നീണ്ട കാലം മറുനാട്ടിൽ കഴിഞവർക്കറിയാം നാട്ടിൽ എത്താനുള്ള ത്വര. വരാനുള്ള ദിവസം അടുക്കുന്തോറും ഉറക്കം പോലും നഷ്ടമാകുന്ന ദിവസങ്ങൾ. വീട്ടിലേക്കു കൊണ്ടു പോകേണ്ട ഒരുക്കങ്ങൾ. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ,
ചെറുപ്പക്കാർക്കുവേണ്ടി സ്പ്രേ, ഫോൺ, ഗ്ലാസ്, മറ്റു ഇലക്ട്രോണിക് സാധനങ്ങൾ. സോപ്പ് ചീപ് പൌഡർ തുടങ്ങി അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി വരെ ഭാര്യയുടെ അക്കൗണ്ടിലേക്കും. പിസ്താ ബദാം ഈത്തപ്പഴം പോലുള്ള ഡ്രൈയ ഫ്രൂട്സ് പോലുള്ളവ പിന്നെ ഒഴിച്ചുകൂടാത്തവ തന്നെ.
അനുവദനീയമായ തൂക്കത്തിനൊത്തു പെടാപാട് പെട്ടു സാധനങ്ങൾ ശേഖേരിച്ചു തലേന്നു രാത്രി പാക്കിങ്. റൂം മേറ്റ്സ് എല്ലാവരും ഈ ഒരുക്കത്തിൽ പങ്കാളികളായുണ്ടാകും. പുറത്തു നിന്നായിരിക്കും തലേന്നാഹാരം. വാങ്ങി വെച്ച സാധങ്ങളെല്ലാം ഉപയോഗിച്ച് തീർന്നില്ലെങ്കിൽ വരുമ്പോഴേക്കും ഉപയോഗശൂന്യമായിട്ടുണ്ടാകും.
പിന്നെ എയർപോട്ടിലേക്കു സുഹൃത്തിന്റെ കാറിൽ കൂട്ടുകാരോടൊപ്പം ഏഴെട്ടുമണിക്ക് ഒരു യാത്ര. ഈ വേളയിൽ വീട്ടുകാരെ കുറച്ചു നേരത്തേക്ക് മറന്നു പോകുന്നത് സാധാരണയാണ്. നിഷ്കളങ്ക സ്നേഹവുമായി കണ്ണ് നിറച്ചു നിൽക്കുന്ന ചിലരെങ്കിലും സുഹൃത്തുക്കളുടെ കൂട്ടത്തിൽ കാണും. ചെറിയ ഒരിടവേളക്കാണെങ്കിലും വലിയ ഭാരം മനസ്സിൽ കയറ്റും.
പിന്നെ ഫ്ലൈറ്റിൽ കയറുന്നതിനു മുൻപുള്ള പതിവ് ഔപചാരികതകൾക്കു ശേഷം ഡ്യൂട്ടിഫ്രീ പർച്ചേസ്. ചോക്ലേറ്റ് ആണ് പ്രധാനം. പിന്നെ മദ്യപാനിയല്ലെങ്കിലും കുപ്പി രണ്ടെണ്ണം നാട്ടിൽ അത് ഉപയോഗിക്കുന്ന ബന്ധുക്കൾക്കു. ഒരിക്കൽ ഒരു കുപ്പി വീണു പൊട്ടി. ചുറ്റുപാടും കുടിയന്മാരുടെ നോട്ടം കണ്ടപ്പോഴാണ് ചെയ്ത കുറ്റത്തിന്റെ ഗൗരവം മനസിലായാത്. വേഗം സോറി പറഞ്ഞു പണം കൊടുത്തു പോന്നു.
രാത്രി മുഴുവൻ നാമം ജപിച്ചു ഞാനും മദ്യം കഴിച്ച് പൂസായി പേടിയകറ്റി മയക്കത്തിലേക്കു വീഴുന്ന ചില സഹയാത്രികരും. ലാപ്ടോപ്പിൽ ശ്രദ്ധിച്ചു ചില ചെറുപ്പക്കാരും കാണും കൂട്ടത്തിൽ. ആദ്യം ഭയം ജനിപ്പിക്കുന്ന പ്രകടനം കഴിഞ്ഞാൽ എയർഹോസ്റ്റസുമാരുടെ പെരുമാറ്റം മാത്രമാണ് യാത്രയിലെ ഒരേ ഒരു ആശ്വാസം.
പുലർച്ച ജന്മദേശം കണികണ്ടുള്ളതാണ്. പറക്കലിനൊടുവിൽ ലാൻഡിംഗ്. ശ്വാസമടക്കി ആ നിമിഷം കഴിഞ്ഞാൽ ഒരോട്ടം പുറത്തേക്കിറങ്ങുന്നതിനു മുൻപുള്ള
ചെക്കിങ്ങിനായി. അത് കഴിഞ്ഞാൽ കാത്തു പുറത്തു നിൽക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക്. കുറച്ചു നേരം കുട്ടികളുടെ സംസാരം. വളരെ പറയാനുള്ളത് കൊണ്ടു ഭാര്യ ഒരു ചിരിയുമായി അവർക്കു പിന്നിലാകും.
എന്തിനും ഏതിനും ഒപ്പമുള്ള സഹോദരൻ കുടുമ്പത്തോടൊപ്പം അമ്മയോടൊപ്പം വന്നിട്ടുണ്ടാകും. അവരോടൊപ്പം പിന്നെ വീട്ടിലേക്കു. യാത്രാക്ഷീണം കാരണം നേരിയ മയക്കം കഴിഞ്ഞു സ്വന്തം വീട്ടിൽ. അതിന്റെ ഫീൽ എഴുതാൻ ബുദ്ധിമുട്ടാണ്.
ഇതൊക്കെ ഈ പ്രതിസന്ധിയിൽ നാട്ടിലേക്കു വരുന്ന ഒരു പ്രവാസിയുടെ മനസ്സിലും കാണും. പക്ഷെ ജീവൻ രക്ഷിക്കാനുള്ള ഈ തത്രപാടിൽ കൈയിൽ കരുതാൻ ഒന്നും കണ്ടെന്നു വരില്ല. ഓർക്കണം ഈ ഓട്ടം വലിയ പൊരുതലിനൊടുവിലുള്ള ഒരു താത്കാലികമായ പിന്മാറ്റം മാത്രമാണ്. കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ മാത്രമേ ഇവർ അടിയറവു പറഞ്ഞിട്ടുള്ളൂ. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചിട്ടാണ് ഇവിടം വരെ അവർ എത്തിയത്. പോരാട്ടമെല്ലാം തനിക്ക് വേണ്ടിയായിരുന്നില്ല മറ്റുള്ളവർക് വേണ്ടി മാത്രമായിരുന്നു എന്നും നമ്മൾ ഓർക്കണം.