ഭാഗം - 4
നാദിർഷായുടെ അന്ത്യം തിരുച്ചിറ പള്ളിയിൽ തന്നെയായിരുന്നു . ജനിച്ച തുർക്കിയിൽ നിന്നും കാതങ്ങൾ അകലെ ഒരു അപരിചിതമായ സ്ഥലത്ത് അന്ത്യമായി ഉറങ്ങാൻ ആയിരുന്നു അദ്ദേഹത്തിന്റെ വിധി. ജനമനസ്സുകൾ ജാതിമതഭേദമെന്യേ അൽഭുത സിദ്ധികൾ ഉള്ളവൻ എന്ന് വാഴ്ത്തിയ അദ്ദേഹത്തിന്റെ ജാറം അവിടെ പൊങ്ങുകയും അത് ഒരു തീർത്ഥാടന കേന്ദ്രം ആവുകയും ചെയ്തു . ‘നാദർ നഗർ ‘ എന്ന പേരിൽ ഉള്ള ഒരു ആശ്വാസ കേന്ദ്രം.
അദ്ദേഹത്തിന് ശേഷം മറ്റൊരു അറബ് രാജാവിന്റെ ഊഴമായിരുന്നു . സൗദി അറേബ്യയിലെ ഇസ്ലാമിക പുണ്യനഗരങ്ങളിൽ ഒന്നായ മദീനയിലെ രാജാവ് ബാദുഷാ സുൽത്താൻ ഹസ്രത്ത് സയ്യിദ് ഇബ്രാഹിം ‘ഷഹീദിന്റെ‘ !
പ്രവാചക പരമ്പരയിൽ പെട്ട ഇദ്ദേഹം ഒരു പ്രവാചകസ്വപ്നദർശനത്തെ തുടർന്ന് ദക്ഷിണേന്ത്യ ലക്ഷമാക്കി യാത്ര തുടങ്ങി. ഇസ്ലാം പ്രചരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പ്രവാചകന്റെ കാലത്തും അദ്ദേഹത്തിന്റെ കാലശേഷവും ഇത്തരം രാജാക്കൻമാരുടെ കടൽ യാത്രകൾ സാധാരണമായിരുന്നു. പലതും സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താത്ത യാത്രകൾ ആയിരുന്നു. സ്വന്തം കുടുംബത്തെ വളരെ സ്നേഹിച്ചിരുന്ന സുൽത്താൻ മുഴുവൻ കുടുംബത്തോടും തന്റെ അറബ്- തുർക്കി _ റോമൻ മന്ത്രിമാർ അടക്കം ആയിരുന്നു യാത്ര ചെയ്തത്. ദുരിത പൂർണ്ണമായ യാത്ര ആയിരുന്നു അത്. മതിയായ കുടിവെള്ളം പോലും ഇല്ലാതെ ആ വലിയ കുടുംബം കടലിൽ കിടന്നു നരകിക്കുകയും പിന്നീട് ഇന്ത്യൻ വനാന്തരങ്ങളിലൂടെ കേരളത്തിലെ കണ്ണൂർ വരെ എത്തുകയും ചെയ്തു. അവിടെ നിന്നും യാത്ര തുടർന്ന അവർ തമിഴ് നാട്ടിലെ ഭൗദ്രമാണിക്ക പട്ടണത്തിൽ ( ഇപ്പോഴത്തെ ഏർവാടി ) എത്തി ചേർന്നു. അവിടുത്തെ വാസത്തിനിടയിൽ സുൽത്താൻ പതുക്കെ ഒരു തദ്ദേശീയ സേന രൂപീകരിച്ചു. മരവർ മുസ്ലിങ്ങളും തേവർ വംശത്തിൽ നിന്ന് ഇസ്ലാമിലേക്ക് വന്ന പോരാളികളും ആയിരുന്നു അദ്ദേഹത്തിൻറെ സംഘത്തിൽ. അതുവരെ കാളകളെയും ആനകളെയും മാത്രം യുദ്ധത്തിന് ഉപയോഗിച്ചിരുന്ന വരെ സുൽത്താൻ അറബി ക്കുതിരകളിലെ അഭ്യാസം പരിശീലിപ്പിച്ചു .മികവുറ്റ പടയാളികളായ അവരെ കുതിര ഓടിക്കുന്നവൻ എന്നർത്ഥം വരുന്ന ‘ഇരുവുട്ടാൻ ‘ എന്ന് വിളിച്ചു പോന്നു അത് ലോപിച്ച് ‘റാവുത്തർ' ആയി എന്ന് ചരിത്രം . മിടുക്കരായ റാവുത്തർ സേനയുടെ ഉടമയായി സുൽത്താൻ അവിടുത്തെ കിരീടം വയ്ക്കാത്ത രാജാവായി വിലസി . അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന തുർക്കി പടയാളികൾ ദേശവാസികളുമായി വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുകയും അതിവേഗം തന്നെ ദക്ഷിണേന്ത്യയിൽ അതു വരെ അന്യമായിരുന്ന ഒരു മിശ്ര സംസ്ക്കാരം രൂപപ്പെടുകയും ചെയ്തു. കാതങ്ങൾ അകലെ കിടന്നിരുന്ന രണ്ട് വ്യത്യസ്ത ഹിന്ദു മുസ്ലിം സംസ്കാരങ്ങളുടെ ദ്രുതഗതിയിലുള്ള കൂടി ചേരൽ.
അപകടം മണത്ത ശക്തനായ മധുരൈ രാജാവ് തിരുപാണ്ഡ്യൻ ഈ വിദേശികളെ മുളയിലേ ഒതുക്കാൻ തീരുമാനിച്ചു. പക്ഷേ റാവുത്തർ തുലുക്ക പടയുടെ അറബിക്കുതിരകളിൽ ചീറി പാഞ്ഞ പടയാളികൾ പാണ്ഡ്യ രാജാവിനെ തകർത്തു കളഞ്ഞു. സുൽത്താൻ മധുരയുടെ രാജാവായി . വളരേ കുറച്ചു കാലം മാത്രം നീണ്ട മധുരയിലെ ‘ബാദുഷ നായകം ' എന്നറിയപ്പെട്ട സുൽത്താൻ ഭരണം.
ഭൗദ്രമാണിക്ക പട്ടണത്തിൽ ഇതിനകം വിക്രമ പാണ്ഡ്യൻ അധികാരത്തിലെത്തിയിരുന്നു. അസാമാന്യ യുദ്ധ വൈഭവമുള്ള പോരാളി ആയിരുന്നു വിക്രമ പാണ്ഡ്യൻ. അദ്ദേഹത്തിന്റെ സേനയും ബാദുഷാ നായകത്തിന്റെ സേനയുമായി പത്ത് യുദ്ധങ്ങളാണ് നടന്നത്. ഓരോന്നും മൂന്നും നാലും ദിനങ്ങൾ നീണ്ട യുദ്ധങ്ങൾ .സുൽത്താന്റെ വെറും പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള മകൻ അബു താഹിറsക്കം മുഴുവൻ പരിവാരങ്ങളും യുദ്ധത്തിൽ കൊല്ലപ്പെട്ടു. റോമൻകാരനായിരുന്ന മന്ത്രി അമീർ അബ്ബാസ്, തുർക്കിക്കാരനായിരുന്ന അനുചരൻ ചന്ദാന പീർ, മെക്കയിൽ നിന്നും വന്ന വിശ്വസ്തൻ ഷംസുദ്ദീൻ എന്നിവരും മറ്റ് അനവധി പേരും കൊല്ലപ്പെട്ടു. പക്ഷേ തളരാത്ത പോരാളി ആയിരുന്നു സുൽത്താൻ . റാവുത്തർ തുൽക്കപ്പടയ്ക്ക് നാടൻ യുദ്ധ തന്ത്രങ്ങളും അറിയാം എന്നുള്ളത് അദ്ദേഹത്തിന് ഗുണമായി ഭവിച്ചു. അവസാനം അവർ വിക്രമ പാണ്ഡ്യനെ കീഴടക്കുകയും വധിക്കുകയും ചെയ്തു.
രക്തത്തിന്റെ കണക്ക് രക്തം കൊണ്ട് തീർക്കുക, അതായിരുന്നു അക്കാലത്തെ രാജനീതി !! അബു താഹിറിന്റെ മരണത്തിന് പകരമായി പാണ്ഡ്യരാജാവിന്റെ മക്കൾ ഇന്ദ്രപാണ്ഡ്യനും ചന്ദ്രപാണ്ഡ്യനും വധിക്കപ്പെട്ടു. സുൽത്താൻ ഭൗദ്രമാണിക്ക പട്ടണം കൂടി ഏറ്റെടുത്ത് ബാദുഷാനായകം വികസിപ്പിച്ചു.
പിന്നീട് നടന്ന പന്ത്രണ്ട് വർഷത്തെ ബാദുഷാ ഭരണ കാലം സമാധാനത്തിന്റെ നാളുകളായിരുന്നു. നല്ല രീതിയിലുള്ള സംസ്കാര മാറ്റങ്ങളും പരിവർത്തനങ്ങൾക്കും ഈ കാലം സാക്ഷിയായി.
പക്ഷേ വർഷങ്ങൾക്ക് ശേഷവും അടങ്ങാത്ത പ്രതികാര ദാഹവുമായി തിരുപ്പാണ്ഡ്യൻ ദീർഘകാലം കൊണ്ട് സ്വരുക്കൂട്ടിയ സൈന്യവും ആയുധ സമ്പത്തുമായി ബാദുഷാ നായകത്തെ ആക്രമിച്ചു. വൻ നാശനഷ്ടങ്ങൾ കണ്ട യുദ്ധത്തിൽ സുൽത്താൻ വധിക്കപ്പെട്ടു. കൂടെ തിരുപ്പാണ്ഡ്യനും ..
തുടരും...