ചെറിയ ഒരു അസുഖവുമായാണ് അയാൾ ഡോക്ടറുടെ അടുത്ത് എത്തിയത്.മുൻപൊരിക്കലും ഇല്ലാത്ത വിധം അയാൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായി മാറിയ കാലമായിരുന്നു അത്.
അതിന് അയാൾക്ക് പറയാൻ യുക്തിസഹമല്ലെങ്കിലും ഒരു കാരണവുമുണ്ടായിരുന്നു, അതുകൊണ്ടുതന്നെയാണ് രോഗത്തിന് മരുന്നു കുറിക്കുന്ന ഡോക്ടറോട് തന്നെ കൂടുതൽ ടെസ്ററുകൾക്ക് വിധേയമാക്കണമെന്ന് അയാൾ ആവശ്യപ്പട്ടത്.
“എന്തു പറ്റീ..? “ എന്ന് ഡോക്ടർ അയാളോട് ചോദിച്ചു.
“എന്തു കൊണ്ടാണെന്നറിയില്ല, രോഗാതുരമായ ഒരു കാലം വരാൻ പോകുന്നു എന്ന മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കുന്നു... ഡോക്ടർ..”
അയാളുടെ മറുപടി കേട്ട് ഡോക്ടർ ചിരിച്ചു. പിന്നെ അല്പസമയം അദ്ദേഹം ചിന്തയിൽ നിമഗ്നനായി കണ്ണുകൾ അടച്ചിരുന്നു.
“ശരി..നമ്മുക്കൊരു എൻഡോസ്ക്കോപ്പി എടുത്തു കളയാം “ രോഗികളുടെ ആകുലതകൾ പങ്കുവെക്കുന്ന ഒരാളായിരുന്നു ഡോക്ടർ. ഖദർ മുണ്ടും ഷർട്ടും ധരിക്കുന്ന, ആശുപത്രിയിലേക്ക് കാറുപേക്ഷിച്ച് നടന്നു വരുന്ന, ഒട്ടനവധി വിദേശ ബിരുദങ്ങൾ ഉണ്ടായിട്ടും തെല്ലും അഹങ്കരിക്കാത്ത, ലളിത ജീവിതം നയിക്കുന്ന ഒരാൾ.
എൻഡോസ്ക്കോപ്പി റിസൾട്ട് നോക്കിയ ശേഷം അല്പം അസ്വസ്ഥനായി ഡോക്ടർ പറഞ്ഞു “അല്പം പ്രശ്നമുണ്ടെന്ന തോന്നുന്നു. ബയോപ്സി എടുത്തിട്ടുണ്ട്. എന്തായാലും റിസൾട്ട് വരട്ടെ.”
“അത് പോസറ്റീവായിരിക്കും ഡോക്ടർ “
അയാളുടെ മറുപടി കേട്ട് ഡോക്ടറുടെ നെറ്റി ചുളിഞ്ഞു. ശാന്തമായ ആ മുഖത്ത് അല്പം നീരസം പടരുന്നത് അയാൾ കണ്ടു
“ഇങ്ങിനെ നെഗറ്റീവായി ചിന്തിക്കാതിരിക്കൂ. റിസൾട്ട് വരട്ടെ..”
“ക്ഷമിക്കണം ഡോക്ടർ.. ആപത്തു കാലത്ത് നല്ലത് സംഭവിക്കാനുള്ള സാദ്ധ്യതയില്ലാത്തതു കൊണ്ട് പറഞ്ഞുപോയതാണ്" എന്നു പറഞ്ഞ് അയാൾ പുറത്തു കടന്നു.
ആശുപത്രിക്കു വെളിയിൽ നഗരം ഇരമ്പിയാർക്കുന്നുണ്ടായിരുന്നു. ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളും മനുഷ്യരും. ഇവർ എങ്ങോട്ടാണ് ഇത്ര തിരക്കിട്ട് പായുന്നത് എന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക്
മനസ്സിലായില്ല. നഗരത്തിലെത്തുമ്പോൾ അറിയാതെ തൻെറ കാലുകൾക്കും വേഗതയേറുന്നുണ്ടോ എന്നു പോലും അയാൾ സംശയിച്ചു.
കുറച്ചു ദിവസങ്ങൾക്കു ശേഷം ആശുപത്രിയിൽ നിന്നും വിളി വന്നപ്പോഴാണ് വീണ്ടും ഡോക്ടറെ കാണാൻ അയാളെത്തിയത്. ഡോക്ടറുടെ മുറിക്കു മുന്നിൽ അന്ന് പതിവിലധികം രോഗികളുണ്ടായിരുന്നു. കുറച്ചു നേരം കാത്തുനിന്നപ്പോൾ അയാൾക്കും ഇരിക്കാൻ ഒരു ഇരിപ്പടം കിട്ടി. അയാളുടെ അടുത്ത് അധികം പ്രായമാകാത്ത ദമ്പതിമാരാണ് ഇരുന്നത്.
പരിചയപ്പെടുന്നതിനിടയിൽ അവരും ബയോപ്സി റിപ്പോർട്ട് വാങ്ങാൻ വന്നതാണെന്ന് പറഞ്ഞു. രോഗം സംശയിക്കുന്ന യുവാവ് വളരെ ഊർജ്ജസ്വലനും ശുഭാപ്തി വിശ്വാസിയുമായിരുന്നു. ഒരു മെഡിക്കൽ
റപ്പായ അദ്ദേഹം ഒരിക്കലും രോഗത്തിെൻറ പ്രശ്നമുണ്ടാകില്ല എന്ന തികഞ്ഞ വിശ്വാസത്തിലായിരുന്നു. അവരുടേത് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു കൊണ്ടുള്ള പ്രണയവിവാഹമായിരുന്നെന്നും, തങ്ങൾക്ക് രണ്ടിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ടെന്നും അദ്ധ്വാനിച്ച് അന്തസ്സോടെ സുന്ദരമായി ജീവിക്കുന്നത് രണ്ടുപേരുടെയും വീട്ടുകാരെ കാണിച്ചു കൊടുത്തുകൊണ്ടിരിക്കയാണെന്നും മറ്റും മരുന്നുകളുടെ ഗുണങ്ങൾ ഡോക്ടറോട് വിവരിക്കുന്നതുപോലെ ചോദിക്കാതെത്തന്നെ യുവാവ് പറഞ്ഞുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അവർക്ക് ഡോക്ടറെ കാണാനുള്ള സമയമായി.
അയാൾക്ക് അവരുടെ ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷകളിലും വലിയ സന്തേഷം തോന്നി. ഇങ്ങനെയുള്ളവരാണ് ജീവിതം സംഗീതം പോലെ ആസ്വദിക്കുന്നതെന്ന് അയാൾക്കുതോന്നി.
അയാൾക്ക് ഡോക്ടറെ കാണാൻ പിന്നെയും കാത്തിരിക്കേണ്ടതായിട്ടുണ്ടായിരുന്നു. അയാൾ അപ്പോൾ ഡോ. ജോസഫ് മർഫി എഴുതിയ ‘ ദ പവ്വർ ഓഫ് യുവർ സബ് കോൺഷ്യസ് മൈൻഡ്‘ എന്ന പുസ്തകം വായിക്കാൻ ആരംഭിച്ചു. ഉപബോധമനസ്സിെൻറ ശക്തിയേയും സാദ്ധ്യതകളെയും കുറിച്ച് എഴുതിയ ഒരു നല്ല കൃതിയായിരരന്നു അത്.
ഒരു ഘട്ടത്തിൽ ദൈവം എന്ന ശക്തിതന്നെ ഉപബോധമനസ്സാണെന്ന് അതിൽ സമർത്ഥിക്കുന്നതുപോലെ അയാൾക്ക് തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടറെ കാണാൻ പോയ ദമ്പതിമാർ ഇറങ്ങി വന്നു. കയറിപ്പോയവരല്ല അപ്പോൾ ഇറങ്ങിവന്നതെന്ന് അയാൾക്കു തോന്നി. യുവാവ് വിയർത്തു കുളിച്ച് ഊർജ്ജമെല്ലാം നഷ്ടപ്പെട്ട് തളർന്ന് പോയവനെപ്പോലെ കസേരയിൽ വന്നിരുന്നു.
ഷർട്ടിെൻറ മുകൾ ബട്ടനുകൾ അഴിച്ചിട്ട് തൂവാലകൊണ്ട് വീശുകയും ഒരു കുപ്പി വെള്ളം കുടുകുടാ കുടിച്ചുതീർക്കുകയും ചെയ്തു. പിന്നീട് ഷുസ് അഴിച്ചു വെച്ച് കാലുകൾ നീട്ടി ചാരിയിരുന്നു. കണ്ണുകൾ ദൂരെയെവിയെയോ എന്തോ കാണുന്നപോലെ നിശ്ചലമായി. യുവാവിെൻറ ഭാര്യ തലതാഴ്ത്തി പതുക്കെ കരയുന്നുണ്ടായിരുന്നു.
“ഇപ്പോൾ കുട്ടികൾ സ്ക്കൂൾ വിട്ട് വന്നിട്ടുണ്ടാകും അല്ലേ..?" യുവാവ് നിസ്സഹായത കലർന്ന സ്വരത്തിൽ ചോദിക്കുന്നത് അയാൾ കേട്ടു.
രോഗം എത്ര ക്രൂരമായാണ് ആർക്കും ശല്യമില്ലാതെ സ്വൈരജീവിതം നയിക്കുന്നവർക്കു മുകളിൽ വേട്ടമൃഗത്തെപ്പോലെ ചാടി വീഴുന്നത് ?
അവരോട് എന്തങ്കിലും ചോദിക്കാൻ നോക്കുന്നതിനു മുൻപ് അയാൾക്കുള്ള വിളി വന്നു.
ഡോക്ടറുടെ മുഖത്തെ ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുന്ന ഗൌരവം അയാൾ വായിച്ചു.
“റിസൾട്ട് അത്ര ശുഭകരമല്ല.” ഡോക്ടർ പറഞ്ഞു.
“ഞാനതു പ്രതീക്ഷിച്ചിരുന്നു..” അയാൾ നിർവികാരതയോടെ പറഞ്ഞു.
“പേടിക്കാനില്ല, ഫസ്റ്റ് സ്റ്റേജാണ്. എത്രയും പെട്ടെന്ന് സർജറി നടത്തണം. കീ ഹോളാണ് നല്ലത്. സിറ്റിയിൽ വിദഗ്ദനായ ഒരാളുണ്ട്. ഞാൻ കത്തു തരാം, വിളിച്ചു പറയുകയും ചെയ്യാം. പോകുന്നതിനു മുൻപ് ഒരു എൻ.അർ.എ കൂടി എടുത്തോളൂ. ഒട്ടും വൈകണ്ട,പറ്റുമെങ്കിൽ ഇന്ന് തന്നെ “
ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തു കടന്നപ്പോൾ ദമ്പതിമാരെ അവിടെ എവിടെയും കണ്ടില്ല. ആശുപത്രിയും പരിസരവും പുറത്തേ റോഡും തിരക്കുമെല്ലാം തന്നിൽ നിന്നും അകന്നു പോകുന്നതുപോലെ അയാൾക്കു തോന്നി. ഈ ലോകം തൻെറതല്ലെന്ന വിചിത്രമായ ഒരു തോന്നൽ.
വീട്ടിലെത്തിയ ശേഷം അയാൾ വെറുതെ ഇൻറർ നെറ്റിൽ അയാളുടെ രോഗത്തെപ്പറ്റി തിരഞ്ഞു. വിദേശ രാജ്യങ്ങളിൽപ്പോലും മുപ്പതു മുതൽ നാല്പതു ശതമാനം ആളുകളേ അഞ്ചു വർഷം ഈ രോഗം വന്ന ശേഷം ജീവിച്ചിട്ടുള്ളുവെന്ന് ഇറ്റർനെറ്റ് അക്ഷരങ്ങൾ നിർവികാരതയോടെ അയാളോട് പറഞ്ഞു.
അയാളുടെ ഭാര്യ അയാളുടെ പിറകിൽ വന്ന് ആലിംഗനം ചെയ്ത് അയാളുടെ ചുമലിൽ നെറ്റി ചേർത്തു നിന്നു. അയാളുടെ ചുമലിൽ പടർന്ന നനവിൽ നിന്നും അവൾ നിശ്ശബ്ദയായി കരയുകയാണെന്ന് അയാൾക്കു മന്സ്സിലായി.
അന്നു രാത്രി ചുരുങ്ങിയ കാലത്തിനുളളിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് പദ്ധതികൾ തയ്യാറാക്കാൻ വെറുതെ ശ്രമിച്ചുവെങ്കിലും അയാളുടെ മനസ്സ് അശാന്തമായതിനാൽ അയാൾക്കതിനുകഴിഞ്ഞില്ല.
അയാൾക്ക് ചെറിയ ക്ളാസുകളിൽ പഠിക്കുന്ന രണ്ടു കുട്ടികളും വലിയ പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത അയാളുടെ അലസജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്ന ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്. അവരെ
തനിച്ചാക്കി പോകേണ്ടതിനെക്കുറിച്ചോർത്തപ്പോൾ അയാളുടെ കൺപീലികളും അറിയാതെ നനഞ്ഞുപോയി.
നിറയെ ട്രാഫിക്ക് ജാമുള്ള കായലോരത്തുള്ള വലിയ നഗരത്തിൽ അയാളും ഭാര്യയും അടുത്ത ദിവസം രാവിലെത്തന്നെ എത്തിചേർന്നു. വട്ടമുഖമുള്ള, തടിച്ച്, ഉയരം കുറഞ്ഞ, തികഞ്ഞ ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖമുള്ള ഒരാളായിരുന്നു സർജൻ. അയാൾ ഇൻറർനെറ്റിലെ വിവരത്തിെൻറ ആശങ്ക സർജനുമായി പങ്കുവെച്ചു.
രോഗ വിവരങ്ങൾ തിരയാൻ ഇൻറർ നെറ്റ് ഉപയോഗിക്കരുതെന്നും, തികച്ചും തെറ്റായ വിവരമാണ് പലപ്പോഴും ലഭ്യമാകുക എന്നും ഇതേ രോഗമുള്ള തൻെറ പിതാവടക്കം പലരും സർജറിക്കും ചികത്സക്കും ശേഷം വളരെക്കാലമായി ഇപ്പോഴും സുഖമായി ജീവിച്ചിരിക്കുന്നുവെന്നും സർജൻ പറഞ്ഞു.
അയാൾ അന്നു തന്നെ ആ വലിയ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. ആശുപത്രിമുറി നല്ല വൃത്തിയും വെടിപ്പുമുള്ളതായയിരുന്നു.ഇളം നീല പെയിൻറടിച്ച ചുമരുകളും,വലിയ ചില്ലുപാളികളും,ടെലിവിഷനും എ.സി യുമെല്ലാമുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടലിനെ ഓർമ്മിപ്പിക്കുന്ന മുറി. എട്ടാം നിലയിലുള്ള മുറിയിലെ ചില്ലു പാളിയിലൂടെ ആ വലിയ നഗരത്തിെൻറയും അതിനുമുകളിൽ കൂടുകൂട്ടിയ ആകാശത്തിെൻെറയും വിദൂരദൃശ്യം തെളിഞ്ഞു വന്നു. വിഷാദ കാളിമപടർന്ന സാന്ധ്യമേഘങ്ങളിൽ തലചായ്ക്കുന്ന വലിയ കെട്ടിടങ്ങൾ. മുറിയിൽ നിന്നും നോക്കുമ്പോൾ താഴെ തിരക്കിട്ട് ബസ്സുകൾ വന്നും പോയുമിരിക്കുന്ന ബസ്സ്സ്റ്റാൻറും ഒരു അറവുശാലയും കാണാമായിരുന്നു.
എന്തുകൊണ്ടോ അയാളുടെ ശ്രദ്ധ അറവുശാലയിലേക്കാണ് തിരിഞ്ഞത്. അവിടെ ഷീറ്റുമേഞ്ഞ അറവുശാലയുടെ പുറത്തെ മരത്തണലിൽ ഭാവിയെക്കുറിച്ച് അറിയാത്തതുകൊണ്ട് ശാന്തമായി വൈക്കോലു തിന്നുന്ന മൂന്ന് പ്രായാധിക്യമുള്ള പശുക്കളെ അയാൾ കണ്ടു. ഒരർത്ഥത്തിൽ തൻെറ അവസ്ഥയും ആ പശുക്കളുടെതിനു തുല്യമാണെന്ന് അയാൾക്ക് തോന്നി.മനസ്സിൽ അസ്വസ്ഥതയുടെ തിരമാലകൾ ഇളകി.
രണ്ടു ശരീരങ്ങളും കീറിമുറിക്കപ്പെടാൻ പോകുന്നു. ഒന്ന് കൊല്ലാൻ മറ്റൊന്ന് രക്ഷിക്കാൻ. ഒന്നിൻെറ അവസാനം മരണമാണ്, മറ്റെത് പ്രവചനാതീതം. ജീവിതവും മരണവും ഒളിച്ചു കളിക്കുന്നു.
“എന്താണ് നോക്കി നിൽക്കുന്നത്?“ എന്ന് ചോദിച്ചുകൊണ്ട് അയാളുടെ ഭാര്യ അരികിൽ വന്നു.
“അതൊരു അറവുശാലയാണ് “ അയാൾ അവരോട് പറഞ്ഞു.
“അതിനെന്താ..? “ അവർ ചോദിച്ചു.
“ഒന്നുമില്ല.” അയാൾ മറുപടി പറഞ്ഞു
ഒരേ ദൃശ്യം രണ്ടു വ്യത്യസ്ത മാനസീകാവസ്ഥയിലുള്ള മനുഷ്യരിൽ സൃഷ്ടിക്കുന്ന സംവേദനവും വ്യത്യസ്തമാണെന്ന് അയാൾക്കു തോന്നി. എന്തുകൊണ്ടോ ആ നിസ്സാഹായതയിലുള്ള പശുക്കളുമായി ഒരു ആത്മബന്ധം അയാൾക്കനുഭവപ്പെട്ടു. രാത്രി ഇടക്ക് ഉണരുമ്പോഴെല്ലാം ആ മൂന്നു പശുക്കളും സുരക്ഷിതമായി അവിടെയില്ലേ എന്നയാൾ വെറുതെ നോക്കുന്നുണ്ടായിരുന്നു.
പുലർച്ചെ മൂന്നു മണിക്ക് ഉണർന്ന അയാൾ കണ്ടത് അതിലൊരു പശുവിനെ ഒരാൾ വന്ന് അഴിക്കുന്നതാണ്. ആ മനുഷ്യൻ അതിനെ പൈപ്പിെൻറ താഴെ കൊണ്ടുപോയി കുളിപ്പിക്കുന്നതും, തുടച്ചു വൃത്തിയാക്കി അറവു ശാലയിലേക്ക് കൊണ്ടുപോകുന്നതും അയാൾ കണ്ടു.
അയാൾ എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ടോ എന്ന് കാതോർത്തുകൊണ്ട് തണുത്ത ചില്ലുപാളികളിൽ തല ചേർത്തു നിന്നു. പക്ഷേ ഒന്നും അയാൾ കേട്ടില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ചെറിയ ഉന്തു വണ്ടിയിൽ എല്ലും തൊലിയും കുടൽമാലയും,പശുവിെൻറ തലയും ഉന്തിക്കെണ്ട് ഒരാൾ നടന്നുപോകുന്നത് വേദനയോടെ അയാൾ കണ്ടു.
അങ്ങിനെ ഓരോ ദിവസവും ഓരോ പശുക്കൾ അറവുശാലയിലേക്ക് നടന്നുപോയി. പകൽ കാക്കകളും പരുന്തുകളും അറവുശാലക്കു മുകളിൽ വട്ടമിട്ടു പറന്നു.
ശരീരം കീറിമുറിക്കാൻ കാത്ത് അയാൾ കിടന്നു. ശാരികക്ഷമത നിർണ്ണയിക്കാനുള്ള ഒരുപാട് ടെസ്റ്റുകൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിൽ അനസ്തീഷ്യ നൽകുന്ന ഡോക്ടർ സർജറി ചെയ്യാൻ അയാളുടെ ശരീരം പ്രാപ്തമാണെന്ന് രേഖപ്പെടുത്തി.
അവസാന പശുവും അറവുശാലയിലേക്ക് നടന്നു പോയ ഒരു ദിവസം പുലരും മുൻപേ അയാളെത്തേടി ക്ഷുരകൻ വന്നെത്തി. സർജറി ചെയ്യാുനുള്ള ശരീരഭാഗം വടിച്ചു വൃത്തിയാക്കി. നഴ്സ് അയാൾക്ക് കുളിക്കാൻ അണുനാശിനി കലക്കിയ ചൂടുവെള്ളം കൊടുത്തു. കുളി കഴിഞ്ഞ് ഉടുക്കാൻ പ്രത്യേക വസ്ത്രവും.
അന്നായിരുന്നു അയാളുടെ സർജറി. സമയമായപ്പോൾ വീൽചെയറുമായി ഒരു ചുവന്ന യൂണിഫോം വേഷധാരി വന്നു. വീൽ ചെയറ് അയാളെയും കൊണ്ട് ഇരുളും വെളിച്ചവും ഇടകലരുന്ന, അണുനാശിനിയുടെ മണമുള്ള ഇടനാഴികളിലൂടെ വേഗത്തിൽ സഞ്ചരിച്ചു. ഓപ്പറേഷൻ തീയറ്റർ എത്തും മുൻപ് ഇടനാഴിയിലെ തറയിലെ ചുവന്ന വരക്കു മുൻപിൽ വീൽചെയർ നിന്നു. ഒന്നും മിണ്ടാതെ അയാളെ അവിടെ ഉപേക്ഷിച്ച് ചുവന്ന യൂണിഫോം വേഷധാരി സ്ഥലം വിട്ടു.
ചുവന്ന വരക്കു മുൻപിൽ നിശ്ചലമായ വീൽചെയറിനു ചുറ്റും പടർന്ന കനത്ത ഏകാന്തതയിൽ കാലം നിശ്ചലമായതുപോലെ അയാൾക്കു തോന്നി.
കുറച്ചു കഴിഞ്ഞപ്പോൾ പച്ച വസ്ത്രം ധരിച്ച ഒരാൾ മുന്നിലുള്ള ഓപ്പറേഷൻ തീയറ്ററിൽ നിന്നും നടന്നു വന്നു.
വളരെ സാവകാശം വീൽചെയർ ഉന്തിക്കൊണ്ട് ഓപ്പറേഷൻ തീയറ്ററിനുള്ളിലെ അതിശൈത്യത്തിലേക്കും തീവ്രപ്രകാശത്തിലേക്കും അയാളെ കൊണ്ടുപോയി.
ഓപ്പറേഷൻ ടേബിളിൽ കിടന്ന അയാളുടെ കൈകാലുകൾ ബന്ധിക്കപ്പെടുകയും ശാരീരിക സ്ഥിതി അളക്കുന്ന വിവിധ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിക്കപ്പെടുകയും ചെയ്തു. അപ്പോൾ അയാൾ കുരിശിൽ തറക്കപ്പെട്ട യേശുവിനെക്കുറിച്ചോർത്തു.
ഗോൽഗോത്ത മലയിലെ കരിമ്പാറക്കല്ലുകൾക്കു മുകളിലൂടെ നിസ്സഹായതയുടെ കാറ്റ് കടന്നു പോകുന്നതുപോലെ അയാൾക്കു തോന്നി.
“പ്രശ്നമൊന്നുമില്ലല്ലോ..ഞാൻ അനസ്തീഷ്യ ചെയ്യുന്ന ഡോക്ടറാണ്" വെള്ള വേഷധാരിയായ മുഖം വ്യക്തമല്ലാത്ത ഒരാൾ അയാളുടെ അരികിലെത്തി ചോദിച്ചു.
അയാൾ ഇല്ലെന്ന് തലയാട്ടി.
“എങ്കിൽ കൊടുത്തോളൂ..“ ഡോക്ടർ നഴ്സിനോട് പറയുന്നത് അയാൾ കേട്ടു.
അയാളുടെ കൈ ഞരമ്പിലൂടെ മയക്കുന്ന മരുന്ന് ഒഴുകി. കൺപോളകൾ കനക്കുന്നതും നിദ്രയുടെ നീലത്താഴ്വരയിലേക്ക് ചിറകുകളില്ലാതെ പറന്ന് പറന്ന് പോകുന്നതും അയാളറിഞ്ഞു. ദൃശ്യങ്ങളില്ലാത്ത, അവ്യക്തവും, അസുഖകരമായ എന്തൊക്കയോ കീറിമുറിക്കപ്പെടുന്ന സ്വപ്നത്തിലൂടെ കടന്നു പോകുന്ന അനുഭവമാണ് പിന്നെ അയാൾക്കുണ്ടായത്.
പേരുവിളിച്ചതു കേട്ട് കണ്ണുതുറക്കുമ്പോൾ വെളിച്ച പ്രവാഹത്തിൽ ചുറ്റും കൂടി നില്കുന്ന കുറച്ചു മുഖങ്ങൾ അയാൾ കണ്ടു.
തീയറ്ററിെൻറ വെളിയിലേക്ക് സ്ട്രച്ചറിൽ കൊണ്ടു പോകുമ്പോൾ പുറത്ത് അക്ഷമയോടെ കാത്തു നിൽക്കുന്ന ബന്ധുക്കളെ നോക്കി അയാൾ ചിരിച്ചു.
എൈ.സി.യു വിലെ ഇരുണ്ട വെളിച്ചത്തിലേക്കും തണുപ്പിലേക്കും മാറ്റപ്പട്ടപ്പോൾ മയക്കത്തിനും ഉണർവ്വിനുമിയിലൂടെ ഒഴുകിയൊഴുകിപോകുന്നതുപോലെ അയാൾക്കു തോന്നി.
പിന്നീട് കത്തീറ്ററും ഡ്രിപ്പുമായി രോഗശയ്യയിൽ മോചനം കാത്ത് അയാൾക്കിടന്നു
ശരീരത്തിനുള്ളിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട അവയവ വൈകല്യവുമായി പല കുഴലുകളാൽ ബന്ധിക്കപ്പെട്ട് നിരവധി പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിൽ അയാൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടു.
നിരവധി കാറ്റാടി മരങ്ങൾക്കും വാകമരങ്ങൾക്കും ഇടയിൽ മഞ്ഞച്ചായമടിച്ചതും ഒരു മൊട്ടക്കുന്നിെൻറ ചെരുവിലുള്ളതുമായ ആശുപത്രിയിലാണ് അയാൾ റേഡിയേഷൻ ചെയ്യാനായി എത്തിചേർന്നത്.
ആശുപത്രിയുടെ കവാടത്തിനരികെ ക്രൂശിതനായ യേശുകൃസ്തുവിൻെറ പ്രതിമയുണ്ടായിരുന്നു.യേശുവിൻെറ കണ്ണുകളിലെ നിസ്സഹായത അയാളെ വല്ലാതെ അസ്വസ്ഥനാക്കി. രക്ഷകൻപോലും രക്ഷക്കായി കാത്തു കിടക്കുന്ന പോലെ അയാൾക്കു തോന്നി.
റേഡിയേഷൻെറ സുരക്ഷ മുൻനിർത്തിയാവണം ആശുപത്രിയുടെ ഭൂഗർഭ നിലയിലായിരിന്നു റേഡിയേഷൻ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആധുനിയ രീരിയിലുള്ള വിലയേറിയ റേഡിയേഷൻ ഉപകരണം അവിടം സജ്ജമാക്കിയിരുന്നു.
റേഡിയേഷൻ മുറിക്കു മുൻപിലുള്ള ഹാളിൽ ഊഴം കാത്ത് അയാളിരുന്നു. അതിശൈത്യമുള്ളതും മങ്ങിയ വെളിച്ചം നിഴൽ വീഴ്ത്തുന്നതുമായ ആ ഹാളിൽ ആരും ചിരിക്കുകയോ, പരസ്പരം സംസാരിക്കുകയോ ചെയ്തില്ല.
ദുഖം ഘനീഭവിച്ചു കിടന്ന അവിടെ എല്ലാവരും തലതാഴ്ത്തി അവരുടെ ലോകത്ത് ഒറ്റപ്പെട്ട് ഇരിക്കുന്നതുപോലെ അയാൾക്കു തോന്നി.
എത്ര വലിയ സൌഹൃദവലയമുണ്ടെങ്കിലും, അടുത്ത ബന്ധുക്കളുണ്ടെങ്കിലും രോഗത്തിൻെറയും മരണത്തിൻെറയും വഴികളിൽ എല്ലാ മനുഷ്യരും ഒറ്റപ്പെട്ടുപോകുന്നു.
അവിടത്തെ ഏകാന്തത അസഹനീയമായി അയാൾക്കു തോന്നി. അയാൾക്ക് ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കാൻ അതിയായ ആഗ്രഹമുണ്ടായി.
അയാളുടെ അടുത്ത് ഒരു ചെറിയ കുട്ടിയാണ് ഇരുന്നത്. ഏതാണ്ട് പന്ത്രണ്ട് വയസ്സായ ഒരു കുട്ടി. ആ കുട്ടിയുടെ തലയിൽ ഒരു വലിയ മുഴയുണ്ടായിരുന്നു. തല താഴ്ത്തി നിശ്ശബ്ദനായി ഇരിക്കുന്ന അവൻെറ ചുറ്റും വിഷാദം തളം കെട്ടി നിന്നു.
അയാൾ അവൻെറ കൈകളിൽ പതിയെ തലോടിക്കൊണ്ട് പേരും നാടുമെല്ലാം ചോദിച്ചു. അവർക്കിടയിൽ പതിയെ പതിയെ സൗഹൃദം വളർന്നു വന്നു. തലയിലും ശരീരത്തിെൻറ പല ഭാഗത്തും എപ്പോഴും വേദനയാണെന്നും അച്ഛനും അമ്മയും തന്നെ ഉപേക്ഷിച്ച് പോയിട്ട് മാസങ്ങളായി എന്നും മുത്തച്ഛനാണ് തനിക്ക് കൂട്ടിരിക്കുന്നതെന്നും വേദന കലർന്ന സ്വരത്തിൽ അവൻ പറഞ്ഞു.
“എപ്പോഴും വല്ലാത്ത വേദനയാണ് അങ്കിൾ.. ഞാൻ മരിക്കും.." അവൻെറ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു.
“എയ് അങ്ങിനെയൊന്നും പറയരുത്. എത്ര ആളുകൾ രോഗം ഭേദമായി പോകുന്നു. മോനും ഒരു നാൾ എല്ലാം മാറി തിരിച്ചു പോകും“ അയാളുടെ ആശ്വാസവാക്കുകൾ കേട്ട് അവൻ വെറുതെ തലയാട്ടുക മാത്രം ചെയ്തു.
“ഞാൻ നിനക്ക് ഒരു രാജകുമാരൻെറ കഥ പറഞ്ഞു തരട്ടെ. രോഗത്തെയും പ്രതിബന്ധങ്ങളെയും ഒറ്റക്ക് നേരിട്ട് വിജയം വരിച്ച ഒരു രാജകുമാരൻെറ..? “
അവൻ ശരി എന്ന അർത്ഥത്തിൽ തലയാട്ടിയപ്പോൾ അയാൾ തൻെറ ഭാവനയിൽ വിരിയിച്ചെടുത്ത ശുഭാപ്തി വിശ്വാസത്തിെൻറ ഒരു കഥ പറയാൻ ആരംഭിച്ചു. അപ്പോഴക്കും നഴ്സ് അവനെ വിളിച്ചു.
“ബാക്കി കഥ നാളെ..” അയാൾ അവ െൻറ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു. അവൻ ചിരിച്ചുകൊണ്ട് കൈ വീശി.
“താങ്കളുടെ കഥ ഞാനും കേൾക്കുന്നുണ്ടായിരുന്നു. പ്രതീക്ഷയാണ്എല്ലാവരെയും മുന്നോട്ടു നയിക്കുന്നതല്ലേ.. പാവം കുട്ടീ ചികത്സക്കെത്താൻ കുറച്ചു വൈകിപ്പോയി..” അപ്പോഴാണ് മറുവശത്തിരിക്കുന്ന മാന്യമായ വേഷം ധരിച്ച വൃദ്ധനെ അയാൾ ശ്രദ്ധിച്ചത്. അദ്ദേഹം ഒരു റിട്ടയേഡ് ചരിത്രാധ്യാപകനായിരുന്നു.
“ആ കുട്ടിയുടെ മുറിക്കടുത്താണ് എൻെറയും മുറി. ഞാനും വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ടവനാണ്. മക്കളുണ്ടായിട്ടും ഒരു ഹോം നഴ്സാണ് കൂട്ടിരിക്കുന്നത്. സന്തോഷത്തിൽ കൂടെ നിന്നവരാരും സന്താപത്തിൽ കുടെയുണ്ടാവില്ല.” അതു പറയുമ്പോൾ പ്രൊഫസറുടെ കണ്ണുകൾ നനയുന്നത് അയാൾ കണ്ടു.
ആശുപത്രി ജീവനക്കാരൻ വീൽ ചെയറിൽ ഉന്തിക്കൊണ്ടുപോകുമ്പോൾ പ്രൊഫസറും കൈവീശിക്കൊണ്ട് യാത്ര പറഞ്ഞു “ നാളെ കാണാം..
നീണ്ട കാത്തിരിപ്പിനു ശേഷം അയാളെ റേഡിയേഷനായി വിളിച്ചു. അയാൾക്ക് ധരിക്കാൻ ഗൌൺപോലുള്ള പ്രത്യേക വസ്ത്രം കൊടുത്തു. യന്ത്രത്തിൻെറ മുറിയിലേക്ക് അയാൾ നയിക്കപ്പെട്ടു. റേഡിയേഷൻ ടേബിളിൽ അയാൾ മലർന്നു കിടന്നു. അനങ്ങാതിരിക്കുവാൻ അയാളുടെ ശരീരത്തിെൻറ അളവനുസരിച്ച് തയ്യാറാക്കിയ ഒരു ഫ്രെയിമുമായി അയാളെ ബന്ധിച്ചു.
എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഡോക്ടറും സഹായികളും മുറിയുടെ പുറത്ത കടന്ന് വാതിലടച്ചു.
അതിശൈത്യമുള്ള, മങ്ങിയ പ്രകാശമുള്ള ആ മുറിയിൽ അയാളും തീവ്ര രശ്മികളുള്ള യന്ത്രവും തനിച്ചായി.
കനത്ത ഏകാന്തതയിൽ സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞു.
ഒരു സയറൻ മുഴങ്ങിയപ്പോൾ യന്ത്രത്തിെൻറ ചുവന്ന കണ്ണുകൾ തിളങ്ങുന്നതും മുരണ്ടുകൊണ്ട് ആ വലിയ യന്ത്രം ചലിക്കാൻ തുടങ്ങുന്നതും അയാൾ കണ്ടു. പതിയെ ശക്തമായ രശ്മികൾ ചിതറുന്ന അതിെൻറ വലിയ കൈകൾ അയാളുടെ ശരീരത്തിനു മുകളിലേക്ക് നീണ്ടു വന്നു. തനിയെ ഉയർന്നും താണും വശങ്ങളിലേക്ക് ചരിഞ്ഞും തീവ്ര രശ്മികളാൽ തൊട്ടുകൊണ്ട് അതയാളെ തഴുകി.
യന്ത്രത്തിെൻറ അപരിചിതവും അജ്ഞാതവുമായ സ്നേഹത്തിൽ അയാൾ കണ്ണുകളടച്ചു കിടന്നു. യന്ത്രസ്നേഹദിനങ്ങളുടെ ആവർത്തനങ്ങൾ തുടരുമ്പോൾ കാത്തിരിപ്പിെൻറ വരണ്ട നിമിഷങ്ങളിൽ കുട്ടിയുടെയും പ്രൊഫസറുടെയും സാനിദ്ധ്യം അയാൾക്ക് തണുത്ത തണലായി അനുഭവപ്പെട്ടു. രോഗാതുരനായ കുട്ടി കഥക്കിടയിൽ ചിരിക്കാനും ആവേശത്തോടെ പ്രതികരിക്കാനും തുടങ്ങിയിരുന്നു. എന്നും കഥ കേൾക്കാൻ കാത്തിരിക്കുന്ന ഒരു കുട്ടിയായി അവൻ മാറി. വേദനക്ക് കുറവുണ്ടെന്നും താനെപ്പോഴും രാജകുമാരനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അവൻ അയാളോട് പറഞ്ഞു.
അപ്രതീക്ഷിതമായി അവരുടെ റേഡിയേഷൻെറ സമയത്തിൽ മാറ്റമുണ്ടായപ്പോൾ ആ രണ്ടു സൌഹൃദങ്ങളും പെട്ടെന്ന് അയാൾക്ക് നഷ്ടപ്പെട്ടു.
കീമോ തെറാപ്പിയുടെ ഗുളികകൾ അയാളിൽ തീവ്രമായ പ്രതിപ്രവർത്തനങ്ങളുണ്ടാക്കി. ഛർദ്ദിയും അവശതകളും കൂടിക്കുടി വന്നു. നിരന്തരം കുത്തിവെയ്പുകൾ.പലതരം ഗുളികകൾ, ലാബ് പരിശോധകകൾ എന്നിട്ടും അയാൾക്ക് രോഗ ശമനമുണ്ടായില്ല.
അയാൾ വലിയ ദൈവവിശ്വാസിയൊന്നുമായിരുന്നില്ലെങ്കിലും പരിചയമുള്ള ദൈവങ്ങളോട് അയാൾ സഹായ അഭ്യർത്ഥന നടത്തി നോക്കി.അവരെല്ലാം നിസ്സഹായതയോടെ കൈ മലർത്തി.
“രോഗദുരിതങ്ങൾ സ്വയം അനുഭവിച്ചു തീർത്തേ മതിയാവൂ..” അവർ പറഞ്ഞു.
“അതിന് ഇത്രമാത്രം അനുഭവിക്കാൻ ഞാൻ എന്തു തെറ്റാണ് ചെയ്തത്? “ അയാൾ ചോദിച്ചു
“ഈ ജന്മം നീ ചെയ്ത പാപമല്ല. മുൻ ജന്മ പാപമാണ് വ്യാധിയായി ഉണ്ടാകുന്നത്. അത് അനുഭവിച്ചു തീർത്ത ശേഷം വരൂ. അതിനു ശേഷം നോക്കാം“ അവർ പറഞ്ഞൊഴിഞ്ഞു.
രോഗത്തിെൻറ തീവ്രാവസ്ഥയിൽ മരണത്തിെൻറയും ജീവിതത്തിെൻറയും ഇടയിലെ നൂൽപ്പാലത്തിലൂടെ അയാൾ യാത്ര ചെയ്യുന്ന ദിവസങ്ങളിൽ അതി രാവിലെ അയാളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി ചെക്കപ്പിനായ് ഒരു സിസ്റ്റർ വന്നു തുടങ്ങി. അവർ നാഡീസ്പന്ദനവും, ശരീര താപവും അളന്ന് കുറിച്ചെടുക്കുകയും, രക്തപരിശോധനക്കായി രക്തം ശേഖരിക്കുകയും ചെയ്തു. അരണ്ട വെളിച്ചത്തിൽ മുഖം വ്യക്തമായിരുന്നില്ലെങ്കിലും വെളുത്ത ശിരോവസ്ത്രവും, തിളങ്ങുന്ന കുരിശുമാലയും നീണ്ട വിരലുകളും അയാൾ കണ്ടു. പോകുന്നതിനുമുൻപ് അയാളുടെ കരം ഗ്രഹിച്ചുകൊണ്ട് നിശ്ശബ്ദമായി അവർ പ്രാർത്ഥിച്ചു. പ്രാർത്ഥനക്കിടയിൽ അവരുടെ കണ്ണുകൾ കരുണയുടെ നദിപോലെ നിറഞ്ഞൊഴുകി.
തനിക്കു വേണ്ടി ഒരാൾ ഇങ്ങനെ കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നത് അയാൾക്ക് ആദ്യത്തെ അനുഭവമായിരുന്നു. എന്തോ അതയാളെ കുടുതൽ അസ്വസഥനാക്കുകയാണ് ചെയ്തത്. അതിജീവനത്തിെൻറ വഴി അയാൾക്ക് സ്വന്തമായി കണ്ടെത്തേണ്ടതായി വന്നു. സ്വന്തം ശരീരത്തെ ഒരു അന്യ ശരീരമായി കാണാൻ ശ്രമിക്കുക, അതനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ദൂരെ നിന്നു കാണുന്ന പോലെ അനുഭവിക്കുക അതായിരുന്നു അയാൾ കണ്ടെത്തിയ വഴി.
ആ മാർഗ്ഗം ഫലപ്രദമായി അയാൾക്ക് തോന്നി.
പിന്നീട് അയാൾ വിചിത്രമായതും വർണ്ണങ്ങളുള്ളതുമായ ദിവാസ്വപ്നങ്ങൾ കാണാൻ തുടങ്ങി. പല നിറങ്ങളിലുള്ള കടൽ, നിറങ്ങളും രൂപങ്ങളും മാറുന്ന ആകാശം മുറിയിലെ ടെലിവിഷൻ ഓഫ് ചെയ്ത് കണ്ണടച്ചു കിടക്കുന്ന അയാളോട് ‘ടീ വി കണ്ടു കിടന്നു കൂടേ ? “ എന്ന് നഴ്സുമാർ ചോദിച്ചപ്പോൾ
"അതിനേക്കാൾ നല്ല കാഴ്ചകൾ ഞാൻ സ്വപ്നത്തിലൂടെ കാണുന്നുണ്ടെന്ന് " അയാൾ പറഞ്ഞു
“എന്താണ് കാണുന്നത് ?" എന്നു ചോദിച്ചവരോട് അയാൾ കാണുന്ന സ്വപ്നങ്ങൾ അയാൾ വിവരിച്ചു കൊടുത്തു.
അത്ഭുതത്താൽ വിടർന്ന കണ്ണുകളോടെ അവരും ആ സ്വപ്നങ്ങൾ ആസ്വദിക്കുന്നത് അയാൾ കണ്ടു. മറ്റു രോഗികൾ പരാതികൾ മാത്രം പറയുമ്പോൾ ഒരു പരാതിയും പറയാതെ സ്വപ്നം കാണുന്ന രോഗിയെ അവർ ആദ്യമായാണ് കാണുന്നതെന്ന് അവർ പറയുന്നത് അയാൾ കേട്ടു.
അവശതയോടെ വീൽചെയറിൽ റേഡിയേഷനുപോയ ഒരു ദിവസം അപ്രതീക്ഷിതമായി അയാൾ പ്രൊഫസറെ കണ്ടുമുട്ടി. പ്രൊഫസർ വല്ലാതെ ക്ഷീണിതനായി കാണപ്പെട്ടു. അയാൾ കഥകേൾക്കാറുള്ള കൂട്ടിയെക്കുറിച്ച് ചോദിച്ചു. പ്രൊഫസർ കുറച്ചു നേരം നിശ്ശബ്ദനായി ഇരുന്നു “ ആ കുട്ടിക്ക് പനി വന്നു അത് ന്യൂമോണിയായി. മരിച്ചു. മരിക്കുന്നതിനു മുൻപ് അവന് താങ്കളുടെ കഥ കേൾക്കണമെന്ന് പറഞ്ഞിരുന്നു..” പ്രൊഫസറുടെ തൊണ്ടയിടറി.
ശരീരത്തിലൂടെ ഒരു മരവിപ്പ് പടർന്ന് കയറുന്നതുപോലെ അയാൾക്കു തോന്നി.
പിന്നീട് രണ്ടു ദിവസം റേഡിയേഷൻെൻറ കാത്തിരിപ്പു മുറിയിൽ അയാൾക്ക് പ്രൊഫസറെ കാണാൻ കഴിഞ്ഞു. എന്തുകൊണ്ടോ അവർ അധികമൊന്നും സംസാരിച്ചില്ല.
പിന്നീട് പ്രൊഫസറും അപ്രത്യക്ഷനായി. പ്രൊഫസറെക്കുറിച്ച് തിരക്കാൻ അയാൾ അശക്തനായിരുന്നു.
അയാളുടെ രോഗാവസ്ഥ ദിവസം ചെല്ലും തോറും കൂടുതൽ സങ്കീർണ്ണമായി. ഒന്നു ചലിക്കാൻ പോലും അശക്തനായി അയാൾ തളർന്നു കിടന്നു.
“അസുഖം അല്പം ക്രിട്ടിക്കലാണ്. അറിയിക്കാനുള്ളവരെയൊക്കെ അറിയിച്ചേക്കു..” ബോധാബോധത്തിെൻറ നീർച്ചുഴിയിൽ കറങ്ങവേ ഡോക്ടർ ഭാര്യയോട് പറയുന്നത് അയാൾ കേട്ടു.
അതിരാവിലെ വരാറുള്ള സിസ്റ്റർ പ്രാർത്ഥനക്കിടയിൽ പൊട്ടിക്കരയുന്നത് അയാളുടെ കാതുകളിൽ വീണ് കലങ്ങി.
“സിസ്റ്റർ എന്തിനാണ് കരയുന്നത് ? “ അയാൾ ചോദിച്ചു.
“ഞാൻ കരയുകയല്ല പ്രർത്ഥിക്കുകയാണ്” കണ്ണു തുടച്ചുകൊണ്ട് സിസ്റ്റർ പറഞ്ഞു.
സിസ്റ്റർ പോയ ശേഷം അയാൾ ഒരു മയക്കത്തിലേക്ക് വഴുതി വീണു. മയക്കത്തിൽ അയാളൊരു സ്വപ്നം കണ്ടു.
ആകാശത്ത് മാലാഖമാർ പറന്നു നടക്കുന്ന സ്വപ്നം. അവർക്കിടയിൽ സ്റ്റെതസ്കോപ്പും സ്ഫിഗ്മോമാനോമീറ്ററുമായി എന്നും അതിരാവിലെ ചെക്കപ്പിനായി വരാറുള്ള സിസ്റ്ററും. സിസ്റ്റർക്ക് ചിറകുകളുണ്ടായിരുന്നില്ല. പക്ഷേ അവരുടെ വെളുത്ത ശിരോ വസ്ത്രം കാറ്റിൽ ചിറകുകൾ പോലെ പാറുന്നുണ്ടായിരുന്നു.
മരുന്നുകൾക്ക് പ്രതികരിക്കാതായപ്പോൾ അയാളെ എൈ.സി.യു വിലേക്ക് മാറ്റി. ബന്ധുക്കളുടെ ആവശ്യ പ്രകാരം ചിതത്സക്കായി പുറമേ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സഹായം തേടി. പതിയെ അയാളുടെ ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കാൻ തുടങ്ങി. രോഗമുക്തനായി അയാൾ പുറത്തു വന്നു.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുന്ന ദിവസം അയാൾ അതിരാവിലെ ചെക്കപ്പിനായി വരാറുള്ള സിസ്റ്ററേക്കുറിച്ച് അന്വേഷിച്ചു.
തനിക്കു വേണ്ടി മനമുരുകി പ്രാർത്ഥിച്ച അവരോട് അയാൾക്ക് നന്ദി പറയണമെന്നു തോന്നി. പക്ഷേ ആർക്കും അങ്ങിനെ ഒരു സിസ്റ്ററെക്കുറിച്ചറിയില്ലായിരുന്നു.
ആശുപത്രി വിട്ട് കാർ അകന്നകന്ന് പോകുമ്പോഴും അയാളുടെ കണ്ണുകൾ പ്രാർത്ഥനയുടെ ആൾരൂപമായ സിസ്റ്ററെ വെറുതെ തിരയുന്നുണ്ടായിരുന്നു.