(V. SURESAN)
ടീച്ചർ വടിയെടുത്ത് മേശയിൽ അടിച്ച് കുട്ടികളുടെ ശ്രദ്ധയാകർഷിച്ചു. ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ച് ജനശ്രദ്ധയാകർഷിച്ച ടീച്ചർക്ക് ഇതു നിസ്സാരം. ടീച്ചറുടെ ആകർഷണത്തിൽ കുട്ടികൾ നിശ്ശബ്ദരായി.
സാമൂഹ്യശാസ്ത്രം ആണ് വിഷയം. സാമൂഹ്യ അകലം പാലിക്കണമെന്ന ഉത്തരവ് വന്നിട്ടും സാമൂഹ്യവും ശാസ്ത്രവും അകലം പാലിക്കാതെ ഒന്നിച്ചു തന്നെ നിൽക്കുകയാണ്. സ്കൂൾ തുറന്നിട്ട് മൂന്നുദിവസം ആകുന്നതേയുള്ളൂ. ഒന്നു രണ്ടു വിഷയങ്ങൾ മാത്രമേ പാഠ്യ ഭാഗത്തേക്കു കടന്നിട്ടുള്ളൂ. സംഘടനാ പ്രവർത്തകനായ ഒരു അധ്യാപകൻ ഇതുവരെ ക്ലാസ്സിൽ വന്നിട്ട് പോലുമില്ല. കുട്ടികൾ തമ്മിലും പരിചയപ്പെട്ടു വരുന്നതേയുള്ളൂ.
ഇന്ന് സാമൂഹ്യ ശാസ്ത്രത്തിൻറെ രണ്ടാമത്തെ ക്ലാസ് ആണ്. സച്ചുവിന് ലിസി ടീച്ചറുടെ ക്ലാസ്സ് ഇഷ്ടപ്പെട്ടു. സിലബസിൻ്റെ വേലി ചാടാൻ മടിയില്ലാത്ത ടീച്ചർ ആയതുകൊണ്ട് ക്ലാസ് ബോറടിക്കില്ല. മാത്രമല്ല ടീച്ചറുടെ ആടയാഭരണങ്ങൾക്കു തന്നെ പ്രത്യേക തിളക്കവും ഭംഗിയും ഉണ്ട്. ഒരു സിനിമാ താരത്തെ നോക്കിയിരിക്കുന്ന പോലെ നോക്കിയിരിക്കാം.
"എല്ലാവരും ബുക്ക് എടുത്ത് ഒരു വീടിൻറെ ചിത്രം വരയ്ക്കൂ. നിങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടോ നിങ്ങളുടെ ഭാവനയിലുള്ള വീടോ ആകാം."
കുട്ടികൾ വരച്ച് തുടങ്ങിയപ്പോൾ ടീച്ചർ തുടർന്നു: "ഓരോ മുറികൾക്കും പേര് കൊടുക്കുകയും വേണം."
സിലബസിന് അകത്തുള്ളത് ആയാലും പുറത്തുള്ളത് ആയാലും സംഗതി കൊള്ളാം. പാർപ്പിടം മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ടതാണല്ലോ. ആഹാരം, വസ്ത്രം, പാർപ്പിടം. ഉച്ചക്കഞ്ഞിയും യൂണിഫോമും ആയ സ്ഥിതിക്ക് ഇനി വീടു തന്നെയാണ് വേണ്ടത്.
സച്ചു, വീടു വരച്ച് മുറികൾക്കു പേരുനൽകി. എൻറെ മുറി, ചേച്ചിയുടെ മുറി, അച്ഛൻറെയും അമ്മയുടെയും മുറി…. അങ്ങനെയങ്ങനെ കാർ പാർക്കും പട്ടിക്കൂടും ഒക്കെയുള്ള വലിയ വീടു തന്നെയാണ് അവൻ വരച്ചത്. പിന്നെ തിരിഞ്ഞ് അടുത്തുള്ള കുട്ടിയുടെ ബുക്കിൽ നോക്കി. അലൻ എന്നാണ് ആ കുട്ടിയുടെ പേര് എന്ന് രാവിലെ പറഞ്ഞ പരിചയം മാത്രമേയുള്ളൂ. ഓരോ ദിവസവും കുട്ടികളെ സ്ഥാനം മാറ്റി ഇരുത്തുന്നതുകൊണ്ട് ഇന്നാണ് അവൻ സച്ചുവിൻ്റെ അടുത്തായത്.
അലനും വീട് വരച്ചു കഴിഞ്ഞു. അടുക്കളയെന്നും ഭക്ഷണമുറിയെന്നും എഴുതിയിരിക്കുന്നതിനു മുന്നിലായി ആപ്പീസു മുറി, കിടപ്പു ഹാൾ, എന്നിങ്ങനെയാണ് കണ്ടത്. കിടപ്പുമുറി എന്നല്ലേ എഴുതേണ്ടത്? വീട്ടിൽ എന്തിനാണ് ഓഫീസ്? ആ കുട്ടിയുടെ അറിവില്ലായ്മ ഓർത്ത് അച്ചുവിന് ചിരിവന്നു. എങ്കിലും ടീച്ചർ വഴക്കു പറയും എന്നോർത്ത് അവനെ തിരുത്താനൊന്നും പോയതുമില്ല.
"എന്തായി?"എന്ന ടീച്ചറുടെ ചോദ്യം കേട്ട് കുട്ടികൾ "വരച്ചു ടീച്ചർ." എന്ന് വിളിച്ചു പറഞ്ഞു.
"എന്നാൽ വീടിനൊരു പേര് കൊടുക്ക്. എന്നാലേ പൂർണ്ണമാകൂ." ഇംഗ്ലീഷ് പേര് കൊടുക്കാമോ എന്ന് ഒരാൾക്ക് സംശയം.
"ഏതു പേരും കൊടുക്കാം. എൻറെ വീടിൻറെ പേര് ജാസ് വില്ല എന്നാണ്... ഇതാ നോക്ക് - " ടീച്ചർ മൊബൈലിൽ തൻറെ വീടിൻറെ പൊങ്ങച്ചം കുട്ടികൾക്ക് കാട്ടിക്കൊടുത്തു. വലിപ്പമുള്ള ടീച്ചറിൻ്റെ വലിപ്പമുള്ള വീടു കണ്ട് സച്ചുവിന് അത്ഭുതം.
സച്ചു, ടീച്ചറെ അനുകരിച്ചു കൊണ്ടു തൻറെ വീടിന് പേരുകൊടുത്തു - 'സച്ചു വില്ല'.
പിന്നെ അലൻറെ വീടിൻറെ പേര് അറിയാൻ അവൻറെ ബുക്കിലേക്ക് നോക്കി.
'അനാഥമന്ദിരം'
ഒരു നിമിഷം! അത് വായിച്ച് സച്ചു ഏതോ അത്ഭുത വസ്തുവിനെ നോക്കുന്നപോലെ അലനെയും അവൻറെ വീടിനെയും മാറി മാറി നോക്കി. പിന്നെ നോട്ടം തിരികെ തൻ്റെ ബുക്കിൽ എത്തിയപ്പോൾ അവിടെയും അത്ഭുതം സംഭവിച്ചിരിക്കുന്നു. തൻറെ വീട് വളരെ വളരെ ചെറുതായിരിക്കുന്നു. സച്ചു, തലയുയർത്തി ടീച്ചറെ നോക്കി. അപ്പോഴേക്കും ടീച്ചർ വീടുകൾ പാലു കാച്ചാൻ തുടങ്ങിയിരുന്നു.