കട്ടിലിൽ കിടന്നു ജനലിലൂടെ കാണുന്ന ദൂരം വരെ മാത്രമാണ് നാരായണന്റെ വസന്തം. രണ്ടുവർഷമായി ഈ കിടപ്പുതുടങ്ങിയിട്ട്. പരസ്സഹായം കൂടാതെ എഴന്നേൽക്കാനാവില്ല.
എപ്പോഴെങ്കിലും ഭാര്യ കനിഞ്ഞാൽ ജനലരികിൽ വരെ വീൽചെയറിൽ പോകാം. അതും വളരെ കുറച്ചു നിമിഷങ്ങളിലേക്ക് മാത്രം. മൾട്ടിപ്പിൾ മൈലോമ എന്ന കാൻസർ അയാളെ പ്രണയിയ്ക്കാൻ തുടങ്ങിയപ്പോൾ അയാൾക്കും തിരിച്ചു പ്രണയിക്കേണ്ടിവന്നു. പരസ്പരം പ്രണയിച്ച് ലഹരി മൂത്തപ്പോൾ എല്ലുകളെ പൊടിച്ചെടുക്കാൻ തുടങ്ങി അവൾ. അതോടെയാണ് നാരായണൻ കിടക്കയിലായത്.
നാരയണൻ മൈലോമ പെണ്ണിനെ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാവും ഒരിക്കലും ആരോടും ഒരു പരാതിയും പറഞ്ഞില്ല. പൊട്ടിയ എല്ലിന്റെ അഗ്രം മാംസത്തിൽ തുളച്ചു കയറുമ്പോഴുള്ള അസഹനീയമായ വേദനപോലും അയാളുടെ കണ്ണു നനച്ചില്ല. കാരണം മനസ്സിലെ കുഴിച്ചുമൂടിയ മോഹങ്ങളുടെ വേദന ഇതിലും എത്രയോ ഇരട്ടി ആയിരുന്നു.
ജീവിതത്തിൽ മൈലോമ പ്രണയം അറിയിയ്ക്കും വരെ അയാൾ ജീവിതത്തിൽ വിശ്രമിച്ചിരുന്നില്ല. കുടുംബത്തിനു വേണ്ടി രാവുകൾ പോലും പകലാക്കി പ്രവർത്തിച്ചു.
മൈലോമ സ്വന്തം ജീനുകളിലുണ്ടായിട്ടും അയാളെ പ്രണയിയ്ക്കാൻ 60 വയസ്സുവരെ നോക്കിയിരുന്നു. അക്കാലമത്രയും അയാൾ ആത്മാവിൽ ചേർത്തു പ്രണയിച്ച കൂട്ടുകാരിയെ തനിക്ക് സമ്പത്തില്ലെന്ന കുറവിന്റെ പേരിൽ അവളുടെ കഴുത്തിൽ മറ്റൊരുവൻ മിന്നു ചാർത്തുന്നതു കണ്ടു നിന്നവേദന, അന്നു ഹൃദയത്തിലേറ്റ മുറിവിന്റെ നീറ്റൽ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. ആ വേദനയുടെ കാഠിന്യം കുറയ്ക്കാൻ അയാൾ ജീവിതം തിരക്കിന്റെ കൈകളിൽ ഏല്പിച്ചു ചിന്തകളിൽ താഴിട്ടു പൂട്ടി. എത്രവലിയ മണിച്ചിത്രത്താഴിട്ടാലും ആ വേദന മറയ്ക്കാനാവില്ലെന്ന് അയാളറിഞ്ഞിരുന്നു.
പലപ്പോഴും സ്വപ്നങ്ങളിൽ അവളുടെ ചിരിയും കണ്ണീരും, എനിക്കു നീ മാത്രം മതി, നമുക്കെവിടെയെങ്കിലും ഓടിപ്പോയി ജീവിക്കാമെന്ന വാക്കുകളും മുഴങ്ങിക്കൊണ്ടേയിരുന്നു. വീടിനു മുന്നിലൂടെ അവൾ അമ്മ വീട്ടിലേക്കു വരുന്നതും പോകുന്നതും കാണാതെ തന്നെ അറിഞ്ഞിരുന്നു. ആത്മാവിൽ കലർന്ന ആ സുഗന്ധം അയാളെ പൊതിയാറുണ്ടായിരുന്നു.
ഇപ്പോൾ തുടയെല്ലിനോട് മൈലോമയ്ക്ക് കൂടുതൽ പ്രണയം തോന്നിത്തുടങ്ങിയതിനാൽ ജനലരികിലേക്കുള്ള വീൽച്ചെയർ യാത്രയും ദുഷ്ക്കരം. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കിടക്കയിൽ കൂട്ടിന് ഇവളായെപിന്നെ ചിന്തിക്കാനൊരുപാട് സമയമായി. വേദനകളോട് സല്ലപിക്കുമ്പോഴാണ് വീണ്ടും ആത്മാവിന്റെ സുഗന്ധം നാരായണനോടൊപ്പം മുഴുവൻ സമയവും കൂട്ടിരിക്കാനെത്തിയത്. അവളോടൊത്തുള്ള നിമിഷങ്ങളുടെ ഓർമ്മകൾ വേദനകളിൽ തേൻപുരട്ടി. അവൾ മൈലോമയെ തോല്പിച്ച് നാരായണനോടൊട്ടിയിരുന്ന് കഥകൾ പറഞ്ഞ് അയാളെ തഴുകി ഉറക്കി. അങ്ങനെ ഒരുറക്കത്തിൽ നിന്നുണർത്തിയ ഭാര്യയുടെ മുഖത്തുനോക്കി ചോദിച്ചു അയാളുടെ കളിക്കൂട്ടുകാരി സുഗന്ധമല്ലെ വീടിനുമുന്നിലൂടെ പോകുന്നതെന്ന്.
അയളോടു ദേഷ്യം തോന്നിയെങ്കിലും ജനലിലൂടെ പുറത്തേക്കു നോക്കിയ അവർ ആ കാഴ്ചകണ്ട് കണ്ണുമിഴിച്ചു. അതേ, അവളതാ പോകുന്നു, പതിയെ നടന്ന് ഇടയ്ക്ക് ഗേറ്റിനുള്ളിലേക്കു നോക്കി. നാരായണന് ആത്മാവിലെ സുഗന്ധത്തെ കാണാൻ ആ കിടക്കയിൽ കിടന്നും പറ്റും. ഭാര്യ അയാളെത്തന്നെ നോക്കി സ്വയം പറഞ്ഞു "വഴിപിരിഞ്ഞിട്ടും ഇന്നും ഒന്നായൊഴുകുന്ന നദികളാണ് നിങ്ങൾ. ഞാനാണ് വഴിമാറിയൊഴുകിയ നദി. ഒരിക്കലും നിങ്ങളുടെ ആത്മാവിലേക്കൊഴുകാതെ നിങ്ങൾ അണകെട്ടിനിർത്തി ഒഴുക്കു നഷ്ടപ്പെട്ട നദി..."