മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Krishnakumar Mapranam)

മഴയെ ഇഷ്ടപ്പെടാത്തവരാരെങ്കിലുമുണ്ടായിരിക്കുമോ സംശയമാണ്. മഴയെക്കുറിച്ച് സംസാരിക്കാത്തവരും വര്‍ണ്ണിക്കാത്തവരും ചുരുക്കമാണ്. എങ്കിലും നശിച്ച മഴ, ചീഞ്ഞമഴ, ഹോ എന്തൊരുമഴ, നാശം പിടിച്ച മഴ, ഇങ്ങിനെയുണ്ടോ ഒരു മഴ, ഇക്കാലത്ത് മഴ പെയ്യുമെന്നു  ആരെങ്കിലും വിചാരിച്ചോ, എന്നിങ്ങനെ ശാപ വാക്കുകളും ചൊരിഞ്ഞു മഴയെ കുറ്റപ്പെടുത്തുന്നവരെയും കാണാം.  

       

എന്നാലോ മഴ വിട്ടു നിന്നാല്‍  മറിച്ചാകും സംസാരം. "ഇതെന്താ ഇന്നു  മഴ പെയ്യില്ലേ" ?, "എന്താണാവോ ഇത്തവണ മഴയില്ലേ? ", "നല്ല മഴക്കോള് കണ്ടതാ ഒക്കെയും കാറ്റുകൊണ്ടുപോയി", "അല്ല നിങ്ങടെ നാട്ടില്‍ മഴപെയ്തില്ലേ, ഇവിടെ നല്ല മഴയായിരുന്നു",  "ഇത്തവണ മഴ ചതിച്ചു", എന്നിങ്ങനെയും "രാത്രി മുഴുവനും മഴയായിരുന്നു". "മഴ കാരണമാ വരാന്‍ കഴിയാഞ്ഞത്", "മഴകാരണം  വഴിയൊക്കെ ചളിപിളിയായി", "ഹോ ഈ മഴയെകൊണ്ടു തോറ്റൂ", "മഴകൊണ്ടിട്ടാ പനി പിടിച്ചേ", "മഴ വരും മുന്‍പേ ഇറങ്ങിക്കോ", "എവിടെയ്ക്കാ ഈ മഴയത്ത്...."

എന്നിങ്ങനെ മഴയെകുറിച്ച് സംസാരത്തിലൊന്നും നല്ലതു കേള്‍ക്കല്‍ കുറവാണ്.

"എന്തു സുന്ദരമായ മഴ" , "നല്ല ചന്തമുള്ള മഴ"  എന്നൊക്കെ ആരെങ്കിലും പറയുമെന്നുള്ള വിശ്വാസം ഒരു തോന്നൽ മാത്രം. പാവം മഴ. ഇത്രയും കുറ്റപ്പെടുത്തലുകൾ കേട്ടിട്ടും മഴയ്ക്ക് ഒരു കൂസലുമില്ലാട്ടോ. അതങ്ങനെ നിന്നു പെയ്യുകയാണ്.

മഴ പെയ്യുമ്പോള്‍ വീടിന്‍റെ ഇറയത്ത്‌ ചാരുകസേരയില്‍ മലര്‍ന്നു കിടന്നങ്ങനെ  മഴയെ നോക്കിയിരിക്കുക. അതൊരു സുഖമുള്ള കാര്യമാണ്. ഇറക്കാലില്‍ വീഴുന്ന മഴത്തുള്ളികള്‍ കാറ്റിലുലഞ്ഞ് ആ തുള്ളികളുടെ നനുത്ത  തലോടലുകള്‍ ഏറ്റുവാങ്ങുക. മഴയുടെ താള ലയങ്ങളില്‍  രസിച്ച്  സുഖകരമായ  അനുഭൂതിയിലേയ്ക്ക് മെല്ലെ ചേക്കേറുക. മഴയുടെ മധുരോന്മാദ മന്ത്രണത്തിലങ്ങനെ ഹൃദയം മെല്ലെ തുടിക്കുക...

പെയ്തൊഴിഞ്ഞ മഴയ്ക്കു ശേഷം ചാലുകളിലൂടെയൊഴുകുന്ന വെള്ളത്തില്‍ കടലാസ്സു വഞ്ചിയൊഴുക്കി അതിന്‍റെ കുതിപ്പു കണ്ടു കോരിത്തരിക്കുക.  

മഴകഴിഞ്ഞാല്‍ പ്രകൃതി ഉന്മേഷവതിയാകും. മരങ്ങളുടെയും ചെടിയുടെയും ഇലകള്‍ നനവാര്‍ന്നു നില്‍ക്കുന്നത് കാണുമ്പോള്‍ കണ്ണിനു കുളിര്‍മ. നിറഞ്ഞ തോടുകളും കുളവും പുഴയും പാടങ്ങളും. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം മഴ എന്നും എന്നിലും ചേക്കേറുന്നത്.

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ