എന്റെ മുറി ചെറുതായിരുന്നു. എന്റെ സ്വപ്നങ്ങൾക്ക് ഒതുങ്ങി നില്ക്കാൻ പറ്റാത്തത്രയും ചെറുത്. എന്നും വെളിച്ചം,എത്തി നോക്കാൻ മടിച്ച് ജനൽ വാതിലിനു പുറത്ത് പതുങ്ങി നില്ക്കും. എന്തെങ്കിലും വായിക്കണമെന്നു തോന്നുമ്പോൾ, ഞാൻ എഴുന്നേറ്റ് ജനൽ പാളികൾ തുറക്കും. മടിച്ചു മടിച്ച് വെളിച്ചം അകത്തേക്ക്.., കട്ടിലിന്റെ തുമ്പ് വരെ വന്നുവെന്നിരിക്കും. എങ്കിലും മുറിയുടെ എതാണ്ട് മുഴുവനോളം ഭാഗവും മൂടി നില്ക്കുന്ന ഇരുട്ടിൽ ഓരോ വസ്തുക്കളും തണുത്ത് മരവിച്ചങ്ങനെ ഇരിക്കും. കിടക്കയിൽ പുസ്തകങ്ങൾ അടുക്കു തെറ്റിയും തല തിരിഞ്ഞും താളുകൾ മറിഞ്ഞും നിരന്നു കിടക്കുന്നുണ്ടാവും. ഓരോന്നിനും പറയാൻ ഓരോ കഥകൾ.അവയിൽ ഒരു കഥയായി ഞാനും...
മുകളിലെ ഇരുട്ടിലേക്ക് കണ്ണു തുറന്ന്, നിശ്ശബ്ദരായി ഞങ്ങൾ അങ്ങനെ കിടക്കും.... മണിക്കൂറുകളോളം...
സ്വപ്നങ്ങളെ ഞാൻ എന്നോ സ്വതന്ത്രരാക്കി വിട്ടു. അവർക്കീ കൊച്ചുമുറിയല്ല വിധിച്ചിട്ടുള്ളത്. എത്ര പറഞ്ഞിട്ടും എന്നെ വിട്ടു പോവാത്തത് വേറെന്തൊക്കെയോ ആണ്. കാലങ്ങൾ കൊണ്ട് രൂപം കൈക്കൊണ്ട എന്റെ സങ്കടങ്ങൾ. അതിവിടെ ഈ ഇരുട്ടിൽ, തണുപ്പിൽ എനിക്ക് കൂട്ടിരിക്കുന്നു. ആരുടെയും കൂട്ട് എനിക്ക് വേണ്ടെന്ന് കരഞ്ഞു നിലവിളിച്ചിട്ടും അവർ കൂട്ടാക്കുന്നില്ല. പിന്നെയും പിന്നെയും എന്നെ മുറുകെ പുണർന്ന് ശ്വാസം മുട്ടിക്കുന്നു.
ഇത് അധികകാലം തുടർന്നു പോകുമെന്നു തോന്നുന്നില്ല. ഒന്നുകിൽ എനിക്ക് ചിറക് മുളക്കുന്നതു വരെ...എന്റെ സ്വപ്നങ്ങൾക്ക് മീതെ ഞാൻ പറന്നു പൊങ്ങുന്നതു വരെ. ഇല്ലെങ്കിൽ.., എന്നെ ചൂഴ്ന്നു നില്ക്കുന്ന ഈ ഇരുട്ട് എന്നിൽ വിജയം കണ്ടെത്തുന്നതു വരെ...ഞാൻ വെറുമൊരു കഥയായി മാറുന്നതു വരെ.....