ഒരു സ്വപ്നം അതായിരുന്നു പൂജയുടെ ഉറക്കം കെടുത്തിയത്. ഒരേ സമയം ഉണരാനുമുറങ്ങാനുമാവാതെ ഭീതിപൂണ്ട ദിനങ്ങൾ, മുറിയുടെ മൂലയിലേക്കു നോക്കുമ്പോൾ തനിക്കായി ഇഴപിരിച്ചുണ്ടാക്കിയ ഒരു കുടുക്ക് തന്നെ നോക്കി പൊട്ടിച്ചിരിക്കും പോലെ.
നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു എന്നാരോ മന്ത്രിക്കും പോലെ "പൂജാ .... പൂജാ എന്തെടുക്കുകയാ നീയവിടെ, വേഗം കുളിച്ചു റെഡിയാവൂ കുട്ടീ, അവരിപ്പോഴിങ്ങെത്തും, ഞാനങ്ങോട്ടു വരണോ അതോ നീ വേഗം റെഡിയാവുമോ "? മമ്മയുടെ വാക്കുകൾ കേട്ട് പൂജ ചിന്തയിൽ നിന്നു ഞെട്ടി. മമ്മാജി എന്തിനെന്നോ ഇങ്ങനെ അലറി വിളിക്കുന്നത്, എന്നെ വാങ്ങാനായി ആരോ വരുന്നുണ്ടത്രേ, വിലപേശി വില്ക്കുന്ന ഇരുകാലി മൃഗമാണ് ഞാൻ, മനുഷ്യമൃഗം, പെൺ മൃഗം, അറക്കാനാണോ വളർത്താനാണോയെന്നു പോലും മമ്മാജി തിരക്കിയില്ല, മമ്മാജിക്ക് വില കിട്ടിയാൽ മതി, പതിനായിരത്തിൽ കൂടുതൽ കിട്ടണം, പത്തു മാസം ഉദരത്തിൽപ്പേറിയതിന്റെ കൂലി, മക്കളെ പെറ്റു വില്ക്കുന്നയമ്മ. പതിനാലു വയസ്സു തികയാൻ കാത്തിരുന്നതാ മമ്മാജി, മാർക്കറ്റിൽ പതിനാലുകാർക്കാത്രേ ഡിമാൻഡ്, പെണ്ണാവണ്ടായിരുന്നു അതു കൊണ്ടല്ലേ വില്പന ചരക്കാവണ്ടി വന്നത്. പെറ്റമ്മയെന്ന വാക്കിന്റെ നിർവചനം, പെറ്റു പോറ്റി വില്ക്കുന്നവൾ എന്നാണോ?
പെൺമളെ മാത്രം പ്രസവിക്കാനായിരുന്നു മമ്മാജിയുടെ ആഗ്രഹം,പപ്പാജീക്ക് ഒന്നുമറിയണ്ട കാലാകാലങ്ങളിൽ മമ്മാജിക്ക് പ്രസവിക്കാനായി മമ്മാജിയുടെ വയറ്റിലേക്ക് ഓരോ കുട്ടികളെ കടത്തിവിടുന്ന ജോലി മാത്രം.
മമ്മ പ്രസവിച്ച ഏഴു പെൺമക്കളിൽ മൂന്നാമത്തെവളാണു ഞാൻ, ദീദി മാരെയും ഇതുപോലെ ആരൊക്കെയോ കാണാൻ വന്നിരുന്നു. അവർ കൈയിൽ വച്ചു കൊടുത്ത പുതിയ കുറച്ചു നോട്ടുകൾ കൈയിൽ കിട്ടിയപ്പോ അമ്മ അവരെ വന്നവർക്ക് വിറ്റു. പതിനായിരമായിരിക്കണം അവർക്കും കിട്ടിയത്. ഞാനന്നു കുറച്ചു കൂടി ചെറിയ കുട്ടി ആയതു കൊണ്ട് കാര്യങ്ങളെക്കുറിച്ചു വലിയ ധാരണയില്ല. ദീദി മാർ പോയപ്പോ മുതൽ വലിയ സങ്കടമായിരുന്നു. കുറേ ദിവസം കഴിഞ്ഞ് അവർ മടങ്ങി വരുമെന്നു തന്നെയായിരുന്നു എന്റെ പ്രതീക്ഷ. പിന്നെ പതിയെ പതിയെ അവരെ എല്ലാവരും മറന്നു.
മമ്മാജിയുടെ വലിയ വിലയാണ് പതിനായിരം. അടുത്ത ഊഴം എനിക്കാണ്. എന്റെ വില മമ്മാജി കുറച്ചു കൂടി കൂട്ടി. കാരണം ഞാൻ വെളുത്തിട്ടാണ്. പോരെങ്കിൽ സുന്ദരിയും. അതുകൊണ്ട് പതിനായിരത്തിൽ നിന്നു ഇരുപതിനായിരത്തിലെത്തിയെന്റെ വില. മമ്മ അവരോട് വിലപേശുന്നതു കേട്ട ഞാൻ ഞെട്ടി. മമ്മ എനിക്കിട്ട ഇരുപതിനായിരം കൂടുതലെന്ന് വന്നവർ. പതിനഞ്ചിനാണേൽ സമ്മതിക്കാമെന്ന് അവരൊറ്റ വില പറഞ്ഞു.
''പതിനെട്ടാണെങ്കിൽ ഇന്നു തന്നെ നിങ്ങൾക്കു കൊണ്ടു പോകാം. ഇല്ലേൽ നാളെ വേറെ ആളുകൾ വന്നു കൊണ്ടു പൊയ്ക്കോളും. വെറുതേ സംസാരിച്ചു നില്ക്കുന്നതു മറ്റുള്ളവർ കാണണ്ട." എന്നു മമ്മാജി തറപ്പിച്ചു പറഞ്ഞു. പതിനെട്ടായിരം കൈയിൽ തന്നാൽ ഇന്നുതന്നെ നിങ്ങൾക്കവളേയും കൂട്ടി പോകാം. ഇല്ലെങ്കിൽ അതിനായിനി ഇങ്ങോട്ടു വരണ്ടതില്ല. ആവശ്യക്കാർ വേറെയുമുണ്ട്.
പുതിയൊരു കാഗ്ര ചോളി, കുറേ കുപ്പിവളകൾ, ഒരു ജോഡി കമ്മലുകൾ, കാലിലണിയാൻ മുത്തു വച്ച പാദസരങ്ങൾ, അങ്ങനെ ജീവിതത്തിലാദ്യമായി അണിഞ്ഞൊരുങ്ങാൻ കുറച്ചേറെ സാധനങ്ങൾ, ജീവിതത്തിലൊരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ലാത്തവയായിരുന്നു, പടത്തിൽ കാണുമ്പോഴൊക്കെ എന്തോരം ആഗ്രഹിച്ചിട്ടുണ്ടെന്നറിയാമോ, എന്നെങ്കിലുമൊരിക്കൽ ഇതൊക്കെ കിട്ടണേ ദൈവമേയെന്ന് എത്ര വട്ടമാപ്രാർത്ഥിച്ചിട്ടുള്ളതെന്നെനിക്കു പോലുമറിയില്ല. ദൈവം ഇത്ര പെട്ടെന്ന് പ്രാർത്ഥന കേൾക്കുമെന്നു വിചാരിച്ചില്ല. പക്ഷേ ഞാനിതാണോ പ്രാർത്ഥിച്ചത്, അല്ലല്ലോ.
ഞാനിപ്പോൾ സന്തോഷിക്കയാണോ വേണ്ടത്? സങ്കടം വന്നിട്ട് കണ്ണിൽ നീർ പൊടിഞ്ഞെങ്കിലും അതു മറയ്ക്കാൻ എത്രയാ പാടുപെട്ടത്.
പതിനായിരത്തിനു വിറ്റ ചേച്ചിമാരെ ഈ വീട്ടിലാരും പിന്നീട് കണ്ടിട്ടേയില്ല, അവർ ഇങ്ങോട്ടും വന്നിട്ടില്ല അപ്പോൾ എന്റേയും ഈ വീട്ടിലെ അവസാന ദിവസമായിരിക്കും ഇന്ന്, പൊട്ടിക്കരയാൻ തോന്നി പക്ഷേ സങ്കടം തൊണ്ടയിൽ കുടുങ്ങിയ പോലെ, എനിക്കു. താഴെയായി ഇനി നാലു പേർ. പന്ത്രണ്ടു വയസ്സുള്ള പവിത്രയും പത്തു വയസുകാരി സോനയും എന്നെ മിഴിച്ചു നോക്കുന്നു. കൊതിയോടെ എനിക്കു കൊണ്ടു വച്ച പുതുവസ്ത്രത്തിലേക്കും ആഭരണത്തിലുമൊക്കെ തൊട്ടു നോക്കുന്നു. അടുത്തതായി ഊഴം കാത്തു നില്ക്കുന്ന ഇരുകാലികശാപ്പു മൃഗങ്ങൾ അവരാണെന്നവർക്കറിയില്ലല്ലോ?
ഇനിയും മമ്മാജി പ്രസവിക്കും. വില്ക്കാൻ വേണ്ടി മാത്രം. എന്നെങ്കിലും ഏതെങ്കിലും ഒരാളെ വളർത്താൻ വേണ്ടി പ്രസവിക്കുമോ. അറിയില്ല പക്ഷേ ഒന്നറിയാം ഇന്നെന്റെ യവസാന ദിവസം. മമ്മാജിയും പപ്പാജിയും കൂടപ്പിറപ്പുകളുമൊത്ത്. ആർക്കും ഒരു വിഷമവുമില്ല. മമ്മാജിയുടെ മുഖത്ത് പതിനെട്ടായിരത്തിന്റെ സന്തോഷം പൂത്തുലഞ്ഞു നില്ക്കുന്നു.
മമ്മാജി വാങ്ങി വച്ച പുതുവസ്ത്രങ്ങളണിഞ്ഞ് കാത്തിരിപ്പ് തുടരുകയായി. പലവട്ടം കണ്ണുകൾ വാതിൽ വരെ ചെന്നെത്തി നോക്കി തിരികെവന്നു. കശാപ്പുകാരുടെ തലവട്ടം ദൂരെക്കണ്ടപ്പോഴെ ഹൃദയം നിലച്ച പ്രതീതി. അവർ പുഞ്ചിരിയോടെ അകത്തു വന്ന് രണ്ടായിരത്തിന്റെ ഒൻപതു നോട്ടുകൾ മമ്മാജിയുടെ കൈയിൽ കൊടുത്തു. അപ്പോൾത്തന്നെ അതിൽ നിന്നും രണ്ടായിരം മമ്മാജി പപ്പാജിക്കു കൊടുത്തു. പിതാവിനുള്ള പ്രതിഫലം. പപ്പാജി നേരെ അതുമായി വൈൻ ഷോപ്പിൽ പോകും. ഇന്നവർക്ക് രണ്ടാൾക്കും ഉത്സവവും ഉത്സാഹവുമാണ്. ഇനി എന്റെ യാത്ര എങ്ങോട്ടെന്നറിയാതെ കഴുത്തിലെ കുടുക്ക് മുറുകുമോ എന്നറിയാതെ അനന്തതയിലേക്കുള്ള യാത്ര....
കൂട്ടിക്കൊണ്ടു പോകാനായി രണ്ടു പേർ വന്നു. ചിരിച്ച മുഖങ്ങളായിരുന്നു അവർക്ക്. എന്നെ നോക്കി പലവട്ടം അവർ പുഞ്ചിരിച്ചെങ്കിലും ഒരു ചിരി പോലും അവർക്ക് ഞാൻ തിരിച്ചു കൊടുത്തില്ല. അറവുമൃഗത്തിന് സന്തോഷമില്ലെന്നവർക്കറിയാമാ എന്ന് എനിക്കുമറിയില്ലായിരുന്നു. കാറിലായിരുന്നു എന്നെ കൂട്ടാനായി അവർ വന്നത്. ജീവിതത്തിലന്നാദ്യമായി ഞാൻ കാറിൽക്കയറിയ ദിവസം. ഏതോ ഒരു വലിയ ബംഗ്ലാവിന്റെ മുറ്റത്ത് കാർ നിന്നു. അത്ഭുതലോകത്തെത്തിയ ആലീസിനെപ്പോലെ ഞാനും ഒന്നു പകച്ചു. അവർ എന്നേയും കൂട്ടികൊട്ടാരസദൃശമായ വീട്ടിനകത്തളത്തിലേക്ക്. അവർ ബോസ് എന്നു വിളിക്കുന്ന വലിയ മനുഷ്യന്റെ മുന്നിലേക്കവർ എന്നെയും കൂട്ടി നടന്നു ചെന്നു.
എന്നെക്കണ്ടയുടനെ തന്നെ അകത്തു നിന്നും ഒരു സ്ത്രീ ഒരു താലത്തിൽ എന്തൊക്കെയോ കൊണ്ടുവന്നു. ബോസ് അതിൽ നിന്നും ഒരു നുള്ള് കുങ്കുമം എന്റെ നെറ്റിയിലും സീമന്തരേഖയിലും അണിയിച്ചു. താലി കോർത്ത ഒരു സ്വർണമാല എന്റെ കഴുത്തിലുമണിയിച്ചു. ഞാനിപ്പം മുതൽ ഈ ബോസിന്റെ ഭാര്യയായിരിക്കുന്നു. ഒന്നെനിക്ക് മനസ്സിലായി എന്നെ വളർത്തുന്നതിനൊപ്പം ഇഞ്ചിഞ്ചായി അറക്കുകയും കൂടി ചെയ്യുന്ന ജീവിത മാണെനിക്ക് കിട്ടിയത്. ഒരു മുറിയുടെ മൂലയിൽ കഴിഞ്ഞിരുന്ന എനിക്ക് വിശാലമായ ഒരു മുറി സ്വന്തമായിരിക്കുന്നു. ഒന്നിനും പുറത്തു പോകണ്ട എല്ലാം മുറിയിൽത്തന്നെ. പക്ഷേ എന്റെ ജോലി അറുപതു വയസ്സുള്ള ഭർത്താവിന്റെ തണുപ്പ് മാറ്റുക എന്നതു മാത്രം. മമ്മാജിക്ക് സന്തോഷിക്കാം, എന്നെ വലിയ നിലയിൽ കെട്ടിച്ചു വിടാനായല്ലോ എന്നോർത്ത്. ദീദിമാരും ഇതുപോലെ എവിടെയെങ്കിലും തണുപ്പ് മാറ്റുമായിരിക്കുമോ? ആർക്കറിയാം.
വർഷങ്ങൾ പത്തു കഴിഞ്ഞിരിക്കുന്നു. ഇരുപത്തിനാലു വയസ്സുള്ള വിധവയായ പൂജയാണു ഞാനിന്ന്. കോടീശ്വരി. ബോസിന്റെ സകല സ്വത്തിന്റേയും ഏക അവകാശി.
വീണ്ടും ഞാനവരെ കണ്ടു. എന്നെ അന്നിവിടെ കൂട്ടിക്കൊണ്ടു വന്നവരെ. അവരോട് ഞാനെന്റ ആവശ്യം പറഞ്ഞു. ഒന്നുകൂടി മമ്മാ ജിയെക്കാണണം. അവിടെയിപ്പോ എന്റെ ഇളയ അനുജത്തിക്ക് പതിനാല് വയസ്സായിക്കാണും. അൻപതിനായിരം രൂപാ മമ്മാജിക്ക് കൊടുത്തിട്ട് അവളെ കൂട്ടിക്കൊണ്ടുവരണം. എനിക്കവളെ വളർത്തണം, പഠിപ്പിക്കണം, ഉദ്യോഗക്കാരിയാക്കണം. നല്ലൊരു പുരുഷനെ കൊണ്ട് കെട്ടിക്കണം. അവളുടെ മക്കളെ വളർത്തണം. എനിക്കു കിട്ടാത്തതെല്ലാം അവളിലൂടെ നേടിയെടുക്കണം. ഞാനിവിടെ കാത്തിരിക്കുകയാണ് അവൾക്കു വേണ്ടി.....