ഫ്രാൻസിന്റെ അതിർത്തിയോട് ചേർന്ന് തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു പർവതപ്രദേശമാണ് ബ്ലാക്ക് ഫോറസ്റ്റ്. പേരു പോലെ ഇരുണ്ട വനമാണത്. ഇടതൂർന്ന, നിത്യഹരിത വനങ്ങൾക്കും മനോഹരമായ
ഗ്രാമങ്ങൾക്കും പേരുകേട്ട ഇത് പലപ്പോഴും ബ്രദേഴ്‌സ് ഗ്രിം ഫെയറി കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 1700 കൾ മുതൽ ഈ പ്രദേശം സ്പാ ഉലപന്നങ്ങൾക്കും കുക്കു ക്ലോക്കുകൾക്കും പേരുകേട്ടതാണ്. പ്രദേശത്തെ ഏറ്റവും വലിയ പട്ടണം ഫ്രീബർഗ്, ഇവിടെ ഗോതിക് ശെലിയിൽ നിർമ്മിച്ച കെട്ടിടങ്ങളാണുള്ളത്. ഒപ്പം ചുറ്റും മുന്തിരിത്തോട്ടങ്ങളും.
എപ്പോഴും കോടമഞ്ഞ് പുതച്ച മലകൾ ചൂഴ്ന്ന് നിൽക്കുന്ന ഗ്രാമം. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം കുക്കു ക്ലോക്ക് ഫാക്ടറിയും വിപണന കേന്ദ്രവുമാണ്. കുക്കു ക്ലോക്കിനു, കുയിൽ കൂകും ഘടികാരങ്ങൾ എന്നും വിളിക്കാറുണ്ട്.
ഒരു കാലത്ത് വലിയ കമ്പനികൾ കുക്കു ക്ലോക്ക് നിർമിക്കാനായി രംഗത്തു വന്നെങ്കിലും ബ്ലാക്ക് ഫോറസ്റ്റിലെ കുടുംബമഹിമ പുലർത്തുന്ന പരമ്പരാഗത ക്ലോക്ക് നിർമ്മാതാക്കൾക്ക് മുന്നിൽ അവരെല്ലാം തോറ്റു പിന്‍വാങ്ങി. ഇന്ന് കുക്കു ക്ലോക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അംഗീകാരമുളള കുടുംബത്തിലാണ് യഥാർത്ഥ ക്ലോക്കുകള്‍ ലഭിക്കുക. കൊത്തു പണികൾക്കും ജാലകത്തിനും പിന്നിലെ യന്ത്രനിർമിതമായ കൈ തിരിയുമ്പോഴാണ് കുരുവി കൂടുവിട്ടിറങ്ങുന്നത്. കാസ്റ്റ് അയണും ദേവദാരുവും ചേർത്തുണ്ടാക്കുന്ന രണ്ട് പൈപ്പ് വഴി കുക്കു ശബ്ദം പുറത്തേക്കു വരുന്നു. ബ്ലാക്ക് ഫോറസ്റ്റിലെ ദേവദാരുമരം പ്രത്യേക രീതിയിൽ ഒരുക്കിയെടുത്താണു ഇതിന്റെ ബോഡി നിർമ്മിക്കുന്നത്. കമ്പനിയിൽ ഇതിന്റെ നിർമ്മാണഘട്ടങ്ങളും നമുക്ക് കാണാൻ കഴിയും. രണ്ട് ദേവദാരു കമ്പുകൾ ഒരു പ്രതേകശൈലിയിൽ കൂട്ടിമുട്ടിക്കുമ്പോൾ കേൾക്കുന്ന ശബ്ദത്തിൽ ആ വ്യത്യാസം തിരിച്ചറിയാൻ കഴിയും. ഇരുപതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വിലവരുന്ന ക്ലോക്കുകൾ വരെയുണ്ട്. 450 യൂറോ വിലവരുന്ന ഒരു ക്ലോക്കാണു ഞാൻ വാങ്ങിയത്. ദിവസവും ആഴ്ചയിലൊരിക്കലും വൈൻഡ് ചെയ്യുന്ന ക്ലോക്കുകളും ക്വാർട്സ് ക്ലോക്കുകളും ഇവർ പുറത്തിറക്കുന്നുണ്ട്.