എപ്പോൾ അടുക്കളയിൽ കേറിയാലും കേൾക്കുന്ന ഒരു ഡയലോഗാണ് "പഠിച്ചു വെച്ചോ... വല്ല വീട്ടിലും പോയി ചെയ്യാനുള്ളതാ" എന്തെങ്കിലും തെറ്റു വന്നാലോ, "ഇങ്ങനെക്കെ വല്ലടുത്തും ചെന്നു കാണിച്ചാൽ
പ്രശ്നാവുമേ" എന്ന് അടുത്തത്. ഇതു കേൾക്കുമ്പോൾ പിന്നെ ചെയ്യാനുള്ള സകല മൂഡും പോവും. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആരുടെയെങ്കിലും രുചികൾക്കൊപ്പിക്കാനാണോ ഞാൻ പാചകം പഠിക്കേണ്ടതെന്ന്.എന്നാൽ ഒരു സ്ത്രീയുടെ സ്വഭാവവൈശിഷ്ട്യത്തിന്റെ അളവുകോലാണ് പാചകമെന്ന തിരിച്ചറിവ് ഈ അടുത്താണെനിക്കുണ്ടായത്. തനിക്ക് നാലു നേരവും രുചികരമായ ഭക്ഷണം വിളമ്പുന്ന ഒരു പാചകക്കാരിയെ സ്വപ്നം കാണുന്ന പുരുഷന്മാർ ഇപ്പോഴും ഉണ്ടത്രേ. സ്ത്രീകൾ പാചകം ചെയ്യരുതെന്നോ ഭർത്താവിന്റെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തരുതെന്നോ അല്ല; മറിച്ചു സ്ത്രീകൾ പുരുഷനൊപ്പം തന്നെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ 'ആധുനിക' കാലത്തും, പാചകം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന പൊതുബോധത്തോടാണ് എതിർപ്പ്.
പണ്ടെത്തെപ്പോലല്ല, ഇന്നത്തെ ഭൂരിപക്ഷം പെണ്ണുങ്ങളും ആണിനൊപ്പം ജോലിക്ക് പോകുന്നവരാണ്. പെണ്ണുങ്ങൾ മാത്രം അധ്വാനിച്ചു പോറ്റുന്ന കുടുംബങ്ങളും വിരളമല്ല. എന്നാലും അടുക്കള ഇപ്പോഴും പെണ്ണിന്റെ മാത്രം തലവേദനയാണ്. ജോലിക്ക് ശേഷവും അടുക്കളയിൽ യുദ്ധം ചെയ്യാൻ മടിയില്ലാത്ത, ആണുങ്ങളെ അടുക്കളയിൽ കയറ്റാൻ ഇഷ്ടപ്പെടാത്ത, പാചകം പാഷനായുള്ള സ്ത്രീകൾ ഒരുപാടുണ്ട്. അവരോടു നല്ല കാര്യം എന്നേ പറയാനുള്ളു. എല്ലാ സ്ത്രീകളും അങ്ങനെയാവണം എന്ന് ശഠിക്കുന്നവരോടാണ് പറയാനുള്ളത്. ഒരേപോലെ ജോലിക്ക് പോകുന്ന ഭാര്യയും ഭർത്താവും ഒരേപോലെ അടുക്കളയും ഷെയർ ചെയ്യണം എന്നതല്ലേ തുല്യനീതി? ഭർത്താവ് അടുക്കളയിൽ കേറി 'എന്തെങ്കിലും' ചെയ്യുന്നതിനെ ഇത്തരത്തിൽ ന്യായീകരിക്കാൻ കഴിയില്ലെങ്കിലും അതെങ്കിലും ചെയ്തല്ലോ എന്ന് ആശ്വസിക്കുന്നവരാണ് മിക്ക ഭാര്യമാരും. കാരണം അവരുടെ മനസ്സിൽ അടുക്കള സ്ത്രീക്ക് മാത്രം ഉള്ളതാണല്ലോ. അങ്ങനെയല്ലെന്ന് വിശ്വസിക്കുന്ന സ്ത്രീകൾ തന്റേടി, ഭർത്താവിനെക്കൊണ്ടു പണിയെടുപ്പിക്കുന്നവൾ. പിന്നെയും എന്തൊക്കെ വിശേഷണങ്ങൾ.
ഈ അനീതി തിരിച്ചറിഞ്ഞു ഭാര്യയെ സഹായിച്ചാൽ അവൻ പെങ്കോന്തൻ, ഭാര്യയുടെ അടിപ്പാവാട കഴുകുന്നവൻ. അങ്ങനെ പോകും വ്യാഖ്യാനങ്ങൾ. പാചകം സ്ത്രീകളെക്കാൾ നന്നായി ചെയ്യുന്ന പുരുഷന്മാർ ഉണ്ടാവും, ഇഷ്ടപ്പെട്ടു ചെയ്യുന്നവർ. അവർ പോലും ഇത്തരത്തിലുള്ള പിന്തിരിപ്പൻ ആശയങ്ങളുടെ ചുവടു പിടിച്ചു മാറിനിൽക്കും. ഫലമോ ഇഷ്ടമില്ലാത്ത സ്ത്രീകൾ കഷ്ടപ്പെട്ടു ചെയ്യും. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ അമ്മ മകളോട് പറയുന്ന ഒരു ഡയലോഗ് ഓർമ വരുന്നു. ' ഏതു കൊമ്പത്തു എത്തിയാലും അവസാനം ചെയ്യേണ്ടതു ഈ അടുക്കളയിലെ ചോറും കൂട്ടാനും വെക്കാനാണെന്നത് ഓർത്താൽ കൊള്ളാം" എന്ന്. എത്ര ഉന്നതങ്ങൾ കീഴടക്കിയാലും അടുക്കളയിൽ തിളങ്ങിയാലേ സ്ത്രീ പൂർണ്ണയാവൂ എന്ന് വിശ്വസിക്കുന്നവരോട് ഒന്നേ പറയാനുള്ളു അടുത്ത തവണ അടുക്കളപ്പണി ചെയ്യുന്ന ഒരാണിനെ പറ്റി കേൾക്കുമ്പോൾ അമ്പരപ്പോടെ അവരെ നോക്കുന്നതിനും മാറിനിന്നു കളിയാക്കുന്നതിനും പകരം നിങ്ങൾക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടിയിട്ടില്ല എന്ന് മനസ്സിലാക്കി മിണ്ടാതിരിക്കുക. കാരണം, ഭരിച്ചു സ്നേഹിക്കുന്നതിനേക്കാൾ ഒപ്പം ചേർത്ത് നിർത്തി സ്നേഹിക്കുന്നതാണ് യഥാർത്ഥ വ്യക്തിത്വമെന്ന് തിരിച്ചറിയുന്ന ആണുങ്ങളുടെ എണ്ണം ഏറി വരുകയാണ്.
ഒന്നുടെ കൂട്ടി ചേർക്കട്ടെ സ്കൂളുകളിൽ ജീവിതത്തിൽ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലാത്ത കുറെ കടുകട്ടി തിയറികൾ മാത്രം പഠിപ്പിക്കാതെ ആൺ പെൺ വ്യത്യാസമില്ലാതെ പാചകം പോലുള്ള ലൈഫ് സ്കിൽ ട്രെയിനിങ് നൽകിയാൽ അത് കുട്ടികളുടെ ഭാവിക്കും, ഇത്തരം വേർതിരിവുകൾ ഇല്ലായ്മ ചെയ്യുന്നതിനും ഉപകരിക്കും.