(Aleesha Mahin)
ഇടയ്ക്കൊന്ന് മറിച്ചു നോക്കിയപ്പോഴാണ് കണ്ടത്
കൂടുതലും കൊടുക്കാനുള്ള കണക്കുകൾ തന്നെയെന്ന്...
ചിലർക്ക് വേണ്ടി എന്നോ എഴുതി വെച്ച
ചില മറുപടികൾ തൊട്ട്
ചിലരോടുള്ള പ്രതികാരം വരെയും
ആ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്...
നൽകിയ വേദനകളും
അതിനൊപ്പംഎത്തിച്ചേർന്ന സങ്കടങ്ങളും
കൂട്ടിക്കിഴിക്കലുകൾക്കതീതമാണ്...
ഒറ്റപ്പെടുത്തിയവരറിയാൻ വേണ്ടി മാത്രം
ചില കുറ്റപ്പെടുത്തലുകളും എഴുതിയിട്ടിട്ടുണ്ട്...
കിട്ടിയതും കൊടുത്തതും തമ്മിലുള്ള താരതമ്യത്തിൽ
തോൽവിയെന്നും കൊടുത്ത സ്നേഹത്തിനാണ്..
അത് വളരെ കുറവാണ്...
ഇന്ന് വരേക്കും ആർക്കും നൽകാനില്ലാത്തതൊന്ന്
അത് പണം മാത്രമാണ്..
നിസ്സാരമെങ്കിലും ഇങ്ങോട് കിട്ടാനുണ്ട്..
അതിന്റെ കണക്കാണേൽ മറന്നിട്ടുമുണ്ട്...
ഈ പുസ്തകം തീരാറായിട്ടുണ്ട്..
ആയുസ്സും തീരാറായികാണണം..
അതിന്റെ കണക്കറിയാത്തത് കൊണ്ട്
പുസ്തകത്തിലെ കണക്കുകൾ പലതും പാതിക്ക് വെച്ച്
പോകേണ്ടി വരുമായിരിക്കണം..
അതിനു മുൻപേ ഇത് കുറെയധികം തീർക്കണം..
കഴിയുമെങ്കിൽ ഇനിയൊന്നു കൂടെ തുടങ്ങാതെ നോക്കണം..