(Sathesh kumar OP)
അയാളും ഭാര്യയും വാടക വീട്ടിലേക്ക് താമസം മാറിയത് പരസ്പരം കൂടുതൽ സ്നേഹിക്കുന്നതിനു വേണ്ടിയായിരുന്നു. കുടുംബാംഗങ്ങളെ മുഴുവൻ പിരിഞ്ഞ് തൻറെ ഒപ്പം ചേരുന്ന ഭാര്യയുടെ സ്നേഹം, മറ്റാരിലേക്കും പങ്കു വയ്ക്കപെടാതിരിക്കുന്ന തുപോലെ തൻറെ സ്നേഹവും അവൾക്ക് മാത്രം ലഭിക്കുന്നതിന് ഒരു വാടക വീടാണ് നല്ലതെന്ന് അയാൾ നിശ്ചയിച്ചു. വിവാഹശേഷമുള്ള വിരുന്നു പോക്കുകൾ രണ്ടാഴ്ചകൊണ്ട് തീർത്ത് വാടകവീട്ടിലേക്ക് താമസം മാറുകയായിരുന്നു.
പത്രവായനയ്ക്കിടെ, കസേരയുടെ അരികിലൂടെ കടന്നു പോയ അവളുടെ കൈ പിടിച്ച് അയാൾ ഒരു ചുംബനം ആവശ്യപ്പെട്ടു. കുടുംബവീട്ടിലായിരുന്നുവെങ്കിൽ ഇതു നടക്കുമായിരുന്നില്ല. ആ വീട് സ്വകാര്യതയുടെ ഒരു പൂന്തോട്ടംമായി മാറി .സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങൾ ചിറക് മുളച്ച് പറന്നു തുടങ്ങുകയാണ്...
ആദ്യ ദിവസമായതിനാലായിരിക്കാം രാത്രി ഉറക്കം വരാൻ വൈകി. ഉറക്കത്തിനിടയ്ക്ക് രണ്ടോ മൂന്നോ വട്ടം ഉണരുകയും ചെയ്തു. എലികൾ കടിപിടി കൂടുന്ന മച്ചിൻ മുകളിലെ കിർ..കിർ... ശബ്ദം. അതുകേട്ട് ഉണർന്നത് നന്നായി, ഓരോ പ്രാവശ്യവും കൂടുതൽ ഇറുകെപ്പുണർന്നു കിടക്കാൻ കഴിഞ്ഞു.
പകൽ അവൾക്ക് ഒരു കൂട്ട് കിട്ടിയിരിക്കുന്നു. മാരിയമ്മ- അയൽവക്കത്തെ ചേച്ചി. വാതോരാതെ സംസാരിച്ചുകൊണ്ട് പുറകെ നടക്കും.മാരിയമ്മയുടെ ഭർത്താവ് മുനി സാമിക്ക് ഇറച്ചി വെട്ടാണ് പണി. പശുവിനെ കൊന്ന് തൊലിയുരിച്ച് തുണ്ടം തുണ്ടമായി വെട്ടി ചെറിയ ഉന്തു വണ്ടിയിൽ കയറ്റി ടൗണിലെ ഇറച്ചി കടയിൽ എത്തിക്കും. തിരികെ വരുമ്പോൾ ഉന്തുവണ്ടിയിൽ മൂടിയിട്ട കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ചാക്കിൽ നിന്ന് ചോരപുരണ്ട എല്ലിൻ കൂട്ടം തലനീട്ടുന്നുണ്ടായിരിക്കും. ഉന്തുവണ്ടി കണ്ടാൽ "നാനും പോട്ടെ ..." എന്നും പറഞ്ഞ് മാരിയമ്മ അയാളോടൊപ്പം ചാടി ഇറങ്ങും. "നീ യങ്കെ ഇരുന്തുക്കോമ്മാ ..." എന്നും പറഞ്ഞ് മുനിസ്വാമി നിഷ്കളങ്കമായി ചിരിക്കും. ചോരപുരണ്ട എല്ലിൻ കൂട്ടം പോലെ തന്നെ തെറിച്ചു നിൽക്കുന്ന കറപിടിച്ച കുറ്റി പല്ലുകൾ കാട്ടി.
ആറ്റിലെ തെളിനീരിൽ അലക്കി പിഴിഞ്ഞെടുത്ത തുണികൾ ബക്കറ്റിൽ തൂക്കി അവൾ വീട്ടിലേക്കു നടക്കുമ്പോൾ വെയിൽ താണ് തുടങ്ങുകയായിരുന്നു. ഇനിയുമുണങ്ങേണ്ട ചില വസ്ത്രങ്ങൾ അകത്തെ മുറിയിലെ അഴയിലേക്ക് വിരിക്കുവാനാണ് കൈഉയർത്തിയത്. നോട്ടം ഉത്തരത്തിലേക്ക് പാളി. നടുങ്ങിപ്പോയി. ഒരു പാമ്പ്, കഴുക്കോലിനിടയിലൂടെ പതുക്കെ ഇഴഞ്ഞ് മറയുന്ന അതിൻറെ വെളുത്ത മുഴുത്ത അടി ഭാഗത്തേക്ക് ഒരിക്കൽ കൂടി നോക്കുവാൻ അവൾക്ക് ധൈര്യം വന്നില്ല.
"അക്കാ..... " എന്ന് ആർത്ത് വിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന പച്ച ചെടി ത്തലപ്പുകൾ കടന്ന് അയാൾ നടന്നു വരുന്നത്, അടച്ചിട്ട ജനലിൻറെ പലകകൾക്കിടയിലെ വിടവിലൂടെ അവൾ കണ്ടു .നെഞ്ചിടിപ്പ് അടങ്ങിയിട്ടുണ്ടായിരുന്നില്ല. ശ്വാസോച്ഛാസത്തിന്റെ വേഗതകുറഞ്ഞിരുന്നില്ല. റോഡിനോട് ചേർന്ന പുൽത്തകിടിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന വീടിൻറെ പടിയിൽ അയാൾ കയറി നിന്നതേയുള്ളൂ. തിടുക്കത്തിൽ വാതിൽ തുറന്ന് അവൾ പുറത്തേക്ക് വന്നു .
"എന്താ വല്ലാതിരിക്കുന്നത്....? വിവർണമായ അവളുടെ മുഖം കണ്ട് അയാൾ ചോദിച്ചു. "ഒന്നുമില്ല." എന്ന അവളുടെ മറുപടിയിൽ അയാൾക്ക് തൃപ്തിയായില്ല. കറുത്ത മുഴുത്ത ഒരു പാമ്പ് അവളുടെ കണ്ണുകളിൽ ഭയം എന്ന വിഷം ചീറ്റുംമെന്ന് അയാൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലല്ലോ.!
ആ വീട്ടിൽ നേരത്തെ പാമ്പ് ഉണ്ടായിരുന്നത്രേ! പഴയ താമസക്കാർക്ക് പാമ്പിനെ പേടി ഉണ്ടായിരുന്നില്ല പോലും! കഴിഞ്ഞ രാത്രിയിലെ കിർ.. കിർ..ശബ്ദം എലികളായിരുന്നില്ല. തലയ്ക്കു മുകളിൽ പുളഞ്ഞു നടന്നത് പാമ്പാണെന്നോർത്തപ്പോൾ, അക്ക എത്ര ആശ്വസിപ്പിച്ചിട്ടും അവളുടെ നെഞ്ചിടിപ്പ് അടങ്ങുന്നില്ല. കൈകളിലെ വിറയൽ അടങ്ങുന്നില്ല. തട്ടിൻ മുകളിലെ കിർ..കിർ.. ശബ്ദത്തിന് കാതോർത്തു നിന്ന് അവൾ മുകളിലേക്ക് വിരൽ ചൂണ്ടി. സീലിംഗ് അടിച്ചിരിക്കുന്ന വെളുത്ത പ്ലാസ്റ്റിക് ബോർഡിലൂടെ ഉരഞ്ഞു നീങ്ങുന്ന പാമ്പിനെ ഇളക്കം അയാളുടെ മുഖത്തേക്കും കാളിമ പടർത്തുന്നത് അവൾ കണ്ടു .
താഴെ പുഴയോരത്ത്, ഇറച്ചി വെട്ടുന്നിടത്തെ ചോരയും ചെറു മാംസക്കഷണങ്ങളും കഴിച്ച് അവിടെ പാമ്പുകൾ തടിച്ചു കൊഴുത്തു വന്നു. അല്ലെങ്കിൽ മാംസ തുണ്ടുകൾക്കായി വരുന്ന എലികളെയോ ചെറുജീവികളെയോ ഭക്ഷിക്കുകയായിരുന്നിരിക്കാം. രാത്രിയിൽ പാമ്പുകളുടെ സങ്കേതം ആ പഴയ വീടായിരുന്നു.
വൈകുന്നേരങ്ങളിൽ, മുറ്റത്തെ വെട്ടിയൊതുക്കിയ പുൽത്തകിടിയിലൂടെ പാമ്പിഴഞ്ഞു വരുന്നതും സെപ്റ്റിക് ടാങ്കി ലേക്കുള്ള ഹോസിലൂടെ കല്ലുകെട്ടിയ തറയിലേക്ക് കയറുന്നതും അവിടെനിന്ന് ജനലരികിലൂടെ ഭിത്തിയും മച്ചും തമ്മിൽ ചേരുന്നിടത്തെ കഴുക്കോലിനിടയിലേക്കുള്ള അവൻറെ സ്ഥിര സഞ്ചാരപാത അവരിരുവരും കണ്ടുപിടിച്ചു. ശബ്ദമടക്കി കാലടികൾ അനക്കാതെ ചേർത്തുപിടിച്ചു നിന്ന് അവൻറെ വൈകുന്നേരങ്ങളിലെ വരവ് അവർ കണ്ടു. കാൽപ്പെരുമാറ്റം കേട്ടാൽ പാമ്പ് മിന്നൽവേഗത്തിൽ മറയുമായിരുന്നു.
ഒരു പൊതിക്കെട്ട് നിറയെ വെളുത്തുള്ളിയുമായാണ് പിറ്റേന്ന് അയാൾ വീട്ടിലേക്ക് വന്നു കയറിയത്. "ചതച്ച വെളുത്തുള്ളി വീടിനുചുറ്റും ഇട്ടാൽ പിന്നെ അവൻ ഈ വഴിക്ക് വരികയില്ല..." അയാൾ അവൾക്ക് ധൈര്യം നൽകി. ഒരു ചെറിയ കരിയിലയനക്കം പോലും ഇപ്പോൾ അവളെ ഭയപ്പെടുത്തുകയാണ്. പാമ്പിനെ അടിച്ചു കൊല്ലാൻ അയാൾ ഒരു നീണ്ട കാപ്പിക്കമ്പ് വെട്ടി ഒരുക്കിവെച്ചു.
അരക്കിലോയോളം വെളുത്തുള്ളി മിക്സിയിൽ അരച്ചുകലക്കി ഒരു ചെറിയ ബക്കറ്റിലാക്കി അയാൾ വീടിനു ചുറ്റും നടന്ന് തളിച്ചു. ഇതിൻറെ മണത്തിൽ മയങ്ങി അവൻ എവിടെയെങ്കിലും കിടക്കും. അപ്പോൾ ഈ കാപ്പിക്കമ്പ് കൊണ്ട് തലയുടെ തൊട്ടുതാഴെ ആഞ്ഞടിക്കണം. വീണ്ടും അടിക്കുവാൻ കമ്പ് ഉയർത്തുമ്പോൾ പാമ്പ് കമ്പിൽ ചുറ്റുവാൻ സാധ്യതയുണ്ട്. തലയിലേക്കാവും വീഴുക. വളരെ സൂക്ഷിക്കണം. ആയത്തിൽ ആഞ്ഞടിക്കാനും, കമ്പ് ചരിച്ച് വലിച്ചുയർത്താനും വശം വേണം. അവനെ കൊന്നാലേ ഇനി സമാധാനമായി ഒന്ന് ഉറങ്ങാൻ കഴിയൂ.
കോഴിയിറച്ചിയുടെ വേവിക്കാത്ത ഒരു കഷണത്തിൽ ഒരു ചൂണ്ട കൊരുത്ത് പ്ലാസ്റ്റിക് നൂലിൻറെ മറ്റേ അറ്റം ജനൽ കമ്പിയിൽ കെട്ടിയിട്ടാൽ പാമ്പ് വന്ന് ഇറച്ചിക്കഷണം വിഴുങ്ങും. ചൂണ്ടയിൽ കുടുങ്ങി പിടച്ചു പിടിച്ച് തനിയെ പാമ്പ് ചാവും. അല്ലെങ്കിൽ തളർന്നു കിടക്കുമ്പോൾ സാവധാനം ചെന്ന് തല്ലിക്കൊന്നാൽ മതി.
അതിലും എളുപ്പമുള്ള ഒരു ഉപായം വേറൊരു സ്നേഹിതൻ പറഞ്ഞു തന്നു: കോഴിമുട്ട പുഴുങ്ങി അത് പാമ്പ് വരുന്ന വഴിയിൽ വെക്കുക. പാമ്പ് അത് വിഴുങ്ങും .വയറ്റിൽ എത്തി കഴിയുമ്പോഴാണ് ഉടയ്ക്കാൻ ശ്രമിക്കുക. പക്ഷേ ഉടയില്ലല്ലോ! പുഴുങ്ങിയ മുട്ട പുറത്തുകളയാൻ കഴിയാതെ ശ്വാസംമുട്ടി പാമ്പ് ചാവും.
എന്നാൽ, എല്ലാ ശ്രമങ്ങളും പരാജയങ്ങളായിരുന്നു. വൈകുന്നേരമോ രാത്രിയോ പാമ്പ് എങ്ങനെയെങ്കിലും വീട്ടിൽ കയറിയിട്ടുണ്ടാവും. സീലിങ്ങിന്റെ ഉയർച്ചതാഴ്ചകളോ ഉടൽ പ്ലാസ്റ്റിക്കിൽ ഉരയുന്ന ശീൽക്കാരമോ അവരുടെ മുഖങ്ങൾ വിവർണമാക്കി. വിഹ്വലമായ കണ്ണുകൾ പരസ്പരം ഒളിപ്പിച്ച് അവരിരുവരും ആശ്വസിപ്പിക്കുവാൻ വൃഥാ ശ്രമിച്ചു.
പാമ്പിന് കയറാവുന്ന എല്ലാ വഴികളും അടയ്ക്കുക എന്നതായിരുന്നു അടുത്ത പോംവഴി. റബ്ബർ കുട്ടയിൽ മണ്ണ് ചുമന്ന് കൊണ്ടുവന്ന്, വെള്ളമൊഴിച്ച് കുഴച്ച് എല്ലാ ദ്വാരങ്ങളും അവർ അടച്ചു. കല്ല് കെട്ടിയ ഭിത്തി മേൽക്കൂരയോട് ചേരുന്ന ഭാഗം മുഴുവനും കാറ്റുപോലും കയറാത്ത വിധം മണ്ണ് കുഴച്ച് പൊത്തിയടച്ചു .
"പകൽ നീ പുറത്തിറങ്ങേണ്ട." അയാൾ അവൾക്ക് നിർദ്ദേശം നൽകി." എന്തായാലും പാമ്പിനി വീട്ടിനകത്ത് കയറില്ല" ആ ജന്തുവിനെ കാണുന്നത് അത്ര ഭയാനകമായിരുന്നു. പുറത്തിറങ്ങുവാൻ അവൾക്ക് ഭയവുമായിരുന്നു. എങ്കിലും എത്രനേരം പുറത്തിറങ്ങാതിരിക്കും ?!
ഈ വലിയ ഭൂമിയുടെ പരപ്പിൽ, പച്ച പ്പുൽത്തകിടിയിൽ, കരിങ്കല്ല് അടുക്കികെട്ടിയ രണ്ടുമുറി വീട്ടിൽ അവർ വീണ്ടും സ്വർഗ്ഗം തീർക്കാൻ തുടങ്ങി. അവളുടെ കവിൾ ത്തുടുപ്പിൽ വീണ്ടും റോസാപ്പൂക്കൾ വസന്തം കൊണ്ടുവന്നു. ഇറുകെ പുണർന്നു കിടന്ന് നേരം പുലരും വരെ അവർ ഉറങ്ങി. അവളുടെ കണ്ണുകളിൽ നിന്ന് ഭയം ഇറങ്ങിപ്പോയിരുന്നു.... അയാളുടെയും.!
പ്രഭാതത്തിൽ വീട്ടുമുറ്റത്തെ പുൽത്തകിടി നിറയെ തുഷാരബിന്ദുക്കൾ ഉണ്ടായിരിക്കും. ഒന്നിറങ്ങി നടന്നു വന്നാൽ കാലിൽ ജലകണങ്ങൾ പറ്റി പിടിച്ചിട്ടുണ്ടാവും. എത്ര സൂക്ഷിച്ചു നടന്നാലും കുറച്ച് പുൽക്കൊടി തുമ്പുകൾ മുറിഞ്ഞ് പറ്റിയിരിക്കും. വഴിക്ക പ്പുറത്തെ മരക്കൊമ്പിൽ കിളിപാടി ശ്രദ്ധ ക്ഷണിക്കുന്നു. പെട്ടെന്നൊരു കരിയിലയനക്കം ! പുൽത്തകിടിയും കടന്ന് കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു പോകുന്ന പാമ്പിന്റെ വാലു മാത്രമേ അയാൾ കണ്ടുള്ളൂ.
അടുക്കളയിൽനിന്നും എന്തിനോ ഇറങ്ങിവന്ന അവൾ ഒറ്റനോട്ടത്തിൽ തന്നെ അയാളുടെ കണ്ണുകളിലെ ഭയം കണ്ടുപിടിച്ചു." പിന്നെയും പാമ്പിനെ കണ്ടോ..."? " അതിവിടെ.... തന്നെ... യുണ്ട് " ! അവളൊരു ദീർഘനിശ്വാസമയച്ചു." ഇനി എന്ത് ചെയ്യും....?" അവളുടെ മുഖത്തേക്കും ഭയത്തിന്റെ ഇരുണ്ട നിഴൽ പതിയെ ചാഞ്ഞു വീണു.
വീട്ടിൽ നിന്നും ഒരു വളവ് കൂടി വഴി നടന്നാൽ ഒരു വർക്ക് ഷോപ്പുണ്ട്. ഒന്നുരണ്ട് കാറുകളും ഓട്ടോറിക്ഷയും ഒക്കെ റിപ്പയറിങിന് കിടപ്പുണ്ടാകും. മൂന്നുനാല് പണിക്കാരും പിന്നെ കുറച്ച് ഡ്രൈവർമാരും അവിടെ സാധാരണ കാണും. പാമ്പിനെ കൊല്ലാൻ അവരെ ആരെയെങ്കിലും വിളിക്കാം. ആരെങ്കിലും സഹായിക്കാതിരിക്കില്ല.
വീട്ടിനകത്ത് എപ്പോഴും തണുപ്പാണ്. കാൽവിരലുകൾ കോച്ചിവലിക്കുന്നതു പോലെ തോന്നിയപ്പോൾ വാതിൽതുറന്ന് വെയിലിലേക്ക് അവൾ ഒന്നിറങ്ങി. എങ്ങോട്ടും നോക്കാതിരിക്കുന്നതാണ് നല്ലതെന്ന് അറിയാമായിരുന്നിട്ടും അവൾ വെറുതെ ഒരു വശത്തേക്ക് ഒന്ന് നോക്കി പോയി. തലയും വാലും നേർരേഖയിൽ വച്ച് ഉടലെല്ലാം വളച്ച് വളച്ചിട്ട് വെയിലിൽ മേനി തിളക്കി കിടക്കുകയാണ് കരിനാഗം !
ഒറ്റയോട്ടമായിരുന്നു അക്കായുടെ വീട്ടിലേക്ക്.... ഉച്ചയൂണ് കഴിഞ്ഞ് കടയിലേക്ക് പോകുവാൻ നിൽക്കുകയാണ് മുനിസ്വാമി. "മുറ്റത്ത് പാമ്പു കിടക്കുന്നു ... കാപ്പിക്കമ്പ് വീട്ടിലുണ്ട് ..... ഒന്നോടി വരാമോ ....? കിതച്ചു കൊണ്ട് അവൾ ചോദിച്ചു." അന്തമ്മാ... റൊമ്പ ...ഭയപ്പെടുത് ...പോൻ്കത്താ..." മാരിയമ്മ ഭർത്താവിനോട് ചേർന്ന് നിന്നുകൊണ്ട് ശുപാർശ ചെയ്തു. അയാൾ ഒരു നിമിഷം എന്തോ ആലോചിച്ചു. എന്നിട്ട് തല ചൊറിഞ്ഞുകൊണ്ട് വിനയത്തോടെ പറഞ്ഞു : "ഇന്നൈയ്ക്ക് വെള്ളിക്കിഴമൈ... പാമ്പിനെ കൊല്ല കൂടാത്.... സർപ്പകോപം വരും".
"ഇനി ഒരവസരം കിട്ടില്ല, അണ്ണാ..." പെട്ടെന്ന് അവൾക്കു വർക്ക്ഷോപ്പ് ഓർമ്മ വന്നു. ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന വാഹനങ്ങളെ ഗൗനിക്കാതെ വീട്ടിൽ മാത്രം ധരിക്കുന്ന വസ്ത്രവുമണിഞ്ഞ് അടുത്ത വളവിനപ്പുറത്തെ വർക്ക് ഷോപ്പിലേക്ക് അവൾ ഓടി. അവിടെ കൂടി നിന്നവരോടായി അവൾ വിളിച്ചു പറഞ്ഞു:" വീട്ടുമുറ്റത്ത് ഒരു പാമ്പ്... ആരെങ്കിലുമൊന്നു വരൂ..." അവിടെ നിന്നവർ മുഖത്തോടു മുഖം നോക്കി. അവൾ ഇപ്പോൾ കരഞ്ഞേക്കും എന്നായി. "പാമ്പാക്കാ...?" വർക്ക്ഷോപ്പിനകത്തെ ഇരുട്ടിൽ നിന്നും ഒരു നീണ്ടുമെലിഞ്ഞ ചെറുക്കൻ ചോദിച്ചു.
"കാപ്പിക്കമ്പ് വീട്ടിലുണ്ട് ... ഒന്നു വേഗം വരൂ... അല്ലെങ്കിലത് ഇപ്പൊ പോകും..". ആ കറുത്ത ചെറുക്കൻ മാത്രം അവളോടൊപ്പം നടന്നു. മറ്റാരും കൂടെ വന്നില്ല. കോട്ടൺ വേസ്റ്റ് കൊണ്ട് അവൻ വിരലുകളിൽ പറ്റിപ്പിടിച്ചിരുന്ന ഗ്രീസ് തുടയ്ക്കുന്നുണ്ടായിരുന്നു. ഗ്രീസും ഓയിലും പുരണ്ട അഴുക്കു ഷർട്ടും പാൻറും ആണ് അവൻറെ വേഷം. പാറി കിടക്കുന്ന മുടിയിഴകൾ.... മീശ പൊടിച്ചു തുടങ്ങിയിട്ടില്ല .
അവർ മുറ്റത്ത് കാല് കുത്തിയതും പാമ്പ് വീടിൻറെ പുറക് വശത്തേക്ക് പാഞ്ഞു. അവൾ പതുക്കെ നടന്നു പുറക് വശത്തേക്ക് മുഖം ചായ്ച്ചു നോക്കി. അത് ജനലിലൂടെ മുകളിലേക്ക് കയറുകയാണ്. കഴുക്കോലി നിടയിൽ എങ്ങനെയോ രൂപപ്പെട്ട ചെറു വിടവിലൂടെ പാമ്പ് അകത്തേക്ക് കയറുന്നത് അവൾ അവനെ വിളിച്ചു കാണിച്ചു.
"വീട്ടുക്ക് മേലെ പോയിരുക്ക് ..
"അവൻ ചോദ്യഭാവത്തിൽ തലകുലുക്കി:
"ഷീറ്റ് പിരിക്കട്ടാ...?.
വീടിൻറെ മേൽക്കൂര തകര ഷീറ്റാണ്. മച്ചിനുള്ളിലായിരിക്കും അതിൻറെ താമസം. തകരഷീറ്റ് ആണി പറിച്ച് ഇളക്കി എടുത്ത് മാറ്റി നോക്കിയാലേ എവിടെയാണ് പാമ്പിരിക്കുന്നത് എന്ന് അറിയാൻ കഴിയൂ... മേൽക്കൂര പൊളിക്കുന്നതുകൊണ്ട് പ്രശ്നമു ണ്ടോ? എന്നാണവൻ ചോദിക്കുന്നത്. വീടു തന്നെ പൊളിച്ചടുക്കിയിട്ടാണെങ്കിലും പാമ്പിനെയൊന്ന് കൊന്നു തന്നാൽ മതി എന്ന് പറയണമെന്നുണ്ടവൾക്ക്.
വർക്ക് ഷോപ്പിൽ നിന്നും ചെറിയൊരു ഏണി കൊണ്ടുവന്ന് ചാരിവെച്ച് അവൻ മുകളിൽ കയറി. വിവരമറിഞ്ഞെത്തിയ ഭർത്താവും സാവധാനം മേൽക്കൂരയിൽ എത്തി. വലിയ രണ്ട് തകര ഷീറ്റുകൾ അവൻ ആയാസപ്പെട്ട് പതിയെ അടർത്തിമാറ്റി. മൂന്നാമത്തെ ഷീറ്റ് ശ്രദ്ധയോടെ ഉയർത്തി നോക്കി അടക്കിയ ശബ്ദത്തിൽ അവൻ ജാഗ്രതാ നിർദേശം നൽകി :
"ഇങ്കയിരുക്ക്.... ഇങ്കയിരുക്ക്.... "
മുറികളെ രണ്ടായി വിഭജിക്കുന്ന ഇരു മുഖങ്ങളായി അടുക്കി കെട്ടിയിരിക്കുന്ന കരിങ്കല്ലിനിടയിലാണ് ആ കരിനാഗം ചുരുണ്ടി രിക്കുന്നത് ചാന്ത് തേച്ച് മിനുക്കിയ പൊഴിയിൽ ഉടലൊതുക്കിവെച്ച് സുഖമായിരിക്കുന്നു. രണ്ടോ മൂന്നോ ഞൊടികൾക്കിടയിൽ ആ ചെറുക്കൻറെ തലച്ചോറിലൂടെ വിവരങ്ങൾ കൈമാറപ്പെട്ടിരിക്കണം ...! അവയവങ്ങൾ ഉപകരണങ്ങൾ സഹിതം സജ്ജമായിരിക്കുന്നു. എന്നാൽ, കൃഷ്ണമണികൾ ഇടത്തേക്കും വലത്തേക്കും വേഗത്തിൽ ചലിക്കുന്നതൊ ഴിച്ചാൽ മുഖത്ത് ഭാവഭേദങ്ങൾ ഒന്നുംതന്നെയില്ല.
"ചേട്ടാ ...നീങ്ക പെട്ടെന്ന് ഇന്ത ഷീറ്റ് ഉയർത്തണം, വലിയ പാമ്പാണ് ഒറ്റയടിക്ക് കൊന്നാലേയുള്ളൂ... രണ്ടാമതൊരു അടി കൂടി അടിക്കേണ്ടി വന്നാൽ അവൻ പാഞ്ഞു പോയേക്കും...
റെഡിയല്ലേ ചേട്ടാ...?
അവൻ ചോദിച്ചു. അയാൾ സമ്മത ഭാവത്തിൽ തലകുലുക്കി. അവൻ കാലുകൾ അകത്തി ഉറപ്പിച്ചു നിന്നു. രണ്ടു കൈകൾ കൊണ്ടും മുറുകെപ്പിടിച്ച കാപ്പി കമ്പ് തലയ്ക്കുമുകളിൽ ഉയർത്തി പിടിച്ചിരിക്കുന്നു .
പൊടുന്നനെ അയാൾ തകര ഷീറ്റ് ഉയർത്തി മാറ്റി. വെളിച്ചം പാമ്പിന്റെ കണ്ണിലേക്ക് എത്തുംമുമ്പേ, അവൻ പാമ്പിനെ ആഞ്ഞടിച്ചു. പാമ്പിന് അനങ്ങാൻ പോലും കഴിഞ്ഞില്ല. ശക്തമായ പ്രഹരം ....വീണ്ടും... വീണ്ടും... നീണ്ട കാപ്പിക്കമ്പൂന്നി പുരയ്ക്കു മുകളിൽ അവൻ പിന്നെ നീണ്ടുനിവർന്നു നിന്നു- ഒരു ജേതാവിനെപ്പോലെ !അനക്കമറ്റ ആ ജന്തുവിനെ കമ്പിൻറെ അഗ്രം കൊണ്ട് തൂക്കിയെടുത്ത് അവനതിനെ ഒന്ന് ഉറ്റുനോക്കി. പിന്നെ മുറ്റത്തേക്കിട്ടു.പുൽത്തകിടിയിൽ അയാൾ ആ പാമ്പിനെ നിവർത്തിയിട്ടു. അതുവഴിയെ സ്കൂൾ വിട്ട് പോയ കുട്ടികൾ കാഴ്ച കാണാൻ ചുറ്റുംകൂടി. ഉടലിൽ ഒന്ന് രണ്ടിടം ചതഞ്ഞുവളഞ്ഞിട്ടുണ്ട്. എട്ടടിയിലധികം നീളം .കാറ്റ് പോയപ്പോൾ ഉടൽ ചുരുങ്ങിയിരിക്കുന്നു. പക്ഷേ കറുപ്പിന്റെ മിനുക്കം പോയിട്ടില്ല.
"പോട്ടാക്കാ...?"
ഞാൻ പോകട്ടെ എന്നവൻ വിളിച്ചു ചോദിച്ച്, കോട്ടൺ വേസ്റ്റ് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എടുത്ത് മുഖത്തെ വിയർപ്പൊപ്പി അവൻ നടന്ന് വഴിയിലേക്ക് ഇറങ്ങുമ്പോൾ ആശ്വാസത്തോടെ ഭർത്താവിന്റെ ശരീരത്തിലേക്ക് അവൾ ചേർന്നുനിന്നു.