(V. SURESAN)
ചെരപ്പ് എന്ന പദം ബാബുട്ടൻ സാധാരണ ഉപയോഗിക്കാറില്ല.അയാളെ സംബന്ധിച്ച് അത് വളരെ മോശപ്പെട്ട ഒരു പദമാണ്. വെറുക്കപ്പെട്ട, വൃത്തികെട്ട ഒരു പദം. എന്നാൽ ഭാര്യ ലീലാവതി സ്ഥാനത്തും അസ്ഥാനത്തും ചെരപ്പ്ഉപയോഗിക്കും. അവൾ തന്നെ അധിക്ഷേപിക്കാനും തെറിവിളിക്കാനും ആണ് ചെരപ്പ് ഉപയോഗിക്കുന്നത് എന്നാണ് ബാബുട്ടൻറെ അനുഭവം. ലീലാവതിയെ സംബന്ധിച്ച് ചെരപ്പ് സർവാർത്ഥ പ്രദായിനിയായ ഒരു പദമാണ്.
മഴയുള്ള ദിവസം ബാബുട്ടൻ തൻ്റെ ചെരുപ്പ് പുറത്തിടാതെ വരാന്തയിൽ ഊരിയിടും .അതു കണ്ടാൽ ഉടൻ അവളുടെ ചോദ്യം വരും: "ഈ ചെരപ്പിനെയൊക്കെ ഇതിനകത്ത് കൊണ്ടിട്ടതാര്? "
വീട്ടിനുള്ളിൽ കസേര സ്ഥാനം മാറി കിടക്കുന്നത് കണ്ടാൽ അവളുടെ ചോദ്യം ഇങ്ങനെയാവും: "തടസ്സം ഒണ്ടാക്കാനായി ഈ ചെരപ്പിനെ എടുത്ത് വഴിയിലിട്ടതാര്? "
ബാബുട്ടൻ മുറ്റത്തു പിള്ളേരുമായി ക്രിക്കറ്റ് കളിക്കുന്നതു കണ്ടാൽ അവളുടെ പ്രതികരണം ഈ വിധമാകും: "നിങ്ങടെ ഈ ചെരപ്പ് കഴിഞ്ഞെങ്കി അടുക്കളയിൽ വന്ന് വല്ലതും സഹായിക്ക്."
ബാബുട്ടൻ പകൽ കിടന്നുറങ്ങുന്നതു കണ്ടാൽ അവൾ അനിഷ്ടം പ്രകടമാക്കുന്നത് ഇപ്രകാരമാവും: "രാത്രിയും പകലും ഈ ചെരപ്പ് മാത്രമല്ലേ ഒള്ളൂ."
ബാബുട്ടൻ ജംഗ്ഷനിൽ പോയി കുറച്ചു വൈകിയാൽ അവളുടെ വാചകം ഇങ്ങനെയാവും: "വീട്ടീന്ന് വെളിയിൽ എറങ്ങിയാ പിന്നെ രണ്ടുമണിക്കൂർ ചെരച്ചിട്ടേ തിരികെ വരൂ."
ഒരു ദിവസം ബാബുട്ടൻ ഭാര്യയെ ഇക്കാര്യത്തിൽ ഒന്ന് ഉപദേശിച്ചു. "നീയിങ്ങനെ എല്ലാകാര്യത്തിനും ചെരപ്പ് ചെരപ്പ് എന്നു പറയുന്നത് കേൾക്കുമ്പോ അയൽക്കാരും കുട്ടികളുമൊക്കെ തെറ്റിദ്ധരിക്കും."
അതിന് ഭാര്യയുടെ മറുപടി ഇങ്ങനെയായിരുന്നു: "ഓരോരുത്തരുടെ ചെരപ്പ് കാണുമ്പോ ആ ചെരപ്പിന്, ചെരപ്പ് എന്നല്ലാതെ പിന്നെ പരിപ്പ് പരിപ്പ് എന്നു പറയാൻ പറ്റുവോ?"
അതു കേട്ട് ബാബുട്ടൻ പിന്മാറിയില്ല. "എന്നാലും വീട്ടിനുള്ളിൽ ആ വാക്ക് ഒഴിവാക്കുന്നതല്ലേ നല്ലത്?"
"കുടുംബശ്രീയുടെ ജോലിക്കു പോകാൻ ഞാൻ. അതു കഴിഞ്ഞു വീട്ടിൽ വന്നാ പിന്നെ എല്ലാർക്കും വെച്ചുണ്ടാക്കാൻ ഞാൻ. എല്ലാം ചെയ്ത് പ്രാന്തു പിടിച്ചു നിൽക്കുമ്പം എനിക്കും ദേഷ്യം വരും. ആ ദേഷ്യത്തിൽ ഞാൻ വല്ല ചെരപ്പും പറഞ്ഞെന്നിരിക്കും. അത് കേക്കാൻ പറ്റാത്തവര് ചെവിയിൽ വല്ല ചെരപ്പുംഎടുത്തു തിരുകി വയ്ക്ക്. ഒരു ചെരപ്പിനും പോവാതെ വീട്ടിക്കേറി ഇരിക്കണതിൻ്റെ ഏനക്കേടാണ്."
ബാബുട്ടന് തൻറെ ഭാര്യയിൽ നിന്ന് അല്ലാതെ മറ്റൊരാളിൽ നിന്ന് ചെരപ്പ് കേട്ടതായി ഓർമ്മയില്ല. അങ്ങനെയിരിക്കെയാണ് ഒരു പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടത്. ഒരു നേതാവ് തൻറെ പ്രസംഗത്തിനിടയിൽ ചെരപ്പ് എന്ന പദം പ്രയോഗിക്കുകയും അത് ഒരു വിഭാഗം ആളുകളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. അടുത്തദിവസം നേതാവ് അതിനെക്കുറിച്ച് വിശദീകരണം നൽകി. "ഞാൻ സർവവിജ്ഞാനകോശവും മലയാള നിഘണ്ടുവും തുറന്നു നോക്കി. അതിൽ ചെരപ്പിൻ്റെ അർത്ഥം മുടി വെട്ടുക എന്നുള്ളതാണ്. എല്ലാവരും ചെയ്യുന്ന ഒരു പ്രവൃത്തി എന്ന നിലയിൽ അത് മോശമായ ഒരു പദമോ അധിക്ഷേപ വാക്കോ അല്ല. മാത്രമല്ല ചെരപ്പിന് മാന്യമായ മറ്റു പല അർത്ഥങ്ങളും നിഘണ്ടുവിൽ കാന്നുന്നുമുണ്ട്. ആയതിനാൽ ആ വാക്ക് പിൻവലിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല."
അതു വായിച്ചപ്പോഴാണ് നേതാക്കൾ സർവവിജ്ഞാനകോശവും നിഘണ്ടുവുമെല്ലാം തുറന്നു നോക്കാറുണ്ട് എന്നും തൻറെ ഭാര്യ തെറിയായി വിളിക്കുന്ന ചെരപ്പ് നിഘണ്ടുവിൽ ഉണ്ടെന്നും ബാബുട്ടൻ അറിയുന്നത്.
നേതാവ് തൻറെ പ്രസംഗത്തിലെ ചെരപ്പ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് നേതാവിന് ജില്ലയിൽ മുടിവെട്ട് ഉപരോധം ഏർപ്പെടുത്തിയതായും അടുത്ത ദിവസത്തെ വാർത്തയിൽ കണ്ടു. അതായത് ഇനി നേതാവിന് മുടി വെട്ടണം എന്നുണ്ടെങ്കിൽ അടുത്ത ജില്ലയിൽ പോവുകയോ സ്വയം വെട്ടുകയോ വേണം.
ലീലാവതിയെ കൊണ്ട് വീട്ടിലെ ചെരപ്പ് പിൻവലിപ്പിക്കാൻ ഇതുപോലെ എന്തെങ്കിലും ഉപരോധം താൻ ഏർപ്പെടുത്തിയാലോ എന്നൊരു ചിന്ത ഒരു നിമിഷം ബാബുട്ടൻറെ ചെരക്കാത്ത തലയിലൂടെ കടന്നുപോയി. പക്ഷേ സ്വന്തമായി ഒരു ജോലിയും ചെയ്യാതിരിക്കുന്ന താൻ എന്ത് ഉപരോധം ഏർപ്പെടുത്തും എന്ന സംശയവും,ഭാര്യ ചെരപ്പിൽ ഉറച്ചുതന്നെ നിൽക്കുകയും ഒടുവിൽ താൻ ഉപരോധം പിൻവലിക്കേണ്ടി വരുകയും ചെയ്താൽ അത് തനിക്കു തന്നെ നാണക്കേടാകും എന്ന തിരിച്ചറിവും നിമിത്തം ബാബുട്ടൻ ആ ചിന്ത മുളയിലേ നുളളി.
മാത്രമല്ല ചെരപ്പിന് മാന്യമായ പല അർത്ഥങ്ങളും ഉണ്ടെന്നാണ് നേതാവിൻ്റെ പ്രസ്താവന. അത് എന്തൊക്കെയാണ് എന്നറിയാനും ബാബുട്ടന് ആകാംക്ഷയായി. വിജ്ഞാനകോശമൊന്നും തപ്പി പിടിക്കാനുള്ള പ്രാപ്തി ബാബുട്ടന് ഇല്ലാത്തതിനാൽ പട്ടാളം ഭാസി അണ്ണനോട് ചോദിക്കാം എന്ന് വിചാരിച്ചു. ഭാസി അണ്ണന് അറിയാത്ത കാര്യങ്ങൾ ഇല്ല. മാത്രമല്ല ആരെങ്കിലും എന്തെങ്കിലും സംശയം ചോദിക്കുന്നത് അണ്ണന് വളരെ സന്തോഷമുള്ള കാര്യമാണ്.
ബാബുട്ടൻ തൻ്റെ സംശയം ഭാസി അണ്ണൻറെ മുൻപിൽ വച്ചു; "അണ്ണാ, എനിക്കൊരു പ്രശ്നം."
"നീ ധൈര്യമായി പറയെടേ - "
"എൻറെ ഭാര്യ ലീലാവതി തൊട്ടതിനും പിടിച്ചതിനും ഒക്കെ എന്നെ ചെരപ്പേ എന്ന് വിളിക്കുന്നു."
"അതു രണ്ടും നീ ചെയ്യാതിരുന്നാൽ പോരേ?"
"അതല്ല, എന്തു കാര്യത്തിനും അവൾ ചെരപ്പ് എന്ന് പറഞ്ഞാണ് ചീത്തവിളിക്കുന്നത്."
"ഞാൻ ഇടപെടണോ?"
"എടപെടുകയൊന്നും വേണ്ട. രണ്ടുദിവസം മുമ്പ് പത്രം നോക്കിയപ്പോൾ അതിൽ ഒരു നേതാവ് പറഞ്ഞിരിക്കുന്നു - ചെരപ്പ് എന്ന പദത്തിന് വളരെ മാന്യമായ അർത്ഥങ്ങളാണ് ഉള്ളതെന്ന് .ആ അർഥങ്ങൾ അറിയാൻ വേണ്ടിയാണ് ഞാനിപ്പോൾ ഇങ്ങോട്ടു വന്നത് ."}
"ഓ മനസ്സിലായി. നീ കരുതിയത് ചെരപ്പ് എന്നത് ഒരു അശ്ലീല പദമാണ് എന്നാണ്. അല്ലേ?"
"അതെ."
"എന്നാൽ അങ്ങനെയല്ല. നാം തെറിയെന്നു കരുതുന്ന പല പദങ്ങളുടേയും യഥാർത്ഥ അർത്ഥം കേട്ടാൽ തെറി വിളിക്കുന്നവനും കേൾക്കുന്നവനും ചിരിച്ചു മറിയും. അത്ര മനോഹരമായ അർത്ഥമാണ് അവയ്ക്കുള്ളത്."
"അപ്പോൾ ചെരപ്പ് ചീത്ത വാക്കല്ലേ?"
"പറയാം. ചെരപ്പ് എന്നത് ഒരു നാടൻ പ്രയോഗം ആണ്. ചില സ്ഥലങ്ങളിൽ ചിരപ്പ് എന്നും ചിലയിടത്ത് ചിറപ്പ് എന്നുമൊക്കെ ഉച്ചരിക്കും. ഇനി അതിൻ്റെ അർത്ഥങ്ങളിലേക്കു വരാം - "പട്ടാളം മേശമേലിരുന്ന നിഘണ്ടു തുറന്ന് ചെരപ്പിൻ്റെ നാനാർത്ഥങ്ങൾ പുറത്തെടുത്തു.
"ചെരപ്പ് - എന്നതിന് മഹിമയുള്ള പ്രവൃത്തി, മേന്മയുള്ള പ്രവൃത്തി എന്നൊക്കെ അർത്ഥമുണ്ട്. ചിരയ്ക്കുക-എന്നതിന് തേങ്ങാ തിരുമ്മുകഎന്നും അർത്ഥമുണ്ട്. ചിരക്ക്കുക- എന്നത് ചി-എന്ന് ഉരയ്ക്കുക എന്നും അർഥം നൽകുന്നു. അതായത് കഷ്ടം എന്ന് പറയുന്നതും ചിരയ്ക്കുക തന്നെ. ചിര- എന്നുവച്ചാൽ തല എന്നാണ് ഒരു അർത്ഥം. ചിരകാലം - എന്നാൽ വളരെക്കാലം."
നിഘണ്ടു അടച്ച് പട്ടാളം ബാബുട്ടനെ നോക്കി. "വല്ലതും മനസ്സിലാവുന്നുണ്ടോ?"
ബാബുട്ടൻ ഇല്ല എന്നു തലയാട്ടി.
"ഈ പറഞ്ഞ അർത്ഥങ്ങളിൽ നിന്ന് നിൻറെ സന്ദർഭത്തിന് അനുസരിച്ചുള്ള അർത്ഥമാണ് മനസ്സിലാക്കേണ്ടത്. "
"അത് - ഞാനെന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ - ആ ചെരപ്പ് നിർത്തിയിട്ട് ഇങ്ങോട്ട് വാ മനുഷ്യാ-എന്നാണ് അവൾ പറയുന്നത്. "
"ഓ അതാണോ? അത് - അവിടെ മഹിമയുള്ള, മേന്മയുള്ള, എന്ന അർത്ഥം ആണ് എടുക്കേണ്ടത്. മഹിമയുള്ള, മേന്മയുള്ള, ആ പ്രവൃത്തി അവസാനിപ്പിച്ചിട്ട് ഇങ്ങോട്ട് വാ മനുഷ്യാ. മനുഷ്യൻ ഹാ എത്ര സുന്ദരമായ പദം! എന്നു കവി പറഞ്ഞതു പോലും ഭാര്യ ഈ വാചകത്തിൽ കൊണ്ടുവന്നിരിക്കുന്നു."
"ഏതു കപിയാ അവളോട് അങ്ങനെ പറഞ്ഞത്? "
" അവളോട് ആരും പറഞ്ഞതല്ല. മാക്സിം ഗോർക്കി ഈ ലോകത്തോട് പറഞ്ഞതാണ്. ഭാഷയിലും സാഹിത്യത്തിലും അവഗാഹമില്ലാത്തതു കൊണ്ടാണ് നിനക്ക് ഇതൊന്നും മനസ്സിലാകാത്തത്."
"എനിക്ക് അറിവ് കുറവായതു കൊണ്ടല്ലേ ഞാൻ അണ്ണനെക്കാണാൻ വന്നത്. "
"പക്ഷേ നീ അവളുടെ മുമ്പിൽ അറിവില്ലാത്തവനെപ്പോലെ നിൽക്കരുത്. അവൾ പറയുന്ന പദങ്ങളുടെ ആന്തരാർത്ഥം നീ മനസ്സിലാക്കി എന്ന ഭാവത്തിൽ വേണം പെരുമാറാൻ. ഒപ്പത്തിനൊപ്പം നിൽക്കുന്ന ഭർത്താവിനെയാണ് ഭാര്യമാർക്ക് താല്പര്യം."
"എങ്കിൽ എൻറെ അറിവ് ഞാൻ അവളുടെ മുമ്പിൽ കാണിച്ചുകൊടുക്കാം."
"എങ്ങനെ?"
" തേങ്ങാ തിരുമ്മുന്നതിനെയും ചെരപ്പ് എന്ന് പറയുമെന്നല്ലേ അണ്ണൻ പറഞ്ഞത് ?"
"അതെ."
"എന്നാൽ ഇനി അവൾ തേങ്ങാ തിരുമ്മി ക്കൊണ്ടിരിക്കുമ്പോൾ ഞാൻ അവളോട് ചോദിക്കും - നിൻ്റെയീ ചെരപ്പ് കഴിഞ്ഞില്ലേടീന്ന്. അർത്ഥം ശരിയല്ലേ?"
"അർത്ഥമൊക്കെ ശരി തന്നെ. പക്ഷേ ചിരവ അവളുടെ കയ്യിൽ ഇരിക്കുമ്പോൾ അങ്ങനെ ചോദിക്കേണ്ട. ചിര (തല ) സ്ഥാനത്തിന് കേടുപറ്റാതെ നോക്കണമല്ലോ. ചിരകാലം ജീവിക്കേണ്ടതല്ലേ!"
"പിന്നെയെന്തു ചെയ്യാൻ?"
"ആദ്യം, അവൾ പറയുന്നതിൻ്റെഅർത്ഥം മനസ്സിലാക്കാനുള്ള അറിവ് നിനക്കുണ്ട് എന്ന് അവൾക്ക് ബോധ്യം വരട്ടെ."
"അതെങ്ങനെ?"
"അവൾ ചെരപ്പ് നിൻ്റെ നേരെ വിക്ഷേപിക്കുമ്പോൾ അതിൻറെ അർത്ഥവ്യാപ്തി നീ മനസ്സിലാക്കുകയും ഒരു പുഞ്ചിരിയോടെ നീ മനസ്സിലാക്കിയ നല്ല അർത്ഥങ്ങൾ അവളോട് തിരികെപറയുകയും ചെയ്യുക. അങ്ങനെ നീ അറിവിലും അർത്ഥത്തിലും ഒട്ടും പിന്നിലല്ല എന്ന് മനസ്സിലായാൽ കാലക്രമേണ ചെരപ്പ് ഒഴിവാക്കാൻ അവൾ സ്വയം നിർബന്ധിതയാകും.അങ്ങനെയാണ് അറിവുള്ളവർ വിജയിക്കേണ്ടത്. ശക്തി കൊണ്ടല്ല , ബുദ്ധി കൊണ്ട്."
"എന്നെക്കൊണ്ട് ഇതൊക്കെ നടക്കുവോ?"
"ശ്രമിച്ചാൽ നടക്കാത്ത കാര്യമുണ്ടോ?... എല്ലാം ശരിയാവുമെടേ. ശുഭാപ്തി വിശ്വാസം കൈവെടിയരുത്, കേട്ടോ. "
ആ ഉപദേശം ചിരസാവഹിച്ച് ബാബുട്ടൻ വീട്ടിലേക്ക് നടന്നു.
തൻറെ ഭാര്യ, തന്നെ തെറി പറയുന്നില്ല എന്ന അറിവ് തന്നെ അയാൾക്ക് ആശ്വാസം പകരുന്നതായിരുന്നു.