• MR Points: 0
  • Status: Ready to Claim

വണ്ണാത്തിപ്പോതി, കരുവാൾ ഭഗവതി എന്നീ തെയ്യങ്ങളുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട നാടകം 

രംഗം -1

(ഒരു തീരണ്ട് കല്യാണച്ചടങ്ങ്, ഒറ്റമുറി കൂര അവിടെ നിന്നും കച്ചയുടുത്ത് പുറത്തേക്ക് വരുന്ന പെൺകുട്ടി. മഞ്ഞള് കൊണ്ടും, അരിമാവ് കൊണ്ടും പുള്ളി കുത്തി പെണ്ണിനെ അലങ്കരിക്കുന്ന മറ്റു പെണ്ണുങ്ങൾ,കുളിച്ച് ശേഷം മാറ്റ് മുണ്ട് കൈമാറുന്ന പെരുവണ്ണാത്തി, കുരവയും, വർണാഭമായ അലങ്കാരവും കൊണ്ട് പ്രൗഢമായ ആഘോഷം, എല്ലാവരും ഭക്ഷണം കഴിച്ച് പിരിയുന്നു.

ബി

( കാട് കുളിച്ച്, തുണി അലക്കി ഭാണ്ഡക്കെട്ടുമെടുത്ത് നടക്കുന്ന പെരുവണ്ണാത്തി ഒരു പാട്ട് അവളെ പിന്തുടരുന്നു. കാടും,മലകളും പുഴകളും,ഇടവഴികളും കടന്നുള്ള നടത്തം.) 

"തീണ്ടാരിപ്പെണ്ണിനുടുക്കാൻ
പുതുമാറ്റും കൊണ്ട് നടക്കും
പെരുവണ്ണാത്തിപ്പെണ്ണ് വരുന്നേ......

പെൺകുഞ്ഞ് വയസറിയിച്ചൊരു
സുവിശേഷം പാടി നടക്കാൻ
ആണുങ്ങൾ ഓടിനടന്നേ.... 

പലഹാരപ്പൊതിയും കൊണ്ട്
തീണ്ടാരിപ്പെൺകുളി കാണാൻ 
അയൽവക്കത്താളുകൾ കൂടി.....

ഐത്തച്ചെറുവേലികളെല്ലാം
നാലാം നാൾ കുളിച്ച് വെളുക്കെ
തീണ്ടാരിപ്പെണ്ണിനുടുക്കാൻ പുതുമാറ്റും
കൊണ്ട് നടക്കും വണ്ണാത്തി പോരു... പോരു..." 

( പെരുവണ്ണാത്തി നടന്ന് പോകുന്നതിനിടയിൽ കരുവാൾ ഭഗവതി തീണ്ടാരിപ്പെണ്ണിന്റെ രൂപത്തിൽ വരുന്നു.)

കരുവാൾ ഭഗവതി : ( തന്റെ ചോര പറ്റിയ തുണി ഉയർത്തി കാണിച്ച്.) ഏയ് ഒന്ന് നിക്കണെ.....

പെരുവണ്ണാത്തി : ( തിരിഞ്ഞ് നോക്കുന്നു, അതിശയത്തോടെ ഉച്ഛത്തിൽ) ഏയ് പെണ്ണെ... ഇതെന്തൊരു തോന്ന്യാസമാണ് കാണിക്കുന്നെ.? 

നീ ഏത് കുലത്തിലേതാണ്,? ഏത് കുടുംബത്തിലേതാണ്, ഋതുമതി ആയാല് നടക്കുന്ന ആചാരങ്ങളൊന്നും നിനക്കറീലെ, വീട്ട്ന്ന് പൊറത്തെറങ്ങിക്കൂട ( തെല്ല് ചിന്തിച്ച്) അല്ല മൂന്ന് ദെവസം വെളിച്ചം പോലും കണ്ടൂട... 

കരുവാൾ ഭഗവതി : ഞാൻ കാട്ട് പെണ്ണാണ്,....

പെരുവണ്ണാത്തി : നീയെന്തിനാണ് പുറത്തെറങ്ങിയത്..... നീ എത്ര പേരെ തൊട്ടു അവരെല്ലം മാറ്റെടുത്ത് കുളിക്കണ്ടി വരീലെ.? 

കരുവാൾ ഭഗവതി : ഹ...ഹ...ഹ ( കളിയാക്കി ചിരിക്കുന്നു.) കിഴക്കേലെ കണ്ടത്തില് മൂരാൻ പോയി, ആട പത്ത് മുപ്പത് പേര്ണ്ടായ്ന്, ചില്ലാനം കാവില് വേലക്ക് പോയി, ആട ഇഷ്ടം പോലെ ആള്ണ്ടായ്ന്. എല്ലാരെം തൊട്ടു. കെണറ്റീന്ന് വെള്ളം കോരി, അമ്മീലരച്ചിറ്റ് ചമ്മന്തി ഇണ്ടാക്കി, തേനെടുക്കാൻ കാട്ടിലേക്ക് പോയിന്, ഒന്നിച്ച് പണിയെട്ക്കുമ്പൊ തൊടുന്നതും മുട്ടുന്നതും അത്ര ബില്ല്യ സംഭവോന്ന്വല്ല.

പെരുവണ്ണാത്തി : അയ്യോ.... ഈ വിവരം ഞാനെങ്ങനെ അവരെ അറിയിക്കും.... ആട ആരെല്ലം ഇണ്ടായ്ന്.?

കരുവാൾ ഭഗവതി : അങ്ങ്ട്ടെ നീലീം, ഇങ്ങ്ട്ടെ ചീരൂം ഇണ്ടായ്ന് മനക്കലെ തമ്പ്രാന്റെ പണിക്കാരെല്ലം ഇണ്ടായ്ന്. ഞാൻ പത്ത് നൂറാൾക്കാര തൊട്ടു. നാലഞ്ച് സ്ഥലത്തേക്ക് പോയി.

പെരുവണ്ണാത്തി : ( മൂക്കത്ത് വിരല് വച്ച് ) അയ്യയ്യൊ..... എന്റെ പെണ്ണെ, നിനക്ക് തീണ്ടാരി നിയമോന്നും അറീലെ....! നീ മുട്ടീം തട്ടീം നടന്നോർക്കെല്ലം മാറ്റും കൊണ്ട് ഞാൻ ബയ്യെ പോണം. അവരെല്ലം മാറ്റെട്ത്ത് കുളിക്കണം.

കരുവാൾ ഭഗവതി: ( വിഷമത്തോടെ ) അയിനെനക്ക് ബന്ധുക്കളൊന്നും ഇല്ലല്ലൊ..... നല്ല വീടൂല്ല, ചെറിയൊരു ചായ്പ്പ് മാത്രേ ഇല്ലൂ.....

പെരുവണ്ണാത്തി: എന്നാല് ഞാൻ പറഞ്ഞു തരാലൊ... മൂന്ന് ദിവസം അടുക്കളേല് കേറിക്കൂട, പണിയൊന്നും ചെയ്തൂട, ചെല സ്ഥലങ്ങളില് വീടിന് പൊറത്ത് ആല കെട്ടി ആടയാണ് തീണ്ടാരിപ്പെണ്ണുങ്ങള് നിക്കല്.....

കരുവാൾ ഭഗവതി : അങ്ങനെ നിന്നാല് എന്റെ പണിയെല്ലം ആരെട്ക്കല് എനക്കതൊന്നും പറ്റീല, ഋതുമതിയാവുന്നത് അത്ര ബില്ല്യ സംഭവോന്ന്വല്ല. ഇത് പെണ്ണായാല്ണ്ടാവുന്ന ഒരു സംഗതിയല്ലെ, അയിനെന്തിന് തൊടാതേം, പിടിക്കാതേം ന്ക്ക്ന്ന്.

പെരുവണ്ണാത്തി : തോന്ന്യാസം പറയ്ന്നത്, മരം കേറി പെണ്ണെ.....

കരുവാൾ ഭഗവതി : ഞാൻ അടുക്കളേലും പോവും, പാത്രോം വടിക്കും, എല്ലാട്ത്തും പോവും എല്ലാം ചെയ്യും, അയിലെന്ത്യേപ്പൊ.!?

പെരുവണ്ണാത്തി : നീ എന്തേലും ചെയ്തൊ, ചോയ്ക്കാനും പറയാനും ആളില്ലാണ്ടായാല് ഇങ്ങനേന്നെ സംഭവിക്കല്. (പെരുവണ്ണാത്തി വേഗത്തിൽ നടക്കുന്നു.)

കരുവാൾ ഭഗവതി : ഏയ് ഇത്ര ധൃതിയിൽ നീ എവിടെയാണ്.?

പെരുവണ്ണാത്തി : നീ എന്തന്ന് പറയ്ന്നത്, നീ തോട്ടോർക്കെല്ലം ദോഷം വരുത്തും, ഞാനവർക്കെല്ലം മാറ്റ് കൊടുക്കട്ടെ. വിവരം അറിയിക്കട്ടെ.

കരുവാൾ ഭഗവതി : ( താക്കീതോടെ ) നീ ഈ പൊട്ടത്തരം പറഞ്ഞ് നടക്കാനാണൊ. എങ്കിൽ നീ പോകുന്നത് എനിക്ക് കാണണം.

 

( പെരുവണ്ണാത്തീം കരുവാൾ ഭഗവതിയും ഒരു കളി കളിക്കുന്നു. കരുവാൾ ഭഗവതി പെരുവണ്ണാത്തിയെ തൊടാൻ ശ്രമിക്കുന്നു. പെരുവണ്ണാത്തി ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു. പാട്ട് പടരുന്നു.)

തീണ്ടാരിപ്പെണ്ണേ.......
നീ ഏടേല്ലം പോയി....
എന്തെല്ലാം ചെയ്തൂ....
അടുക്കളേൽ കയറല്ലെ പെണ്ണെ....
സൂരിയനെ കാണനല്ലെ പെണ്ണേ....
ആൾക്കാരെ തീണ്ടല്ലെ പെണ്ണേ.....
പുറത്തിറങ്ങാൻ പാടില്ല പെണ്ണേ....
മൂന്നാം നാൾ കുളിയല്ലെ പെണ്ണേ.....
ഞാനുണ്ടെ പച്ചപിടിച്ച്...... 

ഞാൻ പോയൊരു ദിക്കും തേടി
ഞാൻ ചെയ്തൊരു കാര്യോം നോക്കി
യെന്തിന് വെറലി പിടിപ്പൂ....
ഐത്തച്ചെറു വേലികളെന്തിന്.?
നാമെല്ലാം മാനവരെല്ലെ.?
ഈ വാനം എന്റേതല്ലെ
ഈ പൂക്കൾ എന്റേതല്ലെ.
ഋതുമതിവരമുന്നതമല്ലെ....
പിന്നെന്തിന് നീ പോകുന്നു....

( ക്രമേണ അവർ തമ്മിൽ അടിയാകുന്നു. കരുവാൾ ഭഗവതി പെരുവണ്ണാത്തിയെ പാറക്കല്ല് തലക്കടിച്ച് കൊല്ലുന്നു. വാർത്ത നാട്ടിലും വീട്ടിലും പരക്കുന്നു. നാട്ടുകാർ വണ്ണാത്തിപ്പോതി തെയ്യമായി ആടിക്കാൻ തീരുമാനിക്കുന്നു.) 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ