ഒരു മഴയ്ക്ക് പിന്നാലെയാണയാൾ എത്തിയത്.
മുറ്റത്തുനിന്ന് കരോൾ പാട്ടുകാരുടെയൊരു സംഘം ഒഴിഞ്ഞുപോയതേയുള്ളൂ. അവരുടെ വർണ്ണക്കുടകളും ശബ്ദങ്ങളും അലിഞ്ഞലിഞ്ഞില്ലാതായപ്പോൾ ഞാൻ ജനലുകൾ വലിച്ചടയ്ക്കാനൊരുങ്ങിയതാണ്.
പൊടുന്നനെ മഴയിൽ നിന്നയാളുടെ രൂപം മുന്നിലേക്കിറങ്ങി വന്നു. പിടിച്ചു നിർത്തിയതുപോലെ ഞാൻ നിന്നു. ഏതെങ്കിലുമൊരു സംഗീതോപകരണം മറന്നു വെച്ച കരോൾപാട്ടുകാരിലാരെങ്കിലുമായിരിക്കുമെന്നാണാദ്യം കരുതിയത്. അല്ലെങ്കിൽ വാടകയ്ക്കെടുത്ത വർണ്ണക്കുടയുടെ ചുറ്റും തൂങ്ങിക്കിടക്കുന്ന പിച്ചളമണികളിലൊന്ന് ഉതിർന്ന് വീണതെടുക്കാൻ വന്നതുമായിരിക്കാം. ആഹ്ലാദമൊഴിഞ്ഞു പോകാത്ത കണ്ണുകൾകൊണ്ടുതന്നെ ഞാനയാളെ നോക്കി.
പക്ഷേ, ആ മുഖം മുമ്പ് കണ്ടവരിൽ നിന്നും വ്യത്യസ്തമായിരുന്നു. കണ്ണുകൾ കനംതൂങ്ങിയിരുന്നു. അവയിൽ വർണ്ണങ്ങളുടെയോ സംഗീതത്തിൻ്റെയോ ഒരു തുമ്പുപോലും എനിക്കു കണ്ടുപിടിക്കാനായില്ല.
അത്ഭുതത്തോടെ ഞാൻ നോക്കിനിൽക്കെ, ചിരപരിചിതനെപോലെ അയാളെൻ്റെ പൂമുഖത്തെക്ക് കയറിവന്നു. വിടർന്നു നിൽക്കുന്ന എൻ്റെ ചുണ്ടിലേക്കും ആഹ്ലാദം പെയ്യുന്ന കണ്ണിലേക്കും അസൂയയോടെ നോക്കി നിന്നു.
ഞാനയാളെ അകത്തേയ്ക്കാനയിച്ചു. പുഞ്ചിരികളലങ്കരിച്ചു വെച്ച എൻ്റെ സ്വീകരണമുറിയിൽ, സന്തോഷം കൊണ്ടുലയുന്ന തിരശീലയ്ക്കു മുന്നിൽ, തൊട്ടാൽ ചിരിക്കുന്ന കസേരയിൽ ഞാനയാളെയിരുത്തി.
എൻ്റെ ആഹ്ലാദത്തിലേയ്ക്കയാളെ കൈപിടിച്ചു കൊണ്ടുവരാനാകുമെന്നുതന്നെ ഞാൻ പ്രതീക്ഷിച്ചു. കൂമ്പിയ കണ്ണുകൾ വിടർത്താൻ, അവയിലൊരു ആഹ്ലാദഗാനത്തിൻ്റെ കണ്ണികൾ കൂട്ടിച്ചേർക്കാൻ.. എല്ലാമെനിക്കാകും!
അയാളാവീട്ടിൽ എനിയ്ക്കൊപ്പം താമസമാക്കിയപ്പോൾ ഞാനെന്തൊക്കെയാണ് പ്രതീക്ഷിച്ചത്...
മയിൽപ്പീലികൾ നിറച്ചുവെച്ച അലമാരികൾ, പൂമ്പാറ്റകൾ പാറി നടക്കുന്ന സ്വീകരണമുറി, അപ്പൂപ്പൻതാടികൾ ഓടിക്കളിക്കുന്ന കിടപ്പുമുറി... എല്ലാം ഞാനയാളെ കാണിച്ചു. എങ്ങിനെയാണ് ചിരിയ്ക്കേണ്ടതെന്നും എങ്ങിനെയാണ് ബഹളം വെയ്ക്കേണ്ടതെന്നും ഞാനയാളെ പഠിപ്പിച്ചു കൊണ്ടിരുന്നു.
എന്നാൽ, ഒരു ശിശിരകാലത്തയാൾ പോയി. എൻ്റെ സ്വീകരണമുറിയിലെ പൊട്ടിച്ചിരികൾ, പൂമ്പാറ്റകൾ, മയിൽപ്പീലികൾ, കിടപ്പുമുറിയിലെ അപ്പൂപ്പൻതാടികൾ... എല്ലാമയാൾകൊണ്ടു പോയി.
ഒഴിഞ്ഞൊരു തോടുപോലെ എൻ്റെ മനസ്സ് ബാക്കിയായി. ജാലകങ്ങൾ മിണ്ടാതായി, ചുമരുകൾ കണ്ണീർ പൊഴിച്ചു. കനം കൂടിയ കണ്ണുകളും വിടരാത്ത ഈ ചുണ്ടുകളുംകൊണ്ട് ഞാനിനി എത്രകാലമാണിവിടെ ബാക്കി?
ഇനിയുമയാൾ പോകും. ഏതെങ്കിലുമൊരു വീട്ടിലെ ആഹ്ലാദവും ഭാണ്ഡത്തിൽപേറി മറ്റൊന്നിലേക്ക്.
പൊട്ടിച്ചിരികളൊഴിഞ്ഞു പോയ കുറെ കൂടാരങ്ങളെ ഞാനിപ്പോൾ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു.
വന്നുവോ സഹോദരിമാരെ, നിങ്ങളുടെ വീട്ടിലേയ്ക്കുമയാൾ? പ്രണയങ്ങൾ മൊട്ടിടുന്ന ഒരു വസന്തകാലത്ത്?
വന്നേക്കുമയാൾ...!
കരുതിയിരിക്കുക..!!