mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Pearke Chenam

നിദ്രയുടെ കടാക്ഷത്തിനായി രമേശന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒരാഴ്ചയായി ഇതുതുടരുന്നു. പകലിനെ നിത്യവുമുള്ള സവാരികളും പ്രഭാഷണങ്ങളും തിന്നു തീര്‍ക്കും. രാത്രികള്‍ ബീഭത്സമായി കണ്ണുരുട്ടി മുന്നില്‍ നില്‍ക്കും. പകല്‍സമയത്ത് വന്നുകൊണ്ടിരിക്കുന്ന ഫോണ്‍കോളുകളാണ് ശല്യമായി മാറുന്നത്.

ഗ്രാമീണവായനശാല സെക്രട്ടറിയുടെ വിളികള്‍ ഒന്നല്ല, അനേകമാണ് നിത്യവും വന്നുകൊണ്ടിരിക്കുന്നത്. അയാള്‍ ഫോണിലൂടെ ഒരു ദാക്ഷിണ്യവുമില്ലാതെ വിളിച്ചു പറയും.
'' രമേശാ, ഞങ്ങളുടെ വായനശാലയ്ക്ക് നല്‍കാന്‍ ഏല്പിച്ച ഇരുപത്തയ്യായിരം രൂപ എന്തേ നിങ്ങള്‍ ഇനിയും തരാത്തത്. ഇപ്പോള്‍ വര്‍ഷം എത്രയായി. എട്ടു വര്‍ഷങ്ങള്‍. അന്ന് ആ തുക കിട്ടിയിരുന്നെങ്കില്‍ എത്രമാത്രം പുസ്തകങ്ങളാണ് വാങ്ങാന്‍ കഴിയുമാകുമായിരുന്നതെന്നറിയോ... ഒന്നാം ഗ്രേഡ് വായനശാലയായി വളര്‍ന്നേനേ... ഇന്നിപ്പോ ആ സംഖ്യ കിട്ട്യാലും എത്ര പുസ്തകം കിട്ടും. ഇതിനൊക്കെ നീ സമാധാനം പറയേണ്ടി വരും.''
''ഉണ്ടായിട്ടു വേണ്ടേ തരാന്‍. ഉണ്ടാവട്ടേ അപ്പോള്‍ തരാം.''
''രമേശാ, നിനക്കുണ്ടായിട്ട് ആ തുക കിട്ടുമെന്ന വിശ്വാസം ഞങ്ങള്‍ക്കില്ല. അതിനാല്‍ ഞങ്ങളിനി മറ്റുമാര്‍ഗ്ഗങ്ങള്‍ നോക്ക്വാണ്. കോടതിയില്‍ ഒരു പക്ഷേ നിനക്ക് നുണ പറഞ്ഞ് രക്ഷപ്പെടാനായെന്നും വരാം. പക്ഷേ ആ ശുദ്ധനായ മനുഷ്യനുണ്ടല്ലോ ഇതെല്ലാം നോക്കി നടത്താന്‍ നിന്നെ ഏര്‍പ്പാടാക്കിയ ആ വലിയ മനുഷ്യന്‍. നാരായണേട്ടന്‍. അയാളുടെ മുന്നില് നിങ്ങൾ എന്ത് നുണ പറഞ്ഞാ പിടിച്ചു നില്‍ക്ക്വാ... അതിനു കഴിയ്യോ... നിനക്ക്.''

ഇത്തരം കോളുകളെ രമേശന്‍ കഴിയാക്കി രസിക്കും. എന്നാല്‍ രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴാണ് പ്രയാസം. പകല്‍ വരുന്ന വിളികളെല്ലാം രാത്രിയുടെ നിശ്ശബ്ദതയില്‍ ഹുങ്കാരനാദമായി ഉണരും. അവ തെയ്യക്കോലങ്ങളായി മുന്നില്‍ ഉറഞ്ഞു തുള്ളി കല്പനകള്‍ പറയും.

വീണ്ടും ആ സെക്രട്ടറി വിളിച്ചിരുന്നു. ഇനി താങ്കള്‍ കോടതിയില്‍ മറുപടി പറഞ്ഞോളൂ. എന്നാണയാള്‍ പറഞ്ഞത്. സാമ്പത്തിക തിരിമറികള്‍ക്ക് സിവിള്‍ കോടതിയിലും വായനശാലയോടും നാരായണേട്ടനോടും വഞ്ചന കാട്ടിയതിന് ക്രിമിനല്‍ കോടതിയിലും കേസ് ഫയല്‍ ചെയ്യുകയാണെന്ന് പറഞ്ഞു.
രമേശന് കോടതി എന്നതൊന്നും അത്ര ഭയമുള്ളതായി തോന്നിയില്ല. ഞാനാരുടേയും സ്വത്ത് തട്ടിപ്പറിച്ച് എടുത്തീട്ടൊന്നുമില്ലല്ലോ. ചില നീക്കുപോക്കുകള്‍ നടത്തിയെന്നത് ശര്യാണ്. കിട്ടുമ്പോള്‍ കൊടുക്കില്ലേ... വായനശാല അവര്‍ക്കുവേണ്ടി കേസിനുപോയ്‌ക്കോട്ടേ... നാരായണേട്ടന്റെ വക്കാലത്ത് ആരാണ് അവര്‍ക്ക് നല്‍കിയത്. ആത്മാക്കള്‍ക്കും വക്കാലത്തോ...

ഏല്പിച്ച ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനായില്ല. അതിനിത്രമാത്രം ഭീഷണിപ്പെടുത്താന്‍ എന്തിരിക്കുന്നു. പിന്നെ കോടതി വ്യവഹാരങ്ങള്‍ കാട്ടി പേടിപ്പിക്കുകയൊന്നും വേണ്ട. എത്ര തവണ ഓരോ കാര്യങ്ങള്‍ക്ക് കോടതി കേറി ഇറങ്ങിയിരിക്കുന്നു. കോടതിയിലൊരു വ്യവഹാരവുമായി പോയാല്‍ എത്ര കാലം കഴിഞ്ഞാണ് ഒരു തീര്‍പ്പു കിട്ടുക. അപ്പോഴേയ്ക്കും തന്റെ ആയുസ്സുതന്നെ തീര്‍ന്നു പോയെന്നു വന്നേയ്ക്കാം. അപ്പോഴും അവര്‍ക്കു തന്നെ നഷ്ടം. അതുവരെ കൊടുത്ത വക്കീല്‍ ഫീസും ചിലവഴിച്ച സമയവും എല്ലാം നഷ്ടം. എനിക്ക് വാദിക്കാന്‍ വക്കീലിന്റെ ആവശ്യമൊന്നുമില്ലെന്ന് അവര്‍ക്കറിയില്ലല്ലോ. അത് കോടതിയില്‍ വരുമ്പോഴല്ലേ അവര്‍ക്കറിയാന്‍ കഴിയൂ. കേറിയിറങ്ങി നടക്കാന്‍ ഒരുപാട് സമയം എനിക്കിപ്പോഴും ബാക്കിയാണ്. രമേശന്‍ മനസ്സില്‍ പറഞ്ഞു. ഇതുപറയുന്ന നേരം വി ടി എന്ന ആ മഹാമനുഷ്യന്‍ മനസ്സിനകത്തേയ്ക്ക് കടന്നു വന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവ്, നാടകപ്രവര്‍ത്തകന്‍, സ്വാതന്ത്ര്യസമരസേനാനി. സര്‍വ്വോപരി ശുദ്ധനായ മനുഷ്യന്‍. അദ്ദേഹം വന്നപാടെ രമേശന്റെ മനസ്സിന്റെ കോലായിലെ പൊടിയും മാറാലയും തട്ടിക്കളഞ്ഞ് കയറിയിരുന്നു.

''എന്താ രമേശാ, കാലം മോശാണെന്ന് അറിയില്ലേ. എന്റെ കാലത്ത് നാടു നന്നാക്കാന്‍ ചില പ്രമാണിമാരെ നേരിട്ടാല്‍ മതിയായിരുന്നു. ഇന്നതാണോ അവസ്ഥ. ഒരു ഭരണക്കൂടത്തിനെ തന്നെ നേരിടണ്ടേ... അപ്പോള്‍ ലഭ്യമായ ചെറിയ ചെറിയ സൗകര്യങ്ങള്‍പോലും നമ്മള്‍ ഉപയോഗിക്കണ്ടേ... പകരം അതെല്ലാം സ്വന്തം സ്വാര്‍ത്ഥതയ്ക്കായി കട്ടുമുടിയ്ക്കാണോ വേണ്ടത്.''

രമേശന്‍ ആ വാക്കുകള്‍ കേട്ട് ഒന്നു പതറി.
''ഒരു സാമൂഹ്യപ്രവര്‍ത്തകനായ തന്നെ മോഷ്ടാവെന്നോ... അങ്ങയുടെ നാടകങ്ങള്‍ എത്ര കളിച്ചു നടന്നിരിക്കുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി എത്ര പ്രഭാഷണങ്ങള്‍ നടത്തിയിരിക്കുന്നു. വഴിയോരങ്ങളില്‍ അങ്ങയുടെ സൂക്തങ്ങള്‍ എഴുതി ഒട്ടിച്ചതെത്രയാണെന്ന് കണക്കുണ്ടോ...''
''അതെല്ലാം ചെയ്യുന്ന തെറ്റിനെ ന്യായീകരിയ്ക്കാന്‍ മുന്നില്‍ നിര്‍ത്താന്‍ കഴിയുമോ, രമേശാ...''
''ഞാന്‍ ന്യായീകരിക്കുന്നൊന്നുമില്ലല്ലോ... എന്നെ ഏല്പിച്ചത് ഞാന്‍ ചെയ്തിട്ടില്ല എന്നല്ലേ ഉള്ളൂ.''
''അത് പോരേ, തന്റെ നന്ദിയില്ലായ്മ പുറത്തുകൊണ്ടുവരാന്‍.''
''ഞാന്‍ നന്ദിയില്ലാത്തവനൊന്നുമല്ല. എന്നെപ്പോലെ ആത്മാര്‍ത്ഥതയുള്ളവരെ കണ്ടെത്താനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ളവരെ കണ്ടെത്തിയാല്‍ ഞാന്‍ പ്രവര്‍ത്തനം തുടരും.''
''നാരായണന്റെ ഒരു സ്വപ്നല്ലേ ആ വായനശാല. അതിന്റെ പുരോഗതിയും നീ തടഞ്ഞതെന്തിനാ രമേശാ...''
''ആ വായനശാലക്കമ്മിറ്റിക്കാര്‍ക്ക് നെഗളിപ്പ് കൂടുതലാ. അതോണ്ടാ ഞാനവര്‍ക്ക് അത് കൊടുക്കാതെ വെച്ചിരിക്കുന്നേ.''
''താന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് തനിക്ക് ബോധ്യമുണ്ടെങ്കില്‍ ഇനി ഞാനൊന്നും പറയാനില്ല.''
അതും പറഞ്ഞ് അദ്ദേഹം വിടവുകളുള്ള മുന്‍വരി പല്ലുകള്‍ കാണും വിധം വായ് തുറന്ന് നിഷ്‌കളങ്കമായി ചിരിച്ച് പടിയിറങ്ങിപ്പോയി.

രമേശന്റെ ഓര്‍മ്മകള്‍ നിദ്രയെ ആട്ടിയോടിച്ചുകൊണ്ട് കുതിച്ചു പാഞ്ഞു നടന്നു. ഉറങ്ങാനാകാതെ രമേശന്റെ മിഴികള്‍ തുറിച്ചു നിന്നു. അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അറുതി വരുത്താന്‍ അദ്ദേഹം പിന്‍തുടര്‍ന്ന മാര്‍ഗ്ഗങ്ങളെ കൂടുതല്‍ ദീപ്തമാക്കാന്‍ നാരായണേട്ടന്‍ തന്റെ സമ്പാദ്യങ്ങളെല്ലാം നീക്കിവെച്ചപ്പോള്‍ അതില്‍ ഊറ്റംകൊണ്ട് കൂടെകൂടിയ ദിനങ്ങള്‍ രമേശനിലേയ്ക്ക് കടന്നു വന്നു. വീടും കുടുംബവുമൊന്നുമില്ലാത്ത നാരായണേട്ടന് വീടും പറമ്പും ബാങ്കില്‍ സ്വരൂപിച്ചുകിടന്നിരുന്ന നിക്ഷേപങ്ങളുമൊന്നും ആവശ്യമില്ലായിരുന്നു. ഓരോ ദിവസവും ഓരോ പരിപാടികളുമായി നഗര-ഗ്രാമ വിത്യാസമില്ലാതെ അദ്ദേഹത്തോടൊപ്പം ഇറങ്ങി നടന്നു. ഒന്നിച്ചിരുന്ന് ഓരോരോ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും ഗസ്റ്റുകളായെത്തുന്നവര്‍ക്ക് അന്തിയുറങ്ങാനും നാരായണേട്ടന്റെ വീട് ഇടത്താവളമായി. കുടുംബത്തിന്റെ വേരാകുന്നതിനുപകരം നാടിന്റെ വേരായി നാരായണേട്ടന്‍ പടര്‍ന്നു വളര്‍ന്നു. രമേശനായിരുന്നു എന്തിനും ഏതിനും സഹായിയായി കൂടെയുണ്ടായിരുന്നത്. വാര്‍ദ്ധക്യം മുന്നോട്ടുള്ള യാത്രകളെ തടസ്സപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ നാരായണേട്ടന്‍ രമേശിനോടായി പറഞ്ഞു.

''രമേശാ, എനിക്ക് വയ്യാതായിത്തുടങ്ങിയിരിക്കുന്നു. ഇനിയും ഇതെല്ലാം എനിക്ക് മുന്നോട്ടുകൊണ്ടുപോകാനാകില്ല. താനിതെല്ലാം ഏറ്റെടുക്കണം. എന്നീട്ട് എനിക്കുവേണ്ടി താനിതെല്ലാം മുന്നോട്ടു കൊണ്ടുപോകണം.''
രമേശന്‍ ആ വാക്കുകള്‍ക്കു മുന്നില്‍ തലകുനിച്ചു നിന്നു. നാരായണേട്ടന്‍ തുടര്‍ന്നു.
''ഞാനൊരു മരണപ്പത്രം തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നു.''
രമേശന്‍ മറുപടിയൊന്നും പറയാതെ ഓച്ഛാനിച്ചു നിന്നു. അദ്ദേഹം തുടര്‍ന്നു.
''എന്റെ കേന്ദ്രം അനാഥമായിപോകരുത്. എന്റെ കാലശേഷം ഇതൊരു സ്മാരകമായി മാറണം. ജനങ്ങള്‍ നിത്യവും വന്നുപോകുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രം പോലെ വിശുദ്ധമായ ഒരിടം. അതിനുവേണ്ടതായ തുകയെല്ലാം എന്റെ ബാങ്ക് നിക്ഷേപത്തിലുണ്ട്. നീയതെടുത്ത് കൈകാര്യം ചെയ്താല്‍ മതി.''
രമേശന്‍ ഒന്നും മിണ്ടിയില്ല. അദ്ദേഹം തുടര്‍ന്നു.
''അനാചാരങ്ങള്‍ക്കും സാമൂഹ്യപരിവര്‍ത്തനങ്ങള്‍ക്കും വേണ്ടി ജീവിതം ഹോമിച്ച എന്റെ ഗുരുനാഥന്‍ വി ടി യുടെ സ്മരണ നിലനിര്‍ത്തുന്ന ഒരു സാംസ്‌കാരിക കേന്ദ്രം. അതാണെന്റെ ആഗ്രഹം. അതിനായി എന്റെ ഈ വീടും പറമ്പും ബാങ്കിലുള്ള നിക്ഷേപവുമെല്ലാം ഞാന്‍ നിനക്കായി എഴുതിവെയ്ക്കുന്നു. എന്റെ മരണം വരെ ഇതെല്ലാം ഇങ്ങനെത്തന്നെ പോകട്ടെ.''
രമേശന്‍ അതെല്ലാം കേട്ട് മിണ്ടാതിരുന്നു. എന്തൊക്കെയോ ഭാരം ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ടവന്റെ നിര്‍വ്വികാരമായ മുഖത്തോടെ അയാള്‍ നാരായണേട്ടനെ നോക്കി. നാരായണേട്ടന്‍ അയാളെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു.
''നിനക്ക് കഷ്ടപ്പാടൊന്നും വരില്ല. ഇതിന് ആവശ്യമായ പണം എന്റെ സമ്പാദ്യത്തിലുണ്ട്. പിന്നെ ഒരാഗ്രഹം ഉണ്ട്. എന്റെ ജന്മനാട്ടിലുള്ള വായനശാലയ്ക്ക് ഇരുപത്തയ്യായിരം രൂപ നീ ബാങ്ക് നിക്ഷേപത്തില്‍ നിന്ന് കൊടുക്കണം. നാട്ടിലേയ്ക്ക് പോകാറില്ലാത്തതിനാല്‍ അവിടത്തെ കാര്യങ്ങളില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഇത് അതിനൊരു പരിഹാരമാകട്ടെ.''
''ശരി.'' രമേശന്‍ മറുപടി പറഞ്ഞു.
നാരായണേട്ടന്റെ ബാങ്ക് നിക്ഷേപം നല്ലൊരു സംഖ്യ കാണുമെന്ന് രമേശിനറിയാമായിരുന്നു. അതെല്ലാം തനിക്ക് ഉപയോഗിക്കാന്‍ പാകത്തിലായിരിക്കുന്നു. കൂടാതെ വീടും പറമ്പും. ദേശീയപാതയുടെ ഓരത്തു കിടക്കുന്ന സ്ഥലം പൊന്നുംവിലയുള്ളതാണ്. മരണപത്രം തയ്യാറാക്കി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ രമേശിന്റെ മിഴികള്‍ തിളങ്ങി.
മരണപത്രം രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം തികയുന്നതിനുമുമ്പേ നാരായണേട്ടന്‍ മരിച്ചു. അതോടെ എല്ലാം രമേശന്റെ അധീനതയിലായി. മരണപത്രം ആര്‍ക്കും കാണിച്ചു കൊടുക്കാന്‍ രമേശന്‍ തയ്യാറായിരുന്നില്ല. നാരായണേട്ടന്റെ സ്വത്തുവകകളെല്ലാം തന്റേതെന്നപോലെ അയാള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
നിക്ഷേപത്തില്‍ നിന്നും സ്വന്തം നാട്ടില്‍ ഒരു ഇരുനിലവീടും മകളുടെ വിവാഹവും നടത്തികഴിഞ്ഞപ്പോള്‍ അതില്‍ ബാക്കിയൊന്നും അവശേഷിച്ചില്ല. സ്മാരകമന്ദിരം പണിയണമെന്ന ആഗ്രഹം രമേശന്‍ ബോധപൂര്‍വ്വം മറന്നു. നാരായണേട്ടന്റെ വീടും പറമ്പും കാടുവന്നു മൂടി. അതില്‍ എത്തിനോക്കാറില്ല. ഏതോ ഒരു വര്‍ഷത്തില്‍ കാറ്റത്തും മഴയത്തും അത് തകര്‍ന്നു വീണു. വഴിയോരകച്ചവടക്കാര്‍ ആ സ്ഥലത്തിന് മുന്നില്‍ വിപണിയുണ്ടാക്കി. നാരായണേട്ടനും നാരായണേട്ടന്റെ വീടും പറമ്പും എല്ലാവരും വിസ്മരിച്ചു.

പിന്നീടെപ്പഴോ മരണപത്രത്തിന്റെ കോപ്പി രജിസ്റ്റാര്‍ ഓഫീസില്‍ നിന്നും ആരോ അപേക്ഷ നല്‍കി വാങ്ങിയപ്പോഴാണ് വായനശാലക്കാര്‍ അതിലെ വാക്കുകളെയും ഉയര്‍ത്തിപിടിച്ച് വരാന്‍ തുടങ്ങിയത്. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ചില നാട്ടുകാരും മുറവിളി കൂട്ടാന്‍ തുടങ്ങി. അവര്‍ ഈ ആവശ്യങ്ങളുന്നയിച്ച് പത്രസമ്മേളനങ്ങള്‍ നടത്തി. ഒന്നും ആരും ശ്രദ്ധിച്ചില്ല. സ്വര്‍ത്ഥതയിലേയ്ക്ക് കൂപ്പുകുത്തിയ നാട്ടില്‍ ആര്‍ക്കുവേണം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍. ഒന്നും ഇനി ബാക്കിയില്ല. ആ കാടുമൂടിയ സ്ഥലമല്ലാതെ. അതില്‍ ആരുവേണമെങ്കിലും സ്മാരകം പണിതോട്ടേ... പക്ഷെ സ്ഥലം ഞാന്‍ വിട്ടുകൊടുക്കില്ല. അതെന്റെ കയ്യില്‍ത്തന്നെയിരിക്കും. വില്ക്കാന്‍ അധികാരം തരാത്ത രീതിയിലായിരുന്നു മരണപത്രം, അല്ലായിരുന്നെങ്കില്‍ അതും വിറ്റ് കൊണ്ടുപോകാമായിരുന്നു.

രമേശന്‍ ചിന്തിച്ചുചിന്തിച്ച് ഉറക്കത്തെ ഉരുക്കിക്കളഞ്ഞു. മിഴികള്‍ അടഞ്ഞു കിട്ടുന്നതിനായി നിരീശ്വരനായ രമേശന്‍ സര്‍വ്വ ഈശ്വരന്മാരേയും വിളിച്ചു പ്രാര്‍ത്ഥിച്ചു. മാറിമാറിയുള്ള വിളികള്‍ക്കൊടുവില്‍ അറിയാതെ നാരായണാ... നാരായണാ... എന്ന പ്രാര്‍ത്ഥനകളില്‍ തട്ടി നിന്നു.
നാരായണാ... നാരായണാ... വിളികള്‍ നിര്‍വിഘ്‌നം തുടര്‍ന്നപ്പോള്‍ രമേശന്‍പോലും അറിയാതെ നാരായണേട്ടന്‍ അവിടേയ്ക്ക് കയറി വന്നു. നാരായണേട്ടന്‍ കയറി വന്നതും രമേശന്‍ ഭയന്നു പിന്മാറി. അദ്ദേഹത്തിന്റെ സൗമ്യമായ ഭാവമെല്ലാം അസ്തമിച്ചിരുന്നു. ചോദ്യങ്ങള്‍ ആക്രോശങ്ങളായിത്തീര്‍ന്നിരുന്നു.

''സ്മാരകത്തിന്റെ പണിയെന്തായി രമേശാ...''
''ഒന്നും ആയില്ല.''
''എന്തെങ്കിലും അവിടെ നീ പ്രവര്‍ത്തിക്കുന്നുണ്ടോ രമേശാ...''
''ഇല്ല.''
''അതെന്താ...''
''അവിടെ തനിച്ചുപോകാന്‍ ധൈര്യല്ല്യ.''
''വായനശാലയ്ക്ക് പണം കൊടുത്തോ രമേശാ...''
''ഇല്ല.''
''എന്താ കാര്യം.''
''തികഞ്ഞില്ല.''
''നിന്റെ ആര്‍ത്തി തീര്‍ക്കാനുള്ള സമ്പാദ്യം എനിക്കില്ലായിരുന്നെന്ന കാര്യം നിനക്കറിയില്ലേ രമേശാ...''
രമേശന്‍ ഒന്നും മിണ്ടിയില്ല.
''സ്മാരകമന്ദിരം പണിയാത്തതെന്തേ രമേശാ...''
''എനിക്കൊരു വീടില്ലായിരുന്നെന്ന കാര്യം അങ്ങേക്കറിയാത്ത കാര്യമല്ലല്ലോ...''
''അത് നിന്റെ മാത്രം ഉത്തരവാദിത്വമല്ലേ രമേശാ...''
രമേശന്‍ നിശ്ശബ്ദനും നിശ്ചലനുമായി നിന്നു.
''നീയെന്നെ ഓര്‍ക്കാറുണ്ടോ രമേശാ...''
''നാട്ടുകാര് ഓരോരുത്തരായി എന്നെ വിളിച്ച് ശല്യം ചെയ്യുമ്പോള്‍ ഞാനെപ്പോഴും നിങ്ങളെ ഓര്‍ക്കും.''
''എന്തിന്.''
''ഈ ശല്യമെല്ലാം ഉണ്ടാക്കി തന്നതിന്.''
ആ ഉത്തരം നാരായണേട്ടനെ ചിന്താകുലനാക്കി. അദ്ദേഹം തലതാഴ്ത്തി ഒന്നും പറയാതെ ജീവിതത്തിലേയ്ക്ക് തിരിച്ചു നടന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ