ഞാനിന്നു വെറുമൊരു
വായിച്ച പുസ്തകം
നിൻ മുന്നിൽ വെറുമൊരു
വായിച്ച പുസ്തകം
എന്നിലെ വരികൾ
ഓരോന്നുമായി നീ
വായിച്ചു തീർത്തുവോ
പുസ്തകപ്പുഴുവുപോൽ.
ഞാൻ എന്ന പുസ്തകം
നീ കണ്ടെടുത്തതോ
ഞാൻ എന്ന പുസ്തകം
നീ കൈക്കലാക്കിയോ
എൻ ഉള്ളടക്കങ്ങൾ
ഉൾക്കനൽ ആക്കിയോ
എന്നിട്ടുമെന്തേ നീ
തിന്ന് തീർത്തിപ്പോഴേ....
എൻ പുറംചട്ടയോ?
ഏറെ മൃദുലമാണെൻ
മൃദു മേനിയോ
വർണപ്പകിട്ടാർന്നു
എൻ പേരുപോലും
നീ അറിയുന്നതും
എങ്കിലുമെന്നുള്ളടക്കം
അറിഞ്ഞിടാൻ
അന്ന് നീ എന്നേ നിൻ
ഉള്ളോട് ചേർത്തത്തും
അന്നുനീ എന്നെ നിൻ
നെഞ്ചോട് ചേർത്തതും
എന്നേ വായിക്കുവാൻ
നിന്നുൾ കൊതിച്ചതും
പിന്നെയെൻ താളുകൾ
മെല്ലെ മറിക്കവേ
ശാന്തമായ് എൻ കഥ,
നിന്റെ ആയീടവേ
വരികളിൽ നിറയുന്ന
എൻ സ്നേഹമുത്തുകൾ
നിൻ വദനത്തിലെ
മന്ദസ്മിതങ്ങളായ്
ആകാംഷ മുറ്റുമെൻ
ജീവിതത്താളുകൾ
നിൻ ജീവ താളമായ്
തന്ത്രിയായ് തീരവേ
ഓരോപുറങ്ങൾ
വായിച്ചു തീരവേ
ഗദ്യവും പദ്യവും
നൂറുവർണ്ണങ്ങളും
ഹരമാർന്നു നിൻ മനം,
ബാക്കിയെ പുൽകുവാൻ
വീണ്ടുമെൻ താളുകൾ
മാറിയവേ നീ കണ്ടു
കദനവും വ്യഥയുമെൻ
കണ്ണുനീർ പൊയ്കയും
കുതിർന്നയെൻ താളുകൾ
വായിച്ചെടുത്തു നീ
ആകുലചിത്തനായ്
ആകാംഷയോടെയും
എൻ വഴക്കിന്റെ
കാണാപ്പുറങ്ങളും
പിണക്ക ഇണക്കവും
വാദവും വാശിയും
ചുക്കിചുളുക്കിയാ
താളുകൾ നിൻ പാണി
ആവർത്തനങ്ങളെൻ
വരികളിൽ നിറയവെ
വിരസമായ് തെറ്റിച്ചു
താളുകൾ തൻ ക്രമം
വിരസമായ് തെറ്റിച്ചു
എൻ ജീവ താളവും
എൻ വിധിയെഴുതിയ
തൂലിക ഏതുമോ
ആവർത്തനം മാത്ര-
മെങ്ങുമേ തെളിയുന്നു
ദീനവും ദുഖവും
ദുരിതവും ദണ്ഡവും
തീരാത്ത താളുകൾ
ജീവിത താളമായ്
വായിച്ചു തീരാത്ത
ഞാനെന്ന പുസ്തകം
വായിച്ചു തീർന്നപോൽ
നീ അടച്ചീടവേ
താളുകൾ ഏറെയും
വിരസമായ് ബാക്കിയായ്
ഞാൻ വെറും പുസ്തകം
മേശതൻ മൂലയിൽ
പൊടിതിന്നു കഴിയുന്നു
നിൻ ജീവഭാരമായ്
ഇനിയേറെ താളുകൾ
വായിച്ചിടാനുണ്ട്
ഇനിയേറെ ജീവിതം
ബാക്കിയായീടുന്നു
ഇനിയും പകർത്തി
തീരാത്ത എൻ കഥ
പാതിയിൽ നീയിന്നു
വായിച്ചു നിർത്തവേ
ഞാൻ നിനക്കേതുവോ
പാഴ്പുസ്തകം മാത്രം
അന്യമായീടുന്നു എൻ
ബാക്കിയും നിൻ മുന്നിൽ
വായിച്ചിടാതെ നീ
തീർത്തുവോ ഈ കഥ
ഞാനോ വെറുമൊരു
പാഴായ പുസ്തകം
ആരാലും ഇതുവരെ
വായിച്ചു തീരാത്ത -
ആവർത്തനത്തിന്റെ
ഏതോ മഹാകാവ്യം ....