കേരളത്തിലെ പത്തനംതിട്ട ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദൂര ജനവാസ കേന്ദ്രമാണ് ളാഹ.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം മൂവായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നതും; റാന്നി ഡിവിഷനിലെ കൊടുംവനങ്ങളാൽ മൂടപ്പെട്ടതായ പ്രദേശമാണിത്. 'അയ്യപ്പന്റെ പൂങ്കാവനം ' ആരംഭിക്കുന്നതും ളാഹയിൽ നിന്നാണ്.
വനസൗന്ദര്യം ആസ്വദിക്കുന്നതിനായി ഞങ്ങൾ പതിനേഴ് പേരടങ്ങുന്ന സംഘം ഒക്ടോബർ ഒന്നാം തീയതി രാവിലെ ആറുമണിക്ക് ബസിൽ പുറപ്പെട്ടു. തൃശൂരിൽ നിന്നും ഏകദേശം നൂറ്റി എൺപത്തി രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ ളാഹയിൽ എത്തിച്ചേരാനാവും.
ഞങ്ങൾ മുവാറ്റുപുഴയിലുള്ള ശ്രീ ക്രിഷ്ണ ഹോട്ടലിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ളാഹയിൽ എത്തിയത്. അവിടെ ഞങ്ങളുടെ ബന്ധുവിന്റെ എസ്റ്റേറ്റ് ബംഗ്ലാവ് ഉള്ളതിനാൽ ഭക്ഷണവും താമസവുമെല്ലാം അവിടെയാണ് ഒരുക്കിയിരുന്നത്.
ഉച്ചഭക്ഷണത്തിന് ശേഷം മലമുകളിൽ തട്ടുകളായി തിരിച്ച റബ്ബർ മരങ്ങൾ; അവയ്ക്കിടയിൽ ഇടവിളയായി പൈനാപ്പിൾ കൃഷി. ആ തോട്ടത്തിനിടയിലൂടെയുള്ള നടത്തം ഏറെ കൗതുകം നിറഞ്ഞതായിരുന്നു. പഴുത്ത പൈനാപ്പിൾ കണ്ടെത്തി പൊട്ടിക്കുക എന്നത് ഇഷ്ടവിനോദമായി മാറി.
മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ഓടിവന്നു ചാടുന്ന മലയണ്ണാൻ ഞങ്ങളുടെ ആസ്വാദനം വർദ്ധിപ്പിച്ചു.
പകൽ ചൂട് കാലാവസ്ഥ ആയിരുന്നെങ്കിലും ഉയർന്ന പ്രദേശമായതിനാൽ രാത്രിയിൽ തണവ് അനുഭവപ്പെട്ടിരുന്നു. രാത്രിയിൽ വനങ്ങളിൽ നിന്നുള്ള പ്രാണി ശല്യം മൂലം കൊച്ചു കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.
ക്യാമ്പ് ഫയർ നടത്തിയും പാട്ടുകൾ പാടിയും ലാത്തിരി പൂത്തിരി കമ്പുത്തിരി പടക്കം തുടങ്ങി മരുന്നുകൾ കത്തിച്ചും ഞങ്ങൾ രാത്രിയിലെ തണുപ്പ് ഉല്ലാസപ്രദമാക്കി.
ളാഹ യിൽ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ ഏകദേശം നാല്പതു മിനിറ്റു സഞ്ചരിച്ചാൽ പമ്പ നദിയിൽ എത്തിച്ചേരാനാവും.
പത്തനംതിട്ട മുതൽ പമ്പ വരെയും കേരള സർക്കാർ ബസ് സർവീസും ലഭ്യമാണ്.