മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

റാവുത്തർമാർ വന്നത് തുർക്കിയിൽ നിന്നാണത്രെ.. (ഞാൻ ഒരു റാവുത്തൻ ആണെന്ന് പറയാൻ വിട്ടു പോയി.) തമിഴ്നാട്ടിൽ നിന്ന് വന്നു എന്നു മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ. പാവങ്ങളായ കച്ചവടക്കാരെയും മിടുക്കൻമാരായ പോലീസുകാരെയുമാണ് ബന്ധുക്കളായി കണ്ടിട്ടുള്ളത്.

പൊതുവെ ആത്മാർത്ഥത തുളുമ്പുന്നവർ.  ‘കോളിത്തമിൾ’ എന്നാണ് സംഗീതാത്മകമായ ഞങ്ങളുടെ ആ തമിഴ് ഭാഷയ്ക്ക് ഞങ്ങൾ തന്നെ പറയുന്ന പേര്. അച്ഛനെ അത്ത എന്നും അമ്മയെ അമ്മ എന്നു തന്നെയും വിളിച്ചു പോന്നു. (ഉമ്മ എന്ന മലയാളി ജോനകരുടെ വിളിക്കു പകരം) തുട കാണും വിധം വെള്ള മുണ്ട് മാടിക്കുത്തിയ വിടർന്ന ചിരിയും ചീവിയൊതുക്കിയ കരുത്ത മുടിയുമുള്ള അരോഗദൃഢഗാത്രർ ആയിരുന്നു പാലക്കാട്ട് നിന്നും മറ്റും വന്നിരുന്ന ബന്ധുക്കൾ. വർണ്ണച്ചേലകൾ വാരിയുടുത്ത, മൂക്കുത്തി വച്ച പ്രൌഢ സ്ത്രീകൾ വനിതകളും. ആട്ടിറച്ചി വിളമ്പാത്ത കല്യാണങ്ങൾ ഉണ്ടായിരുന്നില്ല. കോഴിയിറച്ചി ആണെങ്കിൽ വിവാഹങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾ ഉയരുമായിരുന്നു.. റാവുത്തർ  ആണെങ്കിൽ ആട്ടിറച്ചി പ്രിയർ ആണെന്നു തന്നെയായിരുന്നു വെപ്പ്. (എന്റെ കാര്യത്തിൽ വളരേ ശരിയാണ്. പക്ഷേ പ്രവാസി ആയ ശേഷം കുറഞ്ഞു. ഇവിടെ ഇംഗ്ലണ്ടിൽ കിട്ടുന്ന ആട്ടിറച്ചിക്ക് അൽപ്പം രൂക്ഷ ഗന്ധമാണ്. പക്ഷേ ചിന്നുവിന്  (എന്റെ മകൾ )ഭയങ്കര ഇഷ്ടമാണ്. ഞാൻ മനസ്സിൽ പറയും, അമ്പടി റാവുത്തച്ചി!).

കല്യാണ സമ്പ്രദായങ്ങൾക്ക് ഹിന്ദു രീതികളുമായി പല സാമ്യങ്ങളും ഉണ്ടായിരുന്നു. താലി കെട്ടുന്നതും മറ്റും.. സ്വർണ്ണത്തിലുള്ള നീളത്തിലുള്ള കൊച്ചു സിലിണ്ടർ രൂപത്തിലുള്ള താലിയുടെ രണ്ടറ്റത്തും വർണ്ണ മുത്തുകൾ- കറുപ്പും ചുമപ്പും (അല്ലെങ്കിൽ റോസ്- പിങ്ക് ) കലർന്ന മുത്തുകൾ... പെരുമാറ്റത്തിലും സ്വഭാവത്തിലും ഇതര മതസ്ഥരുമായി വളരേ വേഗം അടുക്കുന്നവരും പൊതുവെ മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നവരുമായിരുന്നു അന്നും ഇന്നും റാവുത്തൻമാർ. കേരളത്തിലെ മറ്റ് മുസ്ലിം വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യാഥാസ്ഥിതികത അൽപ്പം കുറവും. ഈ വ്യത്യാസം എങ്ങിനെ വന്നു എന്നറിയാനുള്ള ജിജ്ഞാസ പണ്ടേ എന്നിൽ ഉണ്ടായിരുന്നു.

അതിനായി നമുക്ക് പഴം തമിഴ് പാട്ടിഴയും ചരിത്രത്തിലേക്ക് അൽപ്പം പോകാം… പാണ്ഡ്യരാജാക്കൻമാരുടേയും അലാവുദ്ദീൻ ഖിൽജിയുടേയും മാലിക് കഫൂറിന്റേയും തുർക്കികളുടേയും കഥയിലേക്ക്, കാവേരീ നദീതടം ചുവപ്പിച്ച റാവുത്തൻമാരുടെ തുൽക്കപ്പടയുടെ കഥയിലേക്ക്!! 

പാണ്ഡ്യരാജാക്കൻമാരുടേയും ചോള രാജാക്കന്മാർ രണ്ടു മൂന്നു നൂറ്റാണ്ടിലധികം തമിഴ് നാട് അടക്കിവാണിരുന്നു.  അവരുടെ കാലശേഷം പാണ്ഡ്യരാജാക്കന്മാർ ആയിരുന്നു തമിഴക സുവർണ്ണ കാലം മുന്നോട്ട്  നയിച്ചത്. അപ്പോഴത്തെ ഒരു രാജാവായിരുന്നു മാരവർമ്മ കുലശേഖര പാണ്ഡ്യൻ. അദ്ദേഹത്തിന്  രണ്ട് മക്കൾ ഉണ്ടായിരുന്നു ജാദവർമ്മൻ സുന്ദര പാണ്ഡ്യൻ പിന്നെ ജാദവർമ്മൻ വീരപാണ്ഡ്യൻ. മൂത്തമകൻ  സുന്ദരപാണ്ഡ്യൻ  രാജ്ഞിയുടെ മകനും താഴെയുള്ള മകൻ വീരപാണ്ഡ്യൻ വെപ്പാട്ടിയിൽ ഉണ്ടായ മകനുമായിരുന്നു. രാജാവിന് വീരപാണ്ഡ്യനോടായിരുന്നു കൂടുതൽ മമത. നിലവിൽ ഉള്ള പാരമ്പര്യത്തിനു വിരുദ്ധമായി  താഴെയുള്ള മകൻ രാജ്യാധികാരം കൈക്കൊള്ളും എന്ന് രാജാവ് പ്രഖ്യാപിച്ചു .ഇത്  സുന്ദരപാണ്ഡ്യനെ പ്രകോപിപ്പിച്ചു. അദ്ദേഹം സ്വന്തം അച്ഛനെ വധിക്കുകയും 1310 ൽ സ്വയം രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. കുറച്ചു  നാട്ടുരാജാക്കന്മാർ വീരപാണ്ഡ്യനെ അനുകൂലിച്ചു.  അതോടുകൂടി  സാമ്രാജ്യത്തിൽ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

പരാജയപ്പെട്ട സുന്ദര പാണ്ഡ്യൻ രാജ്യം വിട്ട് പലായനം ചെയ്തു.  അടങ്ങിയിരിക്കാൻ കൂട്ടാക്കാതെ അദ്ദേഹം മറ്റൊരു ശക്തന്റെ  സഹായമഭ്യർത്ഥിച്ചു ഉത്തരേന്ത്യ ഭരിച്ചിരുന്ന  സുൽത്താൻ അലാവുദ്ദീൻ ഖിൽജി  (പത്മാവത് സിനിമയിൽ രൺബീർ കപൂർ അവതരിപ്പിച്ച കഥാപാത്രം.) ആയിരുന്നു ആ ശക്തിമാൻ. അക്കാലത്ത് ഡൽഹിയിൽ നിന്നും തുടങ്ങി ഉത്തരേന്ത്യയുടെ ഭൂരിഭാഗം പ്രവിശ്യകളും ഭരിച്ചിരുന്നത് അദ്ദേഹമായിരുന്നു അദ്ദേഹത്തിന്റെ സേനാപതി ജനറൽ മാലിക് കഫൂർ ആയിരുന്നു ( ഒരു ഹിജഡയായ അടിമയായിരുന്നു നമ്മുടെ ഈ മാലിക് കഫൂർ. അതിബുദ്ധിമാനും ഭരണ തന്ത്രഞ്ജനുമായിരുന്നു. അവസാന കാലഘട്ടങ്ങളിൽ അലാവുദ്ദീൻ ഖിൽജി ഇദ്ദേഹവുമായി അനുരാഗത്തിൽ ആയിരുന്നതായി പറയപ്പെടുന്നു ) സുന്ദരപാണ്ഡ്യൻ സഹായം അഭ്യർത്ഥിക്കുന്ന സമയത്ത് മാലിക് കഫൂർ തെക്കേ ഇന്ത്യയിൽ സാമ്രാജ്യ വികസനത്തിന്റെയും മത പ്രചരണത്തിന്റേയും ഭാഗമായി ഉണ്ടായിരുന്നു.  തമിഴ്നാടിന്റെ വടക്കു ഭാഗമായ  ദ്വാരക സമുദ്രത്തിൽ ആയിരുന്നു അദ്ദേഹം സേനയുമായി നിലയുറപ്പിച്ചിരുന്നത് . കൂടിക്കാഴ്ചയ്ക്ക് ശേഷം കിൽജിയുടെ സേന  സുന്ദരപാണ്ട്യനെ സഹായിക്കും  എന്ന്  മാലിക് കഫൂർ വാഗ്ദാനം ചെയ്തു .ഇതിൻപ്രകാരം സുന്ദരപാണ്ഡ്യന്റെ സഹായത്തോടുകൂടി ഈ ഖിൽജി സേന 1311 ൽ തമിഴ് നാട് ആക്രമിച്ചു .പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത് . മാലിക് കഫൂർ അക്കാലത്ത്  ദ്വാരക സമുദ്രത്തിൽ ഉണ്ടായിരുന്നെങ്കിലും  സുന്ദരപാണ്ഡ്യൻ അലാവുദ്ദീൻ ഖിൽജിയുടെ  സഹായം ആവശ്യപ്പെട്ടിരുന്നില്ലെങ്കിൽ ഒരുപക്ഷേ  മാലിക് കഫൂർ തമിഴ് നാട് ആക്രമിക്കുകയില്ല എന്നായിരുന്നു. അങ്ങിനെ തമിഴ്നാട്ടിലെ ആദ്യത്തെ മുസ്ലീം ആക്രമണവും അധിനിവേശവും  യഥാർത്ഥത്തിൽ പാണ്ഡ്യ കുടുംബത്തിലെ ഒരു ആഭ്യന്തര കലഹത്തെ തുടർന്നായിരുന്നു. തമിഴ്നാട്ടിൽ എത്തിയ  മാലിക് കഫൂറിന്റെ സേനയ്ക്ക് വലിയ എതിർപ്പ് നേരിടേണ്ടി വന്നില്ല പക്ഷേ  മാലിക് കഫൂർ ഇതിനിടയിൽ  സുന്സത്യത്തിൽ അലാവുദ്ദീൻ കിൽജിക്കും മാലിക്  കഫൂറിനും തമിഴ് നാട് ഡൽഹി സാമ്രാജ്യത്തിന്റെ ഭാഗമാക്കണം എന്നുണ്ടായിരുന്നില്ല .അവരുടെ   പ്രധാന ലക്ഷ്യം  തമിഴ്നാട്ടിൽ/ തെക്കേ ഇന്ത്യയിൽ ഇസ്‌ലാം മതം പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു. അതിനാൽ വന്ന ഉദ്ദേശ്യം സാധിച്ചതിന് ശേഷം അവർ ദില്ലിയിലേക്ക് തിരിച്ചുപോയി.  

പല ചരിത്രകാരന്മാരും പറയുന്നത് സുന്ദര പാണ്ഡ്യന്റെ അമ്മാവനായ  വിക്രമ പാണ്ഡ്യൻ മാലിക് കഫൂർന് എതിരെ ചില യുദ്ധങ്ങൾ ജയിച്ചു എന്നും  അതിനാലാണ് മാലിക് തമിഴ് നാട് വിട്ടു പോയത് എന്നും ആണ് .  ഖിൽജി സേന ചെറിയ യുദ്ധങ്ങളിൽ തോറ്റോടുന്നവരായി പൊതുവെ ചരിത്രം വിലയിരുത്താത്തതിനാൽ ഈ സാധ്യത വിരളമാണ്. എന്തൊക്കെയായാലും മാലിക് മത പ്രചരണം എന്ന സ്വന്തം ഉദ്ദേശ്യം സാധിച്ചതിന് ശേഷമാണ് തമിഴ്നാട് വിട്ടത് .

പക്ഷേ തമിഴ്നാട്ടിലെത്തിയ ആദ്യ മുസ്ലിംങ്ങൾ ഖിൽജി സേന അല്ലായിരുന്നു. അവരുടെ  ആക്രമണത്തിനു മുമ്പ് തന്നെ ചോള രാജാവ് ഓട്ടോമൻ സാമ്രാജ്യത്തിലെ തുർക്കികളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചിരുന്നു .   1212 ൽ വ്യാപാര ആവശ്യങ്ങൾക്കായി ഇവർ തമിഴ്നാട്ടിലെത്തി. ഇസ്ലാമിക രീതി  തമിഴ്നാട്ടിന് പരിചയപ്പെടുത്തിയ ഇവരാണ് ആദ്യമായി  റാവുത്തർ എന്ന്  അറിയപ്പെട്ടത്. ഇവരുടെ വലിയൊരു കൂട്ടം തരംഗം പാടി, നാഗപട്ടണം, കാരക്കൽ, മുത്തുപേട്ട, കോതനല്ലൂർ, കോട്ടക്കുടി എന്നിവിടങ്ങളിൽ തമ്പടിച്ചിരുന്നു.  ഇവർ ഹിന്ദു ജനങ്ങളെ മതം മാറ്റത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തഞ്ചാവൂര്‍ പ്രദേശത്തെ  ഹിന്ദുക്കൾ അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിന്നു. പക്ഷേ പിന്നീട് മാലിക് ഖഫൂറിന്റെ മത പ്രചരണത്താൽ മതം മാറിയവരും  ഖിൽജി സേനയുടെ തമിഴ്നാട്ടിൽ അവശേഷിച്ച മുസ്ലീമുകളും ഇവരുടെ കൂടെ ചേർന്നു.  ഹനഫി  രീതി എന്ന മുസ്ലീം ആരാധനാ രീതിയാണ് ഇവർ  പിന്തുടർന്നിരുന്നത്. (തൃശൂർ ചെട്ടിയങ്ങാടിയിലെ പള്ളി ഹനഫി രീതി പിന്തുടരുന്നതും റാവുത്തർമാർ പൊതുവെ പോകുന്നതുമായ പള്ളിയാണ്)  തുർക്കിയിൽ നിന്നു വന്നവർ പൊതുവെ വെളുത്തവർ  ആയിരുന്നെങ്കിലും കറുത്തനിറമുള്ളവരും  ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. തുർക്കിയിൽ നിന്നു വന്നവരുടെ കൂട്ടത്തിൽ പെട്ട സ്ത്രീകൾ  കൂടുതലും പർദ്ദ ആണ് ധരിച്ചിരുന്നത്. പക്ഷേ തീരദേശങ്ങളിലെ മതപരിവർത്തനം ചെയ്ത മരക്കാൻമാർ വിഭാഗത്തിലെ സ്ത്രീകൾ സാരി ധരിക്കുന്ന രീതി തുടർന്നു. തഞ്ചാവൂരിന് അടുത്ത് തിരൂരിലും കോതനല്ലൂരിലേയും വലിയ മുസ്ലിം പള്ളികളിൽ ഇപ്പോഴും  തുർക്കി ആലേഖനങ്ങളും തുർക്കി ലിപിയുംകാണാൻ കഴിയും. കൂടാതെ ജിന്ന് പള്ളി തുടങ്ങിയ  ഗ്രാമപ്രദേശങ്ങളിലും ഇതു കാണാൻ കഴിയും. ഈ ലിപികൾ പിന്നീട് മദ്രാസ് മ്യൂസിയത്തിന്റെ ഭാഗമാവുകയും ചെയ്തു .ചില തുർക്കി ലിപികൾ 1850 ൽ കൂത്തനെല്ലൂരിലെ വലിയ പള്ളിയിൽ നിന്ന് മോഷണം പോയി. തമിഴ്നാട്ടിലെ  റാവുത്തർമാർ രണ്ട് വിഭാഗമാണ്. സുൽത്താൻ ഖിൽജിയുടെ വംശജർ മുകൾ തമിഴ്നാട്ടിലെ  ഭൂരിഭാഗത്തും കാണപ്പെടുമ്പോൾ തുർക്കിക്കാർ തരംഗം പാടി നാഗപട്ടണം കാരയ്ക്കൽ മുത്തുപേട്ട എന്നിവിടങ്ങളിലാണ് കാണുന്നത്. 

ഈ തുർക്കി ലിപികൾ അല്ലാതെ റാവുത്തർമാരുടെ തുർക്കി ബന്ധത്തിന് തെളിവുകൾ കുറവത്രെ. പക്ഷേ ഒരു വലിയ ഒരു ബന്ധം കാണുന്നത് പിതാവിനെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ്. ഞാൻ അച്ഛനെ ‘അത്ത‘ എന്നാണ് വിളിച്ചു പോന്നത്. മലയാളി മുസ്ലീംങ്ങൾ ‘വാപ്പ' അല്ലെങ്കിൽ‘ ഉപ്പ‘ എന്നാണ് വിളിക്കുക. ‘അത്ത‘ എന്ന് പിതാവിനെ വിളിക്കുന്നത് പരമ്പരാഗത ടർക്കിഷ് രീതിയാണ്. Ata എന്ന് ഇംഗ്ലീഷിൽ പറയുമെങ്കിലും  അവർ യഥാർത്ഥത്തിൽ വിളിക്കുന്നത് ‘അത്ത‘ എന്നു തന്നെയാണ്. ‘ബാബ ‘എന്ന പേഴ്സ്യൻ അഭിസംബോധനാ രീതി പിൽക്കാലങ്ങളിൽ തുർക്കിയിൽ വ്യാപകമായി. തുർക്കിയുടെ ആദ്യ പ്രസിഡന്റ് ആയ മുസ്തഫ കമാലിനെ രാഷ്ട്രപിതാവ് എന്ന  നിലയിൽ ‘അത്താതുർക്ക് ‘എന്നാണ് വിളിക്കുന്നത് . (father of turks). ഈ വസ്തുതയും തുർക്കികൾ പിന്തുടരുന്ന ഹനഫി ആരാധനരീതിയുടെ പിന്തുടർച്ചയുമാണ് റാവുത്തർ - തുർക്കി ബന്ധത്തിന്റെ അവശേഷിക്കുന്ന കണ്ണികൾ.

തുടരും...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ