവൃത്തികളും മനോഹരമായി ചെയ്തു തീർത്തിട്ടുണ്ട്, അപ്പോൾ അടുത്ത ജന്മത്തിൽ മറ്റൊരു മനുഷ്യനായി ജനിച്ചു അയാളുടെ കർമ്മങ്ങൾ ചെയ്തു തീർക്കാമല്ലോ എന്ന ഏറ്റവും ലളിതവും എന്നാൽ ഉദാത്തവുമായ ഉത്തരമായിരുന്നു ഷായുടേത്.
 
സമൂഹത്തിന്റെ എല്ലാ മേഖലയും തൊട്ടു കടന്നു പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഹാസ്യ തലങ്ങൾ. അവയിൽ പൊങ്ങച്ചക്കാരിയായ സ്ത്രീകൾ മുതൽ ഏറ്റവും ഉയർന്ന തലത്തിലുള്ളവർ വരെ ഇരകളുമായിരുന്നു. എന്നാൽ അനീതികൾക്കും ഉച്ച നീചത്വങ്ങൾക്കുമെതിരെ പ്രതികരിക്കുന്ന ഷായുടെ ഭാഷ തന്നെയായിരിക്കാം അദ്ദേഹത്തെ ലോക പ്രശസ്തനായ എഴുത്തുകാരനാക്കി മാറ്റിയത്. 1950 നവംബർ 2 ന് തന്റെ തൊണ്ണിനാലാം വയസ്സില് ഇംഗ്ലണ്ടിലെ ഹെർട്ഫോർഡ്ഷെറില് വച്ച് അദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ