mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Suresan V

ഒരു സന്തോഷവാർത്ത!

‘മാമ്പഴം ‘ മാസിക പുന:പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നു. മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്നുപോയ മാമ്പഴം വീണ്ടും പ്രസിദ്ധീകരിക്കാൻ ഉടമയായ കെ.റ്റി.അപ്പന് അത്ര താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.എന്നാൽ മാസികയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കുറെപ്പേരുടെ അഭ്യർത്ഥനയ്ക്കു വഴങ്ങിയാണ് നാലുവർഷത്തിനുശേഷം  ഇതാ ഇപ്പോൾമാസിക പുന:പ്രസിദ്ധീകരണം തുടങ്ങുന്നത്. 

ആദ്യലക്കം അച്ചടിച്ചു കഴിഞ്ഞു.

ഏജൻറ്മാരുടെ പക്കലുംവിൽപ്പന ശാലകളിലും കോപ്പികൾ എത്തിച്ചെങ്കിലും വലിയ മൂവ്മെൻറ് കണുന്നില്ല. അതിനാൽ അപ്പൻ സർക്കുലേഷൻ മാനേജരെ വിളിച്ചു. 

“അച്ചടിച്ച കോപ്പികൾ കൂടുതലും കെട്ടിക്കിടക്കുകയാണല്ലോ മനേജരേ- “

“സാർ ആദ്യ ലക്കം ആയതുകൊണ്ടാണ്. മാത്രമല്ല വീണ്ടും മാസിക ജനകീയമാകാൻ നല്ല പരസ്യം കൊടുക്കണം സാർ. ലീഡിങ് പത്രങ്ങളിലും ചാനലുകളിലും പരസ്യം വന്നാലേ വായനക്കാർ ശ്രദ്ധിക്കൂ.” 

“അങ്ങനെ വലിയ പരസ്യം കൊടുക്കാനുള്ള പണമൊന്നും എൻറെ കയ്യിൽ ഇല്ല. അച്ചടിയും  ശമ്പളവുമൊക്കെ എൻറെ കയ്യിൽ നിന്നല്ലേ  തരുന്നത്.. അതിലപ്പുറമൊന്നും എന്നെക്കൊണ്ടാവില്ല. പിന്നെ പരസ്യം വേണമെങ്കിൽ ഇന്ന് സോഷ്യൽ മീഡിയ ഉണ്ടല്ലോ. ഫ്രീയായി ആർക്കും കൊടുക്കാമല്ലോ. നിങ്ങളെല്ലാവരും ആ രീതിയിൽ ഒന്നു ശ്രമിച്ചു നോക്കൂ.” 

“ ആ രീതിയിലൊക്കെ ശ്രമിക്കുന്നുണ്ട് സാർ.പക്ഷേ പെട്ടെന്ന് ഫലം ഉണ്ടാകണമെങ്കിൽ മറ്റുമാർഗ്ഗങ്ങൾ കൂടി ആലോചിക്കേണ്ടിയിരിക്കുന്നു.” 

“ആലോചിച്ചോ.പക്ഷേ എൻറെ കൈയിൽ നിന്ന് കൂടുതൽ പണമൊന്നും പ്രതീക്ഷിക്കണ്ട.” 

മാനേജർ പോയിക്കഴിഞ്ഞപ്പോൾ അപ്പൻ, തൻറെ മാസികാ പരിചയം വച്ച് എന്ത് ചെയ്യാൻ കഴിയും എന്ന് ഗാഢമായി ആലോചിച്ചു. ഒരു വഴി തെളിയുന്നുണ്ട്.. അയാൾ മാസികയുടെ ഒരു കോപ്പിയും എടുത്ത് പുറത്തിറങ്ങി,തൻറെ ആലോചനയിൽ തെളിഞ്ഞ  വഴിയിലൂടെ  നടന്നു. യാത്ര അവസാനിച്ചത് പ്രശസ്ത നിരൂപകനായ മുല്ലപ്പറമ്പൻ്റെ മുമ്പിലാണ്.

“സാർ, നമസ്കാരം “

“ഇതാര് അപ്പനോ ! കണ്ടിട്ട് കുറെക്കാലമായല്ലോ.” 

“മാസികയൊക്കെ നിന്നു പോയില്ലേ സാർ? അതിനാൽ ഞാൻ  കൂടുതലായി പുറത്തിറങ്ങാറില്ലായിരുന്നു. ഇപ്പോൾ വീണ്ടും പ്രസിദ്ധീകരണം തുടങ്ങി.. അതിൻ്റെ കോപ്പി സാറിന് തരാൻ വേണ്ടി കയറിയതാണ്.’’. 

“ഓ -സന്തോഷം “ 

മുല്ലപ്പറമ്പൻ മാസിക മറിച്ചുനോക്കി. 

“കൊള്ളാം നന്നായിരിക്കുന്നു” 

മലയാള സാഹിത്യത്തിൽ താരാട്ടുപാട്ടിൻ്റെ പ്രസക്തി -എന്ന ലേഖനം കണ്ട് മുല്ലപ്പറമ്പൻ ചോദിച്ചു: 

“ഓ ഇയാളും ഉണ്ടോ? തിരുവാപ്പള്ളി “ 

“"തിരുവാപ്പള്ളി മുമ്പ് തന്നിരുന്ന ഒരു ലേഖനം ആണത്..ഇപ്പഴേ അച്ചടിക്കാൻ കഴിഞ്ഞുള്ളൂ.. പിന്നെ, സാറ് ഒരു ഉപകാരം കൂടി ചെയ്യണം” 

“എന്താ?” 

“ആ ലേഖനത്തിൽ ചില തെറ്റുകുറ്റങ്ങൾ ഉണ്ടെന്നുള്ള അഭിപ്രായം കേൾക്കാനിടയായി. അതിനാൽ സാറ് അതൊന്നു വായിച്ചശേഷം എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഒന്ന് ചൂണ്ടിക്കാണിക്കണം.” 

“നോക്കാം “ 

അടുത്ത ലക്കത്തിൽ മുല്ലപ്പറമ്പൻ്റെ ഒരു ലേഖനം കൂടി വേണമെന്ന് പറഞ്ഞിട്ടാണ് അപ്പൻ അവിടെ നിന്നും ഇറങ്ങിയത്. മുല്ലപ്പറമ്പൻ, തിരുവാപ്പള്ളിയുമായി അത്ര ചേർച്ചയിലല്ല എന്ന് അറിയാമായിരുന്ന അപ്പൻറെ പ്രതീക്ഷ അസ്ഥാനത്തായില്ല. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ മുല്ലപ്പറമ്പൻ്റെ ഫോൺ വന്നു: 

“ഞാൻ തിരുവാപ്പള്ളിയുടെ ലേഖനം വായിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ ഒരു തെറ്റ് ശ്രദ്ധയിൽപ്പെട്ടു.

ഉന്തുന്തുന്തു ….ആളെയുന്ത്  എന്ന താരാട്ടുപാട്ടിൽ ഒരു ഉന്ത്  കുറവാണ്. താരാട്ടു പാട്ടിനെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ഈ തെറ്റ് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. വൃത്തം തന്നെ മാറിയില്ലേ!”

“വളരെ ഉപകാരം സാർ. സാറിനെ പ്പോലുള്ളവർക്കേ ഇത്തരം തെറ്റുകൾ കണ്ടെത്താനാവൂ. ഇന്നു തന്നെ ഇക്കാര്യം മാസികയുടെ പേജിൽ ചേർക്കുന്നുണ്ട്.. പിന്നെ, അടുത്ത ലക്കത്തിലേക്കുള്ള ലേഖനത്തിൻ്റെ കാര്യം മറക്കണ്ട.” 

“നോക്കാം “ 

തിരുവാപ്പള്ളി മാമ്പഴം മാസികയിൽ എഴുതിയ ‘മലയാള സാഹിത്യത്തിൽ താരാട്ടുപാട്ടിൻ്റെ പ്രസക്തി ‘ എന്ന ലേഖനത്തിൽ ഒരു ഉന്ത് കുറവാണ് എന്ന് പ്രശസ്ത നിരൂപകൻ ശ്രീ മുല്ലപ്പറമ്പൻ പ്രതികരിച്ച കാര്യം അപ്പോൾ തന്നെ മാസികയുടെ ഫേസ്ബുക്ക് പേജിൽ അപ്പൻ പോസ്റ്റ് ചെയ്തു.

സംഗതി ഏറ്റു. ഇതു കണ്ട് തിരുവാപ്പള്ളി മറുപടിയിട്ടു:

'' എന്നെ ആരും പഠിപ്പിക്കാൻ വരണ്ട. എൻ്റെ ഉന്ത് വൃത്തത്തിനുള്ളിൽ തന്നെയാണ്. മാസികയിൽ എന്തെങ്കിലും അച്ചടിപ്പിശക് ഉണ്ടെങ്കിൽ അത് എഡിറ്ററോട് ചോദിക്കണം’’ 

 ഉന്തിനെക്കുറിച്ചുള്ള ഈ വാദപ്രതിവാദങ്ങൾ അപ്പൻ സാഹിത്യ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. 

ഏത് ഉന്തിൻ്റെ കാര്യമാണ് ഈ പറയുന്നതെന്ന് മനസിലാകാത്തവർ ‘മാമ്പഴം’ തേടിപ്പിടിച്ച് വായിച്ചു.അപ്പോഴാണ് അവർക്ക് കാര്യം പിടികിട്ടിയത്.

പതിനഞ്ചാം നൂറ്റാണ്ടിൽ കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ്മൻ്റെ പണ്ഡിത സദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഒരിക്കൽ ഉദയവർമ്മനും ചെറുശ്ശേരിയും ചതുരംഗം കളിക്കുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തിൽ രാജാവ് തോൽക്കും എന്നായി. അപ്പോൾ സമീപത്തുണ്ടായിരുന്ന രാജ്ഞിക്ക്, രാജാവ് കാലാൾകരു നീക്കിയാൽ ജയിക്കാനാവും എന്നു മനസ്സിലായി.അക്കാര്യം ചെറുശ്ശേരി അറിയാതെ അദ്ദേഹത്തെ ധരിപ്പിക്കാനായി കുഞ്ഞിനെ താരാട്ടുപാടി ഉറക്കുന്നതിനിടയിൽ അതേ ഈണത്തിൽ 

“ഉന്തുന്തുന്തുന്തുന്ത് - ഉന്തുന്തുന്തുന്തുന്ത്

ഉന്തുന്തുന്തുന്തുന്ത് - ആളെയുന്ത് “

എന്നു പാടി.

അത് കേട്ടപ്പോൾ രാജാവിന് അതിൻറെ പൊരുൾ മനസ്സിലാവുകയും കാലാൾകരുവിനെ നീക്കി കളി ജയിക്കുകയും ചെയ്തു. സന്തുഷ്ടനായ രാജാവ്, രാജ്ഞി പാടിയ  ഈണത്തിൽ ഒരു കാവ്യം രചിക്കാൻ ചെറുശ്ശേരിയോട് ആവശ്യപ്പെട്ടു. അങ്ങനെ എഴുതപ്പെട്ട കൃതിയാണ് കൃഷ്ണഗാഥ. 

സാഹിത്യലോകം ഉന്തുവിവാദം ഏറ്റെടുത്തു കഴിഞ്ഞു.പലവിധ അഭിപ്രായപ്രകടനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു. അവയിൽ ശ്രദ്ധേയമായ ചില പ്രതികരണങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.

“മുല്ലപ്പറമ്പൻ ഒരു ഉന്തു കുറവാണെന്നല്ലാതെ ആകെമൊത്തം എത്ര ഉന്തുകൾ ആണുള്ളത് എന്ന് പറയുന്നില്ല. കണക്കുകളുടെ പിൻ ബലത്തോടെ വേണം ഇത്തരം കാര്യങ്ങളിൽ ആക്ഷേപം ഉന്നയിക്കാൻ.”

“ഏതു കാവ്യത്തിലും ലക്ഷ്യമാണ് പ്രധാനം. ഇവിടെ രാജാവിനെക്കൊണ്ട് ആളെ ഉന്തിക്കുക എന്നതാണ് ലക്ഷ്യം. ആ ലക്ഷ്യം നേടുന്നതുവരെ  ഉന്ത് എന്ന നിർദ്ദേശം തുടർന്നുകൊണ്ടേയിരിക്കും. അതിനാൽ ആ ഉന്തിന് എണ്ണം കൂടുതലാണോ കുറവാണോ എന്ന് മറ്റൊരാൾ തീരുമാനിക്കുന്നത് മൗഢ്യമാണ്. രാജ്ഞിയുടെ ഉദ്ദേശം സാക്ഷാത്കരിച്ചു എന്നതാണു പ്രധാനം.” 

“ഞാൻ മറ്റൊരു വീക്ഷണകോണിലാണ് ഈ ഉന്തിനെ വിലയിരുത്തുന്നത് .മലയാള  സാഹിത്യത്തിനു കൃഷ്ണഗാഥ എന്ന മധുരക്കനി ലഭിക്കാൻ കാരണമായ ഉന്താണിത്.ചെറുശ്ശേരി നമ്പൂതിരി പ്രാചീന കവിത്രയങ്ങളിൽ ഒരാളായി അറിയപ്പെടാൻ കാരണമായതും ഈ കൃതി തന്നെയാണ്. ഈ പശ്ചാത്തലത്തിൽ മാമ്പഴം മാസിക പ്രസ്തുത ഉന്തിന് അർഹമായ പരിഗണന നൽകിയില്ലേ എന്ന കാര്യം പരിശോധിക്കേണ്ടതാണ്.” 

“സ്ത്രീ പക്ഷത്തുനിന്നുള്ള ശക്തമായ ഒരു ഉന്തായിട്ടാണ് ഇതിനെ കണക്കാക്കേണ്ടത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു രാജാവിന് വിജയം കൈവരിക്കാൻ തൻറെ രാജ്ഞിയുടെ ഉപദേശം വേണ്ടിവന്നു. ബുദ്ധിസാമർത്ഥ്യവും തന്ത്ര വൈദഗ്ധ്യവും കർമ്മകുശലതയും  ഒത്തുചേർന്ന  ഒരു സ്ത്രീരത്നമാണ് ആ രാജ്ഞി എന്നത് സ്ത്രീ സമൂഹത്തിനാകെ പ്രചോദനമാകേണ്ട വസ്തുതയാണ്.സമൂഹത്തിൻറെ പിന്നാമ്പുറത്തേക്ക് ആട്ടിയോടിക്കപ്പെട്ട സ്ത്രീസമൂഹത്തെ മുന്നിലേക്ക് നടത്താൻ ഉതകുന്ന കരുത്തുള്ള ഒരു ഉന്തായാണ് രാജിയുടെ താരാട്ടുപാട്ടിനെ കാണേണ്ടത്.അതായത് ഉന്തിൻറെ എണ്ണത്തിലല്ല കരുത്തിലാണ് കാര്യം.” 

“ഉന്തിൻറെ രാഷ്ട്രീയമാനം നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.ഏതു ഭരണാധികാരിക്ക് ചുറ്റിലും കുറെ ഉപദേശകർ ഉണ്ടാകും. അവരാണ് ഭരണത്തിൻറെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. ഇവിടെ രാജ്ഞിയുടെ ഉപദേശ രൂപേണയുള്ള ഈ ഉന്തിനെ പ്രശംസിക്കുകയാണോ അപലപിക്കുകയാണോ നാം ചെയ്യേണ്ടത്? സ്വന്തം കഴിവുകൊണ്ട് വിജയത്തിന് അടുത്തെത്തിയ ഒരു പാവം മനുഷ്യനെ വളഞ്ഞ വഴിയിലൂടെ പരാജയപ്പെടുത്താനാണ് ഈ ഉപദേശക, ഉന്തിനെ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അത് അധാർമികതയുടെ ഉന്താണ്. അത്തരം ഉന്തുകൾ കൂടുകയല്ല, കുറഞ്ഞു കുറഞ്ഞ് ഇല്ലാതാകണം എന്നാണ് എനിക്കു പറയാനുള്ളത്. “

ഉന്ത് ഇത്രയുമായപ്പോൾ മാസികയുടെ പ്രചാരം ഗണ്യമായി വർദ്ധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഉന്തുവിവാദത്തിൻ്റെ വൈറൽ കട്ടുകൾ  ടി.വി. ചാനലുകളിലും  ഇടം പിടിച്ചു കഴിഞ്ഞപ്പോൾ സർക്കുലേഷൻ മാനേജർ അപ്പനോട് പറഞ്ഞു: 

“സാർ നമ്മള് രക്ഷപ്പെട്ടു. മാസികയുടെ അച്ചടിച്ച കോപ്പികൾ എല്ലാം വിറ്റുതീർന്നു. ഇനി നമുക്ക് ധൈര്യമായി മുന്നോട്ടുപോകാം.” 

“പോരാ. ഇത്രയും പോരാ. ഒന്നുരണ്ടു ലക്കങ്ങളിൽ കൂടി വിവാദം മുന്നോട്ടു കൊണ്ടു പോണം.അങ്ങനെ എല്ലാവരും കൂടി ഉന്തിയുന്തി ഒരു അമ്പതിനായിരം കോപ്പിയിൽ എത്തിക്കാനായാൽ.. പിന്നെ പേടിക്കാനില്ല.” 

“ഉന്താം സാർ - അല്ല ശ്രമിക്കാം സാർ.” 

 രാജാവ് കാലാൾകരുവിനെ ഉന്തി കളി ജയിച്ചത് പണ്ട്.. ഇന്ന് അപ്പൻ ഉന്തിനെ കരുവാക്കി കാലാൾപടയെ കളിപ്പിക്കാനുള്ള പരിശ്രമത്തിലാണ്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ