mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ആദ്യം തന്നെ പറയട്ടെ, ഇത് മനുഷ്യരുടെ കഥയല്ല. ഇതു വെറും കഴുതകളുടെ കഥയാണ്. മനുഷ്യജീവിതവുമായി ഇതിനു സാദൃശ്യം തോന്നുന്നുവെങ്കിൽ,  അതു കഴുതകൾക്കു  അപമാനം ഉണ്ടാക്കും. ദയവായി അതു മാത്രം ചെയ്യരുത്.


മൗഢ്യപുരിയിലെ  കഴുത

ഒരിക്കൽ ഒരു കഴുത വനത്തിൽ സ്വൈരമായി മേയുന്നതിനിടയിൽ ഒരു മനുഷ്യനെ കണ്ടുമുട്ടി. അയാൾ കഴുതയോടു പറഞ്ഞു, "പ്രിയപ്പെട്ട കഴുതേ, ഇങ്ങനെ വെറുതെ മേഞ്ഞു നടക്കാനുള്ളതല്ല ജീവിതം. എന്നോടൊപ്പം വരൂ. ഞാൻ നിന്റെ ജീവിതം അർത്ഥപൂർണ്ണമാക്കാം".  

കഴുത അയാളോടൊപ്പം പോയി. വീട്ടിലെത്തിയപ്പോൾ അയാൾ കഴുതയുടെ പുറത്തു വിഴുപ്പു ഭാണ്ഡം എടുത്തു വച്ചിട്ടു പറഞ്ഞു, "ഈ വിഴുപ്പു നീ ചുമന്നു കൊള്ളൂ. ഇതു പുഴക്കരയിലേക്കു ചുമക്കണം. ഇന്നുമുതൽ നിന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട്."

കഴുതയ്ക്ക് സന്തോഷം തോന്നി. ജീവിതം അർത്ഥപൂർണ്ണമായിരിക്കുന്നു!... 

ഒരിക്കൽ ഭാരവുമായി കഴുത കാൽ തെറ്റി വീണപ്പോൾ അലക്കുകാരൻ പറഞ്ഞു. "പ്രിയപ്പെട്ട കഴുതേ നീ പാപം ചെയ്തിരിക്കുന്നു. പരിഹാരമായി നീ ഒരു ഭാണ്ഡം കൂടുതൽ ചുമന്നുകൊള്ളു. നിനക്കു വേണ്ടി ഞാൻ വളരെ ശക്തമായി പ്രാർഥിക്കുണ്ട്." 

അന്നുമുതൽ കഴുത രണ്ടു ഭാണ്ഡങ്ങൾ വീതം ചുമക്കാൻ തുടങ്ങി. തന്റെ ക്ഷേമത്തിൽ അതീവ തല്പരനായ അലക്കുകാരനോടു നന്ദി കാണിക്കാനായി കഴുത വാലുയർത്തി ആട്ടാൻ തുടങ്ങി. അങ്ങിനെ യാണല്ലോ പട്ടികൾ നന്ദി കാണിക്കുന്നത്! വികൃതമായ ഈ ചേഷ്ട കണ്ട കുറുക്കൻ  പൊട്ടിച്ചിരിച്ചു. 

കുറുക്കൻ  ചോദിച്ചു, "നീ എന്തൊരു കഴുതയാണ്? നിനക്കു ഭാണ്ഡം ഉപേക്ഷിച്ചു സ്വൈരമായി മേയാൻ വനത്തിൽ പോകാമല്ലോ."

കഴുതയ്ക്ക് അടക്കാനാവാത്ത ദേഷ്യം വന്നു. കഴുത കുറുക്കനോട് ആക്രോശിച്ചു, "നീ എന്റെ വിഴുപ്പു ഭാണ്ഡത്തെ ആക്ഷേപിച്ചു. അതെന്നെ hurt ചെയ്തു. ഞാനീ വിഴുപ്പിൽ അഭിമാനിക്കുന്നു."  പിന്നെ ഒന്നും ആലോചിച്ചില്ല. തിരിഞ്ഞു നിന്നു പുറം കാലുകൊണ്ടൊരു തോഴി കൊടുത്തു. കുറുക്കൻ നാലു കാരണം മറിഞ്ഞു. 

കഥ പറഞ്ഞവസാനിപ്പിച്ച വിഷ്ണു ശർമൻ കുട്ടികളോട് ചോദിച്ചു. " എന്താണ് ഗുണപാഠം?"

കുട്ടികൾ പറഞ്ഞു. "കഴുതകളോട് ഉപദേശിക്കാൻ പോകരുത്"  


 

കഴുതയും ഷിവാസ് റീഗലും   

സന്തോഷിച്ചു കൂത്താടുന്ന കുറുക്കനെ കണ്ടിട്ട് കഴുത ചോദിച്ചു എന്താ കുറുക്കാ നിനക്കിത്ര സന്തോഷം? ഉത്തരം പറഞ്ഞതു മരക്കൊമ്പിലിരുന്ന കാക്കയായിരുന്നു. "അവൻ കള്ളിന്റെ പുറത്താണ്".

സന്തോഷിക്കാൻ വഴി കണ്ടെത്തിയ കഴുത ബീവറേജസിലേക്കു  പോയി. കഷ്ടപ്പെട്ട് ആളുകളെ പറ്റിച്ചുണ്ടാക്കിയ പണം കൊടുത്തു ഷിവാസ് റീഗൽ  കുപ്പികൾ കുറെ വാങ്ങി.  

വീട്ടിലെത്തി മെത്തയിൽ കുപ്പികൾ നിരത്തിയ ശേഷം അതിനു മുകളിൽ കഴുത കുറെ  നേരം കിടന്നു. നിരത്തിലിറങ്ങി തുള്ളിച്ചാടി. പ്രത്യകിച്ചു സന്തോഷമൊന്നും തോന്നിയില്ല. കാരണമറിയാനായി കഴുത കുറുക്കനെ കാണാൻ പോയി. അപ്പോൾ കുറുക്കൻ ചാരുകസേരയിൽ കിടന്നുകൊണ്ട് അയ്യപ്പ പണിക്കരുടെ കവിതകൾ വായിക്കുകയായിരുന്നു. 

കഴുത പറഞ്ഞു. "എനിക്കു മനസ്സിലാകുന്നില്ല... ഞാൻ കുറെ നേരം കള്ളിന്റെ പുറത്തായിരുന്നു.  സന്തോഷം തോന്നുന്നില്ല. അതുകൊണ്ടു ഷിവാസ്‌ റീഗൽ കൊള്ളത്തില്ല". 

അപ്പോൾ കുറുക്കൻ പറഞ്ഞു. "എടാ കഴുതേ, ബുദ്ധിമുട്ടി കുപ്പി തുറന്നു, കയ്പുള്ള  ദ്രാവകം കഷ്ടപ്പെട്ടു കുടിച്ചിറക്കണം. എങ്കിലേ സന്തോഷം കിട്ടുകയുള്ളു" 

കഴുതയ്ക്കു ദേഷ്യം വന്നു. അവൻ പറഞ്ഞു. "മണ്ണാങ്കട്ട". പിന്നെ ഒന്നും ആലോചിച്ചില്ല. തിരിഞ്ഞു നിന്നു പുറം കാലുകൊണ്ടൊരു തോഴി കൊടുത്തു. കുറുക്കൻ നാലു കാരണം മറിഞ്ഞു.  

കഥ പറഞ്ഞവസാനിപ്പിച്ച വിഷ്ണു ശർമൻ കുട്ടികളോട് ചോദിച്ചു. " എന്താണ് ഗുണപാഠം?"

കുട്ടികൾ പറഞ്ഞു. "കഴുതകളെ ഉപദേശിക്കാൻ പകരുത്."


പ്രാർത്ഥനയുടെ ശക്തി

പുഴയരികിലൂടെ പോകുമ്പോൾ ചതുപ്പു നിലത്തിൽ അറിയാതെ പെട്ടുപോയി. കുളമ്പുകൾ മണ്ണിലേക്ക് താഴുന്നത് കഴുത അറിഞ്ഞു. കാലുകൾ വലിച്ചു പുറത്തേക്കെടുക്കാൻ കഴിയാതെയായി. 'രക്ഷിക്കണേ' എന്ന് അലറി വിളിച്ചു കരഞ്ഞു.

അതുവഴി പോയ ഒരു പുരോഹിതൻ കഴുതയുടെ കരച്ചിൽ കേട്ടു. അടുത്തെത്തിയപ്പോൾ ഉടലോളം ചതുപ്പിൽ താഴ്ന്നു പോയ കഴുതയെ അദ്ദേഹം കണ്ടു.

കഴുത പറഞ്ഞു "എന്നെ വലിച്ചു കരയ്ക്കു കയറ്റു". 

പുരോഹിതൻ പറഞ്ഞു "എന്റെ പ്രാർഥന കൊണ്ട് ആയിരങ്ങൾ സുഖം പ്രാപിച്ചു. എന്റെ പ്രാർഥന കൊണ്ട് മഴ പെയ്തു. എന്റെ പ്രാർഥന കൊണ്ട് കാറ്റ് വീശി. നിന്നെ ഞാൻ എന്റെ പ്രാർഥന കൊണ്ടു രക്ഷിക്കാം". അനന്തരം അയാൾ അടുത്തുള്ള മരത്തിന്റെ ചുവട്ടിൽ നിന്നുകൊണ്ട് ആകാശത്തിൽ കൈ ഉയർത്തി പ്രാർത്ഥനയിൽ ഏർപ്പെട്ടു.

കഴുത കരച്ചിൽ നിറുത്തി പ്രാർത്ഥന തുടങ്ങി. അതുവഴി വന്നവർ എല്ലാം പുരോഹിതനോടൊപ്പം ചേർന്നു പ്രാർത്ഥിച്ചു. ഒരു കൊച്ചു കുട്ടി മാത്രം പറഞ്ഞു "പാവം കഴുത മുങ്ങിത്താഴുന്നു. നമുക്കതിനെ വലിച്ചു കയറ്റാം". പുരോഹിതൻ പറഞ്ഞു "പ്രാർത്ഥനയ്ക്ക് ഭംഗം വരുന്നു. വിവരമില്ലാത്ത ആ കുട്ടിയോടു മിണ്ടാതിരിക്കാൻ പറയു". അനന്തരം 'കഴുതയെ ചതുപ്പിൽ നിന്നും രക്ഷിക്കണേ' എന്നവർ ഒന്നായി പ്രാത്ഥിച്ചു. ആകാശത്തിലേക്കയ്ക്കു കൈകൾ ഉയർത്തി അവർ ഉന്മാദം പൂണ്ടു പ്രാർത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ കുറച്ചു നേരം കഴിഞ്ഞപ്പോൾ കഴുതയുടെ എല്ലാ വിഷമങ്ങളും മറഞ്ഞുപോയിരുന്നു.

കൊച്ചു കുട്ടി മാത്രം കരഞ്ഞു. "ഞാൻ പറഞ്ഞതാ വലിച്ചു കയറ്റാമെന്നു"


സ്വർഗ്ഗത്തിലെ ബിരിയാണി 

തന്റെ ഇടയന്റെ വിഴുപ്പുഭാണ്ഡം ചുമന്നു തളർന്ന കഴുത ഇങ്ങനെ പരാതിപ്പെട്ടു. "ഈ ഭാരം ചുമന്നു ഞാൻ തളർന്നു. ഈ ജീവിതത്തിൽ എനിക്ക് അല്പം സമാധാനം വേണം."

ഇടയൻ പറഞ്ഞു "ഒരിക്കൽ നീ മരിക്കും. മരിച്ചു കഴിഞ്ഞാൽ നീ എവിടെ ചെല്ലും?"
കഴുത പറഞ്ഞു "ഞാൻ ഇതുവരെയും മരിച്ചിട്ടില്ല. അതുകൊണ്ടു എനിക്കറിയില്ല"
ഇടയൻ പറഞ്ഞു "എല്ലാം അറിയാവുന്നവൻ ഞാൻ. കേട്ടുകൊള്ളുക. ഭൂമിയിൽ ചീത്ത ചെയ്യുന്നവർ നരകത്തിലെത്തും. അവിടെ മരിച്ചു ചെല്ലുന്ന കഴുതകളെ തീയിൽ ഇട്ടു ചുട്ടെടുക്കും. നല്ലതു ചെയ്യുന്നവർ സ്വർഗത്തിൽ എത്തും. അവിടെ മരിച്ചു ചെല്ലുന്ന ഓരോ കഴുതയ്ക്കും ഒൻപതു കന്യകകളായ സുന്ദരി ക്കഴുതകളോടൊപ്പം നാലുനേരവും ബിരിയാണി കഴിച്ചു സുഖമായി വാഴാം. ഇടയന്റെ അടിവസ്ത്രം തുടങ്ങി എല്ലാ വിഴുപ്പും സന്തോഷത്തോടെ ചുമക്കുന്നതാണ് ഒരു കഴുതയ്ക്കു ഭൂമിയിൽ ചെയാവുന്ന ഏറ്റവും നല്ല പുണ്യ കർമ്മം. ഇനി എന്റെ പ്രിയപ്പെട്ട കഴുതേ, നീ പറഞ്ഞാട്ടെ മരണാനന്തരം നീ എവിടെയാണ് എത്തിച്ചേരുന്നത്?"

കഴുത ഒട്ടു ആലോചിച്ചില്ല (അല്ലെങ്കിലും കഴുതകൾ ആലോചിക്കാറില്ല). ഇങ്ങനെ ഉത്തരിച്ചു. "എന്റെ പൊന്നു തമ്പുരാനെ, ഞാൻ സ്വർഗത്തിൽ എത്തും. ഇനി മുതൽ അങ്ങയുടെ വിഴുപ്പുകൾ കൂടുതലായി ഞാൻ ചുമക്കും."

അങ്ങിനെ ഇരട്ടി ഭാരവുമായി പുഴയിലേക്കു പോയ കഴുത കാലിടറി വീണു. കുറുക്കൻ അവനെ എഴുനേൽക്കാൻ സഹായിച്ചു. അനന്തരം ഇങ്ങനെ ചോദിച്ചു.
"എടാ പൊട്ടാ, നിന്റെ ഇടയൻ സ്വർഗത്തിൽ പോയിട്ടുണ്ടോ?"
കഴുത പറഞ്ഞു "ഇല്ല"
കുറുക്കൻ ചോദിച്ചു "പിന്നെ എങ്ങനെയാണ് എല്ലാ വൃത്തികേടുകളും ചെയ്യുന്ന നിന്റെ ഇടയൻ ഇത്രയും കൃത്യമായി സ്വർഗ്ഗത്തെപ്പറ്റി വർണ്ണിച്ചത്?"
കഴുത പറഞ്ഞു "എനിക്കറിയില്ല. പക്ഷെ അദ്ദേഹത്തിന് എല്ലാം അറിയാം."
കുറുക്കൻ പറഞ്ഞു "കുന്തം അറിയാം. അയാൾക്ക് അറിയാവുന്നത് ഒന്നേ ഒള്ളു. നിന്നെ നുണ പറഞ്ഞു പറ്റിക്കാൻ മാത്രം."
തന്റെ ഇടയനെ അപമാനിച്ചത് കഴുതയ്ക്കു സഹിച്ചില്ല. അവൻ തിരിഞ്ഞു നിന്നു പിൻ കാലുകൾ ഉയർത്തി കുറുക്കനിട്ടൊരു തൊഴി കൊടുത്തു. നാലു കാരണം മറിഞ്ഞു കുറുക്കൻ മലർന്നു വീണു.

കഥ പറഞ്ഞു നിറുത്തി വിഷ്ണുശർമ്മൻ കുട്ടികളോടു ചോദിച്ചു "നിങ്ങൾക്ക് എവിടെയാ പോകേണ്ടത്, സ്വർഗ്ഗത്തിലോ നരകത്തിലോ ?"
കുട്ടികൾ പറഞ്ഞു "തിരുമേനി, അങ്ങയുടെ വൃത്തികെട്ട അടിവസ്ത്രം അങ്ങു തന്നെ ചുമന്നോളു. ഞങ്ങൾക്കു നരകത്തിൽ പോയാൽ മതി."

വിഷ്ണുശർമ്മൻ അടുത്തിരുന്ന കിണ്ണത്തിൽ നിന്നും ചന്ദനം തോണ്ടി എടുത്തു. അനന്തരം തന്റെ നെറ്റിയിൽ ഒരു വലിയ ഗോപി വരച്ചു.


മഴ പെയ്യുന്നത്...

ഒരിക്കൽ കഴുതയും കുരങ്ങും തമ്മിൽ ഒരു തർക്കമുണ്ടായി. മഴ പെയ്യുന്നതു മേഘത്തിൽ നിന്നാണെന്നു കുരങ്ങും അല്ല കാറ്റിൽ നിന്നാണെന്നു കഴുതയും പറഞ്ഞു. തർക്കം ദിവസങ്ങളോളം നീണ്ടു നിന്നു. ഒടുവിൽ തർക്കം രാജാവായ സിംഹത്തിന്റെ അടുത്തെത്തി.

രണ്ടു പേരുടെയും വാദങ്ങൾ ശ്രദ്ധിച്ച ശേഷം സിംഹം ഇപ്രകാരം പറഞ്ഞു. "മഴ പെയ്യുന്നു എന്നതു സത്യമാണ്.  കഴുതയുമായി തർക്കത്തിൽ ഏർപ്പെട്ട കുരങ്ങിന് രണ്ടു ദിവസത്തെ കാരാഗൃഹവാസം ശിക്ഷയായി വിധിച്ചു കൊള്ളുന്നു."

അനന്തരം വിഷ്ണു ശർമ്മൻ കുട്ടികളോടു ചോദിച്ചു. "എന്താണ് നിങ്ങൾ പഠിച്ച ഗുണപാഠം ?"

കുട്ടികൾ പറഞ്ഞു. "കഴുതകളോടു തർക്കിക്കാൻ പോകരുത്!"


മൺസൂൺ കോഴികൾ 
 
എരിപൊരി വെയിൽ, അസഹ്യമായ ചൂട്. പുഴകളും,  തടാകങ്ങളും വറ്റി വരണ്ടു. മൃഗങ്ങൾ എല്ലാം വലഞ്ഞു. കഴുതകൾ പരിഹാരത്തിനായി പുരോഹിതനായ കുറുക്കനെ സമീപിച്ചു. 
 
കുറുക്കൻ പറഞ്ഞു. "നിങ്ങൾ വലിയ പാപം ചെയ്തതിന്റെ ഫലമാണ് ഈ കാലം തെറ്റിയ വരൾച്ച"
 
കഴുതകൾ ചോദിച്ചു "ഇതിനു പരിഹാരമില്ലേ ?"
 
കുറുക്കൻ പറഞ്ഞു. "നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും നാം പരിഹാരം കണ്ടിട്ടില്ലേ? ഇതും നാം പരിഹരിക്കും. കുറെ ഏറെ ചിലവുള്ള കാര്യമാണ്.  ഏഴു രാത്രി നീണ്ടു നിൽക്കുന്ന പൂജ ചെയ്യണം. നാം അതു ചെയ്യാം. അതിനായി ദിവസവും ആരോഗ്യമുള്ള പത്തു കോഴികളെ വീതം ബലി നൽകണം."
 
കഴുത നേതാവു പറഞ്ഞു "ഞങ്ങൾ കഷ്ടപ്പെട്ടാണെങ്കിലും കോഴിയെ എത്തിക്കാം. അങ്ങു പൂജ തുടങ്ങിക്കൊള്ളൂ."
 
അങ്ങിനെ പൂജ ആരംഭിച്ചു. കുറുക്കൻ ഒരാഴ്ച സുഖമായി കോഴികളെ കഴിച്ചു വിശപ്പടക്കി. കോഴിയെ വാങ്ങി കഴുതകൾ പാപ്പരായി. അവരുടെ സമ്പാദ്യം എല്ലാം തീർന്നു. എങ്കിലും ചൂട് കുറയുമല്ലോ എന്നായിരുന്നു അവരുടെ ആശ്വാസം. 
 
പൂജ കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും ചൂട് കുറയുകയോ മഴ പെയ്യുകയോ ഉണ്ടായില്ല. ഒടുവിൽ അവർ കുറുക്കന്റെ സവിധത്തിൽ പരാതിയുമായി ചെന്നു.
 
അപ്പോൾ കുറുക്കൻ പറഞ്ഞു. 
"എല്ലാം ശുഭമായി കലാശിക്കും. നാം ചെയ്ത പൂജയിൽ ദൈവം തൃപ്തനായി. ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യും. ജനുവരിയിൽ ചൂടു കുറയുകയും തണുപ്പുണ്ടാവുകയും ചെയ്യും. 
 
കഴുതകൾ സന്തോഷത്തോടെ പിരിഞ്ഞു, പതിവുപോലെ.
 
കഥ കേട്ടിരുന്ന കുട്ടികളോട് വിഷ്ണു ശർമ്മൻ ചോദിച്ചു. "എന്താണ് ഗുണപാഠം?"

കുട്ടികൾ പറഞ്ഞു "മിടുക്കന്മാർ മൺസൂൺ വിറ്റു കോഴിയെ  തിന്നും"

ഫെബ്രുവരി 30

"ലോകത്തെ ഭയപ്പാടിലാക്കിയ കോവിഡ് പൂർണമായും ഇതാ തുടച്ചു നീക്കപ്പെടാൻ പോകുന്നു. ഇരുട്ടിനുമേൽ ഇതാ ശാശ്വതമായ പ്രകാശം പുലരാൻ  പോകുന്നു. ലോകത്തെ ബാധിച്ച രോഗത്തിനു ഇതാ നിതാന്തമായ ശാന്തി

വിശ്വാസികൾക്ക് അദ്ദേഹം ഉറപ്പുകൊടുത്തു. അദ്ദേഹം ഇപ്രകാരം തുടർന്നു. "വിശ്വസികളെ നിങ്ങൾ രക്ഷപ്പെടും. എന്റെ വാക്കിൽ നിങ്ങൾ വിശ്വസിക്കുവിൻ.  പ്രാർഥനയുടെ ശക്തി അപാരമാണ്. ലോകത്തെ വിറപ്പിക്കുന്ന കോവിഡ് മഹാമാരിയെ ഞാൻ പ്രാർത്ഥനയുടെ ശക്തിയാൽ തുടച്ചു നീക്കും. തുടച്ചു നീക്കും. ഞാൻ നടത്താനിരിക്കുന്ന ധ്യാനത്തിൽ കൊറോണ വൈറസ് ഉരുകി, ഉരുകി, ഉരുകി ഇല്ലാതെയാകും. ലോകത്തു നിത്യമായ സമാധാനം പുലരും."

പാസ്റ്റർ കുറുക്കൻ കൈകൾ ഉയർത്തി ആകാശത്തേക്കു നോക്കി പ്രാർഥിച്ചു. വിശ്വാസികളായ ഗർദ്ദഭങ്ങൾ കുറുക്കന്റെ പ്രാർഥനയുടെ താളത്തിൽ ഭ്രാന്തമായ ആവേശത്തോടെ തുള്ളിച്ചാടി. ഭക്തിയുടെ പാരമ്യതയിൽ അവരുടെ സമ്പാദ്യമായ കോഴികളെ പാസ്റ്റർ കുറുക്കന്റെ സമക്ഷം സമർപ്പിച്ചു. പാസ്റ്റർ കുറുക്കൻ തന്റെ മുന്നിൽ വന്നു ചേർന്ന കോഴികളെ തന്നിലേക്ക് അടുപ്പിച്ചു നിർത്തിയ ശേഷം ഇപ്രകാരം മൊഴിഞ്ഞു, "നിങ്ങളിൽ അവൻ സംപ്രീതനായിരിക്കുന്നു. നിങ്ങൾക്കു സമാധാനം."

പിരിഞ്ഞു പോകുന്ന നേരം ഒരു വിശ്വാസി ഗർദ്ദഭം പാസ്റ്റർ കുറുക്കനോടു ചോദിച്ചു.
"പാസ്റ്ററെ, അങ്ങയുടെ ധ്യാനം എന്നാണു സംഭവിക്കുന്നത്?"
അതിനു മറുപടിയായി പാസ്റ്റർ കുറുക്കൻ ഇപ്രകാരം അരുളിച്ചെയ്തു,
"ഫെബ്രുവരി മുപ്പതാം തീയതി."

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ