mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഞാന്‍ ഏതാണ്ട് എണ്പതുകളുടെ തുടക്കത്തിലാണ്‌ ബോബനും മോളിയും വായന തുടങ്ങിയത്. രണ്ട് പിള്ളേര്‍ മലയാളികളെ ചിരിപ്പിച്ച് ഒരു വഴിക്കാക്കിയിട്ട് വര്‍ഷങ്ങള്‍ അമ്പത് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ക്ക് വയസ്സാവുന്നതേയില്ല. എന്‍റെ വീടിന്‍റെ അടുത്തുള്ള എന്‍റെ കൂട്ടുകാരന്‍റെ അച്ഛന്‍ ഒരു ബാര്‍ബര്‍ ആയിരുന്നു.

അതുകൊണ്ട് തന്നെ മിക്ക മാസികകളും അവന്റെ കടയില്‍ വരുത്തുമായിരുന്നു. ശരിക്കും പറഞ്ഞാല്‍ അതൊക്കെ നമുക്ക് കിട്ടാന്‍ ചില കടമ്പകള്‍ ഉണ്ട്. ആദ്യം, രണ്ടാമത് എന്നിങ്ങനെ ഓരോരുത്തരുടെ നിര തന്നെ ഉണ്ടായിരുന്നു. നമ്മള്‍ കുട്ടികള്‍ ആയതിനാല്‍ മിക്കപ്പോഴും ഒരാഴ്ച കഴിഞ്ഞേ വായിക്കാന്‍ കിട്ടിയിരുന്നോള്ളൂ. അത് തന്നെ ഒരു ഭാഗ്യം !!

ഇരട്ട കുട്ടികളായ ബോബന്റെയും മോളിയുടെയും അച്ഛന്‍ കേസൊന്നുമില്ലാത്ത വക്കീലാണ്‌. അമ്മ മേരിക്കുട്ടി, കുട്ടികളുടെ വികാര വിചാരങ്ങള്‍ അതെ പോലെ തന്നെ പ്രതിഫലിക്കുന്ന അവരുടെ സന്തത സഹചാരി ആയ പട്ടിക്കുട്ടി. പിന്നെ അയല്‍ക്കാര്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഇട്ടുണ്ണാന്‍(ചേട്ടന്‍),ഭാര്യ - മജിസ്ട്രേറ്റ്‌ മറിയാമ്മ (ചേട്ടത്തി-ചേട്ടത്തിയുടെ പേര്‍ കാര്‍ട്ടൂ‍ണിസ്റ്റ് ഒരിടത്തും പരാമര്‍ശിച്ചു കണ്ടിട്ടില്ല). ഇവരുടെ വീട്ടില്‍ വാടകയ്ക്ക്‌ താമസിക്കുകയാണ്‌പോത്തന്‍ വക്കീലിന്‍റെ കുടുംബം.വാടകക്കാശ്‌ കൃത്യമായി കൊടുക്കാത്തതിനാല് ‍ബോബന്‍റേയും മോളിയുടേയും കുടുംബവുമായി മിക്കവാറും കശപിശയിലായിരിക്കും പ്രസിഡന്‍റും ചേട്ടത്തിയും. ബോബന്‍ന്റെയും മോളിയുടെയും അധ്യാപകന്‍ കോര സര്, ഒരു ഇംഗ്ലിഷ് മ്യൂസിക് ബാന്റിനിടയില്‍ നിന്ന് കണ്ടെടുത്ത, 70 കളിലെ ഹിപ്പി സ്റ്റൈലില്‍ വരുന്ന മറ്റൊരു കഥാപാത്രമാണ് അപ്പി ഹിപ്പി ഇങ്ങനെ പോകും കഥാപാത്രങ്ങള്‍ !

കിഴുക്കാംതൂക്ക് പഞ്ചായത്തിലാണ് ബോബനും മോളിയും ചിത്രീകരിക്കപ്പെടുന്നത്. കേരളത്തിലെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ തമാശകള്‍, ആനുകാലിക രാഷ്ട്രീയസാമൂഹിക സംഭവങ്ങള്‍ എന്നിവയൊക്കെ ബോബനും മോളിയിലൂടെ ടോംസ് വരച്ചുകാട്ടിക്കൊണ്ടേയിരിക്കുന്നു. കേവലം വിനോദം മാത്രമായിരുന്നില്ല. ഒരു കാലത്തെ ശക്തമായ സാമൂഹ്യ വിമര്‍ശന, ആക്ഷേപഹാസ്യ കാര്‍ട്ടൂണുകളായിരുന്നു ബോബനും മോളിയും

ഇതിലെ ഒരു ഭാഗം ഇവിടെ പറയാതെ വയ്യ.

സ്കൂളില്‍ പോയി ബോബനും മോളിയും വേഗം മടങ്ങിയെത്തി.

അമ്മ: എന്താ കുട്ടികളേ സ്കൂളില്‍ നിന്നും വരാന്‍ സമയമായില്ലല്ലോ...

കുട്ടികള്‍: അമ്മച്ചിയല്ലേ പറഞ്ഞത്‌ ഇംഗ്ലീഷില്‍ ‘എ’ എന്ന്‌ എഴുതിവച്ചിരിക്കുന്നിടത്ത്‌ കയറരുതെന്ന്‌.

അമ്മ: അതിനെന്താ?

കുട്ടികള്‍: ഞങ്ങളുടെ ക്ലാസിന്‍റെ മുന്നില്‍ 3 ‘എ’ എന്ന്‌ എഴുതിവച്ചിരിക്കുന്നു!!

വര്‍ഷങ്ങള്‍ കടന്നു പോയി. ബോബനും മോളിയും പുസ്തക രൂപത്തില്‍ അച്ചടിച്ചിറങ്ങി. (പിന്നെ അതിന്‍റെ ആനിമെഷനും സിനിമയും വന്നു) ഏത്‌ പ്രസാധകനും അന്തംവിട്ടുപോകുന്ന വില്‍പനയായിരുന്നു അന്നതിന്‌. ഒരു ജനത നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍ക്കുള്ള അംഗീകാരം. ഇത്രയും പ്രശസ്തമായ കാര്‍ട്ടൂണുകളെക്കുറിച്ച്‌ ഗൌരവമാര്‍ന്ന ഒരു പഠനം തന്നെ വന്നത് അത് ഒരു വിവാദം ആയപ്പോളാണ്. പിതൃത്വം നല്‍കിയ കാര്‍ട്ടൂണിസ്റ്റിനാണോ, പ്രസിദ്ധീകരിച്ച വാരികയ്ക്കാണോ അവകാശം എന്നൊരു തര്‍ക്കം ഏറെ നാളായി മനോരമയും ടോംസും തമ്മിലുണ്ടായിരുന്നു എന്നാണറിവ്‌.

ഒരോ കാലഘട്ടത്തിലേയും ബോബനും മോളിയുടെ വര വ്യത്യാസപ്പെട്ടിരുന്നു. ശ്രീ ടോംസ്‌ വര തുടങ്ങിയപ്പോഴുള്ളതില്‍ നിന്നും പാടെ വ്യത്യസ്ഥമാണ്‌ എഴുപതുകളിലേത്‌. എണ്‍പതുകളില്‍ ബോബണ്റ്റേയും മോളിയുടേയും പൊക്കം അല്‍പം കുറഞ്ഞു. ആദ്യകാലങ്ങളില്‍ പോത്തന്‍ വക്കീലിണ്റ്റെ മുടി പാറിപ്പറന്ന് കിടക്കുമായിരുന്നു. ദരിദ്രവാസിയായ ഒരു വക്കീലിണ്റ്റെ ലക്ഷണങ്ങള്‍ അദ്ദേഹത്തിലുണ്ടായിരുന്നു. പിന്നീട്‌ കാലാനുസൃതമായി മുടി കുറച്ചുകൂടി ഒതുക്കിവച്ചു കൊടുത്തത്‌ കാണം. ഇപ്പോഴത്തെ ഡ്രോയിംഗ്‌ സ്റ്റൈല്‍ പഴയതില്‍ നിന്നും വളരെ വ്യത്യസ്തമാണ്‌. ഒരു വാരികയില്‍ നാല്പതിലേറെ വര്‍ഷങ്ങള്‍ രണ്ടു കഥാപാത്രങ്ങളെ വായനക്കാര്‍ക്ക്‌ ഉള്‍ക്കൊള്ളാനായി എന്നത് തന്നെ ആ കര്ടൂണിന്റെ മികവു തന്നെ !

തൊട്ടതിനും പിടിച്ചതിനുമെല്ലാം അവാര്‍ഡുകള്‍ വാരിക്കോരിക്കൊടുക്കുകയും , അവാര്‍ഡുകള്‍ അധികമാകുമ്പോല്‍ അത്‌ നിരസിച്ച്‌ കൊണ്ട്‌ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബുദ്ധിജീവികള്‍ ഉള്ള നമ്മുടെ നാട്ടില്‍, ടോംസിനെപ്പോലുള്ള ഒരു ബുദ്ധിജീവിക്ക്‌ വേണ്ടത്ര അംഗീകാരം നല്‍കിയിട്ടുണ്ടോ എന്ന് സംശയമാണ്‌.

അവസാനം ഒന്നുകൂടി പറഞ്ഞ് നിര്‍ത്തുന്നു. ചിലപ്പോള്‍ ഇങ്ങനെ തോന്നാറുണ്ട്, മലയാളികളുടെ അവസാന പേജില്‍തുടങ്ങി പുറകോട്ടുള്ള മാസിക വായനാ ശീലം ബോബനും മോളിയും എന്ന കാര്‍ട്ടൂണില്‍ നിന്നാണെന്ന് തോന്നുന്നു !

ആദരാന്ജലികൾ!!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ