(Aline)
യാത്രകൾ ഏറെ ഇഷ്ടമാണെങ്കിലും കൊറോണ മൂലം ഒരുപാട് നാളുകൾക്കു ശേഷമാണ് വീട്ടിൽ നിന്നും ഉല്ലാസയാത്രക്കായ് പുറത്തിറങ്ങുന്നത്. കുന്നംകുളം ചാവക്കാട് ഭാഗത്തേക്ക് പോകാനാണ് തീരുമാനം. തൃശ്ശൂരിൽ നിന്നും അധികം അകലെയല്ലാത്ത ഒരിടമാണ് ചാവക്കാട്.
രാവിലെ നേരത്തെ തന്നെ ഞങ്ങൾ യാത്ര ആരംഭിച്ചു. പോകുന്ന വഴിയിൽ ആനക്കോട്ടയും പുതിയതായി ആരംഭിച്ച മറൈൻഡ്രൈവും സന്ദർശിക്കാമെന്നും കരുതി. ഏകദേശം ഒരു മണിക്കൂർ കൊണ്ട് തന്നെ ഞങ്ങൾ ആനക്കോട്ടയിൽ എത്തി.
ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാനായി വന്നവരിൽ പലരും ആനക്കോട്ടയും കണ്ടേക്കാം എന്ന് കരുതി വന്നപ്പോൾ അവിടമാകെ കേരളീയ വസ്ത്രങ്ങൾ ധരിച്ച വ്യക്തികളാൽ സമൃദ്ധമായിരുന്നു. ആ കാഴ്ച കാണാൻ തന്നെ അതീവ സുന്ദരം എന്ന് തോന്നി.
തുമ്പിക്കൈയിൽ വെള്ളം എടുത്തു കൊണ്ട് സ്വയം കുളിക്കാൻ ശ്രമിക്കുന്ന ആനകൾ, നിന്ന് മതിയായി ഇനി അല്പമൊന്ന് ഇരുന്നു വിശ്രമിക്കാം എന്ന് കരുതി ഇരിക്കാൻ ശ്രമിക്കുന്ന ആനകൾ, ആനയെ കുളിപ്പിക്കുന്ന പാപ്പാൻമാർ, ആനകൾക്കായ് ഒരുക്കിയിരിക്കുന്ന കുളം, ആനകളുമൊത്തുള്ള ചിത്രം എടുക്കുന്ന ജനങ്ങൾ, കുട്ടികളുടെ പേടിയകറ്റാനായ് ആനയുടെ ചുവട്ടിലൂടെ ചെറിയ ഉണ്ണികളെ എടുത്തു കൊണ്ട് നടക്കുന്ന കാഴ്ച തുടങ്ങി കണ്ണിന് കുളിർമയേകുന്ന വിത്യസ്ത കാഴ്ചകളാൽ സമൃദ്ധമായിരുന്നു അവിടം.
അവിടെ നിന്നും യാത്ര തുടർന്നു അധികം വൈകാതെ ഞങ്ങൾ മറൈൻഡ്രൈവിൽ എത്തിച്ചേർന്നു.
അവിടെ എത്തിച്ചേരുന്നവർക്ക് മൽസ്യങ്ങളെ കാണുന്നതോടൊപ്പം അവർ നല്കിയ ആഹാരം നൽകാനും അത് ആർത്തിയോടെ കഴിക്കുന്നത് കാണാനും അവസരം ലഭിച്ചു.
ഒരു പ്രത്യേക ആകൃതിയിൽ ഒരുക്കിയ കൂട്ടിലുള്ള കിളികളുടെ അടുത്ത് ചെന്ന് അവയ്ക്ക് ഭക്ഷണം നല്കാനും അവയെ കളിപ്പിക്കാനും അവസരം നല്കിയിരുന്നു. കൂടാതെ ഭക്ഷണം നൽകുമ്പോൾ കിളികൾ നമ്മുടെ ദേഹത്ത് വന്നിരിക്കുന്നതും പ്രത്യേക അനുഭവം തന്നെയായിരുന്നു.
വ്യത്യസ്ത തരം മീനുകൾ ഉള്ള പ്രത്യേകം പണിതീർത്ത ചാലിലേക്ക് കാലുകൾ നീട്ടിയിരുന്ന് ഫിഷ് തെറാപ്പി ചെയ്യുന്നതും എൻെറ ആദ്യത്തെ അനുഭവമായിരുന്നു.
പുരാണത്തിലേത് പോലെയും മിഥ്യാധാരണയിലെ പോലെയും കൊത്തുപണികൾ ചെയ്ത വിശ്വാസങ്ങളിൽ കാഴ്ചയ്ക്ക് കുളിർമയേകുന്ന സ്റ്റാർ ഫിഷ്, തുടങ്ങി വിവിധ തരം മീനുകൾ ഇട്ട് കൊണ്ട് ഭംഗിയായി അലങ്കരിച്ച ഒരിടമായിരുന്നത്.
വൈകീട്ട് ഞങ്ങൾ ചാവക്കാട് ബീച്ചിലെത്തി ഓളങ്ങൾ തിരത്തല്ലി വരുന്ന തിരമാലകൾ കണ്ട് ആസ്വദിച്ച ശേഷം അസ്തമന സൂര്യന്റെ കിരണങ്ങൾ കണ്ട് ഞങ്ങൾ മടങ്ങി.
more information: https://marineworld.in/