ഉറ്റചങ്ങാതിയാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടും അവനെന്നെ വിളിച്ചിരുന്നു. 'ദോസ്ത്.. നാളെ ഒരു ലൊക്കേഷൻ കാണാൻ പോകണം. ക്യാമറ കരുതിക്കോണം. ഒരു ഏഴുമണിയോടെ.. ഞാൻ ജംക്ഷനിലെത്താം . സംഭവം ഒരു പത്തിരുപതു കിലോമീറ്റർ അപ്പുറത്താണ്'.
കുറേക്കാലം അവൻ നോർത്തിലായിരുന്നു. അതായിരിക്കാം. വീണ്ടും കണ്ടപ്പോൾ പേര് വിളിക്കുന്നതിനുപകരം അവനു ഞാൻ 'ദോസ്ത്' ആയത്.
പ്രത്യേകിച്ചൊന്നും പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തിരുന്നു. അല്ലെങ്കിലും അവനു മറുപടി വേണ്ടായിരുന്നു. പറയുന്നത് അപേക്ഷയുടെ രൂപത്തിലാണെങ്കിലും ഒരു ആജ്ഞാശക്തി അതിലുണ്ടായിരുന്നു എപ്പോഴും.. അതുകൊണ്ടുതന്നെ അവനോട് ഇടപഴകുന്നവർക്ക് അതെളുപ്പം മനസ്സിലാവും . ഏഴുമണിയെന്നൊക്കെ വെറുതെ പറയുന്നതാ.. നാളെ രാവിലെ ആറുമണിക്ക് കക്ഷി ജംക്ഷനിൽക്കാണും .. ഒരു ചായയൊക്കെക്കുടിച്ച്.. സ്‌കൂൾ ജംക്ഷനിലായതിനാൽ ഇപ്പോൾ അവിടുളള കടകളിൽ സിഗരറ്റ് കിട്ടാറില്ല.. പക്ഷെ സ്‌കൂളുകളിൽ കഞ്ചാവ് യഥേഷ്ടം ലഭ്യമാണ് .. നിയമത്തെ പല്ലിളിച്ചുകാണിക്കുന്ന ഒരുതരം ലാളിത്യം. അതുകൊണ്ടുതന്നെ ഒരു ഫർലോങ്ങോളം നടന്നുപോയി തങ്കച്ചന്റെ കടയിൽനിന്ന് ചാർമിനാർ വാങ്ങി, അവിടെനിന്നുതന്നെ ഒരെണ്ണം വലിച്ച്,വീണ്ടുമൊരെണ്ണം കത്തിച്ചുപിടിച്ചുകൊണ്ട് വീണ്ടും ജംക്ഷനിലേക്കു നടക്കും. അപ്പോഴേക്കും ഏകദേശം ആറേമുക്കാൽ മണിയായിരിക്കും. പിന്നൊരു പതിനഞ്ചുമിനിട്ടല്ലേ? കക്ഷിക്ക് അതൊക്കെ പുല്ലുപോലെ!
നോർത്തിൽനിന്നുവന്നിട്ട് കുറേക്കാലം ഒരുപണിയുമില്ലാതെ കുത്തിയിരുന്നു. അതിനിടയ്ക്ക് കല്യാണം.. രണ്ടുകുട്ടികൾ . അത്യാവശ്യം കുടുംബസ്വത്തൊക്കെ ഉള്ളതുകൊണ്ട് എങ്ങനെയൊക്കെയോ അവൻ തള്ളിനീക്കി . അതിനുശേഷമാണ് ഭാര്യക്ക് പഞ്ചായത്തിൽ ജോലി കിട്ടുന്നത് . അത് അവനൊരു ഊർജ്ജമായിരുന്നു. തുഴയുമ്പോൾ കൂടെത്തുഴയാൻ ഒരാളായല്ലോ ? അങ്ങനെയാണ് കക്ഷി ഡോക്യൂമെന്ററിയിലേക്ക് എത്തിപ്പെടുന്നത്. കേരളത്തിലെ കാലഹരണപ്പെട്ടുകിടക്കുന്ന അമ്പലങ്ങൾ, കാവുകൾ .. അതൊക്കെയായിരുന്നു കക്ഷിയുടെ റിസേർച്ചിന്ന് ആധാരം.. എവിടെപ്പോയാലും കുറെയധികം ഫോട്ടോകൾ നിർബന്ധം. അത് ഞാൻതന്നെ എടുക്കണമെന്നുള്ളത് വേറൊരു നിർബന്ധം. അതിനു വണ്ടിക്കാശുപോലും മുടക്കി ഞാൻ പോകുന്നത്, ഫോട്ടോഗ്രഫിയോടുള്ള കമ്പംകൊണ്ടൊന്നുമല്ല. ഒരു ഉറ്റചങ്ങാതി പറയുമ്പോൾ മറുത്തുപറയാൻ ഒരു മടി. ഒരുപക്ഷെ ആ യാത്രകൾ ഞാനും ഇഷ്ടപ്പെട്ടിരുന്നുവെന്നുവേണം പറയാൻ. കുറച്ചുനേരത്തേക്കെങ്കിലും ജീവിതപ്രാരാബ്ധങ്ങൾ മറന്ന്. പ്രകൃതിയോട് ഇഴുകിച്ചേർന്നൊരു അലച്ചിൽ. സമയത്തിന് ഭക്ഷണമില്ലാതെ, ഉച്ചയയ്ക്കുപോലും കട്ടൻചായ കുടിച്ചും.. തോന്നിയപോലെ സിഗററ്റുവലിക്കുന്ന അവനെനോക്കി. വല്ലപ്പോഴും സിഗററ്റുവലിച്ചിട്ടുള്ള ഞാൻ കാണിക്കുന്ന ഒരു വെപ്രാളം. അവസാനം അഞ്ചെട്ടു സിഗരറ്റ് വലിച്ചതിനുശേഷം .. 'നിനക്ക് പറ്റിയ സാധനമല്ല. കൂമ്പ് വാടിപ്പോകും,' ന്നു പറഞ്ഞൊരെണ്ണം കയ്യിൽ തരികയും, പാതിവലിച്ചുതീരുമ്പോഴേക്കും തിരിച്ചുമേടിച്ചു സ്വയം വലിക്കുകയും ചെയ്യും.
എന്റെ ജോലിക്കു തടസ്സംവരാതെ മിക്കവാറും ഞായറാഴ്ചകളിലായിരിക്കും സവാരി. എന്നെയൊന്നു കണികാണാൻകൂടെ കിട്ടുന്നില്ലെന്നുള്ള വീട്ടുകാരത്തിയുടെയും മക്കളുടെയും പരാതിയുടെ ഇടയിലൂടെ നടന്നാണ് ഞാൻ അക്കരയെത്തുന്നത്. പക്ഷെ അവർക്കും അവനെ ഇഷ്ടമാണ്.. അതുകൊണ്ടുതന്നെ അവരാരും, പരിഭവങ്ങളുണ്ടെങ്കിൽപോലും.. കടുപ്പിച്ച് ഇതുവരെ പറഞ്ഞിട്ടില്ല.
ഞാൻ കുളികഴിഞ്ഞുവന്നപ്പോഴേക്കും ആറ് അമ്പത്. ഇന്ന് അവന്റെ വായിൽനിന്നു ഭരണിപ്പാട്ട് കേൾക്കാം എന്നൊരു തോന്നൽ ഉയർന്നതോടെ, അല്പം സ്പീഡുകൂട്ടി. ഭാര്യ കൊണ്ടുവച്ച ചായ ഒരിറക്ക് കുടിച്ചുവെന്നുവരുത്തി, ഇറങ്ങാൻ തുടങ്ങിയപ്പോൾ.
'കല്യാണമൊന്നുമല്ലല്ലോ. കൃത്യസമയത്തിനു ഫോട്ടോഗ്രാഫർ എത്തിച്ചേരാൻ. കണ്ട കാട്ടിലും, മേട്ടിലും അലഞ്ഞുനടക്കാനല്ലേ? പിന്നെ സമയത്തിന് എന്തെങ്കിലും കഴിച്ചോണം. അങ്ങേർക്ക് വിശപ്പും ദാഹവുമൊന്നുമില്ല. നിങ്ങളങ്ങനല്ലല്ലോ? .. ഹോ കഷ്ടം ! ആ ചൈത്രയുടെ കാര്യം . പിള്ളേരും.. എങ്ങനെ ഇതിനെയൊക്കെ സഹിക്കുന്നോ?'
തിരിഞ്ഞുനിന്നാൽ ശരിയാവില്ല. ഒരു വളിച്ചചിരി പാസ്സാക്കി പുറത്തോട്ടിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
'കറിവെക്കാൻ ഒന്നുമില്ല കേട്ടോ. ഉച്ചക്കുമുന്നേ വരുമെങ്കിൽ എന്തെങ്കിലും മീൻ മേടിച്ചോ. ഇല്ലെങ്കിൽ ഇപ്പൊ റോഡിൽക്കാണും മീൻകാര് .. മേടിച്ചുതന്നിട്ടുപോയാ. കറിവെച്ചുവെക്കാം. '
പോക്കെറ്റിൽനിന്ന് ഒരു ഇരുന്നൂറു രൂപയെടുത്തുകൊടുത്തു.
'നീ അവന്മാരോട് പറ. കിടന്നുറങ്ങാതെ.. പോയി മേടിച്ചോണ്ടുവരാൻ. എന്റെ സമയമൊന്നും പറയാൻ പറ്റില്ല.'
'ഹം.. '
അവള് നോട്ടും വാങ്ങിക്കൊണ്ട് തിരിഞ്ഞൊരു നടത്തം.
'പാവമാ. അതല്ലേ എന്നെപ്പോലെ ഒരുത്തനെ സഹിക്കുന്നത് ?'
ബൈക്ക് സ്റ്റാർട്ട് ചെയ്തതേയുള്ളു. മൊബൈൽ ബെല്ലടിച്ചു. ആദ്യം വാച്ചിലോട്ടാണ് നോക്കിയത്. സമയം ഏഴുകഴിഞ്ഞു. കക്ഷി ഭരണിപ്പാട്ട് ലൈവ് ആയിട്ട് കേൾപ്പിക്കാൻ പോവാണ്. എടുത്തില്ല. ബൈക്ക് സ്റ്റാർട്ട് ചെയ്തു ഗേറ്റിനു പുറത്തോട്ട് . വീണ്ടും ബെല്ലടിച്ചു.
'ആ രമണിച്ചേച്ചി ഒരു നിശ്ചയത്തിന്റെ കാര്യം പറഞ്ഞിരുന്നു. ഫോട്ടോ എടുക്കാൻ.. ഞാൻ പറഞ്ഞു. രാവിലെ വിളിക്കാൻ. എടുത്തുനോക്ക്.. അവരായിരിക്കും. വല്ലതും തടയുന്ന കേസാ. ചുമ്മാ.'
അവള് പോയിട്ടില്ല കേട്ടോ. കതകിനുപിന്നിൽ മറഞ്ഞുനിന്നു ഞാൻ പോകുന്നത് നോക്കുവാ ല്ലേ?
ഫോണെടുത്തു നോക്കി . കക്ഷിയാണ് ..
'വരുന്നൂ.'
'വരണ്ടാ .. നേരെ മെഡിക്കൽ കോളെജിലോട്ടു വിട്ടോ. '
മറ്റാരുടെയോ സൗണ്ട് ആണല്ലോ.?
'ഡാ. ഇത് ലോനപ്പനാ.. നിന്നെനോക്കി ഇവിടെനിന്നതാ അവൻ. ഇടയ്ക്ക് ഒരു പട്ടിക്കുഞ്ഞു റോഡിനുനടക്കോട്ടോടി.. കിഴക്കൂന്ന് വണ്ടി വരുന്നതുകണ്ടോണ്ട്.. അവൻ അതിനെ രക്ഷിക്കാൻ കുനിഞ്ഞതാ.. ഒരു എരണംകെട്ട ബൈക്കുകാരൻ ഇടിച്ചിട്ടു. പട്ടി ഓടിപ്പോയി. ഇവന്മാരേ രണ്ടുപേരേം മെഡിക്കൽ കോളെജിലോട്ടു കൊണ്ടുപോയി. നീ അറിയും ആ കോളനിയിലെ ചെല്ലപ്പന്റെ ചെക്കനാ. മിനിയാന്നാ അഞ്ചാറുലക്ഷം വിലയുള്ള ബൈക്ക് മേടിച്ചുകൊടുത്തത്. സംവരണംകൊണ്ട് സർക്കാറുജോലികിട്ടിയവന്റെ കുത്തിക്കഴപ്പ്. അല്ലാണ്ടെന്താ? ഇല്ലേ? പതിനെട്ടു തികയാത്ത പിള്ളേർക്ക്.. ആരെങ്കിലും.?? ' .
എന്റെ സപ്തനാഡികളും തളർന്നുപോയി.
'ഡാ.. നീ കേക്കുന്നുണ്ടോ .. ? അല്ലെ .. ഒരു കാര്യംചെയ്യ്.. നീ ഇങ്ങോട്ടുവാ.. ഞാനൂടെ വരാം .. അവന്റെ ഫോൺ എന്റെ കൈയിലാ.. ആ പെണ്ണിനോട് പറയാൻ ആള് പോയിട്ടുണ്ട് . അവളും പിള്ളാരും വന്നാൽ അവരെയൊന്നൊതുക്കി നിറുത്തണമെങ്കിൽ ഞാൻതന്നെ വേണം . '
'ശരി .. '
ഭാര്യയെവിളിച്ച് കാമറ അടങ്ങിയ ബാഗ് തിരിച്ചുകൊടുത്തിട്ട് അവളോട് ചുരുക്കത്തിൽ കാര്യങ്ങൾ പറഞ്ഞു.
ലോനപ്പനുമായി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും സംഗതി കഴിഞ്ഞിരുന്നു. ബൈക്കിന്റെ ഇടിയുടെ ശക്തിയിൽ തെറിച്ചു റോഡിലോട്ടുവീണപ്പോൾ തലയാണ് ഇടിച്ചത്. ചെല്ലപ്പന്റെ ചെക്കൻ കൊണ്ടുചെല്ലുമ്പോഴേ മരിച്ചിരുന്നു. അവനു ബൈക്ക് ഓടിച്ചൊന്നും അത്ര പരിചയമില്ലായിരുന്നു. അതും സ്പോർട്സ് ബൈക്ക്. ! പത്തിലെ റിസൾട്ട് മറ്റന്നാൾ വരാനിരുന്നപ്പോഴാ.
അലമുറയിട്ടുകരയുന്ന ചൈത്രയെയും മക്കളെയും സമാധാനിപ്പിക്കാനൊന്നും മനസ്സുവന്നില്ല. ഒരിടത്തുമാറി വെറുതേയിരുന്നു. മനസ്സുമുഴുവൻ രണ്ടുപേരുംകൂടെ ബൈക്കിൽ പോകുന്നതും.. കാവുകളും കുളങ്ങളും താണ്ടുന്നതും.. ആവശ്യത്തിനും അനാവശ്യത്തിനും ഫോട്ടോകൾ എടുപ്പിക്കുന്നതു മൊക്കെയിയായിരുന്നു. അങ്ങനെ ആകെയുണ്ടായിരുന്ന ഒരുറ്റമിത്രം. അവനും നടന്നുനിന്നു.
എംബാം ചെയ്തു ബോഡി കിട്ടിയപ്പോഴേക്കും അഞ്ചുമണി കഴിഞ്ഞിരുന്നു. അവന്റെ സ്വന്തക്കാരും ബന്ധക്കാരും അന്യദേശങ്ങളിൽ ഉള്ളതുകൊണ്ട് പിറ്റേദിവസത്തേക്കാക്കി ശവമടക്ക്.
അവരുടെ പള്ളി അവിടെ അടുത്തുതന്നെയാണ്. നാളെ അവിടെയൊരു കുഴിമാടത്തിൽ, ഒന്നും മിണ്ടാനാവാതെ, അമ്പലങ്ങളും, കാവുകളും, കുളങ്ങളുമൊന്നും ചുറ്റിത്തിരിയാനാവാതെ അവൻ കിടക്കും. മണ്ണിന്റെ ഗന്ധം അവന്റെ മൂക്കിൽ തുളഞ്ഞുകയറും.. അപ്പോൾ അവനു ശ്വാസം മുട്ടില്ലേ? ശ്വാസം ഉണ്ടെങ്കിലല്ലേ? നെഞ്ചിൻകൂട് മൊത്തം തുളയായിരിക്കും. അല്ല പുകയായിരിക്കും. അത്രയ്ക്കല്ലേ വലിച്ചുകൂട്ടിയിരുന്നത്? ഒരു പാക്കറ്റ് ചാർമിനാർ വാങ്ങി അവന്റെ കുഴിമാടത്തിലിടണം. അതില്ലാതെ അവനു ജീവിക്കാൻ പറ്റുകയില്ലല്ലോ ? പന്ന……നാറി .. ഇത്രപെട്ടെന്നു പോകേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
രാവിലെ അച്ചന്മാർ വന്നു.. മെത്രാന്മാർ വന്നു.. വേദപുസ്തകങ്ങൾ തുറക്കപ്പെട്ടു. മരിച്ചവന്റെ ആത്മാവിനു ശാന്തിയേകിക്കൊണ്ട് അച്ചന്മാർ ഉച്ചത്തിൽ വിളിച്ചുകൂവി. കർത്താവിനുവേണ്ടി വിലപിക്കുന്നവരുടെ കഴുത്തിൽ പൊൻകുരിശുകൾ തിളങ്ങുന്നു. വ്യാമോഹിപ്പിക്കുന്നു. പ്രലോഭിപ്പിക്കുന്നു.. കൂടിനിൽക്കുന്നവരുടെ കണ്ണുകളിലെ അസൂയ. ശോ .. അച്ഛനോ.. മെത്രാനോ വല്ലതുമായാൽ മതിയായിരുന്നു. എന്നു ധ്വനിപ്പിക്കുന്നുണ്ടായിരുന്നു. അവിടെ എനിക്ക് ഒരു ഫോട്ടോഗ്രാഫറുടെ റോൾ ആയിരുന്നു.
അവന്റെ അനിയനാണ് പറഞ്ഞത്.
'ചേട്ടാ .. ഫോട്ടോ. ചേട്ടൻതന്നെ എടുക്കണം. പിന്നെ വീഡിയോ. അതിനൊക്കെ ഞാൻ ആളെ ഏർപ്പാടാക്കീട്ടുണ്ട്. ഒരു കുറവും വരാൻ പാടില്ല.'
'അവൾക്കും .. മക്കൾക്കും.'
എന്റെ വായിൽനിന്ന് അങ്ങനെയാണ് വീണത്. അവൻ എന്നെയൊന്നു സൂക്ഷിച്ചുനോക്കി, തിരിഞ്ഞുനടന്നു.
ഞാൻ ഡെഡ്ബോഡിയുടെ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു.
എനിക്ക് അവന്റെ മുഖത്തോട്ടു നോക്കാനുള്ള ധൈര്യമൊന്നുമില്ല . എങ്കിലും വ്യൂ ഫൈൻഡറിലൂടെ നോക്കിയല്ല പറ്റൂ? ഭാര്യയും മക്കളും അവിടെ ഒരുമൂലയ്ക്ക് നിൽപ്പുണ്ട്. തമ്മിൽക്കണ്ടിട്ടും ഒരക്ഷരം പരസ്പരം മിണ്ടാതെ. അവസാനം അവളുടെ അടുത്തുകൂടെ പോയപ്പോൾ.
'പള്ളീലോട്ടെടുക്കുമ്പോ.. ഞങ്ങള് വീട്ടിലോട്ടു പോകും .. കേട്ടോ'
എന്നവൾ പറയുന്നതുകേട്ടു.
'ഉം.. '
ചടങ്ങുകൾ അവസാനഘട്ടത്തിലേക്കു കടക്കുന്നു. പ്രധാനപ്പെട്ട വ്യക്തികൾ അവനെക്കാണാനെത്തുമ്പോൾ അതപ്പാടെ പകർത്തിയെടുക്കണം . അവരൊന്നുമില്ലാതെ ഫോട്ടോ കൊടുത്താൽ അവന്റെ അനിയന്റെ വായിലിരിക്കുന്നത് കേൾക്കണം. നാളത്തെ പത്രങ്ങളിൽ നാലുകോളം.. അമ്പതുസെന്റിമീറ്ററിൽ പരേതന്റെ ഫോട്ടോ ഇട്ടാഘോഷിക്കേണ്ടതാണ്.. പ്രധാനപ്പെട്ട വ്യക്തികൾ .. സഹോദരങ്ങൾ. .. അമേരിക്ക.. ഇറ്റലി .. ഉഗാണ്ടാ..
അന്ത്യചുംബനം. ചൈത്രയും മക്കളുമാണ്. അവനോട് നല്ല കൂട്ടായിരുന്നെങ്കിലും അവരുടെ രീതികൾ പലപ്പോഴും ശ്രദ്ധിച്ചിരുന്നില്ല. ചടങ്ങുകളെക്കുറിച്ച് ലേശംപോലും ഗ്രാഹ്യവുമുണ്ടായിരുന്നില്ല. അതിപ്പോൾ ഒരു കുറവായിത്തന്നെ തോന്നുന്നു.
ചൈത്ര അവനെ ഉമ്മവെക്കുകയാണ്. ഞാൻ വ്യൂ ഫൈൻഡറിലൂടെ നോക്കി. ഫോക്കസ് ചെയ്തു. അവളെത്രനേരം അങ്ങനെ നിൽക്കുമെന്നറിയില്ല.. അതുകൊണ്ടുതന്നെ കൂടുതൽ ആംഗിളുകളിൽ ചിത്രങ്ങൾ ഒപ്പിയെടുക്കണം. അതൊരോർമ്മയാണ്. ഈ ചിത്രങ്ങൾ ഇപ്പോൾ ചിത്രങ്ങളേക്കാൾകൂടുതൽ ഡിജിറ്റിലൈസ് ചെയ്ത ആൽബങ്ങളാണല്ലോ. നാളെയും കാണാം. വര്ഷങ്ങള്ക്കുശേഷവും കാണാം. ഫോട്ടോ എടുക്കുന്നുണ്ടെങ്കിലും എന്റെ ചിന്തകളിൽ അവൻ ചാർമിനാർ വലിച്ചുനിൽക്കുന്ന ചിത്രമായിരുന്നു.
പെട്ടെന്ന് .. !
ങേ ?
' നോ.................. '
ചൈത്രയുടെ തൊട്ടടുത്ത് നിൽക്കുന്നതാരാ?
യ്യോ.. അതവനല്ലേ?
ഒരിക്കലും കോട്ടുംസ്യൂട്ടുമിട്ടു കണ്ടിട്ടില്ലെങ്കിലും. അവസാന യാത്രയിൽ അവൻ അങ്ങനെയായിരുന്നു. വെള്ളക്കോട്ടും. വെള്ള പാന്റും .. വെള്ള സോക്‌സും .. കറുത്ത ഷൂ... അതേവേഷത്തിലാണല്ലോ.. അവൻ നില്കുന്നത്? .. കുനിഞ്ഞുനിൽക്കുന്ന ചൈത്രയുടെ തോളിൽ സമാധാനിപ്പിക്കാനെന്നവണ്ണം കൈവച്ചിട്ടുമുണ്ട്. 'ദോസ്ത്.. ഞാനിവിടുണ്ട് കേട്ടോ .'. എന്നുപറയുന്നതുപോലെ എന്നെയൊന്നു നോക്കിയോ? എത്രതവണ ഒരുമിച്ച് ക്ലിക് ചെയ്തതെന്നെനിക്കറിയില്ല.
ഞാൻ വ്യൂഫൈൻഡറിൽനിന്നു കണ്ണെടുത്തു. കാമറമാറ്റി അങ്ങോട്ടുനോക്കി. ചൈത്ര അന്ത്യചുംബനം കൊടുത്തുകഴിഞ്ഞു. ആരൊക്കെയോ ചേർന്നവളെ പിടിച്ചുമാറ്റുന്നു. ഇനി മക്കളുടെ ഊഴമാണ്. പക്ഷെ, അവനെ അവിടെയെങ്ങും കണ്ടില്ല .. എന്റെ തോന്നലാവാം..
ഞാൻ വീണ്ടും വീണ്ടും ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. മനസ്സിന്റെ ഉൾക്കോണിലെവിടെയോ ഒരു ഭയം. പിന്നെ ഒരിക്കലും അവനെ വ്യൂ ഫൈൻഡറിലൂടെ കാണാൻ കഴിഞ്ഞില്ല. അവസാനം. അവന്റെ അമ്മ. അവരെത്തിയപ്പോഴും. ഹോ. വിശ്വസിക്കാൻ കഴിയുന്നില്ല .. അതെ .. ഇതവൻതന്നെ. എന്തിനാടാ ഇങ്ങനെ ദ്രോഹിക്കുന്നേ? മനുഷ്യന് പേടിച്ചിട്ടൊരു ഫോട്ടോപോലും എടുക്കേണ്ടാത്ത അവസ്ഥ.
ഒരൽപം ഒഴിവുകിട്ടിയപ്പോൾ .. ഞാൻ ഫോട്ടോസ് വ്യൂ ചെയ്തുനോക്കി. അധികം പിന്നോട്ടോടേണ്ടിവന്നില്ല . ചൈത്രയും അവനുംതമ്മിലുള്ള ചിത്രങ്ങൾ . ഓരോന്നും ഞാൻ സൂം ചെയ്തുനോക്കി.. ചൈത്രയുടെ അടുത്ത് .. അങ്ങനെയൊരാൾ. എന്റെ മനസ്സിന്റെ വിഭ്രാന്തി. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ!
ചടങ്ങുകൾ കഴിയുന്നതുവരെ പള്ളിയിൽത്തന്നെയുണ്ടായിരുന്നു. അവസാനം അവൻ നിത്യശാന്തതയിലേക്ക് പോയപ്പോൾ തിരിഞ്ഞുനടക്കാതെ തരമില്ലായിരുന്നു. ആരുടേയും കൂടെപ്പോകാൻ ആര്ക്കുമാവില്ലല്ലോ? പെട്ടെന്നാണ് പാന്റിന്റെ പോക്കെറ്റിൽ കിടക്കുന്ന ചാർമിനാർ ഓർമവന്നത് . കുഴിമൂടിക്കഴിഞ്ഞിരുന്നു. ഇനിയാർക്ക്? അടുത്തുനിന്ന ലോനപ്പന്റെ കൈകളിലേക്ക് ചാര്മിനാറിന്റെ പാക്കറ്റ് പകരുമ്പോൾ. ലോനപ്പന്റെ കണ്ണുകളിൽ ഒരു നനവ് പടരുന്നതുകണ്ടു.
ശവമടക്കിനുശേഷം ആളൊഴിഞ്ഞുതുടങ്ങി. ചൈത്രയെയും മക്കളെയും ഒന്നുകാണണമെന്നുണ്ടായിരുന്നു. പക്ഷേ കണ്ടില്ല . പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം? അവന്റെ അനിയന്മാർ അത്ര ശരിയല്ല. വെറുതേ തെറ്റിദ്ധരിച്ച് ആ പെണ്ണിന്റെ ബാക്കിയുള്ള ജീവിതംകൂടെ തുലച്ചുകളയും.
ബൈക്കിനടുത്തെത്തിയപ്പോൾ. അവന്റെ അനിയൻ വന്നു. പോക്കെറ്റിൽനിന്നു കുറച്ചു രൂപായെടുത്ത്, തിരിഞ്ഞുനിന്നു രണ്ടുതവണ എണ്ണി,
'ചേട്ടാ .. ഇത് വെക്ക് . ബാക്കി നമുക്ക് കണക്കുപറയാം '
'വേണ്ടാ. അവനുവേണ്ടി കണക്കുപറയാനുമാത്രം ഒന്നും ഞാൻ ചെയ്തില്ല. ഈ വർക്കിന് എനിക്ക് പണം വേണ്ടാ . സോറി'
എന്തും പണംകൊണ്ട് അളക്കുന്ന അവന്റെ അനിയന് അതൊരു അടിയായിരുന്നു. അവന്റെ പൊളിഞ്ഞ വായയുടെ മുന്നിലൂടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടുനീങ്ങി.
രാത്രി!
നല്ല ക്ഷീണമുണ്ടായിരുന്നു. കിടന്നപ്പോൾത്തന്നെ പതിനൊന്നേമുക്കാൽ. ചില വർക്കുകൾ തീർക്കാനുണ്ടായിരുന്നു. നാലുമണിക്കെങ്കിലും എഴുന്നേറ്റേ പറ്റൂ. കൂടാതെ അവന്റെ ഫോട്ടോകൾ അതിൽ എഡിറ്റ് ചെയ്യേണ്ടതായിട്ടൊന്നുമില്ല. പക്ഷേ നല്ലത് .. ചീത്ത .. തരംതിരിക്കണം . രാവിലെ സ്റുഡിയോയിൽപ്പോയി പ്രിന്റ് എടുക്കണം. രാവിലെതന്നെ പ്രിന്റ് എത്തിക്കണം. ഒരു ഫോട്ടോ പ്രത്യേകം എഡിറ്റുചെയ്തുകൊടുക്കണം എന്നവന്റെ അനിയൻ പറഞ്ഞിരുന്നു. സ്വതവേ ഇരുണ്ടനിറമുള്ള അവനു അൽപ്പം വെളുപ്പ് കൂട്ടിയിട്ടോളാനും പറഞ്ഞിട്ടുണ്ട്. പത്രത്തിലൊക്കെ വരുമ്പോ ഒരു ഗുമ്മ് കിട്ടണമത്രേ!
കിടന്നിട്ടും കിടന്നിട്ടും ഉറക്കം വരുന്നില്ല. എന്തുപറ്റി? എന്തുപറ്റി? എന്നവൾ ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്. ഒന്നുമില്ല എന്നുപറഞ്ഞെങ്കിലും. അവളെ കൂടുതൽ വരിഞ്ഞുമുറുക്കിയാണ് കിടന്നത്. എന്തോ ഒരു ഭയം.
എന്നിട്ടും ഉറങ്ങാനായില്ല.
കമ്പ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്ത ഫയലുകൾ. തരംതിരിച്ചുമാറ്റുന്ന പണിയാണ് അല്പം മെനക്കേട് കണ്ണൊന്നുതെറ്റിയാൽ വേണ്ടതും വേണ്ടാത്തതും ഒക്കെ കയറിക്കൂടും. നല്ലതുനോക്കി ഒരു ഫോൾഡറിലേക്ക് മാറ്റിക്കൊണ്ടിരുന്നു. അവസാനം ..
അവന്റെ മുന്നിൽ ചൈത്ര നിൽക്കുന്ന സീനുകൾ.
ചൈത്ര അവനു മുത്തംകൊടുക്കുന്നു.
ഒന്ന് .. രണ്ട്... മൂന്ന് ..
ഒന്നുമില്ല . മനസ്സിന്റെ ഓരോരോ...
ഹോ .. !
ഞെട്ടിപ്പോയി .. !
ഒരു ഫോട്ടോ.. അതിൽ .. വ്യൂ ഫൈൻഡറിലൂടെക്കണ്ട അതേരൂപം. അതേ. അതവൻതന്നെയാണ്..
അവന്റെ വലതുകൈയിലെ കത്തിച്ചുപിടിച്ച ഒരു ചാർമിനാർ.. !
ദോസ്ത് .. !
അവൻ ജോൺ പോൾ ...