കഴിഞ്ഞ ആഗസ്റ്റിൽ (2015) പ്രശസ്തമായ കന്യാകുമാരിയിൽ കുടുംബസമേതം യാത്ര പോയി.
സാഗര സംഗമത്തിന്റെ അപൂർവ ചാരുത മനസ്സിലോപ്പി യെടുക്കുക എന്നത് കുറച്ചു നാളായുള്ള ആഗ്രഹമായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അവിടെ എത്തി. ഹോട്ടലിൽ മുറി എടുത്തു. ഒന്ന് ഫ്രഷ് ആയ ശേഷം പുറത്തിറങ്ങി. വലിയ തിരക്കായിരുന്നു. എന്നെപ്പോലെ ധാരാളം സന്ദർശകർ. വിവേകാനന്ദപ്പാറയും, അസ്തമയവും ഒക്കെ കണ്ടു. കാഴ്ചകൾ കണ്ണിനെ ആനന്ദിപ്പിച്ചപ്പോൾ, കാതുകളെ അടുത്തൊരു ദേവാലയത്തിലെ ഉച്ചഭാഷിണി ഉപദ്രവിക്കുകയായിരുന്നു. വലിയ കോളാമ്പികൾ വച്ചുള്ള തുടർച്ച യായ പ്രഘോഷണങ്ങളും, പ്രാർത്ഥനയും ദൈവത്തിനു കേൾക്കാനല്ല എന്നുള്ളത് ഉറപ്പാണ്. ദൈവത്തി നെന്തിനാണ് കോളാമ്പി വച്ചുള്ള പ്രാർത്ഥന. അത് മനുഷ്യരെ കേൾപ്പിക്കാനാണ്. കേൾക്കാൻ ഒട്ടും താല്പര്യമില്ലാത്തവന്റെയും കാതുകളിൽ തുളച്ചു കയറ്റുക. ഈ ആഭാസങ്ങൾ വെളുപ്പിന് നാലു മണിമുതൽ ഉണ്ടായിരുന്നു. അതിനാൽ ശനിയാഴ്ച രാതിയിലെ ഉറക്കം കട്ടപ്പുക. ആവശ്യമുള്ളവൻ ദേവാലയത്തിൽ എത്തുമ്പോൾ പോരെ ഇത്തരം വ്യായാമങ്ങൾ?. മൂന്നു ദിവസത്തെ പരിപാടി ഒറ്റ ദിവസം കൊണ്ട് മതിയാക്കി വീട്ടിൽ പോകാൻ ഈ പ്രാർത്ഥന സഹായിച്ചു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.ദേവാലയങ്ങൾ ഉള്ള എല്ലാ സ്ഥലങ്ങളിലും സ്ഥിതി ഇതാണ്. എല്ലാ മതക്കാരുടെയും ദേവാലയങ്ങളിൽ നിന്നും ഈ ആഭാസം ഒഴുകി എത്താറുണ്ട്, മനുഷ്യന്റെ സ്വൈരം കെടുത്താൻ. എന്നാണു നമ്മൾ ഇന്ത്യാക്കാർ വ്യക്തി സ്വാതന്ത്ര്യത്തെപ്പറ്റിയും സ്വകാര്യതയെപ്പറ്റിയും ബോധാവാന്മാരാകുന്നത്?.