ഭാഗം - 5
ആരും ജയിക്കാത്ത യുദ്ധങ്ങൾ!
പിന്നീട് നടന്ന സമാധാന ഉടമ്പടി പ്രകാരം ഏർവാടി അടങ്ങുന്ന ഭൗദ്ര മണിക്ക പട്ടണം ബാദുഷാ വംശജർക്കും , രാമനാഥപുരം ഭാഗങ്ങൾ പാണ്ഡ്യൻ മാർക്കുമായി വിഭജിക്കപ്പെട്ടു. നാടൻ യുദ്ധ തന്ത്രങ്ങളും അറബിക്ക് യുദ്ധ രീതികളും അശ്വവൈഭവവും കൈമുതലായ അതിനിടയിൽ തന്നെ ‘തുൽക്കപട‘ എന്ന പേരിൽ പ്രശസ്തമായി തീർന്ന സുൽത്താന്റെ റാവുത്തർ കുതിരപ്പടയും ഒരു അമൂല്യ സമ്പത്തു പോലെ രണ്ട് സംസ്ക്കാരങ്ങൾക്കുമായ് വിഭജിക്കപ്പെട്ടു.
സുൽത്താന്റെ മരണം കൊണ്ട് അദ്ദേഹത്തിന്റെ ജനങ്ങൾക്കിടയിലെ സ്വാധീനം തുടച്ചുകളയാം എന്ന തിരു പാണ്ഡ്യന്റെ ആഗ്രഹം വ്യാമോഹം മാത്രമായിരുന്നു. . മരണം കൊണ്ടും കീഴടക്കാനാവാത്ത ചിലരുണ്ട്. സുൽത്താൻ അത്തരം ഒരു വ്യക്തി ആയിരുന്നു. ജനങ്ങൾക്കിടയിൽ ജാതിമതഭേദമന്യേ ഒരു ദിവ്യപരിവേഷം കൈവന്നിരുന്ന അദ്ദേഹത്തിൻറെ ജാറം ഏർവാടിയിൽ പൊങ്ങാൻ അധികം താമസം വന്നില്ല . അദ്ദേഹത്തിന്റേയും അബു താഹിറിന്റേയും മറ്റു രക്തസാക്ഷി
( ഷഹീദ് )കളുടേയും ജാറങ്ങളിൽ ജനങ്ങൾ നിത്യ സന്ദർശകരായി. ബാദുഷാ നായകം ഇവരുടെ സ്മരണയ്ക്കായി പിന്നീട് ‘ഷഹീദ് നായകം’ എന്ന് അറിയപ്പെട്ടു.ഏർവാടി പല നൂറ്റാണ്ട് കൾക്ക് ശേഷവും ഹിന്ദു മുസ്ലിം ഐക്യത്തിന്റെ തെക്കേ ഇന്ത്യയിലെ സാക്ഷ്യപ്പെടുത്തലായും സൂഫി പാരമ്പര്യത്തിനോടടുക്കുന്ന സംസ്കാരമായും തുടരുന്നു. മാനസിക രോഗങ്ങൾക്ക് ആശ്വാസം നൽകുന്ന കേന്ദ്രമായി ഏർവാടി പ്രശസ്തി നേടി. അവിടെ താമസിച്ച് അവിടത്തെ ജലം സേവിച്ചാൽ മാനസിക വിഭ്രമങ്ങളിൽ നിന്ന് മുക്തി നേടാം എന്നായിരുന്നു വിശ്വാസം. അതിനു പിന്നിൽ ഒരു കഥയുണ്ട്.
രാമനാഥപുരം ഭരിച്ചിരുന്ന ഒരു പിൽക്കാല രാജാവ് ആയിരുന്നു വിജയ രഘുനാഥ സേതുപതി . സേതുപതിയെ അക്കാലത്ത് വലിയ ഒരു ദുഃഖം അലട്ടിയിരുന്നു. അനന്തരാവകാശികൾ ഇല്ലാത്ത ദു:ഖം.
അനപത്യ ദു:ഖത്തേക്കാൾ വലിയ ദു:ഖമണ്ടോ?
തുടരും...