മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

നിറമുള്ളവൾ 

ഞങ്ങൾക്കെല്ലാം അങ്ങനെയൊരു ചോദ്യം ഉണ്ടായിരുന്നെങ്കിലും ഏറ്റവും മൂത്ത സീനയാണ് മമ്മിയോട് ചോദിയ്ക്കാൻ ധൈര്യം കാണിച്ചത്.

"മമ്മീ, മമ്മീ, ശരിക്കും എന്നെ എടുത്ത് വളർത്തിയതാണോ?"

മമ്മി ആരാ സാധനം. ഉരുളയ്ക്കുപ്പേരി പോലെയായായിരുന്നു ഉത്തരം.

"പിന്നേ, എടുത്തു വളർത്താൻ പറ്റിയൊരു മൊതല്. പെറ്റു പോയോണ്ടാടീ നിന്നെയൊക്കെ സഹിക്കുന്നെ"

പിന്നെ ആ ചോദ്യം ചോദിയ്ക്കാൻ ഞങ്ങൾക്കാർക്കും ധൈര്യമുണ്ടായിരുന്നില്ല. പക്ഷെ പിന്നെ അങ്ങനെയൊരു കാര്യം പറഞ്ഞ് മമ്മിയോ ഡാഡിയോ ഞങ്ങളെ കളിയാക്കിയിട്ടുമില്ല. നമ്മുടെ നാട്ടിലൊക്കെ ഞീല പിള്ളേരോടും നിങ്ങളെ തവിടു കൊടുത്തു വാങ്ങിയതാ എന്നൊക്കെ കളിയാക്കാറുണ്ടല്ലോ! ആരുമത് കാര്യമാക്കി എടുക്കാറില്ല. പക്ഷെ ഞങ്ങളുടെ കാര്യം അങ്ങനെയല്ല. പപ്പ നല്ല വെളുത്തിട്ട്. മമ്മി നല്ല കറുത്തിട്ട്. മക്കൾ ഞങ്ങൾ നാല് പെൺകുട്ടികൾ. എല്ലാവരും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസം. ഏറ്റവും മൂത്ത ഇപ്പോൾ യൂണിവേഴ്സിറ്റി രജിസ്ട്രാറായി ജോലി ചെയ്യുന്ന സീനയ്ക്ക് നല്ല കറുപ്പ് . രണ്ടാമത്തവൾ, ഷൈല, നൃത്താധ്യാപിക നല്ല വെളുപ്പ്. ഏറ്റവും ഇളയ ഞാനും നല്ല കറുപ്പ്. പിന്നെ, സൗമ്യ മൂന്നാമത്തവൾ, എന്റെ തൊട്ടു മൂത്തവൾ, ഇതൊന്നുമല്ല, തവിട്ടുനിറം.

ഞാനുമവളും ഒരാൺതരി ഉണ്ടാകാനുള്ള എന്റെ ഡാഡിയുടെയും മമ്മിയുടെയും സഫലീകരിക്കപ്പെടാത്ത പോയ ശ്രമങ്ങളാണെന്ന കഥ കേട്ടാണ് ഞങ്ങൾ രണ്ടും വളർന്നത്. വേണ്ടാത്ത ജന്മങ്ങളാണ് ഞങ്ങളെന്ന് പണ്ടേ അങ്ങനെ മനസ്സിൽ പതിഞ്ഞും പോയി. അവൾക്ക് അത് വലിയ വിഷമമായിരുന്നു കാരണം കറുത്തിട്ടാണെങ്കിലും എനിക്ക് കൂട്ടുണ്ട്, മമ്മിയും സീനയും. അവൾ എല്ലാം കൊണ്ടും ഒറ്റ. ഒറ്റയായതു കൊണ്ട് ഇത്തരം ബോഡി ഷെയിമിങ്ങ് ഏറ്റു വാങ്ങുന്നത് ഏറെയും അവളായിരുന്നു. താൻ എങ്ങനെ വ്യത്യസ്തയാണെന്നോ എത്രമാത്രം വ്യത്യസ്ഥയാണെന്നോ അവൾക്കൊട്ടു മനസ്സിലാവുകയുമില്ല.

എന്നാൽ പോലും സ്‌കൂളിലും വീട്ടിലുമൊക്കെ പാവത്തിന്റെ ജീവിതം കഷ്ടമായിരിന്നിരിക്കാം. കുറെ കൂടി വളർന്നപ്പോൾ അവളോട് കുറച്ച് പരിഗണനയൊക്കെ കാണിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. അവളുള്ളപ്പോൾ കളികളൊക്കെ നിർത്തി ഞങ്ങൾ പാട്ടും കഥപറച്ചിലുക്കൊക്കെയാക്കി.
അവളെ വേറെ സ്കൂളിലാണ് ചേർക്കുന്നതെന്നറിഞ്ഞപ്പോൾ എനിക്ക് പോലും വല്യ സന്തോഷമായി. സൺഡേ സ്‌കൂളിലെ കൂട്ടുകാരുടെ ചോദ്യങ്ങൾ കൊണ്ട് തന്നെ പൊറുതിമുട്ടിയിരുന്നു.

വീട്ടിലൊക്കെ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കുന്നതൊക്കെ ഒരു രസം. പക്ഷെ പുറത്തുള്ളവർ അവളെ മാത്രമല്ല ഞങ്ങളെ ഏറെ എന്ത് പറഞ്ഞാലും അടിയും കടിയും മാന്തുമൊക്കെ സ്ഥിരമായിരുന്നു. കല്ല് പെറുക്കി എറിഞ്ഞിട്ടുമുണ്ട്. അതിനൊക്കെ വീട്ടിൽ നിന്ന് സമ്മാനവും കിട്ടും.

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് വീട്ടിലുള്ളവർ കളിയാക്കിയാലും നാട്ടിലുള്ളവർ കളിയാക്കിയാലും കാര്യം ഒന്ന് തന്നെയല്ലെ? എന്നാലും വീട്ടിൽ തല്ലും വഴക്കുമൊന്നും കൂടാറില്ല.

മൂത്തവൾ സേനയ്ക്ക് അതിലൊന്നും താത്പര്യമില്ല. രണ്ടാമത്തെ ചേച്ചി ഷൈലയെ വല്ലോം പറഞ്ഞാൽ അവള് പറയും അവളുടെ തൊലി വെളുപ്പ് കണ്ടിട്ടുള്ള അസൂയയാണെന്ന്. അത് കൊണ്ട് അവളെ ആരും തൊടില്ല. എന്തിനാ ചുണ്ടയ്ക്കാ കൊടുത്ത് വഴുതനങ്ങ വാങ്ങുന്നത്!

എന്റെ തൊട്ടു മൂത്ത സൗമ്യയ്ക്കാണെങ്കിൽ ഇതിനൊന്നും സമയവുമില്ല. പഠിത്തത്തോടെ പഠിത്തം. മലപോലെയുള്ള പുസ്തകവും താങ്ങിയെടുത്ത് നടക്കും. ആഹാരം കഴിക്കുമ്പോളും ഒരു കൈകൊണ്ടു അതിന്റെ പേജുകളിൽ വിരലോടിച്ചു കൊണ്ടിരിക്കും. ജീവിച്ചിരുന്നെങ്കിൽ അവൾ ഞങ്ങളുടെ കുടുംബത്തിലെ അറിയപ്പെടുന്ന ഒരു സ്കോളർ ആയേനെ. പക്ഷെ ഇരുപത്തിനാലു വയസ്സ് പോലും തികയുന്നതിനു മുൻപ് ഒരു അപകടത്തിൽ പെട്ട് അവൾ ഞങ്ങളെ വിട്ടു പോയി. ജന്മനാ അന്ധയായ അവൾക്ക് അപകടങ്ങൾ അപരിചിതമായിരുന്നില്ല.

സ്‌കൂള് വേറെ ആയിരുന്നെങ്കിലും കോളേജിൽ അവൾ എന്നോടൊപ്പമുണ്ടായിരുന്നു. കുറെപക്വത വന്നതുകൊണ്ട് ഞാൻ അവളോട് പണ്ട് അവളെ ബുദ്ധിമുട്ടിച്ചതിന്റെ കടമൊക്കെ വീട്ടാൻ ശ്രദ്ധിച്ചിരുന്നു. അവളെക്കുറിച്ച് എനിക്ക് വലിയ അഭിമാനവുമായിരുന്നു. കാഴ്ചയില്ലായ്മയെ മറികടന്ന് അവൾ നേടിയ നേട്ടങ്ങൾ മാത്രമായിരുന്നില്ല അഭിമാനത്തിന്റെ കാരണം. അവളുടെ പത്തരമാറ്റ് സ്വഭാവമായിരുന്നു അതിന്റെ യഥാർത്ഥ കാരണം. കോളേജിൽ എല്ലാവര്ക്കും അവളെ ഇഷ്ടമായിരുന്നു. സൗമ്യയുടെ സിസ്റ്റർ എന്നാണ് എല്ലാരും എന്നെ അറിഞ്ഞിരുന്നത്. കൂട്ടുകാർക്ക് ഒരു കുറവും അവൾക്കില്ലായിരുന്നു.

ഞാനാണ് നേരത്തെ മരിക്കുന്നതെങ്കിൽ എന്റെ കണ്ണിന്റെ കോർണിയ അവൾക്ക് നൽകണമെന്നൊക്കെ ഞാൻ തീരുമാനിച്ചിരുന്നു. പക്ഷെ ഡോക്ടർ പറഞ്ഞത് അവളുടെ കോർണിയയ്ക്ക് കുഴപ്പമൊന്നുമില്ലെന്നാണ്. വേറെ എന്തോ പ്രോബ്‌ളം ആയിരുന്നു

രണ്ടാഴ്ച മുൻപ് അശോക് അവന്റെ അമ്മയെയും കൂട്ടി വന്നിരുന്നു. മിടുക്കൻ കുട്ടി. അവനാണ് അവളുടെ കോർണിയ കിട്ടിയത്. അവനെന്നെ നോക്കുമ്പോൾ ഇപ്പോഴെങ്കിലും സൗമ്യയ്ക്ക് എന്നെ കാണാൻ കഴിയുന്നുണ്ടല്ലോ എന്നൊക്കെ ഞാനോർക്കും. എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടരും



നിറമുള്ളവൾ ജനിച്ചതും വളർന്നതും

എഴുതുന്നതിന് ഒരു കണക്കുമില്ലെങ്കിലും എഴുത്തുകാരനാകാൻ താത്പര്യവും ഇല്ല. ആരെഴുതിയാലും നല്ല കഥകൾ ഉണ്ടായിക്കാണാൻ കൊതിയുണ്ടെന്നേ ഉള്ളൂ.
ഈയിടെ രണ്ടു കഥകൾ എഴുതി, കാലനാഗവും പിന്നെ ഇന്നലെ ഇംഗ്ലീഷിൽ എഴുതി ഇന്ന് തർജ്ജമ ചെയ്ത നിറമുള്ളവൾ എന്ന കഥയും. രണ്ടും എഴുതാൻ കാരണങ്ങൾ ഉണ്ട്. കാലനാഗമെഴുതിയത് ബോധധാരാ സമ്പ്രദായത്തിന് ഉദാഹരണം എന്ന നിലയ്ക്കാണ്.

നിറമുള്ളവർ എഴുതാനിടയായ സാഹചര്യം പറയാം.

ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഏറെ കാലം മുൻപ് ഞാൻ എഴുതിയ ഒരു കഥ പോസ്റ്റ് ചെയ്തു. അപ്രത്യക്ഷമാകുന്ന ഭാഷകളെക്കുറിച്ച് ഒരു കവിത. അത് വായിച്ച് ഒരു ഇംഗ്ലീഷ് മാസികയിൽ പ്രസിദ്ധീകരിക്കാൻ തരുമോ ഏന് ഒരാൾ ചോദിച്ചു. അത് നേരത്തെ ഒരു മാസികയിൽ വന്നത് കൊണ്ട് അവർക്ക് അത് പ്രസിദ്ധീകരിക്കാൻ സാങ്കേതിക തടസ്സമുണ്ടായി. Brown Identity എന്ന തീമിൽ ഒരു കഥയോ കവിതയോ പുതുതായി എഴുതിത്തരാമോ എന്ന് അവർ വീണ്ടും ചോദിച്ചു. ഞാൻ സമ്മതിച്ചു. കഥകൾ കിട്ടാൻ വളരെ എളുപ്പമാണ്. എന്തെങ്കിലും പഴയതായാലും മതി. അത് പറയാൻ നല്ല രീതികൾ കണ്ടെത്തുന്നിടത്ത്താണ് കഥയുടെ വിജയം. കഥകൾ വായിക്കുകയും ചർച്ച ചെയ്യുകയും ധാരാളം ആരെയും കാണിക്കാനല്ലാതെ എഴുതുകയും ചെയ്‌താൽ ഇതും എളുപ്പമാകും. കാരശ്ശേരി മാഷ് പറഞ്ഞപോലെ കവിത എല്ലാര്ക്കും അര്ഹതയുള്ളതായിരിക്കില്ല. പക്ഷെ കഥ ജനകീയമാണ്. ശ്രമിച്ചാൽ ആർക്കും കഴിയും. ബല്യ പടിപ്പൊന്നും അയിന് ബേണ്ടാ.

അന്ന് രാത്രിയിൽ നേരത്തെ കിടന്നു. കിടന്നു കൊണ്ട് തന്നെ ഈ brown identity എന്താണെന്ന് ഗൂഗിൾ ചെയ്തു. കറുപ്പ്നിറം പോലെ ശരീരത്തിന്റെ വർണ്ണവുമായി ബന്ധപ്പെട്ട ഒന്നാണെന്ന് മനസ്സിലായി. പെട്ടെന്ന് മനസ്സിൽ ഒരു ഐഡിയ പൊട്ടി വീണു. നിറങ്ങൾ കാണാത്തവരും വർണ്ണവെറിക്ക് വിധേയരാകില്ലേ. പിന്നെ ഫോൺ മാറ്റി വെച്ച് അത് ഒരു കഥയാക്കാൻ കഴിയുമോ എന്ന് ആലോചിച്ചു. വ്യത്യസ്ത വർണ്ണങ്ങൾ ഉള്ള ഒരു കുടുംബം റെഡിയാക്കി. അച്ഛനും അമ്മയും, ഒരാൾ കറുപ്പും ഒരാൾ വെളുപ്പും. അസാധാരണമായി, അമ്മ കറുത്തിരുന്നോട്ടെ എന്ന് തീരുമാനിച്ചു. മക്കൾ എല്ലാവരും കറുപ്പ്, ഒരാൾ മാത്രം ബ്രൗൺ. ആ കുട്ടി അന്ധയും. അവൾക്ക് എന്താണ് നിറം എന്ന് പോലും അറിയില്ല. വായനക്കാർ ഒടുവിലാണ് നിറത്തിലും വലിയ ഒരു പ്രശ്നം അവൾക്കുണ്ടെന്നും അവൾ അന്ധയാണെന്നും മനസ്സിലാക്കുന്നത്. ഇതായിരുന്നു ആദ്യത്തെ പ്ളാൻ പക്ഷെ അത് ഒരു തരത്തിൽ പറഞ്ഞാൽ അത്യാവശ്യം പറയേണ്ട ഒരു കാര്യം മനഃപ്പൂർവംമറച്ചു വെച്ച് വായനക്കാരനെ വഞ്ചിക്കുകയാണ്. അത് പാടില്ല. വായനക്കാരനോട് എഴുത്തുകാരൻ എപ്പോഴും ആദരവ് കാണിക്കണം. അപ്പോൾ കഥയുടെ പകുതി കഴിഞ്ഞാലുടൻ അത് പറയണം. അപ്പോൾ പിന്നെ ബാക്കി കഥയിൽ എന്ത് പറയും. പെൺകുട്ടിയെ തട്ടിക്കളയാം. അതിൽ ഒരു സെന്റി വർക്ക് ചെയ്യും. ആ പെൺകുട്ടിയെ വിധിയുടെ കളിപ്പാവയായി അവതരിപ്പിച്ചാൽ മതി. പക്ഷെ അതും കഥയുടെ അവസാനം വരുന്നത് ശരിയല്ല. ആ പെൺകുട്ടിയുടെ കണ്ണ് ദാനം ചെയ്യുന്നു എന്ന് കഥ അവസാനിപ്പിക്കാം. ഒടുവിൽ അത് മതിയെന്ന് തീരുമാനിച്ചു. അന്ധരുടെ കണ്ണ് മരണശേഷം ദാനം ചെയ്യാറുണ്ടോ എന്ന് ഗൂഗിൾ ചെയ്തു. ഉണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ കാഴ്ച കിട്ടാതെ വന്നാൽ കണ്ണിന്റെ പ്രശ്നം ഇല്ലാത്ത ഭാഗങ്ങൾ ജീവിച്ചിരിക്കുമ്പോൾ വേണമെങ്കിലും ദാനം ച്ച ചെയ്യാം. 

ഇത്രയും ഒക്കെ കിടന്നു കൊണ്ട് ഫോണിൽ തന്നെ ചെയ്തു. ഉറങ്ങി എഴുന്നേറ്റ് എഴുതാമെന്ന് കരുതിയതാണ്. അപ്പോൾ ഉടനെ തന്നെ ചെയ്യേണ്ട ഒരു വർക്ക് മെസ്സഞ്ചറിൽ വന്നു. പാതിരാത്രി എഴുന്നേറ്റു പോയി അത് ചെയ്തു. തീർന്നപ്പോൾ ഒരുമണി. എന്നാൽ പിന്നെ ആ കഥ കൂടി അങ്ങ് തീർക്കാമെന്ന് കരുതി. അറുനൂറു (600) വാക്കുകളിൽ നിർത്തണം എന്നാണ് മാഗസിനിൽ നിന്നും പറഞ്ഞിരുന്നത്. അത് രസമുള്ള ഒരു വെല്ലുവിളിയാണ് . ഇംഗ്ലീഷിൽ ലിനക്സ് ഉബുണ്ടുവിന്റെ ലിബെർ പ്രോഗ്രാമ്മിലാണ് ചെയ്തത്. Word തന്നെയാണ് സാധനം.
598 വാക്കിൽ കഥ തീർത്തു. എന്റെ പേരും കഥയുടെ പേരും ചേർന്നപ്പോൾ കൃത്യം 600. ഇതൊരു നല്ല പരിശീലനമാണ്. ഇത്ര വാക്കുകളിൽ നിർത്തും എന്ന് തീരുമാനിച്ചു എഴുതുന്നത്. എഴുതി പോസ്റ്റ് ചെയ്തു. പിന്നെ FB പോസ്റ്റിലെ എഡിറ്റ് ഓപ്ഷൻ എടുത്ത് കുറെ തിരുത്തി.

ഒരു പഴയ തമാശ സ്വന്തമെന്ന് ഭാവത്തിൽ കഥയിൽ കയറ്റി. ഏതോ കാർട്ടൂണിൽ വായിച്ചതാണ് "എന്നെ ദത്തെടുത്തതാണോ എന്ന ഒരു കുസൃതിക്കുരുന്നിന്റെ ചോദ്യത്തിന് അമ്മയുടെ ഉത്തരം. "എന്നാ പിന്നെ നോക്കി നല്ലത് എടുക്കില്ലായിരുന്നോ?" 

ഇത്തരത്തിൽ ഇൻസെന്സിറ്റീവായ ഒരു പെരുമാറ്റം മാതാപിതാക്കളുടെ കയ്യിൽ ണ് നിന്ന് മിക്ക ആളുകളും അനുഭവിച്ചിട്ടുണ്ട്. അത് കൊണ്ട് ഓ ഇതെന്റെ കഥയാണല്ലോ എന്ന തോന്നൽ വായനക്കാരന് ഉണ്ടാകും. കഥ എഴുതുമ്പോൾ തുടക്കത്തിൽ തന്നെ എങ്ങിനെയെങ്കിലും ഈ തോന്നൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.

തുടർന്നുള്ള ഭാഗത്ത് കഥയുടെ premise പറഞ്ഞു. കുടുംബത്തിലെ വര്ണവ്യതിയാനങ്ങൾ സൂചിപ്പിച്ചു. അങ്ങനെ കഥാപരിസരം ഒരുങ്ങി. ഇതിലെ മൂത്ത രണ്ടു പേര് ഷീലയും സീനയും ഇപ്പോൾ എന്ത് ചെയ്യുന്നു എന്നത് പ്രധാനമല്ല. എന്നിട്ടും കറുത്ത ഷീല യൂണിവേഴ്സിറ്റിയിൽ രജിസ്ട്രാറാണ് എന്ന് പറഞ്ഞു. സാധാരണ കേൾക്കുന്ന ഒരു തൊഴിലല്ലലോ ഇത്. ഇതൊരു വിദ്യയാണ്. ഇതേതോ നടന്ന കഥയാണ് എന്ന് തോന്നിപ്പിക്കാനുള്ള സൂത്രം. അടുത്തവൾ സീന. വെളുത്തതല്ലേ അപ്പോൾ നൃത്താധ്യാപിക എന്ന ജോജി അവളുടെ തൊലിവെളുപ്പിനു ആക്കം കൂട്ടും. കുറച്ച് അഹങ്കാരവും കൊടുത്തു അത് കൊണ്ടാണ് മറ്റുള്ളവർക്ക് തന്നോട് അസൂയയാണെന്നൊക്കെ അവളെ കൊണ്ട് പറയിപ്പിച്ചത്. പിന്നെ എന്റെ നിറത്തെക്കുറിച്ചു മാത്രമേ പറയുന്നുള്ളൂ. ജോലി പറയുന്നില്ല. അത് കൊണ്ട് സൗമ്യയുടെ ജോലി പറയാതെയിരിക്കുമ്പോൾ അതിൽ ഒരു അസ്വാഭാവികത തോന്നില്ല. അല്ലെങ്കിൽ ഡോക്ടറായിരുന്നു എന്നോ മറ്റോ പറഞ്ഞാൽ അയ്യോ മരിച്ചുപോയോ എന്ന് വായനക്കാരൻ ചോദിച്ചുപോകും. വേണ്ട അതൊക്കെ കഥാപാത്രവുമായി വായനക്കാരൻ കുറെ കൂടി താദാമ്യം പ്രാപിച്ചിട്ടു പറഞ്ഞാൽ മതി. അന്ധതയുള്ള സൗമ്യയെ പോലെ ഞാനും കുറെ തടസ്സങ്ങൾ തട്ടി മാറ്റി സധീരം ഇവിടെ എത്തിയവനാണ്. കേട്ടിട്ട് എന്റെ കഥപോലെ ഇരിക്കുന്നു എന്നൊക്കെ വായനക്കാരനെ കൊണ്ട് ആദ്യം ചിന്തിപ്പിക്കണം. എന്നിട്ടേ അവളെ തട്ടിക്കളയാവൂ. അപ്പോൾ ചത്തത് താനാണെന്ന് വായനകക്കാരന് തോന്നും.
വേണ്ടാത്ത ജന്മങ്ങളാണ് ഞങ്ങളെന്ന് പണ്ടേ അങ്ങനെ മനസ്സിൽ പതിഞ്ഞും പോയി.

ഈ വാചകത്തോട് കൂടി എത്ര ലാളിച്ചു വളർത്തിയവരും ഞാനും ഇങ്ങനെ ചിന്തിച്ചാണ് വളർന്നത് എന്നൊക്കെ വെറുതെ അങ്ങ് തോന്നും. പിന്നെ സ്‌കൂളിലെ കൂട്ടുകാരുടെ പെരുമാറ്റവും അതിനോടുള്ള പ്രതികരണവും ഗൃഹാതുരത്വമുണർത്തും. വായനയിൽകൂടിയും ഭാവനയിൽ കൂടിയും പണ്ട് മുതലേ എല്ലാരും കുട്ടിക്കാലം ഇങ്ങനെയാണ് എന്നൊരു തെറ്റായ ഓർമ്മ സൂക്ഷിക്കുന്നുണ്ട്. പലർക്കും യഥാർത്ഥത്തിൽ അങ്ങനെയായിരുന്നില്ല. പക്ഷെ അങ്ങനെയായിരുന്നു എന്ന് ചിന്തിക്കാനാണ് നമുക്കൊക്കെ ഇഷ്ടം.

ഇതിനിടയിൽ എപ്പോഴോ വായനക്കാരൻ അറിയാതെ കഥയുടെ ചൂണ്ടയിൽ കുരുങ്ങി എഴുത്തുകാരന്റെ ഒറ്റാലിനുള്ളിലായിപ്പോയി. പാവം അറിഞ്ഞതുപോലുമില്ല. കുട്ടിക്കാലവും കഥയുടെ തീമായ വര്ണവിവേചനവും തിരിച്ചുള്ള വിവേചനവും (കറുത്തവരാണ് ബ്രൗൺ നിറക്കാരിയോട് വിവേചനം കാണിക്കുന്നത്) നാല് പെൺകുട്ടികളുടെ വ്യക്തിത്വത്തിലെ വ്യത്യാസവും താരതമ്യപ്പെടുത്തലിലൂടെ പറഞ്ഞു. എല്ലാം സെറ്റ് ആയി. ഇനി നമ്മുടെ നായികയെ ഒന്ന് പൊക്കിയിട്ടു കൊന്നുകളയാം. കൊന്നു കഴിഞ്ഞിട്ട് അന്ധയായിരുന്നു എന്നത് പുറത്ത് വിടാം. അത് എന്തിനു മറച്ചു വെച്ച് എന്ന ചോദ്യത്തിന് ആര് മറച്ചു വെച്ചു? നേരെ വായിക്കാത്തതു കൊണ്ടല്ലേ എന്ന് തടി തപ്പാനുള്ളത് കഥയിൽ നേരത്തെ ഒളിച്ചു വെച്ചിട്ടുണ്ട്. നോക്കൂ
താൻ എങ്ങനെ വ്യത്യസ്തയാണെന്നോ, എത്രമാത്രം വ്യത്യസ്ഥയാണെന്നോ അവൾക്കൊട്ടു മനസ്സിലാവുകയുമില്ല. (തന്റെ നിറമെന്തെന്ന് അവൾക്കറിയില്ല. കാഴ്ചയെന്തെന്നും കാണാൻ കഴിഞ്ഞെങ്കിൽ എങ്ങിനെയിരുന്നേനെ ലോകം എന്നും അറിയില്ല. ജന്മനാ അന്ധയാണ്)
അവളുള്ളപ്പോൾ കളികളൊക്കെ നിർത്തി ഞങ്ങൾ പാട്ടും കഥപറച്ചിലുക്കൊക്കെയാക്കി. പാട്ടിനും കളിക്കും അന്ധത ഒരു തടസ്സമല്ല)
അവളെ വേറെ സ്കൂളിലാണ് ചേർക്കുന്നതെന്നറിഞ്ഞപ്പോൾ എനിക്ക് പോലും വല്യ സന്തോഷമായി. (അന്ധവിദ്യാലയത്തിൽ )
മലപോലെയുള്ള പുസ്തകവും താങ്ങിയെടുത്ത് നടക്കും. ആഹാരം കഴിക്കുമ്പോളും ഒരു കൈകൊണ്ടു അതിന്റെ പേജുകളിൽ വിരലോടിച്ചു കൊണ്ടിരിക്കും. (അവളുടെ പുസ്തകങ്ങൾ ബ്രയിൽ ലിപിയിലാണ്. അവയ്ക്ക് വലുപ്പം കൂടും. വിരൽ ഓടിച്ചാണല്ലോ വായിക്കുന്നത്)
പിന്നെയുള്ള പാരഗ്രാഫിൽ അവളെ കുറിച്ചുള്ള മധുരമായ ഓർമ്മകൾ കൂടി ചേർത്താൽ സെന്റി ഒന്ന് കൂടി കൂടും. ഒറ്റപ്പെടുത്തപ്പെട്ട കുട്ടി. പഠിക്കാൻ മിടുമിടുക്കി. എല്ലാർക്കും ഇഷ്ടം. ജീവിതത്തിലെ തടസ്സങ്ങളെ ധീരമായി അധ്വാനത്തിലൂടെ മറികടന്നവൾ. അനിയത്തിയുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന തങ്കക്കുട്ടി.
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ! (വീണപൂവ്)
എന്ന പാടിപ്പതിഞ്ഞ സെന്റിമെന്റ്സ് ഇവിടെയും കാണാം. അതുകൊണ്ടു
ഞാനാണ് നേരത്തെ മരിക്കുന്നതെങ്കിൽ എന്റെ കണ്ണിന്റെ കോർണിയ അവൾക്ക് നൽകണമെന്നൊക്കെ ഞാൻ തീരുമാനിച്ചിരുന്നു.
എന്ന് വായിക്കുമ്പോൾ, "സത്യം എനിക്കിങ്ങനെ ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ എന്റെ ഒരു കണ്ണ് പറിച്ചു ഞാനവൾക്ക് കൊടുത്തേനെ" എന്ന് വായനക്കാരൻ പറയും
"എന്നിട്ട് കൊടുത്തോ?"
"ഇല്ല"
"അതെന്താ?"
ഇതിന്റെ ഉത്തരം അടുത്ത വാചകത്തിൽ ഉണ്ട്
"ഡോക്ടർ പറഞ്ഞത് അവളുടെ കോർണിയയ്ക്ക് കുഴപ്പമൊന്നുമില്ലെന്നായിരുന്നു. വേറെ എന്തോ പ്രോബ്‌ളമായിരുന്നു." (ഭാഗ്യം!)
അതാണ് കാര്യം. അല്ലേൽ കൊടുത്തേനെ എന്ന് പറഞ്ഞു നമ്മൾ സ്വയം വഞ്ചിക്കുന്നു. അപ്പോഴാണ് സൗമ്യ മരിച്ചു കഴിഞ്ഞും ഗോളടിക്കുന്നത്. തന്റെ കോര്ണിയയ്ക്ക് കുഴപ്പമില്ലെന്നറിഞ്ഞ അവൾ അവ ദാനം മരണശേഷം ദാനം ചെയ്യാൻ ഏർപ്പാടാക്കിയിരുന്നു. ഇന്ന് ആ കോർണിയയിലൂടെയാണ് അനിയത്തിയുടെ പ്രതിബിംബം അശോകിന്റെ മസ്തിഷ്കത്തിലേയ്ക്ക് കടന്നു പോകുന്നത് ഒരു ക്യാമറയുടെ മുന്നിലെന്ന് പോലെ കഥപറയുന്ന ആൾ ച്ച പുഞ്ചിരിക്കുന്നു. ഇത് വായനക്കാരന്റെ വേദന (തെല്ലെങ്കിലും ഉണ്ടായെങ്കിൽ) കൂടുൽ തീവ്രമാക്കുന്നു.
ജീവനോടെ പ്രവൃത്തിക്കുന്ന ഒരവയവത്തിൽ ആത്മാവിന്റെ അംശമൊന്നും ഇല്ലെന്നൊക്കെ പറയാം. പക്ഷെ സ്വത്വത്തിന്റെ അംശമല്ലേ ആ കോർണിയ എന്നൊരു ചോദ്യം കേൾക്കാം ഒടുവിൽ. എന്ന് വേണമെങ്കിലും ആര് വേണമെങ്കിലും നമ്മളെ വിട്ടു പോകാം. അവരുമായി നടത്തിയ അവസാനത്തെ സംഭാഷണത്തിൽ നിങ്ങൾക്ക് പശ്ചാത്താപം ഉണ്ടാകാൻ ഇടവരാതിരിക്കട്ടെ എന്ന് ആരോ ബുദ്ധിയുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.

എന്നാലും നമ്മളൊക്കെ ബിച്ചു തിരുമല പാടിയത് പോലെ "പൊൻപളുങ്ക്‌ മൂശയ്ക്കുള്ളിൽ വെന്തെരിഞ്ഞു വീഴുമ്പോഴും മാറ്റുരച്ചു നോക്കാൻ തമ്മിൽ ഏറ്റിടും കനൽത്തുണ്ടങ്ങൾ" തന്നെയാണ്. സാഹിത്യത്തിലൂടെയാണ് ഇത് തെല്ലെങ്കിലും മാറാൻ .....
അതുകൊണ്ടാണ് അതിന് ഇത്ര പ്രാധാന്യവും.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ