(Rajendran Thriveni)
കാടെന്റെ വീടായീരുന്നു,
ധരയെന്റെ വീടായിരുന്നു,
സൗരഗോളങ്ങളും താരാഗണങ്ങളും
ഇരുളും വെളിച്ചവും വീടായിരുന്നു!
ആദിമസ്ഫോടനം ദൂരത്തെറിഞ്ഞില്ലേ
സൂര്യനെ, ഭൂമിയെ, മിന്നുമുഡുക്കളെ:
ശൂന്യതയ്ക്കുള്ളിലെ കത്തുന്ന തീയായി
പൊട്ടിത്തെറിച്ചില്ലേ, ബ്രഹ്മാണ്ഡം?
കുളിരിന്റെ കനിവാലെ, കാലം പതുക്കെയീ
ഭൂമിയേ, കടലും കരയുമായ് മാറ്റി!
അന്നു ബാക്ടീര്യായായ്, കുഞ്ഞനമീബയായ്,
സോദരർ ഞങ്ങൾ ജനിച്ചു!
രണ്ടായി, നാലായി വിഭജിച്ചു പല ലക്ഷം
സസ്യജന്തുക്കളായ് മാറി!
ഏറെക്കരുത്തുള്ള മസ്തിഷ്ക സൃഷ്ടിയായ്
മനുജനെയുയരത്തിൽ നിർത്തി!
ആദികാലങ്ങളിൽ, കടലും കരയുമായ്
ഇരുവീട്ടിൽ ഞങ്ങൾ കഴിഞ്ഞു!
പിന്നീടു കാടിന്റെ ശീതളഛായയിൽ
ഗുഹതോറും ഞങ്ങൾ വസിച്ചു!
ഏതോ ചെകുത്താന്റെ മന്ത്രത്തിൽ മാനുഷർ,
അധികാരമോഹിയായ് മാറി!
വെട്ടിത്തകർക്കുവാൻ, വെട്ടിപ്പകുക്കുവാൻ,
മനുഷ്യന്റെ മോഹം വളർന്നു!
ധരയെന്ന വീടിനെ വിഭജിച്ചു വിഭജിച്ചു
ജയിലറപോലാക്കി മാറ്റി;
മതിലിന്റെയുള്ളിലോ, *ആകാശദ്വീപിലോ
അണുകുടുംബങ്ങൾ വസിച്ചു!
പൊയ്പ്പോയ കാലത്തിൽ ഭ്രാന്തായിയലയുന്ന
കവിമാത്രം കുത്തിക്കുറിക്കും
'നല്ല തറവാടിനെ വെട്ടിപ്പകുത്തല്ലോ,
സ്വാർഥലാഭത്തിന്റെ ജയിലറ തീർക്കുവാൻ!
* ഫ്ലാറ്റ്