"മണവാട്ടിപ്പെണ്ണ് കാമുകനോടൊപ്പം ഒളിച്ചോടി. ഒൻപതുമണിയാവാൻ നിമിഷങ്ങൾമാത്രം ബാക്കിനിൽക്കെയാണ് ആവാർത്ത പരന്നത്. കേട്ടവരെല്ലാം പൊടിപ്പും, തൊങ്ങലുംവച്ച് കഥയ്ക്ക് കൊഴുപ്പുകൂട്ടി. അലൻ്റെ വീട്ടിലെല്ലാവരും വിവരമറിഞ്ഞു.
പക്ഷേ...
ഒന്നുമറിയാത അലൻ മാത്രമപ്പോഴും ക്യാമറാമാൻ്റെ നിർദേശമനുസരിച്ച് നിന്നും, ഇരുന്നും, ചിരിച്ചും ഫോട്ടോയ്ക്ക് പോസുചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് കൂട്ടുകാരൻ സനൂപ്ഓടിയെത്തിയെങ്കിലും, അലനോടിക്കാര്യമെങ്ങനെ പറയുമെന്നോർത്തു വിഷമത്തിലായി. പറയാതിരിക്കാനും വയ്യ!
''അലൻ.."
സനൂപിൻ്റെവിളികേട്ട് പുഞ്ചിരിയോടെ അലൻ തലയുയർത്തിനോക്കി.
"സനൂപേ.. നീവാടാ.."
അലൻ സനൂപിനെചേർത്തുനിർത്തി ഫോട്ടോയ്ക്ക്പോസുചെയ്തു. കല്യാണത്തിനുവന്ന ബന്ധുക്കളും, അയൽക്കാരുമൊക്കെ മുറ്റത്തും, ഹാളിലുമൊക്കെനിന്ന് രഹസ്യംപറയുകയും, സഹതാപത്തോടെ അലനെനോക്കുകയും ചെയ്യുന്നുണ്ട്.
"എടാ.. ഫോട്ടോപിന്നീടാവാം. നീ വന്നേ... എനിക്കൊരു അത്യാവശ്യകാര്യം പറയാനുണ്ട്."
സനൂപ് അലൻ്റെകൈപിടിച്ച് മുറിക്കകത്തേയ്ക്കു കയറ്റിക്കൊണ്ട് ചോദിച്ചു.
"അലൻ.. നീയിന്ന് പ്രിൻസിയെ വിളിച്ചോ ?"
"ഏയ് ഇല്ലടാ.. പുലർച്ചെ നാലുമണിമുതൽ അവൾ ബ്യൂട്ടീഷ്യൻ്റെ കസ്റ്റഡിലായിരിക്കും."
"അവളിന്ന്മെസേജ് വല്ലതുമയച്ചോ?"
"സത്യംപറഞ്ഞാൽ തിരക്കുകാരണം മൊബൈൽനോക്കാൻപോലും മറന്നു."
അലൻ മേശയിൽനിന്നും മൊബൈൽഎടുത്തുനോക്കി. മൂന്നാലു മിസ്ഡ്കോളുണ്ട്. വാട്സപ്പ്മെസ്സേജുകളിൽനിന്ന് അവൻ പ്രിൻസിയുടെമെസ്സേജ് തുറന്നു.
"അലൻ.. എന്നോട്ക്ഷമിക്കണം. മൂന്നുവർഷമായി ഞാനൊരാളുമായി പ്രണയത്തിലാണ്. എൻ്റെവീട്ടുകാർക്ക് എല്ലാക്കാര്യങ്ങളുമറിയാം. ഞാനെത്ര കേണുപറഞ്ഞിട്ടും അവർ ഞങ്ങളുടെവിവാഹം നടത്തിത്തരാൻ ഒരുക്കമല്ലായിരുന്നു. ഞാനവനോടൊപ്പംപോയാൽ ഞങ്ങളെക്കൊല്ലുമെന്നുള്ള ഭീഷണികാരണമാണ് അലൻ്റെ മുന്നിലെനിക്കീനാടകം കളിക്കേണ്ടിവന്നത്. വീട്ടുകാർ എനിക്കുവേണ്ടിയെടുത്ത സ്വർണ്ണം ഇപ്പോഴാണ്എൻ്റെ കൈയ്യിൽ കിട്ടിയത്. ഞങ്ങൾ ഈനാടുവിട്ട് പോകുകയാണ്. എന്നെ ശപിക്കരുത്. എന്നെക്കാൾ നല്ലൊരു വധുവിനെ അലനുകിട്ടും. എല്ലാമംഗളങ്ങളും നേരുന്നു."
അലൻ്റെമുഖത്ത് കാർമേഘങ്ങൾ നിറയുന്നതും, ദേഷ്യംകൊണ്ടവൻ ഫോൺ വലിച്ചെറിയാൻ തുടങ്ങിയതും, സനൂപ് അലൻ്റെഫോൺ കൈക്കലാക്കി. മെസ്സേജിലൂടെ കണ്ണോടിച്ച സനൂപ് അലനെചേർത്തുപിടിച്ചു. ഹൃദയനൊമ്പരത്തോടെ അലൻ കസേരയിൽതളർന്നിരുന്നു. ആഹ്ളാദത്തിൻ്റെ അലയൊലികൾ ഉയർന്നിരുന്ന വീട്പെട്ടന്ന് ശോകമൂകമായി.
ഒരു മാസംമുൻപാണ് 'മാട്രിമോണിയിലെ പരസ്യം കണ്ട് പ്രിൻസിയുടെഡാഡി വിളിച്ചത്. അലൻ വിദേശത്തായിരുന്നതിനാൽ എല്ലാക്കാര്യങ്ങളുമന്വേഷിച്ച് കാര്യങ്ങൾമുന്നോട്ട് കൊണ്ടുപോയത് അലൻ്റെ പപ്പയും, ചേട്ടനുമായിരുന്നു. മൂന്നാഴ്ചമുൻപാണ് അലൻ നാട്ടിലെത്തിയതും, പ്രിൻസിയെക്കണ്ടതും. വിവാഹത്തിനൊരുക്കമായുള്ള കോഴ്സ്കൂടലും, ചരക്കെടുക്കലും, ഒത്തുകല്യാണവുമൊക്കെയായി പിന്നീടെല്ലാംതിരക്കുള്ള ദിവസങ്ങളായിരുന്നു.
അതിനിടയിൽ അത്യാവശ്യംവന്നാൽമാത്രമുള്ള ഫോൺവിളിയും, വല്ലപ്പോഴുമോരോ മെസ്സേജുകളും. പ്രിൻസി ഒരിക്കൽപ്പോലും അലനെ വിളിച്ചിട്ടില്ല. അതെല്ലാം അടക്കവും ഒതുക്കവുമുള്ള കുട്ടിയുടെ ലക്ഷണമായാണ് അലൻ കരുതിയത്.
ഇനിയെന്ത് എന്നചോദ്യവുമായി അലൻ്റെ പപ്പയും, ചേട്ടനും പേരപ്പനും, അമ്മാവൻമാരുമൊക്കെ ഹാളിൽഒത്തുകൂടി.
'അവർക്കെതിരെ മാനനഷ്ടത്തിനു കേസുകൊടുത്തിട്ട്മതി ബാക്കിക്കാര്യമെന്ന് ' മത്തച്ചൻപാപ്പൻ പറഞ്ഞു.
'പറഞ്ഞ സമയത്തുതന്നെനമ്മുടെ ചെറുക്കൻ്റെ കല്യാണംനടത്തി ആ വീട്ടുകാരുടെമുന്നിൽ ആളാകണമെന്ന് ' റോയിയങ്കിൾ.
'രണ്ടുമണിക്കൂർകൊണ്ട് ആരെക്കണ്ടുപിടിക്കാനാണ്.'
'കണ്ടു പിടിച്ചാൽത്തന്നെ എടുപിടീന്ന് ഒരുകല്ല്യാണത്തിന് ഏതേലുംവീട്ടുകാർ സമ്മതിക്കുമോ?' ചർച്ചകളും, തർക്കങ്ങളും അരങ്ങുതകർത്തു.
''അലൻ ഞാനൊരു കുട്ടിയെക്കാട്ടിത്തരാം. സൽസ്വഭാവിയായ പെൺകുട്ടി. സ്വന്തമെന്ന്പറയാൻ രോഗിയായഅമ്മമാത്രം. സ്ത്രീധനമോ, പൊന്നോ ഒന്നുംതരാനില്ലാത്ത ഒരുപാവംകുട്ടി." സനൂപ് പറഞ്ഞു.
''എവിടാമോനേ ആകുട്ടി?" അലൻ്റെ മമ്മിയുടേതായിരുന്നു ചോദ്യം.
"അലനും, മമ്മിയും അവളെക്കണ്ടിട്ടുണ്ട്.''
''എവിടെ വെച്ച് ?" അലനുംമമ്മിയും ഒരുമിച്ച്ചോദിച്ചു.
"മണവാട്ടിയിൽ വച്ചുതന്നെ. നിങ്ങൾ ഡ്രസ്എടുക്കാൻ വന്നപ്പോൾ."
"ഓ..സെയിൽസ് ഗേളാണോ? ഒരുപാട് പെൺകുട്ടികളെ കണ്ടിരുന്നു. അവരിലാരാണ്?" അലൻ്റെ ചേട്ടൻഅഖിൽ ചോദിച്ചു.
"സെയിൽസ്ഗേളല്ല. വെഡ്ഡിംഗ് ഗൗൺധരിച്ച പെൺകുട്ടിയെക്കണ്ടത് ഓർക്കുന്നുണ്ടോ?" സനൂപ് ചോദിച്ചു
"മാലാഖയെപ്പോലൊരു മണവാട്ടിപ്പെണ്ണ്! ഞാനാദ്യം പ്രതിമയാണെന്നാ വിചാരിച്ചത്. പിന്നീടാണറിഞ്ഞത് അതൊരു പെൺകുട്ടിയാണെന്ന്. ശരിക്കൊന്നു കാണാൻപോലും പറ്റിയില്ല.'' അഖിലിൻ്റെഭാര്യ അലീനയുടെ പരിഭവം.
'മണവാട്ടിവെഡ്ഡിംഗ്ഗ്സെൻ്ററി'ൻ്റെ ചില്ലുകൂട്ടിൽ കണ്ട പെൺകുട്ടി! അലൻ്റെ മനസിലൂടെ ആ നിമിഷങ്ങൾമിന്നിമാഞ്ഞു.
വിവാഹവസ്ത്രങ്ങൾ എടുക്കാൻ 'മണവാട്ടിയിൽ' പോയതുതന്നെ സനൂപ് ജോലിചെയ്യുന്ന കടയായതുകൊണ്ടു മാത്രമാണ്. പ്രിൻസിക്കിഷ്ടമുള്ള ഗൗൺതേടി കുറേ തിരഞ്ഞു. ഒന്നുമവൾക്ക് ഇഷ്ടമായില്ല. അവസാനം സനൂപാണ് പറഞ്ഞത്. 'ഡിസ്പ്ലേഗൗൺ നോക്കാമെന്ന്.'
ചില്ലുകൂടിനുള്ളിലെ പ്രതിമ ധരിച്ചിരിക്കുന്നഫ്രോക്ക് ഒറ്റനോട്ടത്തിൽത്തന്നെആരേയും ആകർഷിക്കുന്നതായിരുന്നു.
'ഫ്രോക്ക് ഇതുതന്നെമതി' യെന്ന പ്രിൻസിയുടെ അഭിപ്രായത്തോട് എല്ലാവർക്കും യോജിപ്പായിരുന്നു. വിവാഹത്തോട്എതിർപ്പു പ്രകടിപ്പിച്ചിരുന്നമകൾ വിലയൽപ്പം കൂടുതലാണെങ്കിലും ഇഷ്ടപ്പെട്ട വസ്ത്രംതിരഞ്ഞെടുത്തപ്പോൾ അവളുടെ മാതാപിതാക്കൾക്കും സന്തോഷമായി.
തൂവെള്ള ഷിഫോൺ മെറ്റീരിയലിൽ, സ്റ്റോൺവർക്കും, ആരീവർക്കും ചെയ്ത അംബ്രല്ലാഫ്രോക്ക്. പ്രതിമയുടെ കൈയ്യിൽ ഫ്രഷ് ഫ്ലവർബൊക്ക. തലയിൽ ഗോൾഡൻക്രൗൺ. പിന്നിലേയ്ക്കു നീണ്ടു കിടക്കുന്ന നെറ്റിലുമുണ്ട് സ്റ്റോൺ വർക്ക്. എല്ലാവരും ഫ്രോക്കിൻ്റെ ഭംഗി ആസ്വദിക്കുമ്പോൾ അലൻ്റെ കണ്ണുകൾ ആ പ്രതിമയുടെ മുഖത്തായിരുന്നു. എന്തൊരു തേജസാണാമുഖത്ത്. പെട്ടന്നാണാ മിഴികൾ മെല്ലെയൊന്നു ചിമ്മിയത്.
തനിക്കുതോന്നിയതാവും എന്നുകരുതിയയാൾ വീണ്ടുമാ മിഴികളിലേയ്ക്ക്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ലക്ഷണമൊത്ത ചുണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന പുഞ്ചിരി, നെറുകയിൽ വീണു കിടക്കുന്ന കുറുനിരകൾ ഒരേ താളത്തിൽ ഇളകുന്നുണ്ട്. ഉയർന്ന നാസിക. നുണക്കുഴിക്കവിളുകൾ, ജീവൻ തുടിക്കുന്ന ശിൽപ്പചാരുത! പ്രതിമയല്ല, ഇതൊരു ജീവനുള്ളസ്ത്രീയാണ്. ഫ്ലോർമാനേജരായ സനൂപ് അലൻ്റെതോളിൽ മെല്ലെത്തട്ടി.
"ഡാ... അലൻമോനേ.. ഇങ്ങനെ തുറിച്ചു നോക്കരുത്. നിൻ്റെരാജകുമാരി ശ്രദ്ധിക്കുന്നുണ്ട്.''
''ഓ.. ഒരു പ്രതിമയെ നോക്കുന്നതിന് അവളെന്തു പറയാനാണ്?''
''ഇതു പ്രതിമയല്ല. ഒരു പെൺകുട്ടിയാണ്.''
തൻ്റെ നിഗമനങ്ങൾ ശരിയായിരുന്നു. അലൻ സൂക്ഷിച്ചു നോക്കുമ്പോഴേയ്ക്കും ചില്ലുകൂടിനുചുറ്റുമൊരു കർട്ടൺ വീണിരുന്നു. ആ മുഖമൊരിക്കൽ കൂടികാണണമെന്ന് വിചാരിച്ചുവെങ്കിലും ഷോപ്പിംഗ്കഴിഞ്ഞ് പോരുവോളം ആ ചില്ലുകൂട് ഒഴിഞ്ഞുതന്നെ കിടന്നു.
"അന്നുനമ്മൾ വാങ്ങിയ ഫ്രോക്ക് ഓർമ്മയുണ്ടോ? ഡിസ്പ്ലേഗൗൺ ധരിച്ച് ആ ചില്ലുകൂട്ടിൽനിന്നത് ഒരു പെൺകുട്ടിയായിരുന്നു. അവളുടെ പേര് എയ്ഞ്ചൽ. പേരുപോലെ ശരിക്കുമൊരു മാലാഖയാണവൾ." ഞങ്ങളുടെകടയിലെ സെക്യൂരിറ്റി യായിരുന്ന ജോണിച്ചേട്ടൻ്റെ മകൾ. അവളുടെ ഡിഗ്രിപഠനംതീരുംമുൻപ് ജോണിച്ചേട്ടൻ മരിച്ചു. അങ്ങനാണവൾ സെയിൽസ് ഗേളായി 'മണവാട്ടി'യിൽ എത്തിയത്.
ഡ്രസ് എടുക്കാൻവന്ന ഒരുപെൺകുട്ടി ഉടുപ്പിൻ്റെ ഭംഗി ആസ്വദിക്കാൻവേണ്ടി 'ആരേലും ഫ്രോക്ക്ഒന്ന് ഇട്ടുകാണിക്കാമോ' എന്ന് ചോദിച്ചപ്പോൾ എയ്ഞ്ചലാണ് ഉടുപ്പ് അണിഞ്ഞത്. അതോടെ സെയിൽസ്ഗേളായിരുന്ന അവളുടെസ്ഥാനം ചില്ലുകൂട്ടിലായി. ചെയ്യുന്നജോലിയോട് നൂറുശതമാനം ആത്മാർത്ഥതയുള്ളവളാണ് എയ്‌ഞ്ചൽ. അതുകൊണ്ടുതന്നെ അവൾ അണിഞ്ഞ മണവാട്ടിക്കുപ്പായം ഒന്നുപോലും വിറ്റുപോവാതിരുന്നിട്ടില്ല."
സനൂപിൻ്റെ വിവരണംകേട്ട മമ്മി പറഞ്ഞു.
"അലൻ്റെ മണവാട്ടിയായി നമുക്ക് ഈകുട്ടിയെത്തന്നെമതി."
പിന്നീടെല്ലാം പെട്ടന്നായിരുന്നു. സനൂപ്തന്നെയാണ് എയ്ഞ്ചലിനോടും, അമ്മയോടും കാര്യങ്ങൾ വിശദീകരിച്ചതും, അനുവാദം ചോദിച്ചതും. എന്നും മണവാട്ടിയായി ഒരുങ്ങാറുണ്ടെങ്കിലും മനസുകൊണ്ടവൾ അനുയോജ്യയാണോന്ന് സനൂപ് ചോദിച്ചു.
'രോഗിയായ അമ്മയെമറന്നൊരു ജീവിതമോ, ഭാഗ്യമോ എനിക്കുവേണ്ട.' എന്നതായിരുന്നു അവളുടെ മറുപടി.
ആ മറുപടിയിൽത്തന്നെ അവളുടെ മനസിൻ്റെനൻമ മനസിലാക്കിയ അലൻ്റെ വീട്ടുകാർ അവൾക്ക് വാക്കു കൊടുത്തു. 'നിൻ്റെ അമ്മ ഇനിമുതൽ അലൻ്റെയും അമ്മയാണ്.' കൂടെപ്പിറന്നില്ലെങ്കിലും, ഒരു കൂടപ്പിറപ്പിനെപ്പോലെ സനൂപ്എല്ലാക്കാര്യങ്ങൾക്കും നേതൃത്വം കൊടുത്തു.
അപ്രതീക്ഷിതമായി അൾത്താരയ്ക്കു മുമ്പിൽതൻ്റെ മണവാളൻ്റെ താലിയ്ക്കായി ശിരസുകുനിയ്ക്കുമ്പോൾ എയ്ഞ്ചലിൻ്റെ ഹൃദയം ദൈവസന്നിധിയിൽ നന്ദിയുടെനറുമലരുകൾ അർപ്പിക്കുകയായിരുന്നു. തൻ്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നമാലാഖയുടെ കഴുത്തിൽ അലൻ മിന്നുചാർത്തുമ്പോൾ ഗായക സംഘം പാടിക്കൊണ്ടിരുന്നു.
മാലാഖമാർ പാടുന്ന സമയം...
സ്വർഗ്ഗം തുറക്കുന്ന സമയം...