അയാൾ
കാണാനൊരഹങ്കാരിയും
ഉളളിൽ നിർലജ്ജം അപകർഷതയുടെ ചായമിട്ട ചുവരുകൾ സൂക്ഷിക്കുന്നവനുമായിരുന്നു.
ചോര കണ്ടാൽ
ബോധം കെടുന്നവൻ.
കറങ്ങുന്ന ഫാനിന്റെ ചുവട്ടിൽ
കമ്പിളി പുതച്ചുറങ്ങുന്നവൻ.
പുതിയ വസ്ത്രങ്ങളിട്ടാൽ
അസ്വസ്ഥനായി പരുങ്ങി നിന്നും
ആഘോഷങ്ങളിൽ
എന്നും
ഒരധികപ്പറ്റായും
അവൻ എപ്പഴെങ്കിലുമൊക്കെ നിങ്ങൾക്കരികിലൂടെ
കടന്നുപോയിട്ടുണ്ടാവും.
ഒറ്റക്കിരിക്കുമ്പോഴെല്ലാം
ഒരു മണ്ടനാണെന്നു അവൻ സ്വയം വിശ്വസിക്കുന്നു.
അവന്റെ സ്നേഹം കൊണ്ട് ചിലർ
ജീവിതം പണിഞ്ഞു.
പണം കൊണ്ട്
സ്വപ്നങ്ങൾ നെയ്തു.
അവന്റെ നഗ്നതയാൽ
അവർ ഉടയാടകളണിഞ്ഞു.
ചിരിക്കാനറിയാവുന്നതു കൊണ്ട്
കുട്ടികളവനെ കൂട്ടിനു വിളിച്ചു
കരയാനറിയാവുന്നതു കൊണ്ട് കോമാളിയെപ്പോലെ മഴ നനഞ്ഞു.
അക്ഷരമറിയാത്തതു കൊണ്ട്
അവനു ചുറ്റും വായിച്ചു തീരാത്ത പുസ്തകങ്ങളുണ്ടായി.
ഒടുവിൽ അവനോടേതോ അപരിചിതൻ ചോദിച്ചു:
കൂട്ടിനാരുമില്ലേ?
അവൻ മറുപടി പറഞ്ഞില്ല.
അപ്പോൾ മുറിവേറ്റ പൂക്കളെ തഴുകിയെത്തിയ ഒരു കാററ് അതു വഴി കടന്നുപോയി!