1872ൽ ലെഫ്റ്റനൻ്റ് കോക്കർ പണികഴിപ്പിച്ച കോക്കേഴ്സ് വാക്ക്, ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ കാൽനടപാതയാണ്. കൊടൈക്കനാൽ തടാകത്തിൽ നിന്നും അര കിലോമീറ്റർ അകലെയാണ് ഈ മലയോര പാത സ്ഥിതി ചെയ്യുന്നത്.
കൊടൈ റോഡിന്റെ തെക്കു ഭാഗത്തുള്ള ചരിവുകളുടെ അരികിലൂടെ ഓടുന്ന കോക്കേഴ്സ് വാക്ക് വാൻ അലൻ ആശുപത്രിയ്ക്ക് സമീപം ആരംഭിച്ച് സെൻ്റ് പീറ്റേഴ്സ് പള്ളിക്ക് മുകളിലുള്ള പ്രധാന റോഡിൽ ചേരുന്നു.
വിനോദസഞ്ചാരികൾക്ക് ഏറെ ഉന്മേഷദായകവും സമതല വീക്ഷണവും പ്രദാനം ചെയ്യുന്ന അതി മനോഹരമായ സ്ഥലമാണ് കോക്കേഴ്സ് വാക്ക്.
തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പാമ്പാർ നദിയുടെ തെക്ക് ഭാഗത്തായി താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഡോൾഫിൻ്റെ മൂക്ക് വ്യക്തമായി കാണാനുള്ള അവസരവും, മധുര നഗരത്തിൻ്റെ കാഴ്ചക്കൊപ്പം പെരിയക്കുളത്തിൻ്റെ വിദൂര ദ്യശ്യങ്ങളും നമ്മുക്ക് ടെലിസ്കോപ്പിക് ഹൗസിലൂടെ ലഭ്യമാണ് അതിനായി ഓരോ കാഴ്ചക്കാരനിൽ നിന്നും ചെറിയൊരു തുക അവർ ഈടാക്കുന്നുണ്ട്.
കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും വളരെ അടുത്താണ് കോക്കേഴ്സ് വാക്ക് സ്ഥിതി ചെയ്യുന്നത്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴുമണി വരെയാണ് പ്രവേശന സമയം. ഒരാൾക്ക് പത്ത് രൂപയാണ് പ്രവേശന ഫീസ്. ഉച്ചകഴിഞ്ഞ് 2.30ന് കോക്കേഴ്സ് വാക്ക് സന്ദർശിക്കുകയാണ് നല്ലത്. വൈകുന്നേരത്തോടെ താഴ്‌വാരം മൂടൽ മഞ്ഞാൽ മൂടുകയും കാഴ്ചയെ തടസപ്പെടുത്തുകയും ചെയ്യും.
മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലമാണ് കോക്കേഴ്സ് വാക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
സൂര്യാസ്തമനം കാണുന്നതിനും പ്രകൃതി നടത്തത്തിനും കോക്കേഴ്സ് വാക്ക് വളരെ അനുയോജ്യമാണ്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നിരവധി കടകൾ അവിടെ കാണാൻ സാധിക്കും. അതിൽ മസാലയോടു കൂടിയ മാമ്പഴം വില്ക്കുന്ന കച്ചവടക്കാരും വസ്ത്രങ്ങൾ, ടീ ഷർട്ടുകൾ സ്കാർഫുകൾ വില്ക്കുന്ന കച്ചവടക്കാരും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുന്നു.
കൊടൈക്കനാൽ യാത്രയ്ക്കിടയിൽ ഒഴിവാക്കാനാകാത്ത പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കോക്കേഴ്സ് വാക്ക്.