(Haneef C)
പതിനൊന്ന് ലക്ഷത്തിന്റെ
മോണ്ട് ബ്ലാങ്ക് ആയിത്തീരുന്നതാണ്
അഞ്ചു രൂപ വിലയുള്ള
തന്റെ ബോൾ പോയിന്റ് പേനയെക്കുറിച്ച്
അയാൾ അവസാനമായിക്കണ്ട സ്വപ്നം.
മുമ്പും പല തരത്തിൽ
അയാളതിനെ
വ്യാഖ്യാനം ചെയ്യാൻ ശ്രമിച്ചിരുന്നു
ഒരുവേള അതൊരു സ്വപ്നമാണെന്നു
തോന്നാതായിത്തീരുന്നിടം വരെ
ഉണർവിന്റെയും ഉറക്കത്തിന്റെയും
അതിർത്തിക്കിടയിൽ
തന്റെ വിലകുറഞ്ഞ റെയ്നോൾഡ്സ്
അങ്ങനെ പലതായ് വ്യാമോഹിപ്പിച്ചു കൊണ്ടിരുന്നു
അസ്ത്രത്തിന്റെ മൂർച്ചയുള്ള
സ്വർണ്ണ നിബ്ബും
ആകാശത്തിന്റെ നിറം പേറുന്ന
സമുദ്രജല ഗരിമയും മാത്രമല്ല
ചിലപ്പോളത് അനന്തതകളെ ലക്ഷ്യം വെച്ചുള്ള
ഫിനിക്സ് പക്ഷിയായ് അകമേ ചിറകടിച്ചു പറന്നു
സന്ദേഹത്തിന്റെ മായക്കാഴ്ചകളകന്നതും
സൂര്യൻ ജ്വലിച്ചു നിന്നതുമായ
ഒരു നട്ടുച്ചയിൽ
അയാളെ അമ്പരപ്പിച്ചു കൊണ്ട്
പേന പലതായ് വിഭജിക്കപ്പെട്ട്
നീളമുള്ള ഇരുമ്പുകാലുകളായ് വളർന്നു
പിന്നെ എണ്ണിയാലൊടുങ്ങാത്ത അഴികളായ്
അയാൾക്കു ചുറ്റും അതൊരു തടവറയായ് പരിണമിച്ചു
ഇപ്പോൾ അയാൾ ചിന്തിക്കുന്നത്
സ്വപ്നം കാണാനുള്ള വഴികളെക്കുറിച്ചാണ്.