പൂവേ പൊലി.. പൂവേ പൊലി... പാടുന്നത് മലയാൺമയാണെങ്കിലും, പൂക്കാലമൊരുക്കുന്നത് അയൽ സംസ്ഥാനമാണ്! പൂവ് കൃഷി ചെയ്യുന്ന ഒരു ഗ്രാമത്തിലേക്കാണ് ഇന്ന് യാത്ര.

പൂന്തോട്ടങ്ങൾ.. പൂചന്ത.. പൂകെട്ടുന്നവരുടെ  പണിപ്പുരകൾ.. എല്ലാമുള്ള  നെലക്കോട്ടൈ എന്ന ചെറുഗ്രാമം. തമിഴകത്ത് മധുര ജില്ലയിലെ വത്തലഗുണ്ട് പട്ടണത്തിൽ നിന്നും നെലക്കോട്ടയ്ക്ക് എപ്പോഴും ബസ്സുകളുണ്ട്. ബസിറങ്ങി ഗ്രാമപാതയിലൂടെ നൂറുമീറ്റർ നടന്നതേയുള്ളൂ .. നാലുമണിപൂക്കൾ വിരിഞ്ഞുനിൽക്കുന്ന പൂപ്പാടം കണ്ണിന് വിരുന്നായി..!

വെയിലിന് ചൂട് തോന്നുന്നേയില്ല.. ഇളംകാറ്റ് വീശുന്നതുകൊണ്ടായിരിക്കാം ! ഈ പതിനൊന്നു മണി നേരത്ത് പണിക്കാരെ ആരെയും കാണുന്നില്ല. സൈക്കിളുകളിൽ യാത്രചെയ്യുന്ന ചേലയുടുത്ത വീട്ടമ്മമാർ ചോറ്റുപാത്രങ്ങളുമായി പോകുന്നുണ്ട്. അടുത്തടുത്തായി വീടുകളുണ്ട് -ചെറിയ വീടുകൾ !അതിലൊന്നിലേക്ക് ഞാൻ കയറിച്ചെന്നു. വെള്ളച്ചാമിയുടെ വീടാണ്. മുറ്റത്ത് മൂന്നാലഞ്ച് പേരിരുന്ന് മാല കെട്ടുകയാണ്...

ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്ന മുല്ലപ്പൂ മൊട്ടുകൾ ..തൊട്ടടുത്ത് വെൽവെറ്റ് പൂക്കൾ! ജമന്തി..  നല്ല വേഗതയിലാണ് മാല കെട്ടുന്നത്, സംസാരമുണ്ടെങ്കിലും കൈകളിൽനിന്ന് കണ്ണ് എടുക്കുന്നതേയില്ല. ഇടയ്ക്കിടയ്ക്ക് പൂക്കളിൽ വെള്ളം തളിച്ചുകൊടുക്കുന്നത് കാണാം. കുമരൻ എന്നെ , കെട്ടിവച്ചിരിക്കുന്ന കുറെ മാലകൾ കാണിച്ചുതന്നു ...എടുത്താൽ പൊങ്ങാത്ത വലിയ റോസാപ്പൂമാല മുതൽ കനകാംബരവും, താമരമാലയും കൈതച്ചക്കമാലയും വരെ..

തെർമോകോൾ പെട്ടികളിൽ വൃത്തിയായി പായ്ക്ക് ചെയ്തു വിദേശത്തേക്കും മാലകളും പൂവും കയറ്റി വിടുന്നുണ്ട് എന്ന് കേട്ടപ്പോൾ എനിക്ക് ചെറിയ ഒരു അമ്പരപ്പ് തോന്നാതിരുന്നില്ല. അമ്പലങ്ങളിലേക്കും , വിവാഹങ്ങൾക്കും, വിശേഷാവസരങ്ങൾക്കുമെല്ലാം പൂക്കളും മാലകളും ആവശ്യക്കാരുള്ളതുകൊണ്ട് -എപ്പോഴും കച്ചവടമുണ്ടെന്ന് അവർ പറഞ്ഞു.

പുലർച്ചെ തന്നെ പാടത്തുനിന്ന് പെണ്ണുങ്ങൾ പൂനുള്ളി കൊണ്ടുവരും.. മൊട്ടുകളും, പൂക്കളുമെല്ലാം ഇറുത്തെടുക്കേണ്ടുന്ന പരുവം അവർക്ക്  ഹൃദിസ്ഥമാണ്. പൂച്ചന്തയിൽ പൂക്കൾ വിറ്റ് വീട്ടു സാമാനങ്ങളും വാങ്ങി അവർ  മടങ്ങും. പിന്നെ കുഞ്ഞുങ്ങളെ നോക്കലും, ഭക്ഷണമൊരുക്കലുമൊക്കെയാണ് അവരുടെ ജോലി. ആണുങ്ങൾ ചന്തയിലെത്തി വിവിധയിനം പൂക്കൾ വിലപേശി തൂക്കി വാങ്ങുന്നു. വെള്ള ച്ചാമിയുടേത് പോലെ തന്നെ പല വീടുകളിലും ആണുങ്ങൾ കൂടിയിരുന്ന് മാല കെട്ടി പാക്ക് ചെയ്ത് വിൽപ്പന നടത്തുന്നുണ്ട്.

'നയൻതാര മാലൈ' എന്നറിയപ്പെടുന്ന വൈറ്റ് പെറ്റൽ മാലയ്ക്കാണ് ഇപ്പോൾ ഏറ്റവും ഡിമാൻഡ് എന്ന് വെള്ളച്ചാമി പറഞ്ഞു. പിറ്റേന്ന്  ചൂടാനായി നറുമണമൂറുന്ന അടുക്കുമല്ലി മാല, വാടി പോകില്ല എന്നുറപ്പു തന്ന് ഒരു സഞ്ചി നിറയെ എനിക്ക് സമ്മാനിച്ചാണ് വെള്ളച്ചാമി എന്നെ യാത്രയയച്ചത്. മനം നിറയെ മധുര ഗന്ധവും പേറി വെയിലാറിയപ്പോൾ ഞാൻ വീട്ടിലേക്ക് മടങ്ങി.

(വെള്ളച്ചാമി : 9 7 8 6 4 9 3 4 5 5)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ