(Jojo Jose Thiruvizha)
ഈ പ്രാവശ്യം പോസ്റ്റുന്നത് എൻെറ പെങ്ങളുടെ അനുഭവമാണ്. ഈ സംഭവം നടക്കുന്നത് 18 വർഷങ്ങൾക്ക് മുൻപാണ്. എനിക്ക് അന്ന് 12 വയസ്സും അവൾക്ക് 6 വയസ്സും. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്നു അവൾ ഒന്നാം ക്ലാസിലും. എൻെറ
അപ്പൻ ഒരു മേസ്തരി പണിക്കാരനായിരുന്നു. അപ്പൻ എന്നും പണികഴിഞ്ഞ് വരു൩ോൾ കടിക്കാൻ കൊണ്ടുവരും. അത് അവളുടെ കൈയ്യിലാണ് കൊടുക്കുക. അതു കാരണം പുള്ളിക്കാരത്തിക്ക് അപ്പനെ കൂടുതൽ ഇഷ്ടമായിരുന്നു. എന്നെ അപ്പൻ നന്നായിട്ട് വീക്കുമായിരുന്നു. അത് കാരണം അമ്മയെ ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം. അപ്പൻ പ്രദേശത്തെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനും സാമൂഹ്യജീവിയും ആയിരുന്നു. ആയിടയ്ക്ക് ഞങ്ങളുടെ അയൽവാസിയായ തുണ്ടത്തിൽ കൈമൾ അ൩ലത്തിൽ പോകും വഴി കുഴഞ്ഞു വീണു മരിച്ചു. അങ്ങേരുടെ അടിയന്ത്രത്തിന് ചെ൩് കഴുകാൻ അപ്പൻ ചെന്നു സഹായിച്ചു. ചെ൩് പൊക്കിയപ്പോൾ നെഞ്ചിന് നീരുകെട്ടി. അത് നിമോണിയയായി. 2002 നവ൩ർ 29 ന് എൻെറ അപ്പൻ മരിച്ചു. മരണം കഴിഞ്ഞ് 3 ദിവസത്തോളം വീട്ടിൽ ബന്ധുക്കൾ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് വീട്ടിൽ ഞാനും അമ്മയും അനിയത്തിയും മാത്രമായി. അമ്മയും അനിയത്തിയും ഒരുമിച്ചാണ് കിടക്കുന്നത്. ഞാൻ വേറൊരു മുറിയിലും. അവർ കിടന്നിരുന്ന മുറി അന്ന് സ്റ്റോർ റൂമായും ഉപയോഗിച്ചിരുന്നു. അതിൽ ഒരു അലോമിനിയം കലത്തിലാണ് അരി സൂക്ഷിച്ചിരുന്നത്. ബന്ധുക്കൾ എല്ലാം പോയീ കഴിഞ്ഞപ്പോൾ വീട്ടിൽ വല്ലാതൊരു ഏകാന്തത ഞങ്ങൾക്ക് അനുഭവപ്പെട്ടു. അന്ന് രാത്രി അവളും അമ്മയും കൂടി ഉറങ്ങാൻ കിടന്നു. രാത്രി ഏകദേശം രണ്ടു മണിയോടടുത്ത് പാത്രം അനങ്ങുന്ന പോലെയുള്ള ഒരു ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നു നോക്കി. ശബ്ദം വരുന്നത് അരിക്കലത്തിന് അടുത്ത് നിന്നാണ്. വെൻെറിലേഷൻ വഴി വരുന്ന മങ്ങിയ ചന്ദ്ര പ്രകാശത്തിൽ അവൾ അപ്പനെ കണ്ടു. അരിക്കലത്തിൻെറ അടപ്പ് പൊക്കി നോക്കുകയായിരുന്നു. വീട്ടിൽ പുള്ളിക്കാരൻ ധരിക്കാറുള്ള കടുവാവരയ൯ ബനിയനും കൈയിലി മുണ്ടുമായിരുന്നു വേഷം. അപ്പൻ അവളെ ഒന്നു നോക്കി പുറത്തേക്ക് ഇറങ്ങിപ്പോയി. അവൾക്ക് അപ്പോൾ ഭയം ഒന്നും തോന്നിയില്ല. അവൾ ഇക്കാര്യം ആരോടും അപ്പോൾ പറഞ്ഞില്ല.
പിറ്റേന്നായപ്പോൾ അവൾക്ക് ചൂടുകൂടി പനിയായി. ഡോക്ടറെ കണ്ടു മരുന്നു വാങ്ങി. പകൽ പനി കുറയും രാത്രി ചൂടുകൂടി വല്ലാതെ പനിക്കും. ഇത് ഒരാഴ്ച കഴിഞ്ഞിട്ടും മാറാതെ വന്നപ്പോൾ. ഡോക്ടർ ചോദിച്ചു വീട്ടിൽ അസാധാരണ സംഭവം വല്ലതും ഉണ്ടായോ എന്ന്. അപ്പോളാണ് അവൾ ഇക്കാര്യം പറയുന്നത്. അമ്മയോട് ഡോക്ടർ പറഞ്ഞൂ അവൾക്ക് ഇഷ്ടമുള്ള ബന്ധുക്കൾ ആരെയെങ്കിലും വിളിച്ച് വീട്ടിൽ നിർത്താൻ. അങ്ങനെ അപ്പൻെറ പെങ്ങൾ വന്നു ഒരു മാസത്തോളം വീട്ടിൽ നിന്നു. അവർ വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവളുടെ പനിമാറി. ഡോക്ടർ പറഞ്ഞത് അപ്പനെ പെട്ടന്ന് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ മാനസീക ആഘാതം കൊണ്ടാണ് പനി ഉണ്ടായത് എന്നാണ്. എന്നാൽ അവൾ ഉറപ്പിച്ചു പറയുന്നു അവൾ അപ്പനെ നേരിട്ട് കണ്ടെന്ന്. എനിക്ക് ആത്മാക്കളിൽ വിശ്വാസം ഇല്ല. എങ്കിലു ഇതിൽ ഏതാണ് സത്യം?