mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Krishnakumar Mapranam)

കേട്ടറിഞ്ഞ വിശേഷങ്ങള്‍ക്കപ്പുറത്ത് പലതുമുണ്ട് കണ്ടറിയുമ്പോള്‍. വിശേഷിച്ചും ചിലയാത്രകളില്‍ ആരും ശ്രദ്ധിക്കാത്തത് മറ്റു ചിലര്‍ കണ്ടെത്തും ചിലര്‍ യാത്രകളെ സ്വന്തം യാത്രമാത്രമാക്കി മാറ്റും. 

മറ്റുചിലരാകട്ടെ ആ യാത്രാവിശേഷങ്ങളെ മറ്റുള്ളവര്‍ക്കു കൂടി അനുഭവഭേദ്യമാക്കുവാനുള്ള ശ്രമവുമാക്കും ഒരു യാത്ര എന്നേ ആഗ്രഹിച്ചതാണ്. വര്‍ഷങ്ങളായി കൊണ്ടു നടന്ന ഒരു മോഹം. തിരുപ്പതിയില്‍ ഒന്നു പോകണമെന്ന്. പോകുന്നുണ്ടെങ്കില്‍ ഒന്നു അറിയിക്കണംട്ടോ എന്നു പരിചയവൃന്ദങ്ങളോടും സ്വന്തബന്ധു ജനാദികളോടുമൊക്കെയും പറയുക യുണ്ടായി എന്നതു സത്യം തന്നെ. പറഞ്ഞതു മറന്നമട്ടില്‍ നമ്മളെയൊക്കെ കൂട്ടിയാല്‍ ഭാരമാകുമോ എന്നു വിചാരിച്ച് പിന്നീട് കാണുമ്പോള്‍ തിരിച്ചു വന്നു തിരുപ്പതി വിശേഷം പറയുമ്പോള്‍ മനസ്സില്‍ ഇങ്ങനെ നിനച്ചു .വെങ്കിടേശ്വരന്‍റെ ദര്‍ശനത്തിനു കാലമായിട്ടുണ്ടാകില്ലായെന്ന്. അല്ലെങ്കില്‍ നമ്മളെയും കൂട്ടാന്‍ മറന്നുപോകേണ്ടതെന്തിന്.


ഒരു ജൂലായ് മാസത്തിലാണ് തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലേയ്ക്ക് യാത്രപുറപ്പെട്ടത്. എന്നോടൊപ്പം സുഹൃത്തുക്കളായ ഒമ്പത് പേരുണ്ടായിരുന്നു.ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഒരു ട്രാവലറിലാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. അങ്ങിനെ ഞങ്ങള്‍ പത്തുപേരടങ്ങുന്ന സംഘം കോയമ്പത്തൂര്‍ തിരുച്ചിറപ്പിള്ളി (ട്രിച്ചി) വഴി യാത്ര തുടര്‍ന്ന് പിറ്റേദിവസം പുലര്‍ച്ചെ അഞ്ചു മുപ്പതായപ്പോളാണ് തിരുപ്പതി ടൗണിലെത്തി ചേര്‍ന്നത്.

തീര്‍ത്ഥാടകര്‍ തിരുപ്പതിയിലൂടെ ഒഴുകിനീങ്ങുകയായിരുന്നു അന്നേരം. വാഹനങ്ങളുടെ നീണ്ടനിരയും ജനതിരക്കും നിമിത്തം ടൗണില്‍ ഞങ്ങളുടെ വാഹനത്തിനു പാര്‍ക്കിങ്ങിനായി കുറേ അലയേണ്ടിവന്നു. ഒടുവില്‍ ഒരിടം കണ്ടെത്തി വണ്ടി നിറുത്തി ഇറങ്ങി.

പ്രാഥമിക കാര്യങ്ങള്‍ക്കായി ലോഡ്ജ് ശരിപ്പെടുത്തി തരാനായി പലരും സമീപിക്കുമ്പോള്‍ അവര്‍ വമ്പന്‍ തുക വസൂലാക്കുന്ന സ്ഥലങ്ങളിലേയ്ക്കാണ് കൂട്ടികൊണ്ടുപോയത്. താരതമ്യേന വിലകുറഞ്ഞ ഹോട്ടലുകള്‍ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് കമ്മീഷന്‍ ഇനത്തില്‍ കിട്ടുന്ന തുകയെ ഓര്‍ത്താണ് അവരങ്ങിനെ പ്രവര്‍ത്തിക്കുന്നത്. ഏതു തീര്‍ത്ഥാടന സ്ഥലങ്ങളിലും ഹോട്ടല്‍ താമസ യാത്രാസൗകര്യം ഏര്‍പ്പെടുത്തിതരുകയെന്ന നാട്യത്തില്‍ ഒരുപാടു പേര്‍ പിറകെ കൂടും. ഇവിടെയും കാര്യങ്ങള്‍ വിഭിന്നമായിരുന്നില്ല.

ഒരു തരക്കേടില്ലാത്ത ഹോട്ടലില്‍ പത്തുപേര്‍ക്കായി രണ്ടുമുറി ഏര്‍പ്പെടുത്തി കിട്ടി. മൂന്നാം നിലയിലായിരുന്നു മുറി. ഹോട്ടലില്‍ ലിഫ്റ്റുണ്ടായിരുന്നതുകൊണ്ട് ലഗ്ഗേജുംതാങ്ങി ചവിട്ടുപടികള്‍കയറേണ്ടി വന്നില്ല. ഇവിടങ്ങളില്‍ ചൂട് അധികമായതുകൊണ്ട് മുറിയില്‍ ശീതികരണയന്ത്രമുണ്ടായിരുന്നു. പ്രാഥമിക കാര്യങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഭീമാഹോട്ടലില്‍ പോയി. പ്രാതല്‍ കഴിച്ച്.ബസ്സ് സ്റ്റാന്‍ഡിലെത്തി.

ജീപ്പ് ഓട്ടോ ഡ്രൈവര്‍മാര്‍ തീര്‍ത്ഥാടകരെ വശീകരിച്ച് അവരുടെ വാഹനത്തില്‍ കൊണ്ടുവിടാന്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകണ്ടു. പ്രലോഭനങ്ങളില്‍ വഴിപ്പെട്ട് പല തീര്‍ത്ഥാടകരും ഒന്നുമാലോചിക്കാതെ വന്‍തുക കൊടുത്ത് യാത്രയാകുന്നു. ഞങ്ങളുടെ അടുത്തും ഇവര്‍ പ്രലോഭനങ്ങളുമായി കൂടി.

ഇടവിട്ട് 15മിനിറ്റു കൂടുമ്പോള്‍ ശ്രീവരിമേട്ടിലേയ്ക്കും തിരുമലയിലേയ്ക്കും ആന്ധ്രാപ്രദേശ് SRTC യുടെ ബസ്സുണ്ട്. തിരുമലയിലേയ്ക്ക് ഒരാള്‍ക്ക് 53രുപയും ശ്രീവരിമേട്ടിലേയ്ക്ക് 25രൂപയുമാണ് ചാര്‍ജ്ജ്. മറ്റുവാഹനങ്ങളില്‍ മൂന്നിരട്ടിയുമാണ്.  രാവിലെ ഒമ്പത് മണി ആകുന്നേയുള്ളു എങ്കിലും വെയിലിന് നട്ടുച്ചയുടെ തീവ്രതയുണ്ടായിരുന്നു.

ശ്രീവരിമേട്ടിലേയ്ക്ക് തിരുപ്പതി ടൗണില്‍ നിന്നും ബസ്സിലായിരുന്നു യാത്ര. പാതയോരങ്ങളില്‍ വെയില്‍ കനത്തു പൊള്ളുന്നുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ശ്രീവരിമേടില്‍ അടിവാരത്തെത്തി.

സമുദ്രനിരപ്പില്‍ നിന്നും 2799 അടി ഉയരത്തിലാണ് തിരുമല. ഏകദേശം 2450 ചവിട്ടുപടികള്‍ മുകളിലേയ്ക്ക് കയറണം. പാദരക്ഷകള്‍ മൊബൈല്‍ ഫോണ്‍ ക്യാമറ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു ഈ വഴികളില്‍.

ചവിട്ടുപടികള്‍ തുടങ്ങുന്നയിടത്ത് ഓരോ പേര്‍ക്കും പ്രവേശനപാസ്സു സൗജന്യമായി ലഭിക്കും. ഈ പാസില്‍ ഒരു നംപര്‍ ഉണ്ടാകും. മുകളിലേയ്ക്ക് കയറുന്ന തുടര്‍പാതകളില്‍ പലയിടങ്ങളിലും ചെക്കപ്പുണ്ട്. 1250 -)-മത്തെ പടിയില്‍ വിരലടയാളം പതിക്കുകയും തല്‍സമയം നമ്മുടെ ഫോട്ടോ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും ചെയ്യും. കുറച്ചുകുടി ഉയരത്തിലെത്തിയാല്‍ സെക്യൂരിററി കൗണ്ടറില്‍ പാസില്‍ ദര്‍ശനം എത്രമണിയ്ക്കെന്ന് രേഖപ്പെടുത്തി തരും. കര്‍ശനമായ നിയന്തണങ്ങള്‍ കാരണം ഒരാള്‍ക്കു പോലും നേരല്ലാത്ത മാര്‍ഗ്ഗത്തിലൂടെ കടന്നുപോകാന്‍ കഴിയില്ല.

ചവിട്ടുപടികള്‍ക്ക് ഓരങ്ങളില്‍ ക്ഷീണം തീര്‍ക്കാന്‍ വീതികൂടിയ ഇരിപ്പിടങ്ങളും കുടിവെള്ളത്തിനായി പൈപ്പും സ്ഥാപിച്ചിരുന്നു. ജനലക്ഷങ്ങള്‍ പടികള്‍ കയറുമ്പോഴോക്ക ഗോവിന്ദാ എന്ന നാമവും ഉച്ചത്തില്‍ തെളിഞ്ഞു കേട്ടിരുന്നു. പടികള്‍ കയറുമ്പോഴോക്ക ചില ഭക്തര്‍ പടികളില്‍ ചെരാതില്‍ തിരി തെളിക്കുന്നു. പടികളില്‍ കുങ്കുമം വാരി വിതറുന്നൂ. ആഗ്രഹ പൂര്‍ത്തികരണത്തിനോ ദോഷനിവാരണത്തിനോ മുട്ടുകാലില്‍ ഇഴഞ്ഞ് പടികള്‍ കയറുന്ന കാഴ്ചകളും സാധാരണം.

ചവിട്ടുപടികള്‍ കയറി തിരുമലയിലെത്താന്‍ മൂന്നു മണിക്കൂര്‍ വേണ്ടിവന്നു. പന്ത്രണ്ടര മണി ആയിട്ടേയുള്ളു. രാത്രി എട്ടുമണിയ്ക്കേ ദര്‍ശനം ലഭിക്കുകയുള്ളു. ധാരാളം സമയമുണ്ട് .

ശേഷാചലം കുന്നിന്‍റെ ഭാഗമാണ് തിരുമല. സമുദ്രനിരപ്പില്‍ നിന്നും 2799അടി ഉയരത്തിലുള്ള ഈ മല ഇപ്പോള്‍ 2675 കി .മീ ചതുര വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ടൗണ്‍ഷിപ്പാണ്. ടൗണ്‍ ചുറ്റിവളഞ്ഞുപോകുന്ന നിരത്തില്‍ സഞ്ചരിക്കാന്‍ സൗജന്യമായി ദേവസ്ഥത്തിന്‍റെ തവിട്ടു നിറത്തിലുള്ള ലോഫ്ളോര്‍ ബസ്സുകളുണ്ട്. 15 മിനിറ്റു കൂടുമ്പോള്‍ ഈ ബസ്സുകള്‍ യാത്രക്കാര്‍ക്കുവേണ്ടി ഒഴുകി യെത്തുന്നു.

ഞങ്ങളെത്തി ചേര്‍ന്നയിടത്തു നിന്നും അന്നപ്രസാദം വിതരണം നടക്കുന്ന ഭാഗത്തേയ്ക്കു ഈ ബസ്സില്‍ കയറുകയുണ്ടായി. ഉച്ചവെയില്‍ കനത്തു കിടക്കുന്ന പാതയിലൂടെ അന്നപ്രസാദ ഹാളിലേയ്ക്കൂ നടക്കുമ്പോള്‍ മുന്നില്‍ ഭക്ഷണത്തിനായി വന്‍ ജനാവലിയുണ്ടായിരുന്നു.

അന്നപ്രസാദത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള കോംപ്ളസ്സില്‍ ഒരുപാട് ഹാള്‍ ഉണ്ട്. ഒരേസമയം പതിനായിരത്തിനു മുകളില്‍ പേര്‍ക്ക് ഭക്ഷണം കഴിക്കാമെന്നുള്ളത് അതിശയോക്തി കലര്‍ന്ന വെറും വാക്കല്ല. വൃത്തിയായി മേശപ്പുറത്ത് മന്ദാരയിലകള്‍ കോര്‍ത്ത് തുന്നിയെടുത്ത വട്ടത്തിലുള്ള തളികയില്‍ മൂന്നു തരം കറി. ഉന്തി നീക്കാവുന്ന സ്റ്റീൽ വണ്ടിയിലാണ് ചോറും സാമ്പാറും രസവും കട്ടതൈരും നമുക്കു മുന്നിലെത്തുക. വിഭവസമൃദ്ധമായ സദ്യ ഇതിനു മുന്നില്‍ ഒന്നുമല്ല എന്നു പറയേണ്ടിവരുന്ന ഒരവസ്ഥ. ഭക്ഷണശാല വളരെ വൃത്തിയായി കാണപ്പെട്ടു. ഒരു ദിവസം ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ ഊണു കഴിച്ചു പോകുന്ന സ്ഥലത്തെ അടുക്കും ചിട്ടയും വെടിപ്പും വൃത്തിയും എവിടെയെങ്കിലുമുണ്ടാകുമോ. അഞ്ഞൂറു പേരെ ഊട്ടുന്ന നമ്മുടെ ചില വിവാഹഭക്ഷണശാല നാണിച്ചു പോകും.

ഊണുകഴിഞ്ഞ് ഒന്നരയോടെ ഞങ്ങള്‍ തിരുമലയിലെ മ്യൂസിയത്തില്‍ പോയി. എന്തും ഏതും ഇവിടെ സൗജന്യമാണ്. മ്യൂസിയത്തില്‍ പുരാതനകാലത്തെ ഒട്ടേറെ അമൂല്യമായ വസ്തുക്കള്‍ കാണാന്‍ കഴിഞ്ഞു. പ്രതിമകള്‍, കൂറ്റന്‍ ചെമ്പുപാത്രങ്ങള്‍, ഓട്ടുമണികള്‍, സംഗീതോപകരണങ്ങള്‍, യുദ്ധത്തിനായി ഒരുങ്ങേണ്ടിവരുമ്പോള്‍ വേണ്ടിവരുന്ന മാര്‍ചട്ടകള്‍, കുന്തം, വാള്‍ എന്നിങ്ങനെ പുരാതനകാലത്തെ ഒരുപാടു വസ്തുക്കള്‍ മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

മ്യൂസിയത്തില്‍ നിന്നുമിറങ്ങുമ്പോള്‍ കൗതുകവസ്തുക്കള്‍ തേടിനടക്കുന്ന ഒരു സഞ്ചാരിയുടെ മനസ്സുപോലെയായിതീര്‍ന്നിരുന്നു.

തിരുമലയില്‍ ആറു ക്ഷേത്രങ്ങള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നുണ്ടായിരുന്നു. ശ്രീവരിപാദം, പാപനാശിനി, ആകാശഗംഗയും ഗംഗാദേവിക്ഷേത്രവും, ഗോപകുമാരന്‍ ക്ഷേത്രം, നാച്യുറല്‍ ആര്‍ച്ച് സ്റ്റോണ്‍ എന്നിവിടങ്ങളിലേയ്ക്ക് കൂട്ടികൊണ്ടുപോകാനായി ജീപ്പുകള്‍ തീര്‍ത്ഥാടകരെ വട്ടമിട്ടു കറങ്ങുകയാണ്. ഒരു ജീപ്പില്‍ ഒരാള്‍ക്കു നൂറു രൂപ ചാര്‍ജ്ജില്‍ ഈ സ്ഥലങ്ങളിലേയ്ക്കും പോകുകയുണ്ടായി. ചെന്നു കഴിഞ്ഞ് കാഴ്ച ആസ്വദിച്ചപ്പോള്‍ ഒരാള്‍ക്കു നൂറു രൂപ ഒട്ടും അധികമല്ലെന്നും മനസ്സിലായി. ജീപ്പോടിക്കുന്ന പയ്യന് നാലുമണിയ്ക്കൂര്‍ കൊണ്ട് കിട്ടിയത് കിലോമീറ്റര്‍ വച്ചു നോക്കുമ്പോള്‍ നഷ്ടം തന്നെ. അവന്‍റെ ദയനീയമുഖവും വിശന്നു വലയുന്ന കുടുംബവും എന്‍റെ മനസ്സിലൊരു ദയനീയ ചിത്രം വരച്ചു ചേര്‍ത്തു. കാരണം ഞങ്ങള്‍ യാത്ര പുറപ്പെടുമ്പോള്‍ അടുത്ത കടയില്‍ നിന്നും രണ്ടു ബജ്ജിയാണ് അവന്‍ ഉച്ചഭക്ഷണത്തിനു വേണ്ടി വാങ്ങിക്കുന്നത് കണ്ടത്. ഞങ്ങള്‍ ഒരു സ്ഥലത്തു ഇറങ്ങി യാത്രതുടരുമ്പോള്‍ കിട്ടുന്ന സമയത്താണ് അവനതു കഴിക്കുന്നത് കണ്ടതും.

കാഴ്ചകള്‍ കണ്ടു തിരിച്ചെത്തിയപ്പോഴേയ്ക്കും നേരം ആറരയും കഴിഞ്ഞു .ഞങ്ങളില്‍ ചിലര്‍ കല്യാണക്കട്ട സമര്‍പ്പിക്കാനായി നടന്നുപോയി. തിരുമലയിലെ വെങ്കിടാചലപതി യ്ക്ക് പ്രധാന വഴിപാടാണ് കല്യാണക്കട്ട സമര്‍പ്പണം. മുടിയും താടിയും മുണ്ഡനം ചെയ്യലാണ് ഇത്. ഇത് തികച്ചും സൗജന്യമായി ചെയ്തുതരും. മുണ്ഡനം ചെയ്യുന്നതിലൂടെ ഉള്ളിലുള്ള അഹംഭാവം അതായത് ഈഗോയെ വെടിഞ്ഞ് ഈശ്വരന്‍റെമുന്നിലെത്തുക എന്നതാണ് സാരം.

''ഉള്ളിലുള്ള അഹങ്കാരത്തെ വെടിഞ്ഞിട്ടു മതി ഈ പുണ്യഗൃഹത്തിലേയ്ക്കുള്ള പ്രവേശനം എന്ന് കലിയുഗ വൈകുണ്ഠനാഥന്‍ വെങ്കിടാചലപതി കല്‍പ്പിച്ചിരിക്കുന്നു.''

ലോകത്തിലെ ഏറ്റവും വരുമാനമുള്ള തിരുമല ക്ഷേത്രത്തില്‍ ഒരു ദിനം 50000 മുതല്‍ ഒരു ലക്ഷം വരെ തീര്‍ത്ഥാടകര്‍ ദര്‍ശനഭാഗ്യം കാംക്ഷിച്ചെത്തുന്നു. വാര്‍ഷിക ബ്രഹ്മോത്സവത്തിന് ഇത് അഞ്ചു ലക്ഷം കവിയും. കലിയുഗ പ്രത്യക്ഷദേവനാണ് വെങ്കിടാചലപതി. അതിനാല്‍ കലിയുഗ വൈകുണ്ഠം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. തിരുമല ക്ഷേത്രം തിരുപ്പതി ബാലാജി ക്ഷേത്രം എന്നും, മൂര്‍ത്തിയെ ഗോവിന്ദ, ശ്രീനിവാസ എന്നും വിളിക്കുന്നു .

AD 966ല്‍ പല്ലവ രാജ്ഞി സാമവതി ക്ഷേത്രത്തിന് അമൂല്യമായ വജ്രാഭരണങ്ങളും ധാരാളം വസ്തുവഹകളും ഏക്കര്‍ കണക്കിന് സ്ഥലങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ പല്ലവ ചോള വിജയനഗര ഭരണാധികാരികളും മഹത്തായ സംഭാവനകള്‍ ഈ ക്ഷേത്രത്തിനു നല്‍കിയിട്ടുണ്ട്.
ക്ഷേത്രദര്‍ശനത്തിനു ഏഴുമണിയോടെ പ്രവേശനപാസ്സുമായി ഞങ്ങള്‍ കവാടത്തിനരികെ ചെന്നു. അതിനുമുന്‍പ് സാധനസാമഗ്രികള്‍ കൈവശമുള്ളവരൊക്കെ അതു സെക്യൂരിററി കൗണ്ടറില്‍ ഏല്‍പ്പിക്കണമായിരുന്നു. ദര്‍ശനം കഴിഞ്ഞ് എതിര്‍ ദിശയിലൂടെ മടങ്ങുമ്പോള്‍ അതെല്ലാം അവിടെ മറ്റൊരു കൗണ്ടറില്‍ നിന്നും തിരിച്ചു ലഭിക്കും.

ദര്‍ശനസമയം കിട്ടിയവരെയൊക്കെ അര മണിക്കൂര്‍ മുന്‍പേ കടത്തിവിടും. സമയമായാല്‍ അറിയിപ്പു വരും. നീണ്ട ക്യൂ അവിടെയുമുണ്ടായിരുന്നു. ക്യൂ കോംപ്ളക്സില്‍ 200 മീറ്ററിനിടയിലൊക്കെ ടോയ്ലറ്റ്, കുടിവെള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇരിപ്പിടങ്ങളും. ക്യൂ ചെന്നവസാനിച്ചത് വിശാലമായ ഹാളിലേയ്ക്കാണ്. മാര്‍ബിള്‍ വിരിച്ച വൃത്തിയുള്ള ഹാളില്‍ നിറയെ കൗണ്ടറുകളുണ്ട്. ഒരുഭാഗത്ത് കാപ്പി പാല്‍ ചായ തുടങ്ങിയവ സൗജന്യമായി ലഭിക്കുന്ന കൗണ്ടര്‍. ഞങ്ങളവിടെ ചെന്നു കാപ്പി കഴിച്ചു. കൗണ്ടറിനു മുന്നില്‍ ക്യൂ തന്നെ.

ദര്‍ശനശേഷം ഒരു ലഡ്ഡു ലഭിക്കും. രണ്ടെണ്ണം വേണമെങ്കില്‍ ഇരുപത് രൂപ അടയ്ക്കണം. ശരിയായ വില ഒരു ലഡ്ഡുവിന് ഇരുപത്തിഅഞ്ച് രുപയാണ്. കൗണ്ടറില്‍ പാസ്സുകാണിച്ചാല്‍ വന്നയാളെ വെരിഫൈ ചെയ്ത ശേഷം പണം അടപ്പിക്കും ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ മറ്റൊരു കൗണ്ടറില്‍ നിന്നും പാസ്സുകാണിച്ചാലേ പ്രസാദം ലഭിക്കൂ.

 ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ നില്‍പ്പു രൂപത്തില്‍ കുടികൊള്ളുന്ന വെങ്കിടാചലപതിയെ കാണാന്‍ വീണ്ടും ക്യൂ നില്‍ക്കണം. വളഞ്ഞു പുളഞ്ഞും മുകളിലൂടെ കയറിയും പിന്നെയിറങ്ങിയും രണ്ടര മണിക്കൂര്‍ ക്യൂവിലൂടെ സഞ്ചരിച്ചതിനു ശേഷം അവസാനം സാക്ഷാല്‍ കലിയുഗ പ്രത്യക്ഷദേേവനെ ദര്‍ശിക്കല്‍ ഒരു നിമിഷം മാത്രം.

തിരക്കില്‍പ്പെട്ട് ദര്‍ശനം കഴിഞ്ഞ് ചുറ്റിലെത്തുമ്പോള്‍ പ്രസാദവും ദോശയും കിട്ടും. കുടിക്കാനുള്ള ജലം എല്ലാഭാഗത്തുമുണ്ട്. ക്ഷേത്രതൂണുകളില്‍ കൊത്തു ശില്‍പ്പങ്ങള്‍ മിഴിവേകി നില്‍ക്കുന്നു. വെങ്കിടാചലപതിയുടെ സ്വര്‍ണ്ണകിരീടവും മണിമയ ഭൂഷണവും കണ്ട് സായൂജ്യമടഞ്ഞ്. കാണിക്കയുമിട്ട് തിരിച്ച് പുറത്തെ കൗണ്ടറില്‍ ചെന്ന് പ്രധാന പ്രസാദമായ തിരുപ്പതിലഡ്ഡു വാങ്ങി. അന്നപ്രസാദവും കഴിച്ച് ക്ഷേത്രഗോപുരത്തിങ്കലെത്തുമ്പോള്‍ രാത്രി ഏറിയിരുന്നു.

തിരുമലയിലെ ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും എപ്പോഴും ആന്ധ്രാപദേശ് SRTC യുടെ സര്‍വ്വീസുണ്ട്. തിരുമലയില്‍ നിന്നും ഹെയര്‍പിന്‍ വളവുകളിലൂടെ തിരുപ്പതിയിലേയ്ക്കൂ കുതിക്കുമ്പോള്‍ കണ്ണുകളില്‍ ആലസ്യത്തിന്‍റെ നേര്‍ത്ത പാടലം വന്നുതുങ്ങികിടന്ന് മെല്ലെ മയക്കത്തിലാക്കി. ബസ്സിറങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടരയും പിന്നിട്ടിരുന്നു. ലോഡ്ജില്‍ നിന്നും രാവിലെ ഇറങ്ങുമ്പോള്‍ ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവര്‍ ചോദിച്ചിരുന്നത് ''ഉച്ചയ്ക്കു മുന്‍പേ എത്തില്ലേയെന്നാണ് '' ''അതെ വേഗമെത്തും....അതുകഴിഞ്ഞ് നമുക്ക് കാളഹസ്തിയിലേയ്ക്ക് പോകണം...''

അങ്ങിനെ എളുപ്പം പറഞ്ഞുപോയ ഞങ്ങൾ ലോഡ്ജിലെത്തിയപ്പോൾ പാതിരയും കഴിഞ്ഞിരുന്നു. യാത്രയുടെ തളർച്ചയുണ്ടായിരുന്നെങ്കിലും വെങ്കിടാചലപതിയെ സന്ദർശിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം കൊണ്ട് മനസ്സ്നിറഞ്ഞു...

(ഒരു സഞ്ചാരിയുടെ ഓർമ്മക്കുറിപ്പുകൾ_കൃഷ്ണകുമാർ മാപ്രാണം)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ