(Vasudevan Mundayoor)
ആകാശത്തിൽ സൂര്യൻ കണ്ണുതുറന്ന ഊഷ്മളമായ ഒരു തിങ്കളാഴ്‌ചയാണ് ഞാൻ ബാങ്കിലേക്ക് പുറപ്പെട്ടത്. പുതിയതായി വീടുവെക്കാനുള്ള ഒരു ലോൺ ശരിയാക്കുക എന്ന ഒരു ഇടത്തരക്കാരന്‍റെ സ്വപ്നങ്ങളിലൊന്ന് സഫലമാക്കുക എന്നതായിരുന്നു എന്‍റെ ആ യാത്രയുടെ ലക്ഷ്യം.
ബാങ്ക് ഞായാറാഴ്ചയിലെ ആലസ്യം വെടിഞ്ഞ് യാന്ത്രികമായി ചലിക്കാൻ തുടങ്ങിയിട്ടെയുണ്ടായിരുന്നുള്ളു. ഓരോരുത്തരായി തങ്ങളുടെ ഇരിപ്പടത്തിൽ ഇടം കണ്ടെത്തി കമ്പ്യൂട്ടർ സ്ക്രീനിന്‍റെ നീലച്ചുഴിയിലേക്ക് വീഴാൻ തുടങ്ങിയിരുന്നു. എപ്പോഴും സ്വാഗതം ചെയ്യാൻ മാത്രം വിധിക്കപ്പെട്ട, ഹെൽപ്പ് ഡെസ്ക്കിലിരിക്കുന്ന, ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾക്കിടയിൽ പുഞ്ചിരി തേച്ചുപിടിപ്പിച്ച ജീവനക്കാരിയാണ് ലോൺ വിഭാഗത്തിലെ ഓഫിസറുടെ മുന്നിലേക്ക് എന്നെ നയിച്ചത്. മുഖത്ത് ആവശ്യത്തിലധികം പൌഡർ വാരിപൂശിയ, തലയിൽ തേച്ച ഹെയർഡൈക്ക് കറുപ്പിക്കാനാകാത്ത വെള്ളിരോമങ്ങൾ പാറിക്കളിക്കുന്ന, നീണ്ട മുഖമുള്ള ഒരാളായിരുന്നു ഓഫീസർ.
ഔപചാരികതയിൽ അധികമൊന്നും വിശ്വാസമില്ലാത്ത ഞാൻ ഫയലുകൾക്കുള്ളിൽ വീണ് മുങ്ങിച്ചാവുന്ന അയാളെ ഒന്നുണർത്താൻ പതുക്കെ ഒന്നു ചുമച്ചു. സാവകാശം അയാൾ തല ഉയർത്തി എന്നെ നോക്കി. പെട്ടെന്ന് അയാളുടെ മുഖം ചുവക്കുകയും നെറ്റിയിൽ ചുളിവുകൾ വീഴുകയും മുഖത്തെ പേശികൾ വലിഞ്ഞ് മുറുകുകയും ചെയ്തു.
“താങ്കൾ വീണ്ടും വന്നോ?എന്താ എന്നെ പണിചെയ്യാൻ അനുവദിക്കില്ലേ..? കഴിഞ്ഞയാഴ്ച കൂട്ടുകാരനോടൊപ്പം വന്ന് വെറുതെ ബഹളമുണ്ടാക്കിയിട്ടൊന്നും മതിയായില്ലേ..?സോറി.. എനിക്കിപ്പോൾ തർക്കിക്കാനൊന്നും സമയമില്ല. പ്ളീസ് എന്നെ വെറുതെ വിട്ടേക്കൂ..”
എന്തെങ്കിലുമൊന്ന് പറയുന്നതിനു മുൻപുതന്നെ ഒറ്റശ്വാസത്തിൽ കടുത്ത രോഷത്തോടെ ഇത്രയും പറഞ്ഞ ശേഷം അയാൾ മുഖം തിരിച്ചു. എന്തുചെയ്യണവെന്നറിയാതെ ഞാൻ അന്തം വിട്ട് നിന്നു.
“ഞാനാദ്യമായാണ് ഈ ബാങ്കിൽ വരുന്നത്” ഞാൻ വിനയാന്വിതനായി പറഞ്ഞു.
“ഓഹോ..അപ്പോൾ താങ്കൾ നുണ പറയാനും തുടങ്ങിയോ? എന്‍റെ കണ്ണിന് യാതൊരു കുഴപ്പവുമില്ല മിസ്റ്റർ.. രണ്ടു ദിവസം മുൻപാണ് ഞാൻ കണ്ണ് ടെസ്റ്റ് ചെയ്ത് പുതിയ കണ്ണട വെച്ചത്. ഇരുപത്തിയെണ്ണായിരം രൂപ വിലയുളള കണ്ണടയാണ് ഇത്..” അയാളുടെ ശബ്ദം ദേഷ്യത്താൽ വിറകൊണ്ടു.
ഞാൻ താങ്കളുടെ കണ്ണടയുടെ വില ചോദിച്ചില്ല എന്നു പറയാനാണ് എനിക്ക് തോന്നിതെങ്കിലും “എനിക്ക് ഈ ബാങ്കിൽ നിന്നും ഒരു ഹൌസിങ്ങ് ലോൺ ലഭിക്കുമോ എന്നറിയാനാണ് ഞാൻ വന്നത് “ എന്നാണ് ഞാൻ പറഞ്ഞത്.
അയാൾ ഒരക്ഷരം ഉരിയാടാതെ ഒരു ഫയലിൽ നിന്നും ഒരു കഷ്ണം കടലാസ് വലിച്ചെടുത്ത് എനിക്കു നേരേ നീട്ടി . അത് ഹൌസിങ്ങ് ലോണിന് ആവശ്യമുള്ള രേഖകളുടെ ഒരു ലിസ്റ്റായിരുന്നു. ആമയെപ്പോലെ ഫയലുകൾക്കുള്ളിലേക്ക് തലവലിച്ച അയാളോടൊന്നും ചോദിക്കാൻ പിന്നീടെനിക്കു തോന്നിയില്ല.
അയാൾ തന്ന ലിസ്റ്റുമായി കടുത്ത നിരാശയോടെ ഞാൻ ബാങ്കിൽ നിന്നും പുറത്തു കടന്നു. നഗരം ചൂടിൽ എരിയാൻ തുടങ്ങിയിരുന്നു. വാഹനങ്ങളിൽ നിന്നുമുള്ള പുക അന്തരീക്ഷത്തിൽ ഇഴയുന്ന പാമ്പുകളുടെ മായുന്ന കരിച്ചിത്രങ്ങൾ വരച്ചുകൊണ്ട് കടന്നു പോയി. വായുവിലും മനസ്സിലും പടരുന്ന ചൂടിൽ ഞാൻ അസ്വസ്ഥനായി.
“ഹലോ..എന്താ ഗഡീ ഇവിടങ്ങനെ കോഴ്യേപ്പോലെ കറങ്ങിതിരിയണേ..” നിറഞ്ഞ ചിരിയുമായി ഒരു അപരിചിതൻ മുന്നിൽ പ്രത്യക്ഷപ്പെട്ടു. “ഞാൻ.. “എനിക്കയാളോട് എങ്ങിനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. വല്ലാത്ത ഒരു നിസ്സഹായത എനിക്കു ചുറ്റും നിറഞ്ഞു.
“ഇതെന്തൂട്ടാ കുന്തം വിഴുങ്ങ്യേപ്പോലെ നിക്കണേന്ന്..നമ്മുക്കൊന്ന് കൂടണ്ടേ? നാളെ അഞ്ചുമണിക്ക് പാരഗണ്ണിന്‍റെ മുമ്പില് വെച്ച് കാണാട്ടാ..” എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് അയാൾ ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നു മറഞ്ഞു.
ഞാൻ ഒരു നിമിഷം കണ്ണടച്ചു നിന്നു. ഈ സംഭവിക്കുന്നതെല്ലാം എന്താണ് ? എനിക്കൊന്നും മനസ്സിലായില്ല. ഇതെല്ലാം യാഥാർത്ഥ്യം തന്നെയാണോ? എന്ന് എൻെറ മനസ്സ് എന്നോട് ചോദിച്ചു കൊണ്ടിരുന്നു. കൂടുതലൊന്നും ആലോചിക്കാതെ ആ അസുഖകരമായ അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാനായി ഞാൻ ഒരു ഓട്ടോറിക്ഷ വിളിച്ച് താമസിക്കുന്ന ഫ്ലാറ്റിലേക്ക് തിരിച്ചുപോയി.
ഫ്ലാറ്റിലെത്തിയിട്ടും എന്‍റെ മനസ്സ് ചിന്തയുടെ കാർമേഘപാളികൾ ക്കിടയിൽ കറുത്തു കിടക്കുകയും .സാന്ത്വനത്തിന്‍റെ ഒരു മഴക്കായി ശരീരം ദാഹിക്കുകയും ചെയ്തു.
ഞാൻ സാവകാശം എനിക്കിഷ്ടപ്പെട്ട സൂഫി സംഗീതത്തിന്‍റെ ശേഖരത്തിലെ ഒരു പാട്ടെടുത്തു പ്ളെയറിൽ വെച്ചു.
“നമീദാനം ചെ മൻസിൽ ബൂദ് ശബ് ജായെ കി മൻ ബൂദം..” അമീർ ഖുസ്രുവിന്‍റെ ദിവ്യ പ്രണയത്തിെൻറ വരികൾ നസ്രത്ത് ഫത്തെ അലീഖാന്‍റെ ശബ്ദമഴയായി എന്‍റെ കാതിൽ വീണു നിറഞ്ഞു. ആ ആശ്വാസത്തിന്‍റെ തണുത്ത തലോടലിൽ ഞാൻ കണ്ണുകളടച്ചു കിടന്നു.
പിന്നീടുള്ള പല ദിവസങ്ങളിലും എനിക്കിതുപോലുള്ള അതിവിചിത്രങ്ങളായ അനുഭവങ്ങളുണ്ടായി. ഞാൻ അതു വരെ ജീവിച്ചിരുന്ന ലോകത്തു തന്നെയാണോ ജീവിക്കുന്നത് എന്നു സംശയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു അവ. അപരിചിതരായ കുറേ മനുഷ്യർ ചിരപരിചിതരെപ്പോലെ എന്നോട് പെരുമാറി. പക, ദേഷ്യം, സ്നേഹം അങ്ങിനെ പലതരം വികാരങ്ങളുമായി അപരിചിതരായ മനുഷ്യർ ഒരു ഫാൻറസി കഥയിലെന്നപോലെ എന്നിലൂടെ കടന്നുപോയി. തികച്ചും നിസ്സഹായനായി ഞാനും.
ഒരു ദിവസം മുട്ടുവേദനക്കുള്ള മരുന്നു വാങ്ങുവാനായി നഗരവീഥിയിലൂടെ നടക്കുകയായിരുന്നു ഞാൻ. ദൂരേ നിന്നു തന്നെ ഒരു കൂട്ടം കോളേജ് വിദ്യർത്ഥികൾ എന്നെ നോക്കി ചിരിക്കുകയും കൈകൾ വീശിക്കാണിക്കുകയും ചെയ്തു. ഞാൻ എനിക്കു പുറകിൽ നടന്നു വരുന്ന ആരോടെങ്കിലുമാകും ആ സ്നേഹ പ്രകടനമെന്നു കരുതി തിരിഞ്ഞു നോക്കി. എനിക്കു പുറകിൽ എന്‍റെ നിഴൽ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നറിഞ്ഞ് ഞാൻ ഞട്ടി.
“ഹലോ..സർ..സാറ് ചെലവ് ചെയ്യാമെന്ന് പറഞ്ഞിട്ട് മുങ്ങിനടക്കാണല്ലേ..? എന്താ ഇന്ന് ക്ളാസിൽ വരാത്തത്? നമ്മുക്ക് എൈസ് ക്രീം പാർലറിൽ കയറാം സർ..വരൂ..വരു മടിച്ചു നിൽക്കാതെ കടന്നു വരൂ സാ..ർ..” പൊട്ടിച്ചിരിച്ചുകൊണ്ട് അവർ എനിക്കു ചുറ്റും ഒരു കവചം തീർത്തു.
ഞാൻ വല്ലാത്ത ആശയക്കുഴപ്പത്തിലായി. ആദ്യമായാണ് അവരെ ഞാൻ കാണുന്നതുതന്നെ. ചിലവ്..ക്ളാസ്..എനിക്കൊന്നും മനസ്സിലായില്ല.
“എനിക്കു തിരക്കുണ്ട്..ഞാൻ പോകുന്നു..” എന്നു പറഞ്ഞ് ഗൌരവത്തിൽ ഞാൻ അവരിൽ നിന്നും രക്ഷപ്പെട്ട് തിടുക്കത്തിൽ നടന്നകന്നു.
“ഈ സാറിനെന്തു പറ്റീ? ഓ ചിലപ്പോൾ രാവിലെത്തന്നെ ഫിറ്റായിട്ടുണ്ടാവും“ എതോ കുട്ടി പരിഹാസത്തോടെ പറയുന്നത് ഞാൻ കേട്ടു.
മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നു വാങ്ങി വേഗം തിരിച്ചുപോകാൻ തുടങ്ങിയതായിരുന്നു ഞാൻ. അപ്പോഴാണ് ഒരു പെൺകുട്ടി വഴി തടഞ്ഞത്. “എന്താ സർ ഇതു വഴി ? സാറെന്താ വിളിച്ചാൽ ഫോണെടുക്കാത്തത്? ഞാൻ എത്ര പ്രാവശ്യം വിളിച്ചെന്നോ ?”
“നോക്കൂ ഞാൻ നിങ്ങളെ.. അറിയില്ലെന്നു “പറയാൻ തുടങ്ങും മുൻപേ ആ കുട്ടി യാതൊരു ലജ്ജയുമില്ലാതെ എന്‍റെ കയ്യിൽ പിടിച്ച് നടക്കാൻ തുടങ്ങി.
“സാറൊന്നും പറയണ്ട.. സാറ് വീട്ടിൽ വരാമെന്ന് പറഞ്ഞിട്ട്..ഞാൻ വീട്ടിലുള്ള എല്ലാവരോടും പറഞ്ഞിട്ട് കാത്തിരുന്നു. എന്നെ പറഞ്ഞ് പറ്റിച്ചത് ഒട്ടും ശരിയായില്ല സർ. സാറിന് ഒന്ന് ഫോൺ ചെയ്ത് പറയാമായിരുന്നില്ലേ ? വരില്ലാന്ന്..” ഞാനാകെ വല്ലാതായി.
ഞാൻ പരിഭ്രമത്തോടെ ചുറ്റും നോക്കി. അപരിചിതയായ ഒരു പെൺകുട്ടി എൻെറ കയ്യും പിടിച്ച് നഗര വീഥിയിലൂടെ നടക്കുകയാണ്. ഞാൻ പതുക്കെ അവളുടെ കൈപിടുത്തത്തിൽ നിന്നും രക്ഷ നേടി.
“നോക്കൂ കുട്ടി..ഞാൻ ദേവനാണ്. കുട്ടിക്ക് ആളെ മാറിപ്പോയെന്നു തോന്നുന്നു.” ഞാൻ അങ്ങിനെ പറഞ്ഞിട്ടും അവൾക്കു വിശ്വാസമായില്ല.
“എന്തിനാ സാറെ ഈ അഭിനയം? ഇങ്ങനെ അഭിനയിച്ചേക്കല്ലേ.. ഓസ്ക്കാറ് കിട്ടിപ്പോകും. ക്ളാസ് എടുക്കുമ്പോൾ സാറ് അഭിനയിക്കുന്നത് കാണാൻ നല്ല രസമുണ്ട്. നടുറോട്ടിലുള്ള ഈ അഭിനയം ഭയങ്കര ബോറാ സാറെ..”
ആ കുട്ടി വിടാനുളള ഭാവമില്ലെന്നു മനസ്സിലായപ്പോൾ ഞാനെന്‍റെ നടത്തിന്‍റെ വേഗത കൂട്ടി. തിരിഞ്ഞു നോക്കുമ്പോൾ ഒന്നും മനസ്സിലാകാത്തപ്പോലെ നടുറോട്ടിൽ നിൽക്കുന്ന പെൺകുട്ടിയെ ഞാൻ കണ്ടു. ഞാൻ വല്ലാതെ വിയർത്ത് കുളിച്ചിരുന്നു. എനിക്ക് വല്ലാത്ത ദാഹം തോന്നി.
പരിചിതനായ കരിക്കു കച്ചവടക്കാരന്‍റെ അരികിലേക്ക് ഞാൻ നടന്നു. രണ്ട് കരിക്കിന്‍റെ വെള്ളം കുടിച്ചപ്പോഴാണ് അല്പം ആശ്വാസമായത്. തണുത്ത കുളിർമ്മ വയറിൽ നിന്നും ശരീരമാകെ പടരുന്നത് ഞാനറിഞ്ഞു.
“സാറിന്‍റെ അതേപ്പോലെയുള്ള ഒരാളെ ഞാൻ ഇന്നലെ കണ്ടു. കരിക്ക് കുടിക്കാൻ വന്നതായിരുന്നു. ഞാൻ സാറാണെന്നാണ് വിചാരിച്ചത്. അതു കൊണ്ട് വിലകുറച്ചാണ് വാങ്ങിയത്. ബൈക്കിൽ കയറി പോകുന്നതു കണ്ടപ്പോഴാണ് സാറല്ലെന് മനസ്സിലായത്. സാറ് ബൈക്ക് ഓടിക്കാറില്ലല്ലോ. ശരിക്കും സാറിനേപ്പോലെത്തന്നെ. തടി അല്പം കൂടുതലാണെന്നു തോന്നുന്നു. ശബ്ദത്തിനും കുറച്ചുകൂടി കനമുണ്ട്. ബാക്കി എല്ലാം സാറിനേപ്പോലെ തന്നെ. സാറിന് ഇരട്ട സഹോദരന്മാർ ആരെങ്കിലിമുണ്ടോ..?”
ഞാൻ ഇല്ലെന്ന് തലയാട്ടി.
കരിക്കു കച്ചവടക്കാരൻ തന്ന ആ അറിവിൽ നിന്നുമാണ് എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന വിചിത്രങ്ങളായ അനുഭവങ്ങളുടെ പൊരുൾ എനിക്കു മനസ്സിലായത്. അതെനിക്ക് വല്ലാത്ത ആശ്വാസം നൽകി. അപരനെക്കുറിച്ചുള്ള കഥകൾ ഞാൻ സിനിമയിൽ കാണുകയും പുസ്തകങ്ങളിൽ വായിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം വെറും ഫാൻറസി മാത്രമാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷ സ്വന്തം ജീവിതത്തിൽ അതു സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതേയില്ല. ഇപ്പോഴിതാ അത് യാഥാർത്ഥ്യമായിരിക്കുന്നു.
അപരനെക്കുറിച്ച് കൂടുതൽ അറിയേണ്ടത് വളരെ അത്യവശ്യമാണെന്ന് എനിക്കു തോന്നി. കൂടുതലൊന്നും കരിക്കു കച്ചവടക്കാരന് അറിയില്ലായിരുന്നു. വീണ്ടും അയാൾ വന്നാൽ അയാളുടെ പേരും ജോലിയുമെല്ലാം ചോദിച്ചറിയണമെന്ന് ഞാൻ കരിക്കു കച്ചവടക്കാരനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്ളാറ്റിലേക്ക് മടങ്ങിയത്. അപ്പോഴെല്ലാം അപരനെ എങ്ങനെ കണ്ടെത്താം എന്ന ചിന്തയായിരുന്നു എന്‍റെ മനസ്സിൽ. അതെന്‍റെ നിലനിൽപ്പിന്‍റെക്കൂടി പ്രശ്നമായി മാറിക്കഴിഞ്ഞിരുന്നു.
ഒരു ദിവസം പബ്ളിക്ക് ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്ത് മടങ്ങുകയായിരുന്നു ഞാൻ. "മാഷൊന്ന് നിൽക്കൂ.."എന്നൊരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ലൈബ്രറിയുടെ സിമൻറു പടവുകളിറങ്ങി ചിരിച്ചുകൊണ്ട് ഓടി വരുന്നത് ഞാൻ കണ്ടു.
"മാഷക്ക് ലൈബ്രറിയിൽ വരുന്ന പതിവുണ്ടോ..കോളേജിൽ എല്ലാ ദിവസവും കാണാറില്ലല്ലോ പ്രിൻസിപ്പൽ അന്വേഷിച്ചിരുന്നു.."
'നോക്കൂ..ഞാൻ മാഷല്ല. മൃഗസംരക്ഷണ വകുപ്പിലെ ഒരു ജീവനക്കാരനാണ് പേര് ദേവൻ " എന്‍റെ മറുപടി കേട്ട് അയാൾ വിശ്വസം വരാത്തപോലെ വാ പൊളിച്ചു നിന്നു.
“അത്ഭുതം തന്നെ ശരിക്കും അജയൻമാഷെപ്പോലെത്തന്നെയുണ്ട്, ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെത്തന്നെ.. “അയാളുടെ വാക്കുകളിൽ നിറയെ വിസ്മയമായിരുന്നു.
“ഞാൻ ഈ അജയൻമാഷെ അറിയുകപോലുമില്ല “ എന്‍റെ മറുപടി അയാളെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും അപരനായ അജയൻമാഷെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. അയാൾ അജയൻമാഷിന്‍റെ സഹപ്രവർത്തകനായിരുന്നു. നഗരത്തിലെ ഒരു പാരലൽ കോളേജിലെ അദ്ധ്യാപകരായിരുന്നു അവർ.
അടുത്ത ദിവസം കിഴക്കൻകാറ്റ് പൊടിപറത്തിക്കൊണ്ട് വീശിയടിക്കുന്ന ദിനാരംഭത്തിൽത്തന്നെ ഞാൻ അപരനെ കാണാൻ പുറപ്പെട്ടു.
പാരലൽ കോളോജിലേക്കു പോകുന്ന വഴിയിൽ കണ്ടുമുട്ടിയ കുട്ടികൾ പലരും “ഗുഡ്മോർണിങ്ങ് സർ..” എന്ന് അഭിസംബോധന ചെയ്ത് കടന്നു പോയത് എന്നിൽ അസ്വസ്ഥതയാണ് നിറച്ചത്. സ്റ്റാഫ് റൂമിൽ എത്തിയ എന്നോട് “മാഷ് ഇന്ന് നേരത്തെയാണല്ലോ..അടുത്ത അവറല്ലേ മാഷിന്‍റെ ക്ലാസ്.”.എന്ന് മറ്റ് അദ്ധ്യാപകർ പറഞ്ഞപ്പോൾ ഞാൻ എൈഡി കാർഡ് അവർക്ക് കാണിച്ചുകൊടുത്തു. കണ്ടവർ കണ്ടവർ അത്ഭുതത്തോടെ വാ പൊത്തി നിന്നു.
അപരനായുള്ള കാത്തിരിപ്പ് മുക്കാൽ മണിക്കൂർ നീണ്ടു. സ്റ്റാഫ് റൂമിലേക്കുള്ള കൽപ്പടവുകൾ കയറിവരുന്ന അപരനെ കണ്ട് ഞാൻ അറിയാതെ എഴുന്നേറ്റുപോയി. കണ്ണാടിയിൽ കാണാറുള്ള എന്‍റെ പ്രതിബിംബം ജീവനോടെ കയറി വരുന്ന കാഴ്ച ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.
എന്നെ കണ്ട് അപരനും ഒന്നു ഞട്ടി. പിന്നീട് അതൊരു പൊട്ടിച്ചിരിയായി. “ഓ..അപ്പോൾ എനിക്ക് പലയിടത്തു നിന്നും കിട്ടിയ അർഹിക്കാത്ത ബഹുമാനത്തിനു കാരണം താങ്കളാണല്ലെ? കാണാൻ കഴിഞ്ഞതിൽ പെരുത്തു സന്തോഷം..” അപരൻ വീണ്ടും ചിരിച്ചു.
രൂപസാമ്യമുണ്ടെങ്കിലും ഞങ്ങളുടെ വ്യക്തിത്വങ്ങൾ തമ്മിൽ ധ്രുവങ്ങളുടെ അന്തരമുണ്ടായിരുന്നു. ജീവിതം അടിച്ചുപൊളിക്കുക, ആസ്വദിക്കാനുള്ളതെല്ലാം ആസ്വദിക്കുക ഒന്നിനോടും പ്രതിബദ്ധത കാണിക്കാതിരിക്കുക, ബന്ധങ്ങളിൽ വീണുപോകാതിരിക്കുക എന്നിവയായിരുന്നു അപരന്‍റെ ജീവിതതത്വം. മദ്യപാനം, പുകവലി, പുകയില മുറുക്ക്, പൊടിവലി, ലഭ്യമാകുന്ന ലഹരി വസ്തുക്കൾ എല്ലാറ്റിലും അപരൻ അതീവ തല്പരനായിരുന്നു.
അപരനെ കണ്ട ശേഷം ഞാൻ അപരനിൽ നിന്നും പരമാവധി വ്യത്യസ്തനാകാൻ ഹെയർസ്റ്റൈയിൽ പൂർണ്ണമായി മാറ്റി. വസ്ത്ര ധാരണത്തിലും പ്രകടമായ മാറ്റം കൊണ്ടുവന്നു. സർക്കാർ നൽകിയ ഡിപ്പാർട്ടുമെന്‍റിന്‍റെ എൈഡി കാർഡ് സ്ഥിരമായി കഴുത്തിൽ തൂക്കി.
അപരിചിതരായവർ പരിചയം കാണിച്ചു വരുമ്പോൾ ഞാൻ എൈഡി കാർഡ് കാണിച്ച് പേര് പറഞ്ഞ് രക്ഷപ്പെട്ടു. ഒരു മഴപെയ്തു തണുത്ത വൈകുന്നേരം മഴയിൽ നനഞ്ഞ വസ്ത്രങ്ങളുമായി അപരൻ ഫ്ളാറ്റിലേക്ക് കടന്നു വന്നു.
അയാൾ വല്ലാതെ മദ്യപിച്ചിരുന്നു. ശരിക്ക് നില്ക്കാൻ പോലും അശക്തനായിരുന്നു അയാൾ.
“എനിക്കൊന്ന് കുമ്പസാരിക്കണം “ പെട്ടെന്ന് ഞാനിരിക്കുന്ന കസാരക്കു മുന്നിൽ മുട്ടുകുത്തി നിന്നു കൊണ്ട് അപരൻ പറഞ്ഞു.
“അതിന് ഇതൊരു പള്ളിയല്ല .കുമ്പസാരക്കൂടും വികാരിയുമില്ല“ എന്‍റെ വാക്കുകൾ കേൾക്കാൻ അയാൾ തയ്യാറല്ലായിരുന്നു.
“എനിക്കിവിടെ താങ്കളുടെ മുൻപിലാണ് കുമ്പസാരിക്കേണ്ടത്..ഞാൻ ഒരു വിശ്വാസിയല്ല.. വിശ്വസിക്കാവുന്ന ഒന്നും ലോകത്തില്ലെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ..” ഇഴഞ്ഞ സ്വരത്തിൽ അപരൻ സംസാരിക്കാൻ തുടങ്ങി.
“മുടിയനായ പുത്രനാണ് ഞാൻ. പാരമ്പര്യമായി ലഭിച്ച ഏക്കറക്കണക്കിന് പറമ്പുകൾ നിസ്സാര വിലക്ക് വിറ്റു തിന്നു തെണ്ടി നടക്കുന്നവൻ. താന്തോന്നി. എന്‍റെ പെങ്ങൾക്കു നൽകിയ സ്വത്ത് നഷ്ടപ്പെടാത്തതുകൊണ്ടാണ് പ്രായമായ അച്ഛനും അമ്മക്കും പെരുവഴിയിൽ ഇറങ്ങേണ്ടി വരാത്തത്. എനിക്ക് ആരോടും സ്നേഹവും കടപ്പാടുമില്ല. എനിക്കെല്ലാം ഉപഭോഗവസ്തുക്കൾ മാത്രമാണ്. ജീവിതം എനിക്കെന്നും ഒരു ലഹരിയായിരുന്നു. നുരഞ്ഞു പതയുന്ന ലഹരി. അതിനിടയിൽ ഞാൻ എല്ലാം മറന്നു.
എന്നെപ്പോലും മറന്നു. ഞാനൊരു പാപിയാണ്..സ്നേഹിച്ചവരെ വഞ്ചിക്കുന്ന, വിശ്വസിച്ചവരെ ചതിക്കുന്ന കണ്ണിൽ ചോരയില്ലാത്തവൻ. അതിന്‍റെ ശിക്ഷ ഞാൻ ഏറ്റുവാങ്ങാൻ പോകുകയാണ്.. ഇപ്പോൾ എന്നെ ബാധിക്കാത്ത രോഗങ്ങളില്ല. പാപത്തിന്‍റെ ശബളം മരണമാണെന്നാണല്ലോ പറയുക. ഞാൻ തയ്യാറായി കഴിഞ്ഞു”
അപരന്‍റെ തൊണ്ടയിടറി. അയാൾ പതിഞ്ഞ ശബ്ദത്തിൽ കരയാൻ തുടങ്ങി. പിന്നീട് ഉറക്കെ ഉറക്കെ അയാൾ കരഞ്ഞു തുടങ്ങി. ഞാൻ “സാരമില്ല..സാരമില്ല “ എന്നു പറഞ്ഞ് അയാളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചിട്ടും അയാൾ കരച്ചിൽ നിർത്തിയില്ല. കരച്ചിലിനിടയിൽ അയാൾ പറഞ്ഞു. “ദൈവം എന്ന ഒന്ന് ഉണ്ടെങ്കൽ ആ ദൈവമാണ് താങ്കളെ എന്‍റെ മുന്നിലെത്തിച്ചത്. എനിക്ക് താങ്കൾ ഒരു സഹായം ചെയ്യണം. ചെയ്യില്ലെന്നു മാത്രം പറയരുത്.അത് ഞാൻ സമയമാകുമ്പോൾ പറയും “
വീണ്ടും അയാൾ ഏങ്ങിയേങ്ങി കരയാൻ തുടങ്ങി. കരഞ്ഞ് കരഞ്ഞ് അയാൾ തറയിൽ വീണ് മയങ്ങി. അതെനിക്ക് വല്ലാത്ത ഒരു അനുഭവമായിരുന്നു. പൊട്ടിച്ചിരിച്ച് നടക്കുന്ന അപരന്‍റെ ഉള്ളിൽ ഒരു അഗ്നിപർവ്വരം ഉണ്ടെന്ന് ഞാൻ അറിയാതെപ്പോയി.
ഉറക്കമുണർന്ന് ക്ഷീണിച്ച മുഖവും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തിരിച്ചു പോകുമ്പോൾ അപരൻ എന്‍റെ കയ്യിൽ നിന്നും അഞ്ഞൂറു രൂപ കടം വാങ്ങിക്കൊണ്ടാണ് പോയത്.
അന്നു വൈകുന്നരം കടം തിരിച്ചു തരാനായി അപരൻ എന്‍റെ ബാങ്ക് അക്കൌണ്ട് നമ്പറും എൈ എഫ് എസ്സ് സി കോഡും വിളിച്ചു ചോദിച്ചു.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വലിയ തുക അയാൾ എന്‍റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീട് വിളിക്കാൻ നോക്കുമ്പോൾ അയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. എന്തൊക്കയാണ് സംഭവിക്കുന്നത് എന്നു മനസ്സിലാവാതെ കുഴങ്ങുമ്പോൾ നഗരത്തിലെ ഒരു ആശുപത്രിയിൽ നിന്നും എനിക്ക് ഒരു ഫോൺകോൾ വന്നു. “താങ്കളുടെ സുഹൃത്ത് അജയൻ അത്യാസന്ന നിലയിലാണ്. അയാൾ താങ്കളെ കാണാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു ആ സന്ദേശം.
ഞാൻ പെട്ടെന്ന് ആശുപത്രിയിലേക്കു തിരിച്ചു. അപരൻ അത്യാസന്ന നിലയിൽ എൈ.സി യൂവിലുണ്ടായിരുന്നു. അയാൾക്ക് അടുത്ത ദിവസം ഒരു മേജർ സർജറി നിശ്ചയിച്ചിരുന്നു. അയാളുടെ ലിവറും കിഡ്നിയും ഹൃദയവും ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർ പറഞ്ഞു. ഇതു കൂടാതെ കുത്തഴിഞ്ഞ ജീവിതം സമ്മാനിച്ച ഷുഗറും കോളസ്ട്രോളുമെല്ലാമുണ്ട്. സർജറിയുടെ വിജയ സാദ്ധ്യത വളരെ കുറവാണെന്നും മരിക്കുകയാണെങ്കിൽ സഹോദരിയെയല്ലാതെ ആരേയും അറിയിക്കേണ്ടെന്നും ബോഡി പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിലേക്ക് വിട്ടു നൽകിയതായി സമ്മതപത്രം തന്നിരിക്കയാണെന്നും ഡോക്ടർ അറിയിച്ചപ്പോൾ ഞാനാകെ അസ്വസ്ഥനായി.
“അവസാനമായി അജയൻ താങ്കളെ കാണാൻ ആഗ്രഹിക്കുന്നു. വരൂ..” ഡോക്ടറുടെ പിറകെ ഞാൻ എൈ സി യൂ വിലെ തണുപ്പിലേക്ക് കയറി.
ചുണ്ടിലൊരു തളർന്ന ചിരിയുമായി അപരൻ കിടപ്പുണ്ടായിരുന്നു. അടുത്ത ചെന്നയുടനെ അപരൻ എന്‍റെ കൈപിടിച്ചു നെഞ്ചോടു ചേർത്തു. “ഞാൻ താങ്കളോട് ഒരു സഹായം അഭ്യർത്ഥിച്ചത് ഓർമ്മയുണ്ടോ? അത് മരിക്കുന്നതിനു മുൻപുള്ള എന്‍റെ ഒരു ആഗ്രഹമാണ്. അത് താങ്കൾ ചെയ്തു തരുമെന്ന് ഉറപ്പു തരണം..”പതിഞ്ഞ സ്വരത്തിൽ അപരൻ ആവശ്യപ്പെട്ടു.
“എന്താണെന്നു പറയൂ, കേൾക്കട്ടെ..” ഞാൻ സുരക്ഷ തേടുകയായിരുന്നു.
“ചെയ്യാമെന്ന് ഉറപ്പു തരൂ” അയാൾ വീണ്ടും വാശി പിടിച്ചു ഞാൻ നിസ്സഹായതയോടെ ഡോക്ടറെ നോക്കി
“കഴിയുമെങ്കിൽ ചെയ്തു കൊടുക്കൂ.. ഒരു സുഹൃത്തിന്‍റെ ആഗ്രഹമല്ലേ.” ഡോക്ടറും നിർബന്ധിച്ചപ്പോൾ എനിക്ക് ശരിയെന്ന് തലയാട്ടേണ്ടിവന്നു.
അപരന്‍റെ കണ്ണുകൾ നിറഞ്ഞു “എനിക്കറിയാം നിങ്ങൾ എന്നെ കൈവിടില്ലെന്ന് ..എന്‍റെ അച്ഛനും അമ്മയും പാവങ്ങളാണ്. പ്രായമായി. രണ്ടാൾക്കും കാഴ്ചശക്തിയില്ല. ഞാൻ അവരെ സ്നേഹിച്ചിട്ടില്ലെങ്കലും അവർക്ക് എന്നോടിപ്പോഴും വലിയ സ്നേഹമാണ്. ഞാൻ മരിക്കുന്ന കാര്യം മരിക്കുന്നവരെ അവർ അറിയരുത്. അവർക്കത് താങ്ങാൻ കഴിയില്ല. വർഷത്തിൽ ഓണത്തിനും വിഷുവിനും മാത്രമെ ഞാൻ അവരെ കാണാൻ പോകാറുള്ളു . അവർക്കുടുക്കാനുള്ള കോടിവസ്ത്രവുമായാണ് ഞാൻ പോകുക. അവർ സ്പർശനത്തിലൂടെയാണ് എന്നെ തിരിച്ചറിയുക. ഞാൻ മരിച്ചാൽ എനിക്കു വേണ്ടി താങ്കൾ അവരെ കാണാൻ പോകണം.
എനിക്കു വേണ്ടി പുതു വസ്ത്രങ്ങൾ വാങ്ങി നൽകണം.അതിനുള്ള തുക ഞാൻ താങ്കളുടെ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. പെങ്ങളോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. എന്നെ സഹായിക്കണം”
തൊഴുകൈകളോടെ അപരനങ്ങനെ പറഞ്ഞപ്പോൾ എന്‍റെ കണ്ണുകളും അറിയാതെ നിറഞ്ഞുപോയി. എൈ സി യൂ വിൽ നിന്നും പുറത്തു കടക്കുമ്പോൾ എന്‍റെ മനസ്സ് അശാന്തവും ശോകമൂകവുമായിരുന്നു.
കുറച്ചു ദിവസങ്ങൾക്കകം അപരന്‍റെ മരണവാർത്ത എന്നെ തേടിയെത്തി. അതിനു പുറകെ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള അപരന്‍റെ ഒരു കത്തും വന്നെത്തി. അതിൽ അയാളുടെ മേൽവിലാസവും വീട്ടിലേക്ക് എത്തി ചേരാനുള്ള വഴികളുമെല്ലാം വളരെ വ്യക്തമായി എഴുതിയിരുന്നു. എനിക്ക് വല്ലാത്ത ഒരു ശൂന്യതയാണ് അപ്പോൾ അനുഭവപ്പെട്ടത്.
ഓണത്തിന് എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാൻ അപരന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു. വികസനം എത്തിനോക്കാത്ത ഒരു ഉൾനാടൻ ഗ്രാമമായിരുന്നു അത്. കരിമ്പനകൾ കാറ്റിലുലയുന്ന, ചെമ്മൺപ്പാതകളിലൂടെ കാളവണ്ടികൾ മുടന്തി നീങ്ങുന്ന, ചെറിയ മാടക്കടകൾ മാത്രമുള്ള ഒരു കൊച്ചു ഗ്രാമം.
അപരൻ അയച്ചുതന്നിരുന്ന മേൽവിലാാസമന്വോഷിച്ച് ഞാൻ നടന്നു. നാട്ടുകരുമായി അപരന് വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്നും എനിക്കു മനസ്സിലായി. പലർക്കും അയാളെ അറിയുകപോലും ഉണ്ടായിരുന്നില്ല. ഒടുവിൽ പച്ചപിടിച്ച പാടത്തിനെ പിളർന്നുപോകുന്ന ചെമ്മണ്ണു പുതച്ചുറങ്ങുന്ന ഒരു കാളവണ്ടിക്കു കടന്നു പോകാൻ മാത്രം വീതിയുള്ള വഴിയിലൂടെ നടന്നെത്തിയത് ഒരു പഴയ നാലുകെട്ടിന്‍റെ പടിപ്പുരയിലേക്കായിരുന്നു.
കുറ്റബോധവും അല്പം പരിഭ്രമവും എന്‍റെ കാലുകളെ തളർത്താൻ തുടങ്ങിയിരുന്നു. കരകര ശബ്ദത്തോടെ തുറന്ന പടിപ്പുര വാതിലിലൂടെ ശങ്കിച്ച് ശങ്കിച്ച് ഞാൻ അകത്തു കടന്നു. പൂമുഖപ്പടിയിലിരുന്ന് വട്ടമുറത്തിൽ നെല്ല് ചേറിക്കൊണ്ടിരുന്ന ഒരു യുവതി പെട്ടെന്ന് മുറം പൂമുഖപ്പടിയിൽ വെച്ച് ഇറങ്ങിവന്നു.
അതിശയത്തോടെ അവൾ എന്നേ നോക്കി നിന്നു.” ഏട്ടൻ എഴുതിയത് എത്ര ശരിയാണ്. ശരിക്കും ഏട്ടനെപ്പോലെത്തന്നെയുണ്ട്, അത്ഭുതം തന്നെ വരൂ...”
അവളുടെ പിന്നലെ നിശ്ശബ്ദനായി ഞാൻ നടന്നു. പാടത്തെ തഴുകിയെത്തിയ തണുത്ത അന്തിക്കാറ്റ് വൃക്ഷശിഖരങ്ങളെ ഊയലാട്ടിക്കൊണ്ട് അതു വഴി കടന്നുപോയി. അകലെയേതോ അമ്പലത്തിൽ നിന്നും കതിനവെടി മുഴങ്ങുകയും ഭക്തിഗാനം പതിയെ ഒഴുകി വരുകയും ചെയ്തു.
“കാലു കഴുകി അകത്തേക്ക് വന്നോളൂ..” ചവുട്ടുകല്ലിൽ വെച്ചിരുന്ന കിണ്ടി എടുത്തു നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
“അച്ഛനും അമ്മക്കും വല്ല സംശയവും തോന്നുമോ? വലിയ തെറ്റാണ് ഞാൻ ചെയ്യുന്നത് ..” ഞാൻ എന്‍റെ ആശങ്ക അവളെ അറിയിച്ചു
“ഒരു തെറ്റുമില്ല. ഈ ജീവിതത്തിൽ എന്‍റെ ഏട്ടൻ ചെയ്ത ഒരേ ഒരു നല്ല കാര്യം ഇതാണെന്നാണ് എനിക്കു തോന്നുന്നത്. വരൂ..”
അരണ്ട പകൽ വെളിച്ചം അരിച്ചെത്തുന്ന പുറത്തളവും നാലിറയവും കടന്ന് കെട്ടിന്നറയിലേക്ക് നടക്കുമ്പോൾ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു “അമ്മേ..അച്ഛാ.. ദാ..ഏട്ടൻ വന്നു..”
കെട്ടിന്നറയിലെ എണ്ണ വിളക്കിന്‍റെ മഞ്ഞവെളിച്ചത്തിൽ കട്ടിലിൽ ഇരിക്കുന്ന വൃദ്ധരായ അജയന്‍റെ അച്ഛനേയും അമ്മയേയും ഞാൻ കണ്ടു.
“വരൂ..വരൂ..” അവർക്കിടയിൽ വന്നിരിക്കാൻ വിളിച്ചപ്പോൾ എനിക്ക് ഒരു കൊച്ചുകുട്ടിയെപ്പോലെ അനുസരിക്കാനേ കഴിഞ്ഞുള്ളു. അവരിരുവരുടേയും വിരലുകൾ മുഖത്തും ശരീരത്തിലും സഞ്ചരിക്കുമ്പോൾ ഞാനാകെ അസ്വസ്ഥനായി. കള്ളം പിടിക്കപ്പെടുമോ എന്ന ഭയം എന്നിലുടെ കയറിയിറങ്ങി.
“മോനിത്തിരി മെലിഞ്ഞു പോയല്ലോ.. ഭക്ഷണമൊന്നും ശരിക്ക് കഴിക്കുന്നില്ലെ? എന്താ നിന്‍റെ ശരീരത്തിന്‍റെ മണത്തിനൊരു മാറ്റം? മരുന്നു വല്ലതും കഴിക്കുന്നുണ്ടോ? നിന്‍റെ നെറ്റിയിലെ മുറിവ് എവിടെ? കൈവിരലുകൾ എന്താ ഇത്ര പരുപരുത്തിരിക്കുന്നത്..?”
ഒരായിരം ചോദ്യങ്ങൾക്കൊടുവിൽ “ എന്നാലും നീ വന്നല്ലോ ഞങ്ങൾക്ക് സന്തോഷായീ..” എന്നു കേട്ടപ്പോഴാണ് എന്‍റെ ശ്വാസം നേരെ വീണത്.
“കുളത്തില് പോയീ കുളിച്ചോളൂ.. എണ്ണ തേക്കാൻ മറക്കണ്ട..കല്പടവില് നല്ല വഴുക്കലുണ്ടവൂട്ടോ.. സൂക്ഷിക്കണേ..” എന്നു പറഞ്ഞപ്പോൾ കുഴമ്പിന്‍റെയും ചന്ദനതിരിയുടെയും ഗന്ധം നിറഞ്ഞ മുറിയിൽ നിന്നും ഞാൻ പുറത്തു കടന്നു.
കരിങ്കൽപ്പടവുകളുള്ള കുളത്തിലെ തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ മനസ്സും ശരീരരവും പാപചിന്തകളിൽ നിന്നും ശുദ്ധീകരിക്കപ്പെടാൻ നിശ്ശബ്ദമായി പ്രാർത്ഥിക്കുകയായിരുന്നു ഞാൻ. ചീവിടുകളും തവളകളും പാട്ടുപാടുന്ന, പാലക്കാടൻ കാറ്റു വീശുന്ന രാത്രിയിൽ നാടൻ വിഭവങ്ങൾക്കൊണ്ടുള്ള അത്താഴംകഴിച്ച് ഒരു ഗ്ളാസ് ചൂടു പാലും കുടിച്ച് മുകളിലെ വരാന്തയിൽ പുല്ലുപായ വിരിച്ച് നിലത്ത് ഞാൻ കിടന്നു. പുറത്ത് ഓണ നിലാവിൽ കുളിച്ചു നിൽക്കുന്ന വലിയ മാമരച്ചില്ലകൾ തണുത്ത കാറ്റിൽ ദലമർമ്മരങ്ങളോടെ ഇളകിയാടി. ദൂരെ പാടത്തിനക്കരെനിന്നും ആരോ കൂക്കിവിളിക്കുകയും പാട്ടുപാടുകും ചെയ്തു. ഉറക്കം ഓടിയെത്തി അതിന്‍റെ സ്വപ്നങ്ങളില്ലാത്ത ഗാഢനിദ്രക്കയത്തിലേക്ക് എന്നെ വലിച്ചിട്ടത് എപ്പോഴാണെന്നുപോലും എനിക്കറിയാൻ കഴിഞ്ഞില്ല.
കിളികളുടെ കലപിലയും അകലെയേതോ അമ്പലത്തിൽ നിന്നുമുള്ള ഭക്തിഗാനങ്ങളുമാണ് എന്നെ ഉണർത്തിയത്. പഴുന്നുറുക്കും ഉപ്പേരിയും ദോശയുമെല്ലാമുള്ള പ്രാതലൊരുക്കിയിരുന്നു
“ഇങ്ങനെയുള്ള ഒരു ഏട്ടനെയായിരുന്നു എനിക്കിഷ്ടം.യാതൊരു ബഹളവുമില്ലാത്ത, കുത്തുവാക്കും കളിയാക്കലും കുറ്റപ്പെടുത്തലുമില്ലാത്ത സ്നേഹം മാത്രമുള്ള ഒരു ഏട്ടനെ. ചോദിക്കാൻ അർഹതയില്ലെങ്കിലും ചോദിക്കട്ടെ. എട്ടന് അജയേട്ടന്‍റെ സ്ഥാനത്ത് ഇവിടെ നിന്നു കൂടേ. വയസ്സായ അച്ഛനും അമ്മക്കും അതു വലിയ ഒരു ആശ്വാസമാകും”
പ്രഭാത ഭക്ഷണത്തിനിടയിൽ അജയന്‍റെ പെങ്ങൾ പറഞ്ഞത് ഞാൻ കേട്ടില്ലെന്ന് നടിച്ചു.
“അജയേട്ടൻ സ്വത്തെല്ലാം ചെറിയ വിലക്ക് വിറ്റു കളഞ്ഞെങ്കിലും ഞാനൊന്നും വിറ്റിട്ടില്ല. ഏട്ടൻ ഇങ്ങോട്ടു വരുമ്പോൾ കണ്ട പാടം മുഴുവൻ ഇപ്പോഴും ഞങ്ങളുടേതാണ്. പിന്നെ പത്തേക്കർ തെങ്ങിൻപ്പറമ്പുമുണ്ട്. ഇതെല്ലാം നോക്കി നടത്താൻ എനിക്കൊറ്റക്ക് കഴിയുന്നില്ല. അഞ്ചു വർഷം മുൻപ് ഭർത്താവ് മരിച്ചപ്പോൾ ഞാൻ അജയേട്ടനോട് ഇവിടെ നിൽക്കാൻ പറഞ്ഞതാണ്. അജയേട്ടൻ ആരു പറഞ്ഞാലും അനുസരിക്കാത്ത ഒരാളാണ്”
ഞാനൊന്നും മറുപടി പറഞ്ഞില്ല. മരിച്ചുപോയ മറ്റൊരാളായി ജീവിച്ചുകൊണ്ട് അവിടെ നിൽക്കുന്ന ഓരോ നിമിഷവും തീക്കനലിൽ നിൽക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. പുറത്ത് ആരോ വന്നതറിഞ്ഞ് അജയന്‍റെ പെങ്ങൾ പുറത്ത് പോയി. തിരിച്ചു വന്നപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറു ചിരിയുണ്ടായിരുന്നു
“ഏട്ടനെ കാണാൻ ഒരാൾ വന്നിട്ടുണ്ട്. വിളിക്കട്ടെ. മറ്റാരുമല്ല മുറപ്പെണ്ണാണ്. പേടിക്കണ്ട. സീതോപ്പോളോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്” അനുവാദം ചോദിക്കതെത്തന്നെ ഒരു നാടൻപെണ്ണ് കടന്നു വന്നു. എന്നെ നോക്കി അവൾ അത്ഭുതം നിറഞ്ഞ മിഴികളോടെ സ്തംഭിച്ചു നിന്നു.
‘ഈശ്വരാ..ശരിക്കും അജയേട്ടനെപ്പോലെത്തന്നെയുണ്ട്. സ്വഭാവം അജയേട്ടന്‍റെതാകാതിരുന്നാൽ മതിയായിരുന്നു. ഒരു ദിവസം എല്ലാ ചീത്ത സ്വഭാവവും മാറി അജയേട്ടൻ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാൻ.. ഇതിപ്പോൾ..” അവളുടെ കണ്ണുനീർ പ്രളയം സൃഷ്ടിക്കുമെന്ന് ഭയന്ന് ഞാൻ എഴുന്നേറ്റു.
അപരിചിതങ്ങളായ ബന്ധങ്ങളുടെയും സ്നേഹത്തിന്‍റെയും ചിലന്തിവല കാലം എനിക്കു ചുറ്റും നെയ്യുന്നത് അസ്വസ്ഥതയോടെ ഞാൻ അറിഞ്ഞു.
അജയന്‍റെ അച്ഛനും അമ്മക്കും പുതുവസ്ത്രങ്ങൾ കൊടുത്തപ്പോൾ അവർ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ആശിർവാദത്തിന്‍റെ കുളിരുള്ള സ്പർശം തലയിൽ നിന്നും ശരീരമാസകലം വ്യാപിക്കുന്നതുപോലെ എനിക്കു തോന്നി.
“പോകാൻ എന്താ ഇത്ര ധൃതി ? രണ്ടൂസം കഴിഞ്ഞിട്ട് പോയാ പോരേ..?” അവർ ചോദിച്ചു
“പോകണം കുറേ ജോലിയുണ്ട്. വീണ്ടും വരാം.”.എന്‍റെ വാക്കുകൾ ഇടറാതിരിക്കാൻ എനിക്കു ബുദ്ധിമുട്ടേണ്ടി വന്നു. ക്ഷമിക്കു.. മതാപിതാക്കളെ.. ഞാൻ കാണിച്ച കള്ളങ്ങളോട് എന്നോട് ക്ഷമിക്കൂ, ഇതെന്‍റെ നിയോഗമാണ്. ഒരു പക്ഷ ഭൂമിയിൽ മറ്റാർക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വല്ലാത്ത ഒരു നിയോഗം. ഒരു പുണ്യ തീർത്ഥത്തിനും കഴുകി കളയാനാകാത്ത പാപനിയോഗം..
നിറഞ്ഞ കണ്ണുകളോടെ യാത്ര തിരിക്കുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കാൻ. ഞാൻ പരമാവധി ശ്രമിച്ചു. നഗരത്തിലേക്കുള്ള ബസ്സ് യാത്രയിൽ പിന്നോട്ട് ഓടി മറയുന്ന ദൃശ്യങ്ങൾ നൽകുന്ന അയഥാർത്ഥ സംവേദനമായിരുന്നു കഴിഞ്ഞു പോയ കാര്യങ്ങൾ എന്ന് ഓർക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. നഗരത്തിൽ ബസ്സിറങ്ങിയ ഞാൻ ആദ്യം പോയത്
പത്രമോഫീസിലേക്കായിരുന്നു. അപരനായിരുന്ന അജയനിൽ നിന്നുമുള്ള മോചനം എനിക്ക് വളരെ അത്യാവശ്യമായി തോന്നിയ ഒരു നിമിഷമായിരുന്നു അത്. ഞാൻ അജയന്‍റെ ചരമപരസ്യം എഴുതി നൽകി. “ഫോട്ടോ വേണമല്ലോ സർ.. “പരസ്യവിഭാഗത്തിലെ ജീവനക്കാരൻ പറഞ്ഞു.
എന്‍റെ കയ്യിൽ അപരനായിരുന്ന അജയന്‍റെ ഫോട്ടോ ഉണ്ടായിരുന്നില്ല. ആ പരസ്യത്തിൽ ഫോട്ടോ അത്യവശ്യമാണെന്ന് എനിക്കു തോന്നി. അജയനുമായി ബന്ധപ്പെട്ട രൂപത്തിൽ നിന്നും, പേരിൽ നിന്നുമെല്ലാമാണ് എനിക്ക് മോചനം വേണ്ടത്.
ഞാൻ പേഴ്സിൽ സൂക്ഷിച്ചിരുന്ന എന്‍റെ പാസ്പോർട്ട് സൈസ് ഫോട്ടോ അവിടത്തെ ജീവനക്കാരനു നൽകി പത്രമോഫീസിൽ നിന്നും പുറത്തു കടന്നു. മനസ്സ് ശാന്തമായതുപോലെ എനിക്കു തോന്നി. ഞാൻ അപരനിൽ നിന്നും മോചനം നേടിയിരിക്കുന്നു.
നഗര വീഥിയിൽ വെച്ച് ഞാൻ ഒരു പഴയകാല സുഹൃത്തിനെ കണ്ടുമുട്ടി. ഇന്ത്യൻ കോഫീഹൌസിന്‍റെ ഇരുണ്ട മൂലയിരുന്ന് ചായ കുടിക്കുന്നിനിടയിൽ ഞാൻ അപരനുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അവനുമായി പങ്കുവെച്ചു.
“വളരെ വിചിത്രമായിരിക്കുന്നു. ഇത് ശരിക്കും സംഭവിച്ചതാണോ? വിശ്വസിക്കാനാവുന്നില്ല. ഒരാളെപ്പോലെ ഏഴുപേർ ഉണ്ടാകുമെന്ന് എവിടെയോ ഞാൻ വായിച്ചതായി ഓർക്കുന്നു “ സുഹൃത്ത് പറഞ്ഞു.
“സാറെന്താ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തിട്ട് വാങ്ങാൻ വരാഞ്ഞത്?” ബില്ല് കൊടുക്കുന്ന നേരം കൌണ്ടറിലെ ജീവനക്കാരന്‍റെ ചോദ്യം കേട്ട് ഞാൻ ഞട്ടി.
“വെജിറ്റേറിയനായ താൻ എന്നു മുതലാണ് ചിക്കൻ ബിരിയാണി കഴിക്കാൻ തുടങ്ങിയത്?” സുഹൃത്തിന്‍റെ ചോദ്യം കേട്ട് ഞാൻ ചിരിക്കുകമാത്രം ചെയ്തു. ദൂരേ ദൂരേ എവിടെയോ ഇരുന്ന് അപരൻ കളിയാക്കി ചിരിക്കുന്നത് ഞാൻ മാത്രം കേട്ടു.