രാത്രിനമസ്കാരം കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങാൻ തുടങ്ങുകയായിരുന്നു മുസ്‌ലിയാർ. ഈ സമയത്താണ് അയൽവക്കത്തെ 'അഹമ്മദിന്റെ' ഭാര്യ 'ആമിന' മുസ്ലിയാരുടെ വീട്ടിലേയ്ക്ക് ഓടിയെത്തിയത്.
"മുസ്‌ലിയാരെ, എന്റെ വീടുവരെയൊന്നു വരുമോ..? എന്റെ കെട്ടിയോന് മുസ്‌ലിയാരെ അത്യാവശ്യമായിട്ടൊന്നു കാണണമെന്ന്."
ആമിന ഒറ്റശ്വാസത്തിൽ പറഞ്ഞുനിറുത്തിയിട്ട് മുസ്‌ലിയാരെ നോക്കി .
"എന്താ ആമിനാ ഇത്ര അത്യാവശ്യമായിട്ട് നിന്റെ കെട്ടിയോൻ എന്നെക്കാണണമെന്നു പറഞ്ഞത്... അതും ഈ രാത്രിയിൽ..?"
"അറിയില്ല മുസ്‌ലിയാരെ... പെട്ടെന്ന് എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു... എനിക്ക് മുസ്‌ലിയാരെ കാണണം... നീ പോയി വിളിച്ചുകൊണ്ടുവരാൻ. എന്താകാര്യമെന്ന് പറഞ്ഞില്ല. ആ മനുഷ്യന്റെ ഉള്ളിൽ എന്താണെന്ന് ആർക്കറിയാം..?"
ആമിന ആത്മഗതമെന്നോണം മുസ്‌ലിയാരെ നോക്കി പറഞ്ഞു.
മുസ്‌ലിയാർ ക്ളോക്കിൽ നോക്കി സമയം പത്തുമണി. എന്തിനാണിപ്പോൾ തന്നെക്കാണണമെന്ന് അഹമ്മദ് പറഞ്ഞത്. ഇത്ര അത്യാവശ്യമായി എന്താണയാൾക്ക് തന്നോട് പറയാനുള്ളത്? എന്തായാലും പോകാൻ തന്നെ മുസ്‌ലിയാർ തീരുമാനിച്ചു.
"ആമിന പൊയ്ക്കോളൂ ഞാൻ വന്നോളം..."
പറഞ്ഞിട്ട് മുസ്‌ലിയാർ തിരിഞ്ഞുനടന്നു. വീട്ടിനുള്ളിൽ കടന്ന് ടോർച്ച് കൈയിലെടുത്തു പുറത്തേക്കിറങ്ങാൻ തുടങ്ങും നേരം...
"നിങ്ങളീ രാത്രി എവിടേയ്ക്കാ..?"
വിവരമറിഞ്ഞ മുസ്‌ലിയാരുടെ ഭാര്യ അയാളെനോക്കി വേവലാതിയോടെ ചോദിച്ചു.
"അഹമ്മദിന്റെ വീടുവരെ... അയാൾക്കെന്നെ അത്യാവശ്യമായിട്ടൊന്നു കാണണമെന്ന്."
മുസ്‌ലിയാർ ഭാര്യയെ നോക്കി മറുപടി നൽകി.
"എന്തിന്...?"
ഭാര്യയുടെ മുഖം വിവർണമായി.
"എന്തിനാണിപ്പോൾ അയാൾ നിങ്ങളെ കാണുന്നത്... അതും ഈ രാത്രിയിൽ നാളെ പോയാപ്പോരേ..?"
ഭാര്യ മുസ്‌ലിയാരെ നോക്കി.
"ഏയ്... അതുശരിയല്ല. രോഗിയായിട്ടിരിക്കുന്ന മനുഷ്യനല്ലേ... എന്താ അയാൾക്ക് പറയാനുള്ളതെന്നറിയില്ലല്ലോ? ഇങ്ങോട്ടുവരാൻ കഴിയാത്തതുകൊണ്ടല്ലേ അയാൾ എന്നെ അങ്ങോട്ടു വിളിച്ചത്. അപ്പോൾ അവിടെപ്പോയി കാര്യമെന്തെന്നു തിരക്കണ്ടത് നമ്മുടെ കടമയാണ്. ഒന്നുവല്ലേലും ഞാനീ പള്ളിയിലെ മുസ്ലിയാരല്ലേ..?"
പറഞ്ഞിട്ട് മുസ്‌ലിയാർ ടോർച്ചുമെടുത്തുകൊണ്ട് പുറത്തേക്കു നടന്നു. ഈ സമയം ആബിദയുടെ മുഖത്ത് തന്റെ ഭർത്താവിന്റെ പ്രവൃത്തിയോടുള്ള അനിഷ്ടം നിറഞ്ഞുനിന്നു.
"അള്ളാഹുവേ... നീ തന്നെ തുണ... കാത്തോളണേ..."
അവൾ ആ നിമിഷം എന്തുകൊണ്ടോ... നെഞ്ചിൽ കൈവെച്ചുകൊണ്ട് ആത്മഗതമെന്നോണം പറഞ്ഞു. മുസ്‌ലിയാർ ചെല്ലുമ്പോൾ പൂമുഖത്തിട്ട കസേരയിൽ അദ്ദേഹത്തിന്റെ വരവും കാത്തെന്നവണ്ണം ഇരിക്കുകയായിരുന്നു അഹമ്മദ്.
"അസ്സലാമുഅലയ്ക്കും..."
പറഞ്ഞിട്ട് മുസ്‌ലിയാർ വീടിന്റെ പൂമുഖത്തേക്ക് കയറി.
"ഇരിക്കൂ... മുസ്‌ലിയാരെ..."
അഹമ്മദ് തനിക്കരികിലായി കിടന്ന കസേരയ്ക്ക് നേരെ വിരൽചൂണ്ടികൊണ്ട്... മുസ്‌ലിയാരെ നോക്കി തളർന്നസ്വരത്തിൽ പറഞ്ഞു.
"എന്താ അഹമ്മദേ, അത്യാവശ്യമായിട്ടു കാണണമെന്ന് പറഞ്ഞത്?"
മുസ്‌ലിയാർ അഹമ്മദിന്റെ മുഖത്തേക്ക് നോക്കി.
"മുസ്‌ലിയാരെ, എനിക്കൊന്നു തൗബ ചെയ്യണം... പാപമോചനം തേടണം."
ഇടറിയശബ്ദത്തിൽ അഹമ്മദ് മുസ്‌ലിയാരെ നോക്കി പറഞ്ഞു.
"ഇതിനാണോ എന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്?"
മുസ്‌ലിയാർ അഹമ്മദിനെ നോക്കി പുഞ്ചിരിപൊഴിച്ചു.
"അതെ..."
അഹമ്മദ് ഇടറിയശബ്ദത്തിൽ മറുപടി നൽകി.
"പാപമോചനം തേടുന്നതിന് എന്തിനാണ് അഹമ്മദേ എന്റെ സഹായം? അവനവൻ ചെയ്ത തെറ്റുകൾ അള്ളാഹുവിന്റെ മുന്നിൽ ഏറ്റുപറഞ്ഞു മാപ്പിരക്കുന്നതിന് എന്തിനാണ് മറ്റൊരാളുടെ സഹായം? അള്ളാഹുവിന്റെ മുന്നിൽ അവനവൻ ചെയ്ത തെറ്റുകൾ ആത്മാർത്ഥമായിട്ട് ഏറ്റുപറയേണ്ടത് തനിച്ചാണ്. അപ്പോളാണ് അള്ളാഹു അയാൾക്ക് മാപ്പ് നൽകുക."
മുസ്‌ലിയാർ അഹമ്മദിനെ നോക്കി പറഞ്ഞു.
"മുസ്‌ലിയാരെ ഞാൻ കഴിഞ്ഞുപോയ ജീവിതകാലത്ത് രുപാട് തെറ്റുകൾ ചെയ്‌തു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ അറിവില്ലായ്മകൊണ്ട് സംഭവിച്ചുപോയ അവിവേകങ്ങൾ. ആ തെറ്റുകൾക്കെല്ലാം ഞാനൊരായിരം പ്രാവശ്യം അള്ളാഹുവിനോട് മാപ്പിരന്നു കഴിഞ്ഞു. പക്ഷേ, ഒരു തെറ്റിനുമാത്രം..."
ഒരുനിമിഷം നിറുത്തിയിട്ട് അഹമ്മദ് തേങ്ങികരഞ്ഞു.
അഹമ്മദിന്റെ ആ ഭാവമാറ്റം ഒരുനിമിഷം മുസ്‌ലിയാരെ അമ്പരപ്പിച്ചു. അഹമ്മദിൽ നിന്ന് അങ്ങനൊരു ഭാവമാറ്റം ഒരിക്കലും മുസ്‌ലിയാർ പ്രതീക്ഷിച്ചിരുന്നില്ല. ഇത്ര കരുത്തനായ അഹമ്മദ് കരയുകയോ?അതിനുമാത്രം അയാളുടെ മനസ്സിൽ കുറ്റബോധംകൊണ്ട് നിറഞ്ഞുനിൽക്കുന്ന ആ തെറ്റെന്താണ്?മുസ്‌ലിയാർ ചിന്തിച്ചു.
"അഹമ്മദേ, എന്താണിത്...? നിന്റെ മനസ്സിനെ ഇത്രയധികം വേട്ടയാടുന്ന ആ തെറ്റെന്താണ്?"
മുസ്‌ലിയാർ അഹമ്മദിനെ നോക്കി ആകാംക്ഷയോടെ ചോദിച്ചു.
"മുസ്‌ലിയാരെ, എന്റെ തെറ്റുകൾക്ക് അള്ളാഹുവിന്റെ കോടതിയിൽ മാപ്പുണ്ടോ? ഉണ്ടാകുമായിരിക്കാം... പക്ഷേ, ഈ തെറ്റ്..."
പറഞ്ഞിട്ട് അഹമ്മദ് വീണ്ടും തേങ്ങിക്കരഞ്ഞു.
"എന്റെ ഈ തെറ്റിന് മാപ്പ് തരാൻ ഒരു പക്ഷേ, മുസ്‌ലിയാർക്ക് കഴിഞ്ഞേക്കും. അള്ളാഹു കഴിഞ്ഞാൽ പിന്നെ, മുസ്‌ലിയാർക്ക് മാത്രമേ അതിന് അധികാരമുള്ളൂ..."
പറഞ്ഞിട്ടൊരുനിമിഷം അഹമ്മദ് മുസ്ലിയാരുടെ മുഖത്തേക്ക് നോക്കി.
"ഞാൻ ചെയ്ത തെറ്റ് എന്തെന്നറിയുമ്പോൾ മുസ്‌ലിയാർ എന്നെ വെറുക്കും, ഒരു പക്ഷേ, ശപിച്ചേക്കാം എന്നാലും ശെരി എനിക്കിത് തുറന്നുപറഞ്ഞേ മതിയാകൂ... ഒരുപാട് കാലമായി മനസ്സിന്റെ വിങ്ങലായി ഞാനിതു കൊണ്ടുനടക്കുന്നു. ഇനിയും ഇതു തുറന്നുപറഞ്ഞില്ലെങ്കിൽ ഒരു പക്ഷേ, ഇനിയൊരിക്കലും എനിക്കിതു തുറന്നുപറയാൻ കഴിഞ്ഞില്ലെങ്കിലോ?"
പറഞ്ഞിട്ട് അഹമ്മദ് വീണ്ടും തേങ്ങിക്കരഞ്ഞു.
"രണ്ടുവർഷങ്ങൾക്ക് മുൻപ്... എനിക്കന്ന് അൻപത്തഞ്ചു വയസ്സ്. മദ്യപാനവും, തെമ്മാടിത്തരവും കൊണ്ട് ജീവിതമാകെ താളംതെറ്റിയ സമയം. അന്നൊരുനാൾ ഞാൻ എന്റെ അയൽവക്കത്തുള്ള വീട്ടിൽ കടന്നുചെന്നു. ഞാൻ ചെല്ലുമ്പോൾ ആ വീട്ടിൽ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവരുടെ ഭർത്താവിന് ദൂരെയായിരുന്നു ജോലി. കുട്ടികൾ സ്‌കൂളിലും പോയിരുന്നു. ഈ സമയം എന്നിലെ മൃഗീയത തലപൊക്കി. മദ്യത്തിന്റെ ലഹരിയിലായിരുന്ന ഞാൻ ആ പാവം സ്ത്രീയെ കടന്നുപിടിച്ചു. എന്നിട്ട് അവരുടെ എതിർപ്പുകൾ വകവെക്കാതെ... നിർബന്ധപൂർവ്വം അവരെ കെട്ടിപ്പുണർന്നു ചുംബിച്ചു."
അഹമ്മദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
"എല്ലാം കഴിഞ്ഞൊടുവിൽ.... പോകാൻ നേരം ഞാനാ സ്ത്രീയെ കത്തികാണിച്ചുകൊണ്ട് ഭീഷണിപ്പെടുത്തിപ്പറഞ്ഞു. ഈ സംഭവം ആരോടും പറയരുത് പറഞ്ഞാൽ... കുടുംബത്തെ ഒന്നാകെ കൊന്നു കുഴിച്ചുമൂടുമെന്ന്. ഇതുവരെ ആ സംഭവം ആ സാധുസ്ത്രീ ആരോടും പറഞ്ഞില്ല. ഞാൻ ചെയ്ത തെറ്റുകളിൽ വെച്ചേറ്റവും വലിയ തെറ്റായിരുന്നു അത്."
അഹമ്മദ് തേങ്ങിക്കരഞ്ഞു.
"അതിനുശേഷം പലപ്രാവശ്യം... ഈ അടുത്തകാലത്തും ഞാൻ അവരോട് മാപ്പിരന്നു. ചെയ്ത തെറ്റിന് പൊറുക്കലിനെ തേടി. അപ്പോൾ അവർ പറഞ്ഞു എനിക്ക് മാപ്പുതരേണ്ടത്... ഞാനല്ല അള്ളാഹുവും, പിന്നെ ഞാൻ അറിഞ്ഞുകൊണ്ടല്ലെങ്കിലും വഞ്ചിച്ചുകൊണ്ടിരിക്കുന്ന എന്റെ എല്ലാമെല്ലാമായ ഭർത്താവുമാണെന്ന്."
പറഞ്ഞുനിറുത്തിയിട്ട് അഹമ്മദ് മുസ്ലിയാരുടെ മുഖത്തേക്ക് ദയനീയമായി നോക്കി. അഹമ്മദ് പറഞ്ഞതത്രയും കേട്ട് തരിച്ചിരിക്കുകയായിരുന്നു മുസ്‌ലിയാർ.
"അഹമ്മദേ, നീ പറഞ്ഞതത്രയും ഞാൻ കേട്ടു... പക്ഷേ, ഈ കാര്യത്തിൽ എനിക്കെന്താണ് ചെയ്യാൻ കഴിയുക? ആ സ്ത്രീ പറഞ്ഞതുപോലെ നീ ചെയ്തതെറ്റിന് മാപ്പുതരേണ്ടത് അള്ളാഹുവും പിന്നെ... ആ ഭർത്താവുമാണ്."
മുസ്‌ലിയാർ അഹമ്മദിനെ നോക്കി പറഞ്ഞു.
"മുസ്‌ലിയാരെ..."
അഹമ്മദിന്റെ ശബ്ദ്ദം വിറപൂണ്ടു.
"എനിക്ക് മാപ്പ് തരേണ്ട ആ ഭർത്താവ് താങ്കളാണ്. ഞാൻ ക്രൂരത കാട്ടിയ സ്ത്രീ അങ്ങയുടെ ഭാര്യയും."
പറഞ്ഞിട്ട് അഹമ്മദ് പൊട്ടിപ്പൊട്ടി കരഞ്ഞു.
"അള്ളാഹുവേ... ഞാനെന്താണ് ഈ കേട്ടത്?"
മുസ്‌ലിയാർ നെഞ്ചിൽ കൈവെച്ചുകൊണ്ട് അഹമ്മദിനെ ഭീതിയോടെ നോക്കി. അഹമ്മദിന്റെ കണ്ണുകൾ നിറഞ്ഞുതൂവുകയായിരുന്നപ്പോൾ.
"എനിക്ക് മാപ്പ് വേണ്ട മുസ്‌ലിയാരെ... ഒരിക്കലും മാപ്പിനർഹനല്ല ഞാൻ. അള്ളാഹുവിന്റെ കോടതിയിൽ നിന്നുള്ള ശിക്ഷ ഏറ്റുവാങ്ങിക്കൊള്ളാം. അതുവരെ ഇങ്ങനെ സ്വയം ശിക്ഷിച്ചുകൊണ്ട് ഉരുകിത്തീർന്നോളാം ഞാൻ."
അഹമ്മദ് തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. മുസ്‌ലിയാർ അൽപനേരം തരിച്ചങ്ങനെ ഇരുന്നു. എന്നിട്ട് അഹമ്മദിന്റെ കരം കവർന്നുകൊണ്ട് ഇടറിയ ശബ്ദത്തിൽ വിളിച്ചു.
"അഹമ്മദേ... ഈ രാത്രി താങ്കളെന്നെ ഇങ്ങോട്ടു വിളിക്കുമ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചിരുന്നു... എന്തിനാണ് എന്നെ രാത്രിയിൽ വെറുതെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുന്നതെന്ന്. ഇപ്പോൾ സന്തോഷം തോന്നുന്നു... ഈ രാത്രിയിൽ താനെന്നെ ഇങ്ങോട്ടു വിളിച്ചില്ലായിരുന്നെങ്കിൽ... എനിക്കതൊരു തീരാ നഷ്ടമായേനെ... കാരണം ഞാൻ മൂലം ഒരാൾക്ക് അയാൾ ചെയ്ത തെറ്റിന് മാപ്പുനൽകാനായല്ലോ..? അതുവഴി ആ വ്യക്തിയുടെ മനസിനാശ്വാസം പകരാനും... അള്ളാഹുവിന്റെ കോടതിയിലെ ശിക്ഷക്കൽപ്പമെങ്കിലും ഇളവുനൽകാനും കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ... സന്തോഷം തോന്നുന്നു. മറ്റുള്ളവർ ചെയ്ത തെറ്റിന് പൊറുത്തുകൊടുക്കാനും, അവർക്ക് മാപ്പുനൽകാനുമാണ് നമ്മുടെ മതവും, പ്രവാചകനുമെല്ലാം പഠിപ്പിക്കുന്നത്. പഠിച്ചതുകൊണ്ടും അത് മറ്റുള്ളവർക്ക് പകർന്നുനൽകിയതുകൊണ്ടും മാത്രമായില്ല... പ്രവർത്തിയിലൂടെ കാണിച്ചുകൊടുക്കുകയും വേണം. അപ്പോൾ മാത്രമേ ഒരാൾ യഥാർത്ഥ വിശ്വാസിയാകൂ..."
"അഹമ്മദ് താങ്കൾ ചെയ്ത തെറ്റിനെ ഓർത്ത് ഇത്രയുംനാൾ നെഞ്ചുനീറി കഴിഞ്ഞില്ലേ? എല്ലാം എന്നോടേറ്റുപറഞ്ഞില്ലേ? അപ്പോൾ തന്റെ കണ്ണിൽനിന്നും ഒഴുകിയ ആ ക്കണ്ണുനീരില്ലെ... അതുമാത്രം മതി താങ്കൾ ചെയ്ത തെറ്റ് അള്ളാഹുവിന്റെ മുന്നിൽ നിന്നും തുടച്ചുമാറ്റാൻ. ഞാൻ താങ്കൾക്ക് മാപ്പുനൽകിയിരിക്കുന്നു."
മുസ്‌ലിയാർ പുഞ്ചിരിച്ചുകൊണ്ട് അഹമ്മദിനെ നോക്കി പറഞ്ഞു.
"മുസ്‌ലിയാരെ അങ്ങ് വലിയവനാണ്... ലോകത്ത് ഒരാളും മാപ്പ് തരാത്ത തെറ്റിനാണ് താങ്കൾ എനിക്ക് മാപ്പ് നൽകിയത്. അള്ളാഹു അങ്ങയേയും, കുടുംബത്തെയും കാത്ത് രക്ഷിക്കട്ടെ."
അഹമ്മദ് മെല്ലെ പറഞ്ഞിട്ട് മിഴികൾ തുടച്ചു. ഈ സമയം മുസ്‌ലിയാർ അഹമ്മദിന്റെ കരം കവർന്നു.
"അഹമ്മദേ, താങ്കൾ ചെയ്ത തെറ്റെന്നോട് ഏറ്റുപറഞ്ഞപ്പോൾ എനിക്ക് കിട്ടിയത് ഇത്രയും നാൾ ഞാൻ എത്ര ചിന്തിച്ചിട്ടും, ചോദിച്ചിട്ടും ഉത്തരം കിട്ടാത്തൊരു ചോദ്യത്തിനുള്ള മറുപടി കൂടിയാണ്. എന്റെ ഭാര്യയുടെ മൗനത്തിനുള്ള മറുപടി."
മുസ്‌ലിയാർ ഒരുനിമിഷം നിറുത്തി. എന്നിട്ട് മെല്ലെ പറഞ്ഞു.
"ഏതാനും നാളുകളായി എന്റെ ആബിദ മൗനിയാണ്. ഒന്നിനോടും ഒരു താല്പര്യമില്ലാതെ. എത്രയൊക്കെ ചോദിച്ചിട്ടും അവൾ എനിക്കൊരു മറുപടി തന്നില്ല. ഇന്നിതാ ഞാനാ മൗനത്തിന്റെ ഉത്തരം കണ്ടെത്തിയിരിക്കുന്നു. പാവം ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറ്റബോധവും പേറി എത്രവർഷമാണ് കഴിഞ്ഞുകൂടിയത്?"
അതുപറഞ്ഞപ്പോൾ... മുസ്‌ലിയാരുടെ ശബ്‌ദം ഇടറി കണ്ണുകൾ നിറഞ്ഞുതൂവി.
അൽപനേരം കൂടി അവിടെയിരുന്നിട്ട് അഹമ്മദിനോട് യാത്ര പറഞ്ഞുകൊണ്ട് തന്റെ വീട്ടിലേയ്ക്ക് നടന്നു മുസ്‌ലിയാർ. ആ സമയം മുസ്‌ല്യാരുടെ, മനസ്സുനിറച്ചും തന്റെ പ്രിയതമയുടെ സങ്കടകാരണം കണ്ടെത്തിയ സന്തോഷം നിറഞ്ഞുനിന്നു. പിറ്റെന്നുപുലർച്ചെ കേട്ട വാർത്ത മുസ്‌ലിയാരേയും കുടുമ്പത്തേയും നടുക്കികളഞ്ഞു.
കഴിഞ്ഞരാത്രിയിൽ ഹൃദയസ്‌തംഭനം മൂലം അഹമ്മദ് മരണമടഞ്ഞു.