ഭാഗം 6
"ഹലോ..."
തന്റെ മുഖത്തിന് നേർക്ക് വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ട് ദക്ഷ കണ്ണ് ചിമ്മി, ജീൻസും ടോപ്പുമിട്ട ആണിനെപ്പോലെ മുടി മുറിച്ചിട്ട ഒരുത്തി, കണ്ടപ്പോൾ തന്നെ അവൾക്ക് ദേഷ്യം മുഖത്തേക്ക് ഇര ച്ചുകയറി...
"അതേ മെറ്റൽ എവിടേക്കാ ഡമ്പ് ചെയ്യണ്ടത്... കുട്ടീ നിന്നോടാ ചോദിച്ചത്... ചെവി കേൾക്കില്ലേ?"
ചെവി കേൾക്കാത്തത് നിന്റെ... ദേഷ്യം പല്ലുകൾക്കിടയിൽ ഞെരിച്ചമർത്തി അവൾ വീടിന് പിന്നിലേക്ക് വിരൽ ചൂണ്ടി... വണ്ടിയുടെ ക്യാബിനിലിരുന്ന് തല പുറത്തേക്ക് നീട്ടിയ മഹിയെ കടുപ്പിച്ചു നോക്കിക്കൊണ്ട് തിരിഞ്ഞ് അകത്തേക്ക് നടത്തം വച്ചുകൊടുത്തു... ഗംഗ സൈഡ് പറഞ്ഞു കൊടുത്തു വണ്ടി വീടിന്റെ ഒരു വശത്തുകൂടി പിന്നിലേക്ക് റിവേഴ്‌സിൽ കൊണ്ടുവന്നു...
അകത്തേക്ക് പോയ ദക്ഷ വെരുകിനെപ്പോലെ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... ആരാ അവള് വന്നു നെഞ്ചത്ത് ചവിട്ടി നിന്നാൽ ദക്ഷ ആരാണെന്ന് മനസ്സിലാക്കിക്കും... പിന്നിൽ മെറ്റൽ വീഴുന്ന ശബ്ദം കേട്ട് അടുക്കളപ്പുറത്തേക്ക് ചെല്ലുമ്പോൾ അവിടെ പൊടി മൂടിയിരിക്കുകയാണ്... അതിനിടയിലൂടെ നടന്നു വന്ന അവളെ കണ്ടതും വീണ്ടും രക്തം തിളച്ചു...
"കുട്ടീ ഒരു ഗ്ലാസ്സ് വെള്ളം..."
"നിങ്ങളാരാ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ... ഇവിടെ വെള്ളമൊന്നും ഇരിപ്പില്ലല്ലോ...?"
അമ്മ കുളിക്കാൻ കയറിക്കാണും എന്നുറപ്പിച്ചാണ് അവൾ മറുപടി കൊടുത്തത്...
"ഡാ മഹി ഇവിടെ വെള്ളമില്ല നമുക്ക് പോകുന്നവഴി കുടിക്കാം..."
അവള് വിളിച്ചു പറഞ്ഞതും ദക്ഷ അമ്പരപ്പോടെ വണ്ടിയിൽ നിന്നിറങ്ങി വിയർപ്പുതുടച്ചു വരുന്ന മഹിയെ നോക്കി, ദൈവമേ മഹിക്കായിരുന്നോ... ഇനിപ്പോ എന്ത് ചെയ്യും...
"കുട്ടീ ഞാനൊന്ന് നോക്കട്ടെ ഒരാള് ദാഹിച്ചു വരുമ്പോൾ ഇല്ലെന്ന് പറഞ്ഞാൽ വിഷമമാവും... ഒന്ന് നിൽക്കണെ..."
"ഓ വേണ്ടെടോ ഞങ്ങള് പോകുന്ന വഴിക്ക് കുടിച്ചോളാം..."
അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ദക്ഷ അകത്തേക്ക് റോക്കറ്റ് വേഗത്തിൽ പാഞ്ഞു... ഫ്രിഡ്ജിൽ നിന്ന് വെള്ളകുപ്പിയും ഗ്ലാസുമെടുത്ത് ഓടിയെത്തുമ്പോൾ മഹി കയ്യും മുഖവും കഴുകി കഴിഞ്ഞിരുന്നു.
"വെള്ളം..."
അത്യന്തം സന്തോഷത്തോടെ അവൾ വിളിച്ചു പറയുമ്പോൾ ഗംഗയും മഹിയും ഒരുപോലെ തിരിഞ്ഞു നോക്കി... ദക്ഷയെ കണ്ടതും മഹി ഒന്ന് ചിരിച്ചു, അവൾ നാണം കലർന്ന ചിരി തിരികെ സമ്മാനിച്ചു... കുപ്പിക്ക് കൈ നീട്ടിക്കൊണ്ട് ഗംഗാ മുന്നോട്ട് വന്നതും അവൾ വെള്ളം ഗ്ലാസ്സിലൊഴിച്ച് അവൾക്ക് നേരെ നീട്ടി, കുപ്പി മഹിക്കും കൊടുത്ത് വിജയഭാവത്തിൽ അവളെ ഒന്നുകൂടി കണ്ണുകൾക്കൊണ്ട് ഉഴിഞ്ഞു... വെള്ളം കുടിച്ചു തീർത്ത് ഗംഗ ഗ്ലാസ്സ് അവൾക്ക് കൊടുത്തു...
"താൻ ക്ലാസ്സിൽ നിന്ന് നേരെ വണ്ടിയിൽ കയറിയോ യൂണിഫോമൊക്കെ ആകെ പൊടിയായല്ലോ, ശ്രദ്ധിക്കണ്ടേ..."
"അതൊക്കെ ഞങ്ങള് നോക്കിക്കോളാം കുട്ടി പോയി ക്യാഷ് എടുത്തോണ്ട് വാ..."
ഗംഗയുടെ സംസാരം തീരെ ഇഷ്ടപെടാത്ത അവൾ മഹിയുടെ മുഖത്തേക്ക് തുറിച്ചു നോക്കി...
"പൈസ കടയിൽ നിന്ന് വാങ്ങിച്ചോളാം... ഞാൻ വേറെ ഡ്രസ്സ് എടുത്തില്ല. നാളെ മുതൽ ശ്രദ്ധിക്കാം..."
കുപ്പി തിരികെകൊടുത്ത് അവൾക്ക് നല്ലൊരു ചിരിയും സമ്മാനിച്ച് അവൻ പറഞ്ഞു. സന്തോഷത്തോടെ അവൾ തലയാട്ടി... ഗംഗ വന്നു വീണ്ടും വെള്ളക്കുപ്പി വാങ്ങിക്കൊണ്ട് പോയി...
"താനാരാ...?"
ഗംഗ നിന്നു, ശേഷം ചിരിയോടെ തിരിഞ്ഞു നോക്കി...
"ഗംഗാ അവന്റെ മുറപ്പെണ്ണാ അമ്മാവന്റെ മോള്... കല്യാണത്തിന്മുൻപ് ഒന്നിച്ചിടപഴകാൻ വേണ്ടി ഇങ്ങോട്ട് വന്നതാ... ഞങ്ങള് തമ്മിൽ നല്ല മാച്ചല്ലേ കുട്ടീ..."
ദക്ഷ മുഖം കെറുവിച്ച് കയറിപ്പോകുന്നത് കണ്ട് ചിരിയോടെ ഗംഗാ മഹിയുടെ തോളിൽ വലതു കൈപ്പടം വച്ച് അവനെ നോക്കി...
"നിന്റെ പെണ്ണ് കൊള്ളാടാ, ഇവളാണോ നിന്നെ രക്ഷിച്ചത്..."
അതേയെന്നവൻ തലകുലുക്കി...
അകത്തേക്ക് കയറിയ ദക്ഷയ്ക്ക് തന്റെ ശരീരം മുഴുവൻ മാന്തിപ്പൊളിക്കാൻ തോന്നി... അവനെ തന്റെ സ്വന്തമായി കണ്ടത് തെറ്റായോ, മറ്റൊരു പെണ്ണിന്റെ സ്വാന്തമാണവൻ, തനിക്കതിൽ ഒരു അവകാശവുമില്ല. നെഞ്ചിൽ വലിയ കല്ലെടുത്തുവച്ച ഭാരത്തോടെ ഭിത്തിയിൽ ചാരിനിന്നു കിതച്ചു...
"കുട്ടീ ഒന്നിങ്ങുവന്നെ..."
വീടിന് മുൻപിൽ നിന്നുള്ള വിളി അവളുടേതാണ്, പോകാൻ തോന്നിയില്ല. പക്ഷെ അമ്മ ഏതുനേരത്തും കുളി കഴിഞ്ഞിറങ്ങും... താല്പര്യമില്ലാതെ അവൾ വീടിന് മുൻപിലേക്ക് ചെല്ലുമ്പോൾ പോർച്ചിൽ ഇളിച്ചുകൊണ്ട് നിൽക്കുന്ന ഗംഗാ... വെള്ളക്കുപ്പി തിരികെ തരാൻ വന്നതാണ്... കുപ്പി വാങ്ങി അവളെ നോക്കുകപോലും ചെയ്യാതെ തിരിഞ്ഞതും കയ്യിൽ പിടിവീണു, കള്ളച്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അവൾ...
"സോറി ദക്ഷാ... മഹി നിന്നെപ്പറ്റി എന്നോട് പറഞ്ഞിരുന്നു. ഞാൻ വെറുതെ പുളു പറഞ്ഞതാ... കുറെ നാളായി അവനൊരു പെണ്ണിനെ അന്വേഷിക്കുന്നുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാം അവസാനം അവളെ കണ്ടെത്തി എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി... ഇവിടെ വന്നു നിന്നെ കണ്ടപ്പോൾ വീണ്ടും ഞെട്ടി..."
അപ്പോൾ മഹിക്ക് തന്നെ മനസ്സിലായോ... അവൻ തന്നെ ഇഷ്ടപെടുന്നുണ്ടെന്ന് മനസ്സിലായതും ശരീരത്തിലൂടെ ആയിരം ചിത്രശലഭങ്ങൾ പറന്നുപോങ്ങുന്ന ലഹരിയിൽ ദക്ഷയൊന്നു പിടച്ചു... അവളുടെ ഹൃദയം അളവില്ലാതെ രക്തം പമ്പു ചെയ്തു... രോമകൂപങ്ങൾ എല്ലാത്തിനും സാക്ഷിയായി നോക്കിനിന്നു...
മഹി ലോറി റോഡിലേക്ക് കയറ്റി നിർത്തി ഹോണടിച്ചു... ഗംഗാ ദക്ഷയുടെ കവിളിൽ നുള്ളിക്കൊണ്ട് കണ്ണടച്ചുകാട്ടി...
"അപ്പൊ നാത്തൂനെ കാണാട്ടോ അവൻ വിളിക്കുന്നു, എനിക്ക് ടൗൺ വരെയൊന്ന് പോകണം... പിന്നെ ഞാനവനോട് പറയാം യൂണിഫോമൊന്നും ഇങ്ങനെ അഴുക്കാക്കരുതെന്ന്... അപ്പൊ ശരി..."
ചുവന്നു തുടുത്ത മുഖത്ത് കണ്ട ഭവങ്ങളൊക്കെ ദക്ഷയെ അടിമുടി തളർത്തി... അവൾ കിതപ്പോടെ ഗംഗയുടെ നേർക്ക് കൈ വീശിക്കാണിച്ചു...
"പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ പുലരി വെയിലൊളി പൂക്കാവടി..."
നിന്നനിൽപ്പിൽ ഒന്ന് കറങ്ങിക്കൊണ്ട് പാട്ട് പാടി അവൾ അകത്തേക്കോടി...
(തുടരും)