കൊതിച്ചിരുന്നു സ്‌കൂളിൽ എത്തി. തോമസ് സാർ ആണ് സ്‌കൂളിൽ എന്നെ രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന്റെ മുഖം വാത്സല്യപൂർണ്ണമായിരുന്നു. അദ്ദേഹം ഇന്നുണ്ടാകില്ല. ഇവിടെ വിദൂരദേശത്തിരുന്നു
അദ്ദേഹത്തെ ഓർത്തുപോയ ഒരു മനുഷ്യനെ പറ്റി അദ്ദേഹം അറിയില്ല.
ഒന്നാം ക്ലാസ്സിലെ ടീച്ചർ മേരിടീച്ചർ ആണ് . മൊട്ടത്തലയനും മുഷിഞ്ഞ വേഷം ധരിച്ചവനുമായ ഒരു ഗ്രാമബാലനെ അവരെങ്ങനെ ഇഷ്ടപ്പെട്ടു എന്ന് അറിയില്ല. അവർ ആ കുട്ടിയെ ഇഷ്ടപ്പെട്ടു. അവന്റെ അറിവുനേടാനുള്ള ദാഹം അവന്റെ കണ്ണുകളിൽ കത്തുന്നതു അവർ കണ്ടുകാണും.
ബോർഡിൽ എഴുതിത്തരുന്നത് സ്ളേറ്റിൽ പകർത്തിയിട്ട് , ലൈബ്രറിയിൽ നിന്നും എടുക്കുന്ന പുസ്തകം വായിക്കും ക്ലാസ്സിൽ. അത് തെറ്റാണെന്നു അറിയില്ലായിരുന്നു അന്ന്. ഒരു ദിവസം മേരിടീച്ചർ അത് കണ്ട് എന്റെ അടുത്ത് വന്നു എന്താണ് വായിക്കന്നതെന്നു നോക്കി. ഒരു നോവൽ. അവർക്കു ദേഷ്യം വന്നില്ല. ആദ്യപേജ് എടുത്ത് അത് വായിക്കുക എന്ന് പറഞ്ഞു. ഞാൻ വായിച്ചു. അവർ എന്നെ നേരെ ഹെഡ്മിസ്ട്രസ് ആയിരുന്ന ഭാർഗവി അമ്മയുടെ അടുത്തു കൊണ്ടുപോയി. ഞാൻ ഓർത്തു . പഠിത്തം തീർന്നു. ടീച്ചർ ഇക്കയെ വിളിച്ചുകൊണ്ടുവരാൻ പറയും . ഇക്ക അതോടെ പഠിത്തം മതി എന്ന് പറയും. എന്റെ മനസ്സിൽ തീ ആളിക്കത്തി.
ഭാർഗവി അമ്മ ടീച്ചർ പറഞ്ഞു വായിക്കാൻ. ഞാൻ ഏതാനും വരികൾ വായിച്ചു.
ടീച്ചർ പറഞ്ഞു : " കുട്ടി ഓണപ്പരീക്ഷയുടെ അവധി കഴിഞ്ഞു വരുമ്പോൾ രണ്ടാമ ക്ലാസ്സിലെ പുസ്തകവുമായി വരണം. നീ ഒന്നാം ക്ലാസ്സിൽ ഇരിക്കേണ്ട.”
എന്റെ മനസ്സ് നിറഞ്ഞുതുളുമ്പി. ആ രണ്ട് മഹതികളെ ഇന്നും ആദരവോടെ ഓർക്കും.
സ്‌കൂൾ ഇല്ലാത്ത ദിവസങ്ങളിൽ "പത്ത് കിത്താബ് " ഓതൽ തുടർന്നു. മദ്രസ്സയിൽ ഉള്ള കൂട്ടുകാരോട് പറഞ്ഞു : " ഓണപ്പൂട്ടു കഴിഞ്ഞാൽ ഞാൻ രണ്ടാമ ക്ലാസ്സിൽ. ". അവർ പരിഹസിച്ചു ചിരിച്ചു. : " ഈ ഓണപ്പരീക്ഷ പാസ്സാകാൻ ഉള്ള പരീക്ഷയില്ല. . വലിയ പരീക്ഷ കഴിയണം ക്ലാസ്സിൽ ഇരിക്കാൻ ". ഞാൻ ഒന്നും പറഞ്ഞില്ല. ഉമ്മയോട് എനിക്ക് അടുത്ത ക്ലാസ്സിലെ പാഠപുസ്തകം വേണമെന്ന് പറഞ്ഞു. വലിക്ക ആ പുസ്തകം വാങ്ങിത്തന്നു . ആരും ഒന്നും ചോദിച്ചില്ല. അതിൽ ആരും ഒരസാധാരണത്വവും കണ്ടില്ല.
ഓണം കഴിഞ്ഞു ചെന്നപ്പോൾ ഞാൻ രണ്ടാമ ക്ലാസ്സിൽ . പിന്നെ അടുത്തപരീക്ഷയിൽ മൂന്നാം ക്ലാസ്സു.
മൂന്നാം ക്ലാസ്സിൽ ഒരു സംഭവം ഉണ്ടായി. സാർ കണക്കു എടുക്കുന്നു. തോമസ് സാറാണ്. അദ്ദേഹം അക്കങ്ങൾ കുട്ടൻ പഠിപ്പിക്കുകയാണ്. അദ്ദേഹം പറഞ്ഞു : " 5 ഉം 10 ഉം 15ഉം കൂട്ടുക. എനിക്ക് 75 ആണ് കിട്ടിയത്. സാർ എന്റെ സ്ളേറ്റ് വാങ്ങി നോക്കി. അദ്ദേഹം പറഞ്ഞു തന്നു: അക്കങ്ങൾ ഒന്നും പത്തുമൊക്കെ ആയി വേര്തിരിച്ചെഴുതുന്ന വിദ്യ. ക്ലാസ്സുകൾ ചാടിക്കടന്നപ്പോൾ പറ്റിയ പിശകാണ്. കൂട്ടാനും കുറക്കാനുമൊക്കെ അറിയാതെ വന്നത്. തോമസ് സാറിനു കാര്യം മനസ്സിലായി. അദ്ദേഹം കണക്കുകൾ എന്നെ പ്രത്യകം പഠിപ്പിച്ചു. എക്സ്ട്രാ ട്യൂഷൻ ഒന്നുമല്ല. ക്ലാസ്സിൽ അതൊക്കെ വീണ്ടും ഒന്ന് എഴുതിക്കാണിച്ചു. ഒരു പ്രാവശ്യം ആരെങ്കിലും പറഞ്ഞുതന്നാലും ഓർത്തിരിക്കാൻ കഴിയുന്ന ഒരനുഗ്രഹം എനിക്കുണ്ടായിരുന്നു. ഒന്നുമില്ലാത്തവർക്കും കാണും ചില കഴിവുകൾ.
അന്ന് പഠിച്ചിരുന്ന സ്‌കൂൾ എഫ് എ സി റ്റി കമ്പനിയുടെ നേരെ മുമ്പിൽ ആയിരുന്നു. അവിടെ രണ്ട് സ്‌കൂളുകൾ ഉണ്ടായിരുന്നു. ഒന്ന് എ ഫ്എ സി റ്റി യിൽ ജോലി ചെയ്തിരുന്ന ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ മക്കൾക്ക്.
വേറൊന്നു ഒരു പറമ്പിൽ ഉണ്ടായിരുന്ന രണ്ട് കെട്ടിടങ്ങൾ ആയിരുന്നു. അരമതിലെ അതിനു ഉണ്ടായിരുന്നുള്ളൂ . അവിടെ ഒരു മൂത്രപ്പുരകൂടി ഇല്ലായിരുന്നു. കുട്ടികൾ സ്‌കൂളിന് സമീപമുള്ള ഒഴിഞ്ഞ ഒരു പറമ്പിൽ പോയി മൂത്രമൊഴിക്കും. സാധാരണക്കാരുടെ കുട്ടികൾക്ക് അത്രയൊക്കെ മതി എന്നായിരുന്നു മറ്റുള്ളവരുടെ വിചാരം എന്ന് തോന്നുന്നു.
ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ കുട്ടികൾ ഷർട്ടും മുട്ടിനു മുകളിൽ നിൽക്കുന്ന ഷോർട്സും ആയിരുന്നു വേഷം. കണ്ടാൽ അറിയാം ആ കുട്ടികൾ കാശുള്ള വീടുകളിൽ നിന്നുമാണ് വരുന്നതെന്ന് . അവർക്കു നല്ല നല്ല ഷുസും ഉണ്ടായിരുന്നു. ഞങ്ങൾക്കാർക്കും ഒരു ചെരുപ്പ് പോലും ഇല്ലായിരുന്നു. അവരൊക്കെ കാറിൽ സഞ്ചരിക്കുമ്പോൾ ഞങ്ങൾ കാൽനടയായി എല്ലായിടത്തും എത്തി.
ഇന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നും. അന്ന് എങ്ങനെയോ ആ ഉദ്യാഗസ്ഥന്മാരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ ഒരു മിടുക്കൻ കുട്ടിയുമായി ഞാൻ പരിചയം ആയി. ആ കുട്ടിയുടെ പേര് ഇന്ന് ഓർമ്മയില്ല. നല്ല സുന്ദരനായ ഒരു പയ്യൻ. ഞങ്ങൾ എന്നും സംസാരിച്ചു നിൽക്കുമായിരുന്നു. ആ കുട്ടിയുടെ ബംഗ്ളാവിന്റെ മുറ്റത്ത് നല്ല തോട്ടം ഉണ്ടായിരുന്നു. പല നിറത്തിലുള്ള ചെമ്പരത്തികൾ, ഭോഗൻ വില്ല, പിന്നെ പേരറിയാത്ത പല ചെടികളും. ആ കുട്ടിയുടെ പിതാവ് കമ്പനിയിലെ ഡോകടർ ആയിരുന്നു. ആ കുട്ടി ഇന്ന് എവിടെയായിരിക്കും.
ഏതുകൊല്ലമാണെന്നു ഓർമ്മയില്ല . അന്നൊരിക്കൽ മേരി ടീച്ചർ പറഞ്ഞു പ്രധാനമന്ത്രി നെഹ്‌റു വരുന്നു എഫ് എ സി റ്റി യിൽ എന്ന്. അദ്ദേഹം കമ്പനി സന്ദർശനം കഴിഞ്ഞു അവിടത്തെ ഉദ്യോഗസ്ഥന്മാരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പോകുമമെന്നു . ഞങ്ങൾ കാലത്തെ ആ സ്‌കൂളിന്റെ മുമ്പിലുള്ള മൈദാനത്തിൽ എത്തി. നെഹ്‌റു വന്നത് ഹെലികോപ്റ്ററിൽ ആയിരുന്നു. അതിൽ നിന്നും ഇറങ്ങി പുഞ്ചിരിയോടെ അദ്ദേഹം ആ മൈദാനത്തിൽ വന്നു. വലിയ ആൾക്കൂട്ടം ഇല്ലായിരുന്നു. കുട്ടികൾ മുമ്പോട്ട് ഇരച്ചു കയറി. പോലീസ് തടഞ്ഞു. പണ്ഡിറ്റ് ജവർഹാൾ ലാൽ പറഞ്ഞു അവരെ തടയരുതെന്നു. അദ്ദേഹം എന്തൊക്കെയോ ഹിന്ദിയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഒരു വ്യക്തി അത് പരിഭാഷപ്പെടുത്തി. എന്താണ് പറഞ്ഞതെന്ന് ഓർക്കാനുള്ള വളർച്ച അന്ന് ഇല്ലായിരുന്നു. അന്നുമുതൽ ഇന്നോളം നെഹ്‌റുവിനെ എനിക്കേറെ ഇഷ്ടം.
പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഒരു കാശും ശമ്പളമായി കൈപ്പറ്റിയിരുന്നില്ല. സ്വന്തം പുസ്തകങ്ങളിൽ നിന്നുമുള്ള വരുമാനത്തിൽ ജീവിച്ചു. ആരുണ്ട് അദ്ദേഹത്തിനെ കാൽപാടുകളെ പിന്തുടരാൻ അർഹതയുള്ളവർ?
ആനന്ദഭവൻ മോട്ടിലാലിന്റെ വസതി ആയിരുന്നെങ്കിലും അദ്ദേഹം അത് നാഷണൽ കോൺഗസിനു സംഭാവന ചെയ്തിരുന്നു. ആ വീട്ടിൽ പണ്ടിറ്റ്ജി താമസിച്ചു കോൺഗ്രസ്സിന്റെ അനുവാദത്തോടെ .
ആ സ്‌കൂളിൽ അഞ്ചാം ക്ലാസ്സുവരെ മാത്രം ഉണ്ടായിരുന്നുള്ള. അഞ്ചു പാസ്സായ ശേഷം പോയത് ചൂർണ്ണിക്കരയുള്ള SPW ഹൈസ്‌കൂളിലാണ്. ആ സ്കൂൾ അവിടെ ഉണ്ടായിരുന്ന ഓട്ടു കമ്പനി നടത്തികൊണ്ടിരുന്ന സ്ഥാപനം ആയിരുന്നു. അവിടെ എനിക്ക് ഫീസ് ഇല്ലായിരുന്നു. കാരണം വരുമാനം അത്രമാത്രം തുച്ഛമായിരുന്നു .