പുഴകളേഴും കുടിച്ചു വറ്റിച്ചെന്റെ
പഴയ മണ്ണിലേക്കെത്തവേ നീ ചൊന്നു
"അതി പുരാതനം മണ്ണിലെത്തീടുവാൻ
ഇനിയു മെത്രയോ പിന്നിലേക്കോടണം"
മലകളേഴും ഭുജിച്ചതിൻ ശേഷമെൻ
പഴയ മണ്ണിലേക്കെത്തവേ നീ ചൊന്നു
"ചിര പുരാതനം മണ്ണിലെത്തീടുവാൻ
ഇനിയു മെത്രയോ പിന്നിലേക്കോടണം"
നഗരമേഴും നിരത്തി പുരത്തിന്റെ
ചുവരു തട്ടി കിടങ്ങു നിറച്ചു ഞാൻ
പഴയ ഭൂമിയിലെത്തവേ നീ ചൊന്നു
"ഇനിയു മെത്രയോ പിന്നിലേക്കോടണം"
വിപിന മേഴും എരിഞ്ഞ ചാരം പൂശി
പിതൃ നിലത്തിലേക്കെത്തവേ നീ ചൊന്നു
"ബഹു പുരാതനം നിൻ മണ്ണിലെത്തുവാൻ
ഇനിയു മെത്രയോ പിന്നിലേക്കോടണം"
കടലു മൊത്തിക്കുടിച്ചു വറ്റിച്ചു മൽ
ചിര പുരാതനം മണ്ണിലെത്തീടവേ
അതിരുകൾ പോയ ഭൂമിയിൽ പൂർവികർ
നിബിഡമാം വാൽ ചുരുട്ടിയിരിക്കുന്നു.