mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

കാലം എത്ര കഴിഞ്ഞു. മഴക്കാലവും വേനലും മാറിമാറി വന്നു . ആലുവാപ്പുഴയിൽ എത്രമലവെള്ളപ്പൊക്കങ്ങൾ വരികയും പോകുകയും ചെയ്തിരിക്കണം. അതൊന്നും കാണാൻ നിൽക്കാതെ ഞാൻ നാല്

കാലങ്ങൾ വിളയുന്ന നാട്ടിലെത്തി. എന്നിട്ടും ഓർമ്മകൾ എന്റെ കൂടെ  യാത്ര ചെയ്തു.    ചില ഓർമ്മകൾ ഒരിക്കലും മായില്ല മനസ്സിൽ നിന്നും. രണ്ട് സ്മരണകൾ പ്രത്യകിച്ചും എന്നെ ഇന്നും പിന്തുടരുന്നു. രണ്ട് ഓർമ്മകളുടെയും ഉത്ഭവം കോഴിക്കോടാണ്.

ആദ്യത്തേത് കോഴിക്കോട് മെഡിക്കൽ കേളേജിൽ പഠിക്കുന്ന കാലം. ഞാൻ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു അന്ന്. ഞങ്ങൾക്കൊക്കെ ചില രോഗികളെ അനുദിനം നിരീക്ഷിക്കാൻ തരുമായിരുന്നു. അവരുടെ രോഗത്തെ പറ്റി അറിയുക, അവരോട് അവരുടെ രോഗത്തെ പറ്റി ചോദിക്കുക. എന്ത് ചികിത്സകളാണ് അവർക്കു നൽകുന്നത് എന്ന് മനസ്സിലാക്കുക. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സംഗതി ആയിരുന്നു അത്.   എനിക്ക് ഒരിക്കൽ കിട്ടിയ രോഗി ഒരു 30 , 35 വയസ്സ് പ്രായമുള്ള ചെറുപ്പക്കാരനായിരുന്നു. കാലിൽ പഴുപ്പായിട്ടു അവിടെ ചികിത്സയ്ക്ക് വന്ന വ്യക്തി. അദ്ദേഹത്തിന് പ്രമേഹം ഇല്ലായിരുന്നു. കാലിൽ പഴുപ്പ് വരുന്ന പലകാരണങ്ങളിൽ പ്രധാനപ്പെട്ട കാരണം  അതാണല്ലോ .  അദ്ദേഹത്തിന്റെ രോഗവിവരങ്ങൾ എന്നും  കൃത്യമായി രേഖപ്പെടുത്തി വെയ്ക്കുക എന്നതാണ്  എന്നെ  ഏൽപ്പിച്ച കൃത്യം. പഠിക്കാനും പഠിച്ചതൊക്കെ ഓർത്തിരിക്കാനും ഉതകിയ മാർഗ്ഗങ്ങളിൽ ഒന്നായിരുന്നു അതെന്നു പിന്നീട് എനിക്ക് മനസ്സിലായി. അങ്ങനെ നാം ഓരോ രോഗങ്ങളും കാണുന്പോൾ അതിനെ പറ്റി കൂടുതൽ വായിക്കാനും മനസിലാക്കാനും ശ്രമിക്കുന്നു.    ഞാൻ പറഞ്ഞുവന്നത്   ആദ്യത്തെ രോഗിയെ പറ്റിയാണ്. അദ്ദേഹത്തിന്റെ  പേര് ഇന്ന് ഓർമ്മയില്ല. എത്രയോ വർഷങ്ങൾ കഴിഞ്ഞു. എത്രയെത്ര രോഗികളെയും രോഗങ്ങളെയും കണ്ട് ഇതിന്നിടയ്ക്കു. അദ്ദേഹത്തിന്റെ ജോലി ബീഡി തിറപ്പായിരുന്നു . മുഹമ്മദ് എന്നോ അഹമ്മദെന്നോ ആകാം അദ്ദേഹത്തിന്റെ പേര്. ഒരു ഭാര്യയും മൂന്ന് കുട്ടികളും അദ്ദേഹത്തെ ആശ്രയിച്ചു കഴിയുന്നു.    ഞാൻ അദ്ദേഹത്തെ കാണുന്പോൾ ഒരു കാലിന്റെ മുട്ടിനു താഴെവെച്ചു മുറിച്ചു കളഞ്ഞിരിക്കുന്നു. മറ്റേ  കാലിൽ പഴുപ്പ് തുടങ്ങിയിരിക്കുന്നു. അദ്ദേഹം എന്നോട് അദ്ദേഹത്തിന്റെ വീടിനെ  പറ്റിയും കുട്ടികളെപ്പറ്റിയും പറഞ്ഞു. മൂന്ന് കുട്ടികളിൽ ഒരാണും രണ്ട് പെണ്ണും. കാലില്ലാത്ത ഞാൻ എങ്ങനെ എന്റെ വീട് പുലർത്തും സാറേ എന്ന ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. അറുപതുകളിൽ പൂർണ ആരോഗ്യമുള്ള വിദ്യാസന്പന്നർക്കു പോലും ജോലിയില്ലാത്ത കാലമായിരുന്നു. പിന്നെ കാലില്ലാത്ത  ഒരു മനുഷ്യന്റെ കാര്യം പറയാണോ !   ഒരു ദിവസം അദ്ദേഹം പറഞ്ഞു ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. അന്ന് അതിനു ഒരുത്തരം പറയാൻ എനിക്കാവില്ലായിരുന്നു. പിറ്റേ ദിവസം ആശുപത്രിയിൽ ചെന്നപ്പോൾ അറിഞ്ഞു അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന്.  ജനലഴികളിൽ ഒരു മുണ്ട് ചുരുട്ടി കെട്ടി തൂങ്ങി മരിച്ചു.  ഇന്നും ആ മനുഷ്യൻ എന്നെ വേദനിപ്പിക്കുന്നു.    നാട്ടിൽ അന്നൊക്കെ ബീടി വലിക്കാർക്കു വരുന്ന ഒരസുഖമായിരുന്നു കാലിലെ പഴുപ്പ്. ഇന്ന് ആ അസുഖം ഇല്ലാതിരിക്കട്ടെ എന്നൊരു പ്രാർത്ഥന എന്റെ മനസ്സിൽ. 

പുകവലി നമ്മുടെ ആരോഗ്യത്തെ അനുദിനം കാർന്നു തിന്നുന്നു. ആരോഗ്യം ഉള്ളപ്പോൾ നാം അതിന്റെ ദുഷ്യങ്ങളെ പറ്റി ഓർക്കില്ല. എന്റെ പല സുഹൃത്തുക്കളും മരിച്ചിട്ടുണ്ട് ശ്വാസകോശ അർബുദം കാരണം. അല്ലെങ്കിൽ ഹൃദയസ്തംഭനം മൂലം. ഇന്ന് നമുക്കൊക്കെ അറിയാം പുകവലിയുടെ ദൂഷ്യം. എന്നിട്ടും എത്രയോ പേരാണ് പുകവലിക്കുന്നത്.     

രണ്ടാമത്തെ സംഭവവും നടക്കുന്നത് കോഴിക്കോട് പഠിക്കുന്നകാലത്ത്. ഞാൻ അന്നും നാലാം വർഷ വിദ്യാർത്ഥിയായിരുന്നു. ഫോറൻസിക്‌ എന്ന വിഷയം ഞങ്ങൾക്ക് പഠിക്കാൻ ഉണ്ടായിരുന്നു. അത് മുഖ്യമായും സംശയമുണ്ടാകുന്ന വിധത്തിലുള്ള മരണത്തിൻെറ കാരണം കണ്ടുപിടിക്കുക എന്നുള്ളതായിരുന്നു. അതിനു മരിച്ച വ്യക്തിയുടെ ശരീരം പരിശിധിക്കണം. സാഹചര്യങ്ങൾ മനസ്സിലാക്കണം. പിന്നെ മരിച്ചുകിടക്കുന്ന വ്യക്തിയുടെ പരിസരത്ത് ഏതെങ്കിലും അസാധാരണമായ സംഗതികൾ ഉണ്ടോ എന്ന് നോക്കണം.    ഒരു ദിവസം ആ വിഷയം പഠിപ്പിച്ചിരുന്ന പ്രഫസർ ഞങ്ങളെ ഒരു ഫീൽഡ് സ്റ്റഡിക്കു കൊണ്ടുപോയി . ദേവഗിരി കോളേജിന്റെ പരിസരത്തുള്ള ഒരു ചെറിയകാട്ടിലേക്കാണ് ഞങ്ങൾ പോയത്. അവിടെ ഒരു യുവതി തൂങ്ങിമരിച്ച നിലയിൽ കിടക്കുന്നു. തൂങ്ങിമരിച്ചാൽ  ശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും മറ്റും പ്രഫസർ ചൂണ്ടിക്കാട്ടി.    എന്റെ മനസ്സു ആ കുട്ടിയുടെ മരണകാരണം ആരായുകയായിരുന്നു. ആരും അതിനെ പറ്റി ഒന്നും തന്നെ പറഞ്ഞില്ല. ആ മരണം എങ്ങനെ തടക്കാൻ പറ്റുമെന്നല്ല ഞങ്ങൾ അന്വേഷിച്ചത്. അത് ജീവിച്ചിരിക്കുന്നവരുടെ പ്രശ്നം. മരിച്ചവർ എങ്ങനെ മരിച്ചു എന്നുള്ളത് തെളിയിക്കുകയാണല്ലോ ഫോറൻസിക്‌ മെഡിസിന്റെ ഉന്നം. അതും അത്യാവശ്യം. ആരെങ്കിലും ആരെയെങ്കിലും കൊന്നു തൂക്കിയിട്ടാൽ അതും മനസ്സിലാക്കണമല്ലോ. ഭാഗ്യത്തിൽ ഇവിടെ യു കെ യിൽ അത് സാധാരണ ഒരു ഡോക്ടറുടെ ജോലിയല്ല. പോലീസും ഫോറൻസിക്‌ വിഷയത്തിൽ വിദഗ്ധനുമായ ഒരു ഡോക്ട്ടരും അതിൽ ഏർപ്പെടും. ക്ലിനിക്കൽ പാത്തോളജിസ്റ് പോലും അതിൽ  ഇവിടെ ഇടപെടേണ്ടതില്ല .   ആ യുവതിയുടെ  തൂങ്ങിമരിച്ച നിലയിലുള്ള കിടപ്പു ഇന്നും എന്റെ മനസ്സിൽ നിന്നും മറഞ്ഞിട്ടില്ല.  

ഓരോ ആത്മഹത്യയും ആരുടെയെങ്കിലും പരാജയമാണല്ലോ. സമുദായം ആ ആത്മഹത്യ ചെയ്ത വ്യക്തിയെ ആത്മഹത്യയിലേക്കു തള്ളിയിട്ടു എന്നുള്ളതാണ് സത്യം. വഞ്ചന, കടം, മാനാപമാനം ഇങ്ങനെ അതിനുള്ള കാരണം നീണ്ടു പോകുന്നു.    വിഷാദരോഗവും ചികിൽസിച്ചില്ലെങ്കിൽ ചിലപ്പോൾ ആത്മഹത്യയിൽ അവസാനിക്കാറുണ്ട്. അവിടെയും ആ വ്യക്തിയെ പരാജയപ്പെടുത്തുന്നത് സമുദായമോ അല്ലെങ്കിൽ ചികില്സിക്കുന്നവരോ ആണല്ലോ.   ചിലകാര്യങ്ങൾ എങ്ങനെ നമ്മുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്നു ; കല്ലിൽ കൊത്തിവെച്ചപോലെ .        

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ