(Winner of +100 Bonus Points) തളിപ്പറമ്പിനടുത്തുള്ള കരിമ്പത്ത് ഇരുളുറങ്ങുന്ന പറങ്കിമാന്തോപ്പിനു നടുവിലായിരുന്നു ഗ്രാമവികസനവകുപ്പിനു കീഴിലെ വികസന പരിശീലന കേന്ദ്രം.
ചെങ്കൽപ്പാറകൾ വെട്ടിയുണ്ടാക്കിയ പാതക്കിരുവശവും കാറ്റാടി മരങ്ങളുടെ തണലുണ്ടായിരുന്നു. പുൽപ്പടർപ്പുകളിൽ വെളുത്ത കാട്ടുപ്പൂക്കളുടെ വിടർന്ന ചിരിത്തിളക്കവും. ഒരുപാടു പഴക്കമില്ലാത്ത സ്റ്റാഫ് ക്വാർട്ടേഴ്സുകളൊഴികെ മറ്റെല്ലാം വളരെ പഴക്കമുള്ള ഓടിട്ട കെട്ടിടങ്ങളായിരുന്നു. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് മാനം കറുത്തുനിന്ന ഒരു കർക്കിടകത്തിലെ പകലിലാണ് ഞാൻ അവിടെ ജോലിയിൽ പ്രവേശിക്കാൻ എത്തിയത്. ധാരാളം വായിക്കാനും, സ്വപ്നം കാണാനും പറ്റിയ തിരക്കില്ലാത്ത ഒരിടമായിരുന്നു എന്റെ ലക്ഷ്യം. ഞാൻ ചെല്ലുമ്പോൾ സ്റ്റാഫ് ക്വാർട്ടേഴ്സുകളൊന്നും ഒഴിവുണ്ടായിരുന്നില്ല. ഗ്രാമ സേവക പരിശീലനാർത്ഥികൾക്കുവേണ്ടി പണികഴിപ്പിച്ച പഴയ
രണ്ടു മുറികൾ ചേർന്ന ഓടിട്ട കെട്ടിടങ്ങളിലൊന്നിലാണ് ഞാൻ താല്ക്കാലിക താമസം തുടങ്ങിയത്. രാത്രികാലങ്ങളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്നു. എപ്പോഴും അരണ്ട വെളിച്ചം മാത്രം. സമീപത്തു താമസിക്കുന്നവർ സ്റ്റെപ്പപ്പ് ഉപയോഗിച്ച് വോൾട്ടേജ് വലിക്കും തോറും വീണ്ടും വെളിച്ചം കുറഞ്ഞ് കുറഞ്ഞ് ബൾബിെൻറ ഫിലമെൻറ് കാണുന്ന രീതിയിലാകും. രാത്രി പന്ത്രണ്ടു മണിയോടെ സമീപവാസികൾ ഉറങ്ങാൻ ലൈറ്റുകൾ അണക്കാൻ തുടങ്ങുമ്പോൾ എനിക്ക് കഷ്ടിച്ച് വായിക്കാൻ കഴിയുന്ന വെളിച്ചം കിട്ടിതുടങ്ങും. അതു കൊണ്ടുതന്നെ പന്ത്രണ്ട് മുതൽ മൂന്ന് മണിവരെയാണ് വായന.
തട്ടില്ലാത്ത ചുമരുകൾക്കു മുകളിലൂടെ പാട്ടുകൾ പാടിക്കൊണ്ട് എലികൾ ഓടി നടക്കുന്നുണ്ടാവും. ചിലപ്പോൾ അവയെ പിടികൂടാൻ പാമ്പുകളുമുണ്ടാകും. എലിയെപിടിച്ച് ബാലൻസ് തെറ്റിയ പാമ്പുകൾ താഴോട്ട് വീഴും. തുറന്നിട്ട ജാലകപ്പഴുതിലൂടെ ഇരയേയുംകൊണ്ട് അവ വേഗത്തിൽ പുറത്തേക്കിഴഞ്ഞ്പോകും. നിലാവുള്ള രാത്രികളിൽ ആകാശത്തിലെ നക്ഷത്രത്തിളവും, തണുത്ത കാറ്റും ആസ്വദിച്ച് പുറത്തു നിൽക്കുമ്പോൾ അറിയാത്ത രാക്കിളിയൊച്ചകൾ എന്നേ തേടി വരും.
ഒഴിവു സമയങ്ങളിലെ സ്റ്റാഫ് മുറി സൂര്യനു കീഴിലുള്ള സകല കാര്യ ങ്ങളെക്കുറിച്ചുമുള്ള ചർച്ചകളാൽ സജീവമായിരുന്നു. മൃഗസംരക്ഷണം, കൃഷി, ഗ്രാമിണ വ്യവസായം, കോർപ്പറേഷൻ, എഞ്ചീനീയറിങ്ങ്
ഹോംസയൻസ്, ന്യൂട്രീഷ്യൻ, എക്കണോമിക്സ്, എക്സ്റ്റെൻഷൻ എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ അദ്ധ്യാപകരുണ്ടായിരുന്നു. വിവിധ വിഷയങ്ങളാൽ സമ്പന്നമായ അന്തരീക്ഷം. ക്ലാസ് മുറികളിലും ഗഹനമായ ചർച്ചകളുണ്ടാവും. പരിശീലനാർത്ഥികൾ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവരാണ് അധികവും. തൊഴിലില്ലായ്മയുടെ നിരാശയിലായിരുന്നു അവരിൽ പലരും.
വൈകുന്നേരം പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാൽ ഞാൻ വെറുതെ നടക്കാനിറങ്ങും. മൂന്നു കിലോമീറ്റർ അകലെയുള്ള തളിപ്പറമ്പാണ് ലക്ഷ്യം. മനോഹരമായ കണ്ണൂർ ഭാഷ സംസാരിക്കുന്ന, നിഷ്കളങ്കരും നേർവഴി നടക്കുന്നവരുമായ ജനങ്ങളുമായിരുന്നു അധികവും. തളിപ്പറമ്പിലെ ഇടുങ്ങിയ വഴികളിലൂടെ ഇല്ലാത്ത എന്തോ തേടിക്കൊണ്ട് വെറുതെ ഞാൻ അലഞ്ഞു നടക്കും.പുതിയതായി ഇറങ്ങിയ മാഗസിനുകളും, പുസ്തകങ്ങളും തേടിപ്പിടിക്കും. ജൂസോ, ചായയോ കുടിച്ച് രാത്രി കഴിക്കാനെന്തങ്കിലും വാങ്ങി തിരിച്ചു നടക്കും. തിരിച്ചു പോകുവാൻ പല വഴികളുണ്ടായിരുന്നു. ഏറ്റവും തിരക്കുകുറഞ്ഞ വഴിയാണ് തിരിച്ചുപോകുവാൻ തിരഞ്ഞെടുക്കുക. അത്തരം ഒരു തിരിച്ചുപോക്കിലാണ് ഞാനവരെ ശ്രദ്ധിച്ചത്. ഒരു ചെറിയ വീടിെൻറ വാതിൽപ്പടിയിൽ വഴിക്കണ്ണുമായി ഇരിക്കുന്ന ഒരു വൃദ്ധമാതാവു്. ഒരു ശില്പം പോലെ അനക്കമേതുമില്ലാതെ ഇരിക്കാറുണ്ടായിരുന്നു. തുടർച്ചയായി കറേ ദിവസം ഞാനവരെ ശ്രദ്ധിച്ചു.വസ്ത്രങ്ങളിലുള്ള മാറ്റമൊഴികെ ഇരിപ്പിലോ ഭാവത്തിലോ ഒരു മാറ്റവുമില്ല. ഒരു ദിവസം ഞാനവരെ നോക്കി ചെറുതായൊന്നു ചിരിച്ചു. അവരും ചിരിച്ചെന്നു തോന്നി. പിന്നെയും ആ ദൃശ്യസൌഹൃദം തുടർന്നു. അവരെ കാണുമ്പോഴെല്ലാം ഞാനമ്മയെക്കുറിച്ച് ഓർക്കുമായിരുന്നു. അമ്മ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എല്ലാവരോടും സ്നേഹമായിരുന്നു അമ്മക്ക്. അത് ആരോടും പ്രകടിപ്പിക്കുന്നതും കണ്ടിട്ടില്ല. അനന്ത നീലിമയിൽ എല്ലാം ഒളിച്ചുവെക്കുന്ന ശാന്തമായ കടൽപോലെ .
എന്നും പഴയ വസ്ത്രം ധരിക്കാനിഷ്ടപ്പെടുന്ന, പുതുവസ്ത്രങ്ങൾ വലിയ മരപ്പെട്ടിയിൽ സൂക്ഷിച്ചുവെച്ച് പലർക്കും ദാനം ചെയ്യുന്ന അമ്മ എനിക്കെന്നും മനസ്സിലാക്കാനാകാത്ത അത്ഭുതമായിരുന്നു.
ഭൂമിയോളം ക്ഷമ, ആകാശത്തോളം സ്നേഹം അതായിരുന്നു അമ്മയുടെ ആദർശം.
ജീവിതത്തിൽ ഒരിക്കലും പൊരുത്തപ്പെടാനാകാത്ത ആളുകളുമായി ഇടപഴകേണ്ടിവരുമ്പോൾ അമ്മയുടെ പാതകൾ ഇന്നും എനിക്കു സഹായകമാകാറുണ്ട്. അടുക്കള വാതിലിനരികിലെ ഇരുണ്ട സന്ധ്യകളിലെ അരണ്ട വെളിച്ചത്തിൽ അമ്മയെ കാത്തുനില്കാറുള്ള അയൽപ്പക്കത്തെ ദീന മുഖമുള്ള സ്ത്രീകളെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ആരും കാണാതെ അവർക്കായി അരിപ്പൊതികൾ നൽകുന്നതിനും കുട്ടിയായിരുന്ന ഞാൻ സാക്ഷിയായിട്ടുണ്ട്. ജോലി കിട്ടിയ ശേഷം ആദ്യവേതനം ഞാനമ്മക്ക് നൽകിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പത്തു രൂപ കൂടുതൽ വെച്ച് അമ്മ അത് തിരിച്ചു തന്നു. പിന്നെയും പത്തും ഇരുപതും രൂപ അമ്മ എനിക്ക് പലപ്പോഴും തരാറുണ്ടായിരുന്നു. സ്വന്തമായി ഉണ്ടായിരുന്ന ഭൂമി മുഴുവൻ അമ്മ എല്ലാവർക്കുമായി പകുത്തു നൽകി. ഒന്നും സ്വന്തമാക്കാനാഗ്രഹിക്കാത്ത ആകാശം പോലെ.
മുളംകുന്നത്തുകാവിലുള്ള തൃശ്ശൂർ മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിൽ ഞാൻ താമസിക്കുമ്പോഴാണ് ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയെ പേരാമംഗലത്തുള്ള വീട്ടിൽ നിന്നും ഞാൻ ക്വാർട്ടേഴ്സിലേക്ക് കൂട്ടികൊണ്ടു പോയത്.
വീട്ടിൽ നിന്നും അധികമൊന്നും പുറത്തിറങ്ങാത്ത, വടുക്കിണിയിലെ തേവാര മൂർത്തികൾക്കും, സാളഗ്രാമങ്ങൾക്കും നിത്യനിവേദ്യവും നിശ്ശബ്ദ പ്രാർത്ഥനകളുമായി കഴിഞ്ഞിരുന്ന അമ്മ ആ പുതിയ സാഹചര്യവുമായി പോരുത്തപ്പെടുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. മെഡിക്കൽ കോളേജിലെ വിശാലമായ മൈതാനത്തിനും പറങ്കിമാവിൻ തോപ്പുകൾക്കും പുറകിൽ വളരെക്കുറച്ച് ആളുകൾ താമസിക്കുന്ന അഞ്ചോളം ഫാളാറ്റുകളായിരുന്നു പ്രൊഫസർമാർക്കുള്ള ക്വാർട്ടേഴ്സ്. ഫോറൻസിക്ക് മെഡിസിലിനെ പ്രൊഫസറും കുടുംബവുമായിരുന്നു ഞങ്ങളുടെ അയൽക്കാർ. അനാട്ടമീയിലേയും അനസ്തീഷ്യയിലെയും പ്രൊഫസർമാരും മുകളിലും താഴേയും നിലകളിൽ താമസിച്ചിരുന്നു. എല്ലാവരുമായും എല്ലാ സാഹചര്യങ്ങളുമായും വളരെ പെട്ടെന്ന് അമ്മ പൊരുത്തപ്പെട്ടത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. മകളുമായി കഥകൾ പങ്കുവെച്ചും, സീരിയലുകൾ കണ്ടും, പകലും രാത്രിയും നോക്കാനായി വരുന്ന രണ്ടു പണിക്കാരുമായി സൌഹൃദം പങ്കിട്ടും അമ്മ പെട്ടെന്ന് സജീവമായി.
പക്ഷേ നാട്ടിലേയും വീട്ടിലേയും ആരേയും കാണാൻ കഴിയാത്തതിൽ അമ്മക്കു വല്ലാത്ത വിഷമമുണ്ടായിരുന്നു. ഞാൻ പലരേയും ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവരെല്ലാം വലിയ തിരക്കുള്ളവരായിരുന്നതിനാൽ അന്നവർക്കു വരാൻ കഴിഞ്ഞില്ല. അമ്മയെ മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കിപ്പോഴും സംശയമുണ്ട്. ഒരമ്മയും പൂർണ്ണമായും മനസ്സിലാക്കപ്പെടുന്നില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
തളിപ്പറമ്പിൽ കണ്ട ആ അമ്മയും ആരേയോ കാത്തിരിക്കയാണെന്ന് എനിക്ക് തോന്നിയിരുന്നു. ഒരു ദിവസം അവർ ചോദിച്ചു മോൻ ഏട്ന്നാ? ഞാൻ തൃശ്ശൂര്ന്നാ. ഇവടെ കരിമ്പത്തെ ഇടീസീലാ ജോലി. അമ്മ ആരേയാണ് കാത്തിരിക്കണത്?
െൻറ മോനെ.....ഓനെ അറിയൂലാ....പവിത്രൻന്നാ പേര്. നല്ല മെന്തിയ ടൈലറാ....ഓൻ വരും വരാണ്ടിരിക്കൂല...
എത്രീസായി മോൻ പോയിട്ട്?
ഒരു അഞ്ചാറ് കൊല്ലെ ആയിട്ട്ള്ള്..
ആറ് കൊല്ലോ....ഇതെന്തൂട്ടായീ കേക്കണേ....
ഓൻ വരും.... അല്ലാണ്ടെങ്ങട് പോഗ്ഗാനാ..
വരും.
പവിത്രൻ, ടൈലർ, തളിപ്പറമ്പിൽ വീട്.. അത്രയുമാണ് വിവരങ്ങൾ ....
കണ്ടുപിടിക്കാനാവുമോ.. ഞാൻ ചിന്താകുഴപ്പത്തിലായി. അടുത്ത ദിവസം മുതൽ ഞാൻ പവിത്രനു വേണ്ടിയുള്ള അന്വേഷണമാരംഭിച്ചു. തളിപ്പറമ്പിലുള്ള തയ്യൽകടകൾ തേടിയായിരുന്നു ആദ്യയാത്രകൾ. അധികമാരും പവിത്രനെക്കുറിച്ച് കേട്ടിരുന്നില്ല. അയാൾ പലരിൽനിന്നും പണം കടം വാങ്ങി മുങ്ങി നടക്കുന്ന ഒരാളാണെന്ന പ്രാഥമിക വിവരം മാത്രമാണ് എനിക്കു കിട്ടിയത്. ഒരു ദിവസം ഒരു പഴയ തയ്യൽമെഷീനുമായി അനന്തതയിലേക്കു നോക്കിയിരിക്കുന്ന പ്രായമായ ഒരാളെ ഞാൻ കണ്ടുമുട്ടി. അയാളുടെ കടയിൽ തുണികളൊന്നുമുണ്ടായിരുന്നില്ല. അയാളുടെ കണ്ണുകൾ ചുവന്നതും പീളകെട്ടിയതുമായിരുന്നു. നരച്ച താടിരോമങ്ങൾ വരണ്ട അന്തിക്കാറ്റിൽ പാറിപ്പറന്നു. മുഖത്ത് അനുഭവങ്ങളുടെ ചുളിവുകളും കറുത്ത പാടുകളും കാണാമായിരുന്നു. അയാൾ ധരിച്ചിരുന്ന പഴകിയ പരുത്തി വസ്ത്രം പലയിടത്തും കീറിയ തുന്നലുകൾകൊണ്ട് വികൃതമാക്കപ്പെട്ടിരുന്നു. പാതിനഷ്ടപ്പെട്ടതും പുകയിലക്കറ പുരണ്ടതുമായ പല്ലുകൾകാട്ടിയുള്ള ചിരിയിൽ സൌഹൃദത്തിെൻറ പുതു നാമ്പുകൾ ഞാൻ കണ്ടു.
പവിത്രനോ.....ഓനെ അറിയാം. കടം കയറി നാടുവിട്ടിണി. പുതിയതെരൂല്ണ്ട്ന്ന് ആരോ പറഞ്ഞറിഞ്ഞ്. ഇങ്ങള് ഓന്റെ ആരാ......ചങ്ങാത്യാ....സൂക്ഷിക്കണം.
ഇവിടെ തുണികളൊന്നുമില്ലല്ലോ?, തയ്യൽകടയിൽ തുണികളോന്നും കാണാത്തതുകൊണ്ട് ഞാൻ ചോദിച്ചു.
ഉണ്ടായിര്ന്ന്....പണ്ട്...എത്ര കുപ്പായോം കൊടികളും തയ്ച്ച കൈയ്യായിത്.....അറിഞ്ഞിന....
അയാൾ കൈകൾ എനിക്കു മുന്നിൽ നിവർത്തി.
അയാളുടെ വിളറിയ കൈവെള്ളയിൽ ഒന്നിച്ചു പുറപ്പെടുന്ന ആയുർരേഖയും ഹൃദയരേഖയും. ഹൃദയരേഖ ചങ്ങലപോലെ പിണഞ്ഞു കിടന്നിരുന്നു. ചന്ദ്രമണ്ഡലത്തിൽ നിന്ന് ആരംഭിച്ച് അവ്യക്തമാകുന്ന ആയുർരേഖ. സൂര്യരേഖയുടെ നെടുകെ വെട്ടുകളും ദ്വീപുചിഹ്നവും. വിവാഹകരേഖയിൽ കറുത്തപുള്ളി. കാണാൻ കഴിയാത്ത സന്താനരേഖ. കുഴിഞ്ഞ കേതു മണ്ഡലവും സൂര്യമണ്ഡലവും. ശുക്രമണ്ഡലത്തിനു നടുവിൽ നക്ഷത്ര ചിഹ്നം. കൂടുതലായൊന്നും ഇപ്പോൾ ഓർമ്മ വരുന്നില്ല.
കൈ രേഖകൾ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടാവണം കൈ പൊള്ളിയപോലെ പെട്ടെന്ന് കൈ പിൻവലിച്ച് അയാൾ ചുരുട്ടി പിടിച്ചതായോതോർക്കുന്നു. പാർട്ടിക്കു വേണ്ടി എല്ലാം ഉപേക്ഷിച്ച ഒരു മനുഷ്യൻ. നഷ്ടപ്പെട്ട
പ്രണയവും കഴിഞ്ഞകാല ജീവിതവും നഷ്ടബോധമില്ലാതെ സ്മരണയാക്കുന്നവൻ. കൊടിയ ദാരിദ്ര്യത്തിെൻറ വറുതിയിലും ആരോടും പരിഭവമില്ലാതെ ജീവിക്കുന്നവൻ. കരൾ രോഗത്തോട് മല്ലടിക്കുന്നവൻ. മനസ്സിൽ ഇപ്പോഴും വിപ്ളവം സ്വപ്നം കാണുന്നവൻ. വിശ്വസമില്ലാതിരുന്നിട്ടും ഹസ്തരേഖയുടെ പരിമിതമായ അറിവുകൾ നിശ്ശബ്ദമായി എന്നോട് എന്തോക്കയോ സംസാരിച്ചുകൊണ്ടിരുന്നു.....
ആദരവോടെ തലകുനിച്ച് വിടപറയുമ്പോൾ വിപ്ളവ സ്മരണകളും, വാകപ്പൂക്കളും പോക്കുവെയിൽ നാളവും വീണു ചുവന്നുപോയ നാട്ടുവഴി എനിക്കു മുൻപിൽ നീണ്ടു കിടന്നു.
പുതിയതെരു തിരക്കുപിടിച്ച ഒരു നാടൻ കച്ചവടകേന്ദ്രമായിരുന്നു. ഇടുങ്ങിയ പാതയ്ക്കിരുവശവും തിങ്ങിനിറഞ്ഞ കടകൾ. തയ്യൽക്കാരെ തേടിക്കൊണ്ട് തിരക്കിനിടയിലൂടെ ഞാൻ അലഞ്ഞു നടന്നു.
പവിത്രനെ അവിടെ ആർക്കും അറിയാത്തപോലെ തോന്നി. സന്ധ്യ ഇരുളാൻ തുടങ്ങിയിരുന്നു. നല്ല വിശപ്പുള്ളതുകൊണ്ട് ഞാൻ ഒരു ചായക്കടയിൽ കയറി. പൊറോട്ടയും ഇറച്ചിയും മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. നിരാശനായി നല്ല കടുപ്പത്തിലുള്ള ഒരു ചുടുചായ ഊതി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഏട്ന്ന് വന്നിനീ. എന്ന ചോദ്യം എന്നെ ഉണർത്തിയത്. ഞാൻ കാര്യം പറഞ്ഞു തീരും മുൻപേ ഒരു പൊട്ടിച്ചിരിയുമായി അയാൾ അടുത്തെത്തി. ആജാനബാഹുവായ ഒരു മനുഷ്യൻ. ആറ് ആറരയടി ഉയരം. കുഴിയിലാണ്ടു പോയ തിളങ്ങുന്ന കണ്ണുകൾ, കുറ്റിത്തലമുടിയും കൊമ്പൻ മീശയും.
"ഇങ്ങള് ഓനെ തെരയണ്ട. ഓൻ മംഗലം ചെയ്ത പയ്യന്നൂര് നോക്കപ്പാ. ഈട ഓൻ കലമ്പണ്ടാക്കി പഞ്ഞപ്പാ.."
എല്ലാ തവണയും ഞാൻ പവിത്രനെക്കുറിച്ചുള്ള അന്വഷണ വിവരങ്ങൾ അറിയിക്കുമ്പോഴെല്ലാം ആ വൃദ്ധമാതാവ് പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുമായിരുന്നു.
പയ്യന്നൂരിളൽ ബസ്സിറങ്ങുമ്പോൾ ആകാശത്ത് കറുത്ത മേഘപാളികളുണ്ടായിരുന്നു. വീശിയടിച്ച തണുത്ത കാറ്റിൽ കരിയിലകൾ പാറി നടന്നു. പാർട്ടിയുടെ കൊടിതോരണങ്ങളും ബോർഡുകളും അതിരുതീർത്ത ഇടുങ്ങിയ വഴികളിലൂടെ പവിത്രനെതേടി ഞാനലഞ്ഞു. ലോട്ടറി വില്പനക്കാരൻ സെയ്തുട്ടി എനിക്ക് സഹായമായി എത്തിയത് അപ്രതീക്ഷിതമായാണ്.
"എന്തേയിനീ......." സേയ്തൂട്ടി ചോദിച്ചു.
പവിത്രൻ.......തയ്യൽക്കാരൻ പവിത്രൻ .....ഞാൻ തിരക്കി
"വാറാ..." സെയ്തുട്ടി വിളിച്ചു
"ഓൻ ഷാപ്പിലുണ്ടാവപ്പാ, അയിലെക്കൂടെ ബെരുത്തം പോയാ ഓനെ കാണാ".
ഞാൻ സെയ്തുട്ടി കാണിച്ചുതന്ന വഴിയിലൂടെ പതുക്കെ നടന്നു. ആകാശത്ത് മഴക്കാറുമൂടി ഇരുളാൻ തുടങ്ങിയിരുന്നു. എന്റെ കയ്യിൽ കുടയുണ്ടായിരുന്നില്ല. ചാരായഷാപ്പിൽ കയറിയതും മഴപൊട്ടിയടർന്നതും ഒപ്പമായിരുന്നു. സീറോ വാട്ട് ബൾബിെൻറ അരണ്ട വെളിച്ചത്തിൽ ബീഡിപ്പുകയുടെ ചുരുളുകൾക്കിടയിൽ അവ്യക്തമായ രൂപങ്ങൾ ഇളകിയാടി. പട്ടച്ചാരായത്തിെൻറയും പുകയുടെയും രൂക്ഷഗന്ധം മൂക്കിലേക്കിരച്ചു കയറി. പാട്ടുപാടുകയും, തെറിവിളിക്കുകയും, പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മനുഷ്യർ. കുപ്പികളും ചില്ലുഗ്ളാസുകളും കൂട്ടിമുട്ടുന്ന ശബ്ദം. പുറത്ത് ശക്തമായി കോരിച്ചൊരിയുന്ന മഴ.
അതൊരു വിചിത്ര ലോകമാണെന്ന് എനിക്കു തോന്നി. ഇതിനിടയിൽ തികച്ചും അപരിചിതനായ പവിത്രൻ എന്ന മനുഷ്യനെ തിരയുന്ന ഞാൻ.
അവിടെ പവിത്രനെക്കുറിച്ചുള്ള എന്റെ അന്വേഷണങ്ങൾ ബധിരകർണ്ണങ്ങളിൽ വീണ പാഴ്വാക്കുകളായി മാറുമ്പോൾ ഒരു പരുക്കൻ ശബ്ദം എന്നെ ഉണർത്തി
"ഓൻ ഇങ്ങടെ ചങ്ങാത്യ....ഓനെ അടെം ഇടെം തിരയണ്ട റേഷൻ കടെടെ അട്ത്തൂടെ പോയാ ഓന്റെ കെട്ട്യേൾടെ പൊര കാണാം. ആട ഒണ്ടാവും ആ ഉപ്പിച്ചി....."
ഞാൻ അതിവേഗം പുറത്തു കടന്നു. മഴ തോർന്നു കഴിഞ്ഞിരുന്നു. ആകാശം തെളിഞ്ഞു കിടന്നു.
"ഇങ്ങള് ഓന്റെ ചങ്ങാത്യാ......ഓൻ അനക്ക് നൂറ് ഉറുപ്പ്യ തരാണ്ട് അത് അനക്ക് തന്നോളീ....." ചാരയഷാപ്പിൽ നിന്ന് ഇറങ്ങി വന്ന ഒരാൾ എന്റെ പിറകെകൂടി.
"ഞാൻ ചങ്ങാത്യല്ല, ഓൻ എനിക്കും കടം തരാന്ണ്ട് അത് വാങ്ങാൻ വന്നതാ...."ഞാൻ വേഗത്തിൽ നടന്നു നീങ്ങി. അവിടെ എത്തപ്പെട്ടത് അപകടമായെന്ന് എനിക്ക് തോന്നി. ഇനിയും പവിത്രൻ കടം വാങ്ങിയവർ അന്വേഷിച്ചു വരാനുള്ളതിെൻറ സാദ്ധ്യത എന്റെ നടത്തത്തിെൻറ വേഗത കൂട്ടി. പവിത്രനെക്കുറിച്ചുള്ള അന്വേഷണം അവിടെവെച്ച് അവസാനിപ്പിച്ചാലോ എന്നുപോലും ഞാൻ ചിന്തിച്ചു. അവസാനമായി അയാളുടെ ഭാര്യയോടുകൂടി ചോദിച്ചു കളയാമെന്ന് ഞാൻ തീരുമാനിച്ചു.
സന്ധ്യ മയങ്ങാൻ തുടങ്ങിയിരുന്നു. മഴയുടെ മണ്മണം പരക്കുന്ന തണുത്ത സന്ധ്യയിലൂടെ ഞാൻ നടന്നു. പവിത്രന്റെ ഭാര്യവീടു കണ്ടുപിടിക്കാൻ വലിയ പ്രയാസമുണ്ടായില്ല. വിജനമായ കുന്നിൻചെരുവിലെ ഒരു ഒറ്റപ്പെട്ട പ്രദേശമായിരുന്നു അത്. പടർന്നു പന്തലിച്ച പ്ലാവിൻ ചുവട്ടിലെ ഓല മേഞ്ഞ ചെറിയ ഒരു മൺകുടിൽ. മൂന്നു ചെറിയ കുട്ടികൾ വീടിനു മുന്നിൽ ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഇല്ലിവേലിക്ക് പുറത്ത് നിന്നു കൊണ്ട് ഞാൻ പവിത്രനുണ്ടോ എന്നു വിളിച്ചു ചോദിച്ചു.
എന്തേയിനീ.... എന്നു ചോദിച്ചുകൊണ്ട് പവിത്രന്റെ ഭാര്യ പുറത്തുവന്നു. ഞാൻ പവിത്രനെക്കുറിച്ച് ചോദിച്ചു. അയാളെ കാത്തിരിക്കുന്ന അയാളുടെ അമ്മയെക്കുറിച്ച് പറഞ്ഞു. അവർക്ക് അതിലൊന്നും ഒരു താല്പര്യവുമില്ലെന്നു തോന്നി.
"ഓര് ഏട്യാ പോയ്ന്ന് അറിയൂലാനക്ക്. ഒരൂസം വന്നിനി. പിന്നെ കീഞ്ഞ് പാഞ്ഞ് പോയീ..തലശ്ശേരി പാഷൻ ടൈലേസില്ണ്ടാവും. ഓടുത്തൂന്ന് ആർക്കറിഞ്ഞിനി
അന്നെപോലെ ഇള്ള ചങ്ങാതീമാരാ ഓനെ ഇങ്ങനെ മക്കാറാക്കണ്..."
യാത്ര പോലും പറയാതെ ഞാൻ തൃശ്ശൂർ ഭാഷയിൽ സ്ക്കൂട്ടായി.
സന്ധ്യ ഇരുണ്ടു കഴിഞ്ഞിരുന്നു.
മഴവെള്ളം കെട്ടിക്കിടന്ന ഇടവഴികൾ നാട്ടുവെളിച്ചത്തിൽ മയങ്ങാൻ തുടങ്ങിയിരുന്നു. ബസ്റ്റോപ്പിലെത്തിയപ്പോഴക്കും ഇരുട്ടിയിരുന്നു. പാത വിളക്കുകൾക്കു ചുറ്റും ഈയാംപാറ്റകൾ വട്ടമിട്ടുപറന്നു. നനഞ്ഞ ആകാശത്തിൽ കുളിച്ചീറനുടുത്ത ചന്രക്കല കണ്ടു.
തളിപ്പറമ്പിലേക്കുള്ള അവസാനബസ്സും പോയ്ക്കഴിഞ്ഞിരിക്കുന്നു. നീണ്ട കാത്തുനിൽപ്പിനൊടുവിൽ ഒരു ലോറികിട്ടി. ലോറി ഡ്രൈവർ നല്ല ഫോമിലായിരുന്നു. ശരവേഗത്തിൽ ലോറി ചീറിപാഞ്ഞു.
യാത്രക്കിടയിൽ പവിത്രനെക്കുറിച്ചുള്ള അന്വേഷണത്തേക്കുറിച്ച് ഞാൻ പറഞ്ഞതും അയാൾ ചിരിക്കാൻ തുടങ്ങി. ചിരിച്ച് ചിരച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുമോ എന്നുപോലും എനിക്കുതോന്നി.
ഇത്രമാത്രം എന്തു തമാശയാണ് ഞാൻ പറഞ്ഞതെന്ന് എനിക്കു പിടി കിട്ടിയില്ല. തളിപ്പമ്പിലെത്തിയപ്പോഴക്കും രാത്രി ഒമ്പതു കഴിഞ്ഞിരുന്നു. മഴ നനഞ്ഞു തണുത്ത മണ്ണിലൂടെ നിലാവൊഴുകുന്നുണ്ടായിരുന്നു.
ഹോട്ടലുകളടച്ചിരുന്നതിനാൽ രാത്രിഭക്ഷണം വാങ്ങാൻ കഴിഞ്ഞില്ല. നിലാവിലൂടെ നിഴലുമായി നീങ്ങുന്ന എന്നെ നോക്കി റോഡിനിരുവശവുമുള്ള വീടുകളിൽ വളർത്തുന്ന പട്ടികൾ നിർത്താതെ കുരച്ചുകൊണ്ടിരുന്നു. താമസസ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ടു നേന്ത്രപ്പഴവും വെള്ളവും കുടിച്ച് ഞാൻ കിടന്നുറങ്ങി.
തലശ്ശേരിയിലേക്കു പോകുന്നതിനു തലേ ദിവസം തളിപ്പറമ്പിൽ നിന്നും മടങ്ങുന്ന വഴിക്കു വെച്ച് കാണുമ്പോൾ വൃദ്ധമാതാവ് വല്ലാതെ ക്ഷീണിതയായിരുന്നു. ചെറുതായി പനിക്കുണ്ടന്ന് അവർ പറഞ്ഞു. അപ്പോഴാണ് അവർക്ക് ഭക്ഷണം നൽകുന്ന ഒരു അയൽക്കാരൻ അതുവഴി വന്നത്. ചുമട്ടു തൊഴിലാളിയായിരുന്ന അയാൾ. കുറഞ്ഞ വരുമാനത്തിനിടയിലും അവരെ പരിപാലിക്കുന്ന നന്മയുള്ള മനുഷ്യൻ. ആശുപത്രിയിൽ കൊണ്ടുപോകാനുള്ള കാശുണ്ടാക്കാനുള്ള ശ്രമത്തിലാണ് അയാളെന്നറിഞ്ഞപ്പോൾ ഞാൻ കയ്യിലുണ്ടായിരുന്ന തുക അയാൾക്കു കൊടുത്തു.
തിരക്കുള്ള ഒരു വൈകുന്നേരമാണ് ഞാൻ തലശ്ശേരിയിലെത്തിയത്. വളരെ വീതികുറഞ്ഞ റോഡിലൂടെ വാഹനങ്ങളും മനുഷ്യരും തിങ്ങി നിറഞ്ഞ് നീങ്ങികൊണ്ടിരുന്നു. റോഡിനിരുപുറവും പഴയ കച്ചവടസ്ഥാപനങ്ങളുടെ നീണ്ട നിര. ഫാഷൻ എന്നു പേരുള്ള തയ്യൽക്കട അന്വേഷിച്ചുള്ള എന്റെ നീണ്ട അലച്ചിൽ അവസാനിച്ചത് മരപ്പലകകൾകൊണ്ട് ചുമരുതീർത്ത, തകരഷീറ്റ് മേഞ്ഞ ഒരു ചെറിയ തയ്യൽ കടക്കു മുന്നിലാണ്. ആ ഇരുണ്ട മുറിയിൽ തയ്യൽ മെഷീനുമായി നാലുപേരുണ്ടായിരുന്നു.
തളിപ്പറമ്പിൽ വീടുള്ള പവിത്രൻ എന്നയാളുണ്ടോ എന്നു ഞാൻ ചോദിച്ചു
"എന്തേയിനി.... "എന്നു ചോദിച്ച് ഒരാൾ പുറത്തു വന്നു. കള്ളി ഷർട്ടും കറുത്ത പാൻ്റും ധരിച്ച നല്ല ഉയരമുള്ള ഒരു മനുഷ്യൻ. ചുവന്ന കണ്ണുകൾ,കറുത്ത ചുണ്ടുകളിൽ എരിയുന്ന ബീഡി. മദ്യത്തിെൻറ
ഗന്ധം. ഞാൻ തളിപ്പറമ്പിൽ അയാളെ കാത്തിരിക്കുന്ന വൃദ്ധമാതാവിനെക്കുറിച്ചും അവരെ ബാധിച്ച പനിയെക്കുറിച്ചുമെല്ലാം പറഞ്ഞു. കുറച്ചു നേരം അയാൾ ഒന്നും മിണ്ടാതെ താടിക്കു കൈകൊടുത്തു നിന്നു.
പിന്നെ ഇഴയുന്ന ശബ്ദത്തിൽ പറയാൻ തുടങ്ങി.
"ആ തള്ള ചത്തില്യാ.....ആർക്ക് വേണം ഓരെ ......യ്യ് വേണങ്കി എടുത്തോളീ...
ഫ്രീ ആയിട്ട് തരാ.....പറമ്പും പൊരെം ഓര് അനക്ക് എഴുതി തന്നപ്പാ....ഓര്
ചത്ത്ട്ട് മേണം അതൊക്കെ ഒന്ന് വിറ്റ് കഴിച്ചിലാക്കനായിട്ട്......."
പിന്നെയും അയാളെന്തോക്കയോ പറഞ്ഞു. അയാളുടെ വാക്കുകളും വല്ലാതെ
നാറുന്നുണ്ടായിരുന്നു. എനിക്ക് അത് വല്ലാതെ അസഹ്യമായി തോന്നി.
തിരിച്ച് ബസ്സിൽ യാത്രചെയ്യുമ്പോൾ മനസ്സ് കടൽപോലെ അശാന്തമായിരുന്നു. അന്ന് ഒരു രണ്ടാം ശനിക്കു മുൻപുള്ള വ്യാഴാഴ്‌ചയായിരുന്നു. വെള്ളിയും തിങ്കളും ലീവെഴുതിവെച്ച് ഞാൻ നാട്ടിലേക്കുള്ള ബസ്സു കയറി. കോക്കർണിയിലെ തണുത്ത വെള്ളത്തിലെ കുളിയും പുളിങ്കറിയും മെഴുക്കുപുരട്ടിയും, കടുമാങ്ങയും, തൈരും, ഉപ്പുമാങ്ങയും, ചുട്ടപപ്പടവും ചേർന്ന അത്താഴവും; കെട്ടിൻഅറക്കു മുകളിലെ മുറിയിലെ വാകപ്പൂമണമുള്ള രാത്രിയിലെ ഗാഢനിദ്രയും നാലുകെട്ടിെൻറ ഊഷ്മളതയിലേക്ക് എന്നെ കൂട്ടികൊണ്ടുപോയി.
അടുത്ത ദിവസം ഞാൻ എെൻറ ഗ്രാമമായ പേരാമംഗലത്തിലെ വീഥികളിലൂടെ, കണ്ണമ്പ്ര പാടവരമ്പലൂടെ, കൈതപൂത്ത തോട്ടുവക്കിലൂടെ, വിലങ്ങൻ കുന്നിെൻറ ചരുവിലൂടെ ഗൃഹാതുരത്വം കലർന്ന ഓർമ്മകൾ അയവിറക്കിക്കൊണ്ട് അലഞ്ഞുനടന്നു. അതെനിക്ക് പുതിയ ഊർജ്ജം നൽകി.
അന്നു രാത്രി അത്താഴത്തിനു ശേഷം ഞാൻ തളിപ്പറമ്പിൽ കണ്ട വൃദ്ധമാതാവിനെക്കുറിച്ചും അവരുടെ മകനെക്കുറിച്ചും അമ്മയുമായി ചർച്ച ചെയ്തു.
എല്ലാം നിശബ്ദയായി കേട്ട ശേഷം "പാവം...." എന്നുമാത്രം അമ്മ പറഞ്ഞു.
വീട്ടിൽ എല്ലാം തുറന്ന് ചർച്ച ചെയ്യാൻ കഴിയുന്ന ഒരേ ഓരാൾ അമ്മമാത്രമായിരുന്നു. ഒരു നല്ല സുഹൃത്തിനെപ്പോലെ എന്നെ ഉൾക്കൊള്ളാൻ അമ്മക്കു കഴിയുമായിരുന്നു.
വെറ്റിറിനറി കോളേജിലെ പഠന രീതികളുമായി പൊരുത്തപ്പെടാനാകാത്ത ഒരു അശാന്തരാത്രിയിൽ, പഠനമുപേക്ഷിച്ച് മദ്രാസിലേക്ക് പോകാനുള്ള ആശയത്തെക്കുറിച്ചുപോലും ഞാൻ അമ്മയുമായി ചർച്ചചെയ്തിരുന്നു. സിനിമാരംഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ആർട്ട് ഡയറക്ടറുമായുള്ള വിദൂരസൌഹൃദമായിരുന്നു എന്റെ ലക്ഷ്യം.
ഒട്ടും നിരുത്സാഹപ്പെടുത്താതെ സൂക്ഷിച്ചുവെച്ചിരുന്ന കുറച്ചു പണവും ആഭരണങ്ങളും നൽകാൻ അമ്മ തയ്യാറായി. എന്നെ ഏറ്റവുമധികം മനസ്സിലാക്കാൻ അമ്മക്കു കഴിഞ്ഞിരുന്നു. എന്താണോ ചെയ്യാൻ ശ്രമിക്കുന്നത് അതിനു വിപരിതമായത് സംഭവിക്കുന്ന ഒരു ദുരന്തകാലമായിരുന്നതുകൊണ്ട് എെൻറ ആ ശ്രമം അന്ന് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. അതിനെക്കുറിച്ച് പിന്നീട് അമ്മ ഒന്നും ചോദിച്ചിട്ടില്ല. ഞാൻ പങ്കുവെക്കാറുള്ള കൌമാരത്തിലെ വിചിത്രവും അയഥാർത്ഥവുമായ സങ്കല്പമായി അമ്മ അതിനെ കണ്ടിട്ടുണ്ടാകും.
ലീവു കഴിഞ്ഞ് തൃശ്ശുരിൽനിന്നും കുറ്റിപ്പുറത്തേക്കും, കോഴിക്കോട്ടേക്കും, കണ്ണൂരിലേക്കും,തളിപ്പറമ്പിലേക്കുമുള്ള ഞാനിഷ്ടപ്പെടുന്ന ഇടമുറിഞ്ഞ യാത്രക്കൊടുവിൽ ബസ്സിറങ്ങുമ്പോൾ സന്ധ്യമയങ്ങിയിരുന്നു. വികസന പരിശീലന കേന്ദ്രത്തിലേക്ക് നടക്കുമ്പോൾ വൃദ്ധമാതാവിെൻറ വീടിനു മുൻപിൽ ഞാൻ നിന്നു. വീട് താഴിട്ട് പൂട്ടിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയൽക്കാരൻ അടുത്തു വന്നു.
"ഓര് പോയീ....."അയാളുടെ വാക്കുകളിൽ കലർന്ന വേദന ഞാൻ തിരിച്ചറിഞ്ഞു.
അയാൾ കൂടുതലൊന്നും പറഞ്ഞില്ല, ഞാൻ ചോദിച്ചതുമില്ല.
ഇരുളാൻ തുടങ്ങുന്ന സന്ധ്യയിലൂടെ നടക്കുമ്പോൾ അവരുടെ മകൻ പവിത്രൻ സ്നേഹപൂർവ്വം വന്ന് കൂട്ടികൊണ്ടുപോയതായാണ് ഞാൻ സങ്കല്പിച്ചത്.
പിന്നീട് തളിപ്പറമ്പിൽ നിന്ന് വികസന പരിശീലന കേന്ദ്രത്തിലേക്കുള്ള തിരിച്ചുള്ള യാത്രകളിൽ ഞാൻ മറ്റാരു വഴിയാണ് തിരഞ്ഞെടുത്തത്. ഉണങ്ങിയ കശുമാവിൻ തോപ്പിനരികിലൂടെ പോകുന്ന ഊഷരമായ ഒരു വഴി.