(Abbas Edamaruku)
താഴ്വാരങ്ങൾ പിന്നിട്ട് കുന്നുകൾ താണ്ടി തോടുകൾ കടന്ന് കാനനപാതയിലൂടെ ഇടുക്കിയുടെ വനാന്തരഭാഗത്തുള്ള ഗ്രാമപ്രദേശത്തേയ്ക്ക് ഞാൻ ഒരിക്കൽക്കൂടി നടന്നു.
ഹരിതാഭ നിറഞ്ഞ ഇടുക്കിയുടെ വനവീഥികളിലൂടെ സൂക്ഷ്മതയോടെ നടക്കവേ എന്റെ മനസ്സിൽ പലവിധ പഴയകാല ഓർമ്മകളും ചിറകുവിരിച്ചെത്തി. ഒരുകാലത്ത് ഈ വീഥികൾ ഒക്കെയും എനിക്ക് സുപരിചിതമായിരുന്നു. ഒരു പാട് കാലം സഞ്ചരിച്ച വഴികളിലൂടെ വീണ്ടും ഓർമ്മ പുതുക്കൽ എന്നോണം ഒരു വരവ്.
കുന്നിന്റെ നെറുകയിലുള്ള വിശാലമായ പാറയിൽ കയറി നിന്ന് ഞാൻ ചുറ്റുപാടും നോക്കി. വർഷങ്ങൾക്കു മുൻപ് താൻ ഈ ഭാഗത്തേക്ക് വരുമ്പോൾ ഉള്ളതുപോലെ തന്നെ. വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. കുന്നിൻ മുകളിൽ നിന്ന് നോക്കുമ്പോൾ താഴെ താഴ്വാരങ്ങളിലെ കുടിലുകളും വാഹനങ്ങളും ഒക്കെ നേരിയതോതിൽ കാണാം. ചെറിയതോതിൽ താഴ്വാരത്തിൽ നിന്നും ഒരു ഇളംകാറ്റ് മുകളിലേക്ക് അടിച്ചുകയറി. പുലർച്ചെ വ്യാപിച്ച മഞ്ഞ് പൂർണമായും അന്തരീക്ഷത്തെ വിട്ടൊഴിഞ്ഞിട്ടില്ല. അതിന്റെ കൂടെ തണുത്ത കാറ്റ് കൂടി വീശിയപ്പോൾ കുളിര് തോന്നി. എത്ര മനോഹരമായ കാഴ്ചകൾ. താഴ്വാരത്തിൽ നിന്നും കണ്ണുകൾ പറിച്ചു കൊണ്ട് ഞാൻ മെല്ലെ പാറ ഇറങ്ങി നടപ്പ് തുടർന്നു.
പലവിധ കാട്ടുമരങ്ങൾ ഇടതൂർന്നു പൂക്കൾവിടർത്തി സുഗന്ധംപരത്തി കൊണ്ടിരിക്കുന്ന വഴിത്താര. പലവിധം കാട്ടുപഴങ്ങളുടെ ചെടികളും മരത്തിൽ ചുറ്റി പ്പിണഞ്ഞു കിടക്കുന്ന വലിയ വള്ളികളും, കിളികളുടെ ചിലകളുമൊക്കെ ഇടുക്കിയുടെ ഒരു പ്രത്യേകത തന്നെയാണ്.
അങ്ങനെ കാഴ്ച കണ്ടു നടക്കവേ ഏതാനും പെൺകുട്ടികൾ കയ്യിൽ വള്ളിയും വെട്ടുകത്തിയുമായി എതിരെ നടന്നു പോയി. അവരുടെ ഭംഗി നോക്കി ഒരു മാത്ര ആസ്വദിക്കവേ അറിയാതെയെന്നവണ്ണം എന്റെ മനസ്സിൽ ഒരു നടുക്കം ഉണ്ടായി. ശരീരം ഒരുമാത്ര വിയർപ്പണിഞ്ഞു. ഈ വഴിത്താരയിലൂടെ അവസാനമായി നടന്നു പോയ ദിനങ്ങൾ ഒരു നൊമ്പരമായി മനസ്സിൽ വന്നു നിറഞ്ഞു. ഉൾഗ്രാമത്തിലെ പുതുക്കി പണിത വീടുകളുടെ മുന്നിൽ നിന്നുകൊണ്ട് ഒരു മാത്ര ഞാൻ ചുറ്റും നോക്കി. പുതിയതെങ്കിലും പുതുമ ഒട്ടുമില്ലാത്ത വീട്. സർക്കാർ നിർമിച്ചു കൊടുത്തതാവണം. കോഴിക്കൂട് പോലെ അടുത്തടുത്ത് അങ്ങനെ കുറെ ചെറിയ വീടുകൾ. ആ വീടുകൾക്കിടയിൽ ഇതുവരെയും പുതുക്കിപ്പണിയാത്ത മൺ ചുവരുള്ള തകരഷീറ്റ് മേഞ്ഞുണ്ടാക്കിയ ആ വീട് എന്നെ വീണ്ടും അത്ഭുതപ്പെടുത്തി. താൻ ഇവിടെ നിന്ന് പോയിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞു. എന്തിനും ഒരു മാറ്റം സ്വാഭാവികം ആണ്. പക്ഷേ, അതിനു മാത്രം ഒരു മാറ്റവുമില്ല. അന്നത്തെപ്പോലെ തന്നെ കുമ്മായം തേച്ച് മിനുസപ്പെടുത്തിയ ചുവരുകൾ, മരതൂണുകൾ, മണ്ണ് മെഴുകിയ തറ. അതാ... നിറഞ്ഞ പുഞ്ചിരിയുമായി അവൾ നിൽക്കുന്നു. തന്നെ നോക്കി എന്തോ പറയുകയാണ്. അതെ തന്നെ വിളിക്കുകയാണ്.
"അബ്ദു."
ഒരു നിമിഷം ഞാൻ ഞെട്ടലോടെ പരിസരബോധം വീണ്ടെടുത്തു. എവിടെ അവൾ... എവിടെ? ഇല്ല. എല്ലാം വെറും മിഥ്യ. എല്ലാം തന്റെ വെറും ഭ്രാന്തൻ തോന്നലുകൾ. അവളുടെ ആ പുഞ്ചിരി, കിലുകിലെയുള്ള പൊട്ടിച്ചിരി, വിടർന്ന കരിംകൂവള കണ്ണുകൾ, അരയോളം എത്തുന്ന കാർകൂന്തൽ, നുണക്കുഴി വിരിയുന്ന തുടുത്ത കവിളുകൾ... ശരിക്കും ഒരു കാനനസുന്ദരി തന്നെയായിരുന്നു അവൾ.
ഒരുനാൾ ഏലത്തോട്ടത്തിൽ അമ്മയ്ക്കൊപ്പം കള പറിക്കാൻ എത്തിയ അവളുടെ കുസൃതിനിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു.
"എന്നെ ഇഷ്ടമാണോ അനിതയ്ക്ക്.? "
"വേണ്ട... ഞങ്ങൾ പാവങ്ങൾ.വെറും കാട്ടുവാസികൾ. നിങ്ങളൊക്കെ വലിയ ആളുകളൾ... ഏലത്തോട്ടം, കൊടിത്തോട്ടം, നാട്ടിൽ വീട്, റബ്ബർ തോട്ടം എല്ലാമുള്ള പണക്കാർ..." കാനനചുവയുള്ള മലയാളത്തിൽ അവൾ പറഞ്ഞു. അവളുടെ സംസാരത്തിന് പോലുമുണ്ടായിരുന്നു ഒരുനിഷ്ക്കളങ്കഭംഗി .
പുലർച്ചെ ഷെഡ്‌ഡിൽ നിന്ന് ഏലക്കാട്ടിലേക്ക് ജോലിക്കായി ഇറങ്ങുമ്പോൾ അവൾക്ക് കൊടുക്കുവാനായി നാട്ടിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന എന്തെങ്കിലുമൊക്കെ കരുതുമായിരുന്നു കൈകളിൽ. അത് ഏറ്റ് വാങ്ങുമ്പോൾ ആ മുഖം ചുവന്നു തുടുക്കുന്നതും കണ്ണുകളിൽ സന്തോഷം തിരതല്ലുന്നതും കാണാൻ വല്ലാത്ത ശേല് തന്നെയായിരുന്നു.
അന്ന് ഏലക്കാടുകൾ കാട്ടുമൃഗങ്ങളുടെ ശല്യം കൊണ്ട് പൊറുതിമുട്ടുന്ന സമയമായിരുന്നു. എവിടെയും കാട്ടുമൃഗങ്ങളുടെ അലർച്ചയും, മുരിങ്ങലും, ചിന്നം വിളിയും... കാട്ടുമൃഗങ്ങളുടെ ഉപദ്രവം ഇല്ലായിരുന്നെങ്കിൽ ഇവിടുത്തെ ജീവിതം എത്ര സുന്ദരമായിരുന്നു ഞാൻ പലപ്പോഴും ആലോചിക്കും. ഒറ്റയാന്റെ ശല്യംമൂലം ഏലക്കാടുകൾ പലപ്പോഴും നാശമാക്കപ്പെട്ടിരുന്നു. വിശ്വസിച്ചു കിടന്നുറങ്ങാൻ കഴിയാത്ത രാത്രികൾ. ഏറുമാടത്തിലും, മരങ്ങളിലും ഒക്കെയായി കഴിച്ചുകൂട്ടിയ ദിനങ്ങൾ. കണ്ണടയ്ക്കുമ്പോൾ കാട്ടു പൊന്തകൾ ഞെരിഞ്ഞമരുന്ന ശബ്ദം അല്ലെങ്കിൽ ഒറ്റയാന്റെ നാട് വിറപ്പിക്കുന്ന ചിന്നം വിളികൾ.
ഒറ്റയാന്റെ ആക്രമണത്തിൽ പലപ്പോഴും കുടിലുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. നിരവധി പേർക്ക് പരിക്ക് പറ്റുകയും ചിലർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രാത്രികാലങ്ങളിൽ ആഴി കൂട്ടിയും, പടക്കം പൊട്ടിച്ചും, പാട്ട കൊട്ടിയുമെല്ലാം ഞങ്ങൾ കൃഷിയിടത്തെ സംരക്ഷിച്ചു പോന്നു.
പുലർവെട്ടം വീണ് തുടങ്ങിയാൽ മാത്രമാണ് ശ്വാസം നേരെ വീഴുക. ചൂടു കാപ്പിയും കുടിച്ച് കമ്പിളി പുതപ്പിനടിയിൽ ഒന്നുകൂടി ചുരുണ്ടുകൂടിയിട്ടാവും പലപ്പോഴും ഉറക്കം ഉണരുന്നത്.
ഒരുനാൾ കാപ്പിക്ക് വേണ്ടി പുഴുങ്ങാൻ മരച്ചീനി വാങ്ങാൻ ചെന്നപ്പോഴാണ് ഞാൻ ആദ്യമായി അവളെ കാണുന്നത്. ഏലത്തോട്ടത്തിലെ പണിക്കാരനായ കൃഷ്ണേട്ടന്റെ ഒരേയൊരു മോൾ. കുടിലിന്റെ പൂമുഖത്തെ മൺതറയിലിരുന്ന് കൃഷ്ണനോട് സംസാരിക്കുവേ... സ്റ്റീൽ ഗ്ലാസിൽ ആവി പറക്കുന്ന ചായയുമായി ആദ്യമായി അവൾ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ ഗോതമ്പിന്റെ നിറം, കരിങ്കൂവള മിഴികൾ, മനോഹരമായ ശബ്ദം എല്ലാം തന്നെ ഒറ്റക്കാഴ്ചയിൽ അവളെ എന്നിലേക്ക് അടുപ്പിച്ചു.
"അബ്ദു... ഇതാണ് എന്റെ ഏകമകൾ അനിത. തന്നെപ്പോലെ തന്നെ കവിതയിലും പാട്ടിലുമൊക്കെ താൽപര്യമുണ്ട് ഇവൾക്ക്. ചിലതെല്ലാം കൂത്തി കുറിക്കുകയും ചെയ്യാറുണ്ട്. നാട്ടിൽ നിന്ന് ഇവിടേയ്ക്ക് കുടിയേറിയതോടെ പഠിപ്പു നിന്നു. പത്താംതരം പാസ് ആണ്. കൃഷ്ണേട്ടൻ മകളെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
പിന്നീട് എത്രയോ തവണ നാട്ടിൽ പോയി മടങ്ങിവരവേ പുസ്തകങ്ങൾ കൊണ്ടുവന്നത് അവൾക്ക് വായിക്കാനായി താൻ സമ്മാനിച്ചു.
"അബ്ദു... നിന്റെ വല്ല്യാപ്പ ഇവിടെ ഏലത്തോട്ടം കൃഷി തുടങ്ങിയതിൽ പിന്നെയാണ് ഞങ്ങൾക്ക് അല്പം സമാധാനവും സന്തോഷവും ഒക്കെ ആയത്. മുൻപ് തോട്ടം പാട്ടകൃഷിക്ക് എടുത്തിരുന്നവർ മനുഷ്യപ്പറ്റ് ഇല്ലാത്തവരായിരുന്നു. ജോലി ചെയ്‌താൽ കൂലി പോലും ശരിക്ക് തരാത്തവർ. കൃഷ്ണേട്ടൻ ഒരിക്കൽ പറഞ്ഞു. ഇതുതന്നെ അനിതയും പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നോട്.
ഞങ്ങൾ തോട്ടം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയതോടെ ആ ഗ്രാമവാസികൾ സന്തോഷത്താൽ നിർവൃതിയടഞ്ഞു. കാരണം വല്ല്യാപ്പയ്ക്ക് പണിക്കാരോട് ഉള്ള കരുതലും, സ്നേഹവും, കൂലി കൊടുക്കുന്നതിലുള്ള കൃത്യനിഷ്ഠയും തന്നെ കാരണം.
ഏലക്കാ വിളവെടുക്കുന്ന സീസൺ ആയപ്പോഴേക്കും എനിക്ക് വിദേശത്തേക്ക് പോകാനുള്ള വിസ വന്നു. അത്ര നാളും എത്രയും പെട്ടെന്ന് ഏലത്തോട്ടത്തിലെ ജോലി തീർത്ത് നാടുവിട്ട് ഗൾഫിൽ പോയി സമ്പാദിക്കണം എന്ന ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ. പക്ഷേ, അനിതയെ പരിചയപ്പെട്ടതോടെ അവളെയും അവളുടെ കാടിനെയും വിട്ടുപോകാൻ വല്ലാത്ത ഹൃദയവേദന. ഒരുദിവസം ഏലത്തിന്റെ ചുവട് തെളിച്ചുകൊണ്ട് നിന്ന അവളോട് ഞാൻ പറഞ്ഞു.
"അനിതെ ഞാൻ ഇവിടെ നിന്ന് താമസിയാതെ പോകും.
"എവിടേക്ക്?" അവളുടെ മുഖം മ്ലാനമായി .
ഏലത്തിന്റെ തിരിമുറിയാതെ കളകൾ പറിച്ചു നീക്കിക്കൊണ്ടിരുന്ന അവൾ മുഖമുയർത്തി എന്നെ നോക്കി. അവളുടെ കരിങ്കൂവള മിഴികളിൽ സങ്കടത്തിന്റെ തിരമാലകൾ ഓളം തല്ലി.
"ഞാൻ ഇപ്പോൾ എന്താണ് നിന്നോട് പറയുക? എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചു വെച്ചിരുന്നതല്ലേ? ഇല്ലായിരുന്നെങ്കിൽ...
"പറയൂ അബ്‌ദു... നീ എവിടെ പോകുന്നു.? അവൾ എന്റെ കൈയിൽ പിടിച്ചു.
അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു. ഞാനാ മിഴികളിലേക്ക് നോക്കി കൊണ്ട് അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു.
"ഞാൻ പോയാലും ഒരുനാൾ നിന്നെ തേടി എത്താതിരിക്കില്ല. എത്താതിരിക്കാൻ എനിക്ക് ഇനി കഴിയില്ലല്ലോ.? "ഞാൻ ഇടർച്ചയോടെ പറഞ്ഞു.
"അബ്ദു... എല്ലാം വെറുതെ പറയുകയാണ്. ഇവിടെ നിന്ന് പോയാൽ പിന്നെ അബ്ദു എല്ലാം മറക്കും എന്നെയും, ഈ കാടുമെല്ലാം... പിന്നൊരിക്കലും ഇവിടേയ്ക്ക് മടങ്ങിവരില്ല." അവൾ നിറമിഴികളോടെ പറഞ്ഞു.
"ഏയ് ഒരിക്കലുമില്ല നിന്നെ മറക്കാനോ.? എനിക്ക് അതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ.? " അവളെ കുറച്ചുകൂടി എന്നിലേക്ക് ചേർത്തുകൊണ്ട് ഞാൻ ദൂരേക്ക് നോക്കി ആരെങ്കിലും വരുന്നുണ്ടോ ഇല്ല.
അകലെ ഇടതൂർന്നു നിൽക്കുന്ന കാട്ട് മരങ്ങൾക്കിടയിലൂടെ ഏലചെടികളുടെ ചുവട്ടിൽ പണിയെടുക്കുന്നവരെ കണ്ടു. ഒരുമാത്ര ഞാനാ നിഷ്കളങ്കരായ മനുഷ്യരെ നോക്കിനിന്നു. അനിതയുടെ മാതാപിതാക്കളെ, അവളുടെ അയൽക്കാരെ, കൂട്ടുകാരെ... അറിയാതെയെന്നവണ്ണം എന്റെ മിഴികൾ നീരണിഞ്ഞു.
ഈ വനാന്തരത്തിൽ ഇങ്ങനെ ഒരു ബന്ധം എന്തിന് ഉണ്ടായി.? വേണ്ടിയിരുന്നില്ല ഒന്നും. നിഷ്കളങ്കയായ ഒരു പെൺകുട്ടിയിലേക്ക് തന്റെ സ്നേഹം ഒരിക്കലും പകരരുതായിരുന്നു. പിരിയാൻ കഴിയാത്ത വിധം മറക്കാനാവാത്ത വിധം ഒരു ബന്ധം ഈ കാട്ട് പെണ്ണിനോട് വേണ്ടായിരുന്നു.
"അബ്ദു നിനക്കെന്താ ഒരു വല്ലായ്മ.? "രാത്രി ഷെഡ്ഡിൽ പതിവ് സംസാരത്തിൽ ഏർപ്പെട്ടിരിക്കവേ സുഹൃത്തും സഹപാഠിയുമായ അപ്പുണ്ണി ചോദിച്ചു.
"ഹേയ്... വെറുതെ വൈകാതെ നിങ്ങളെയും ഈ കാടിനെയും ഒക്കെ വിട്ടു വിദേശത്തേക്ക് യാത്ര തിരിക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം."
"അത് മാത്രമാണോ... അതോ അനിതയെ കുറിച്ചുള്ള ഓർമ്മയോ.? " എന്റെ ബന്ധത്തെക്കുറിച്ച് അറിയാവുന്ന അവൻ ശബ്ദം താഴ്ത്തി മറ്റാരും കേൾക്കാതെ ചോദിച്ചു .
"അതും ഒരു കാരണമാണ് പ്രധാനകാരണം. അവൾ എന്റെ മനസ്സിനെ അത്രമേൽ കീഴടക്കികഴിഞ്ഞിരിക്കുന്നു.ഇന്ന് ഞാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം ."
"നിനക്കെന്താ വട്ടായോ അബ്ദു... നീ എന്ത് ഭ്രാന്താണ് ഈ പറയുന്നത്.?" അപ്പുണ്ണി ശബ്ദമുയർത്തി.
"നീ എന്തിനാ ഇതൊക്കെ അവളോട് പറയാൻ പോയത്. നമ്മൾ എന്നായാലും ഈ തോട്ടകൃഷി മതിയാക്കി പാട്ടകാലാവധി തീരുമ്പോൾ ഇവിടം വിടേണ്ടവരാണ്. പാട്ട കൃഷിക്കാരന് അവൻ കൃഷി ചെയ്യുന്ന സ്ഥലവുമായി സ്വന്തവും ബന്ധവും ഒന്നും തന്നെയില്ല. അതുപോലെതന്നെ അവിടുത്തെ പണിക്കാരോടും കൂടുതൽ അടുപ്പം പാടില്ല ."അവൻ ഉണർത്തിച്ചു.
"വെറുതെ പേ പറഞ്ഞ് ഇരിക്കാതെ അവളെ മനസ്സിൽ നിന്ന് ഇറക്കിവിട്ടിട്ട് പുറത്തുപോയി നാല് പുത്തൻ ഉണ്ടാക്കാൻ നോക്ക്. നല്ലൊരു ജോലി ആണ് നിന്നെ തേടിയെത്തിയിരിക്കുന്നത്. എന്നും കുടുംബാംഗങ്ങളോടൊത്ത് ഈ കാട്ടിൽ കഴിയാനാണോ നിന്റെ പ്ലാൻ.? കാലം മാറിയത് നീ മറക്കണ്ട.
അപ്പുണ്ണി ചൂടുചായ മൊത്തി കുടിച്ചു. മറ്റുള്ളവർ അറിഞ്ഞാലും പ്രതികരണം ഇതൊക്കെ തന്നെ ആകുമെന്ന് എനിക്കറിയാമായിരുന്നു. അപ്പുണ്ണി പറഞ്ഞത് ശരിയാണ്...വല്യാപ്പ, പറയാറുണ്ട്.
"പാട്ടകൃഷിക്കാരന് താൻകൃഷിചെയ്യുന്ന സ്ഥലം എന്നും ഒരു ബാധ്യതയാണ്. പാട്ടകാലാവധി തീരുന്നത്തോടെ ആ ബാധ്യത തീരുന്നു. അവന്റെ ആ മണ്ണുമായുള്ള എല്ലാ ബന്ധവും അവസാനിക്കുന്നു. വാടകവീട് എടുക്കുന്നതുപോലെ. കാലാവധി കഴിഞ്ഞാൽ ഒന്നും സ്വന്തം അല്ല." ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞുപോയി. എനിക്ക് വിദേശത്തേക്ക് പോകേണ്ടുന്ന ദിവസം അടുത്തുവന്നിരുന്നു.
രാത്രി, കാട് തണുപ്പിന്റേയും ഇരുളിന്റേയും കരങ്ങളിൽ മുങ്ങി നിൽക്കുകയാണ്. കമ്പിളിപ്പുതപ്പിനുള്ളിൽ ഉറക്കം വരാതെ ഏറുമാടത്തിൽ ചുരുണ്ടുകൂടി കിടക്കുകയാണ് ഞാൻ. മനസ്സു നിറച്ചും അനിതയായിരുന്നു. അത്രമേൽ അവളുടെ ചിത്രം മനസ്സിൽ പതിഞ്ഞുകഴിഞ്ഞിരുന്നു. എത്രമാത്രം അവളുമായി അടുത്തു എന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയത് ആ രാത്രികളിൽ ആണ്. അവളുടെ മുഖം മനസ്സിൽ ഓർത്ത് കിടന്ന് മയങ്ങിയത് എപ്പോഴാണെന്നറിയില്ല.
ആരുടെയൊക്കെയോ അലർച്ചയും,നിലവിളികളും, പാട്ട കൊട്ടലുകളും കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു. എവിടെയൊ ആന കടന്നിരിക്കുന്നു. കണ്ണുതുറന്ന് ലൈറ്റ് തെളിച്ചു ചുറ്റും നോക്കി. എല്ലാവരും ഉണർന്നു കഴിഞ്ഞിരിന്നു. പന്തങ്ങളും, വിളക്കുകളും ഒക്കെ തെളിഞ്ഞു. വടിയും, തോക്കുമൊക്കെയായി ബാപ്പയും, കൊച്ചമ്മമാരും, പണിക്കാരും പുറത്തേക്ക് കുതിച്ചു.
ആനയെ വിരട്ടി ഓടിക്കാനുള്ള പുറപ്പാടാണ്.ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ലൈറ്റുകളിൽ നിന്നും വെളിച്ചം ചിതറിത്തെറിച്ചു. അധികദൂരം പോകുന്നതിനു മുന്നേ അവർ സ്തംഭിച്ചു നിന്നു. പിന്നാലെ ഓടിയ ഞാനും. മുന്നിൽ നിന്നവരിൽ ആരോ വിളിച്ചു പറയുന്നത് കേട്ടു.
"അതാ ഒറ്റയാൻ കൃഷ്ണേട്ടന്റെ വീടിനുനേരെ തിരിയുന്നു."
അപ്പോഴേക്കും കാതുകളിൽ വെടിയുടെയും, പടക്കത്തിന്റേയും, പാട്ടമുട്ടലിന്റേയും ശബ്ദം വന്നുനിറഞ്ഞു. മറ്റൊന്നും കേൾക്കാൻ കഴിയാതെയായി. എവിടെയും പന്തങ്ങളുടെ വെളിച്ചം നിലവിളികൾ... ഞാൻ സ്തംഭിച്ചുനിന്നു.
ഒരു നിമിഷം ഇരുളിനെ ഭേദിച്ചുകൊണ്ട് കൃഷ്ണേട്ടന്റെ കുടിലിരുന്ന ഭാഗത്തുനിന്ന് ഒരു നിലവിളി ഉയർന്നുപൊങ്ങിയത് എന്റെ കാതുകളിൽ വന്നു തട്ടി. അത് അനിതയുടെ ശബ്ദമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.എന്റെ ഹൃദയത്തിൽ ഒരു ഇടിമിന്നൽ പുളത്തിറങ്ങി.
"കൊച്ചാപ്പ അനിത..." ഞാൻ നിലവിളിച്ചു.
ആ നിമിഷം കൊച്ചാപ്പയുടെ തോട്ടാക്കുഴലിൽ നിന്ന് നാടിനെ നടുക്കി കൊണ്ട് വെട്ടി പൊട്ടി. വല്ലാത്തൊരു ചിന്നംവിളിയോടെ ഒറ്റയാൻ ഞെരിക്കെട്ടുകൾ ചവിട്ടിയമർത്തിക്കൊണ്ട് ഇരുളിലൂടെ ദൂരേക്ക് ഓടിപ്പോയി.
മുന്നിൽ നിന്നവരെ വകഞ്ഞുമാറ്റി ഞാൻ ടോർച്ചുമായി അനിതയുടെ വീടിനുനേർക്ക് പാഞ്ഞു. ഒരു മാത്ര എന്റെ ഹൃദയം സ്തംഭിച്ചുപോയി. കണ്ണുകളിൽ ഇരുട്ട് കയറി. തലയിൽ വല്ലാത്തൊരു പെരുപ്പ്. വീഴാതിരിക്കാൻ ഞാൻ വീടിന്റെ തൂണുകളിൽ മുറുക്കെ പിടിച്ചു.
ചോരയിൽ കുളിച്ച് അനിതകിടക്കുന്നു. അവളുടെ കരിങ്കൂവളം മിഴികൾ തുറിച്ചിരിപ്പുണ്ട്. വീടിനുള്ളിൽ രക്തക്കളം. ചുറ്റുമറകൾ തകർത്തുകൊണ്ട് ഒറ്റയാൻ കുത്തിയതാണ്. അനിതയുടെ ജീവനറ്റ ശരീരത്തെ നോക്കി നിലവിളിക്കുന്ന അവളുടെ അച്ഛനും അമ്മയും. ഞാൻ മെല്ലെ വേച്ചു വേച്ച് അവിടെനിന്ന് ഇറങ്ങി നടന്നു.
ഇപ്പോഴിതാ വർഷം ഏഴ് കഴിഞ്ഞിരിക്കുന്നു. കൃഷ്ണേട്ടനെയും, ലക്ഷ്മിയേടത്തിയെയും കണ്ടു പുതുതായി പണിത വീടിന്റെ കയറി താമസം ക്ഷണിക്കാനായി ഞാനിതാ വീണ്ടും പഴയ സ്ഥലത്ത് വന്നെത്തിയിരിക്കുന്നു.
ഏതാനും സമയത്തിന് ശേഷം കൃഷ്ണേട്ടനോടും കുടുംബത്തോടും യാത്രപറഞ്ഞ് പിരിയും നേരം... ഞാൻ ചെമ്പരത്തികാടുകൾ നിറഞ്ഞുനിൽക്കുന്ന വീടിന്റെ പിൻഭാഗത്തേയ്ക്ക് നടന്നു. അനിതയെ അടക്കം ചെയ്ത മണ്ണ്. ഒരു മാത്ര ഞാൻ അവളുടെ ഓർമകളിൽ മുഴുകി അവിടെ തലകുമ്പിട്ടു നിന്നു. ആ സമയം എവിടെ നിന്നോ ഒരു വിളിയൊച്ച എന്റെ കാതിൽ വന്നു തട്ടി.
"അബ്ദു..."
അനിതയുടെ ശബ്ദം.
അവൾ എന്നെ വിളിക്കുകയാണ്. അവളുടെ ആത്മാവ്അവിടെയൊക്കെ അലയുന്നുണ്ടാവണം. നിറമിഴികളോടെ ഞാൻ മെല്ലെ തിരിച്ചു നടന്നു.