(RK)
ഇസ്‌താംബുൾ, ഈ പേര് ചിരിത്രം പഠിച്ച എനിക്ക് പണ്ടേ പരിചിതമാണ്. ചരിത്രപുസ്തകത്തിന്റെ താളുപോലെ ചരിത്രവും പഴമയും സൂക്ഷിക്കുന്ന നഗരം. മറ്റുചില യാത്ര പ്ലാനുകൾ ഉണ്ടായിരുന്നതിനാൽ വിസയ്ക്കായി പാസ്പോർട്ട് അയക്കാൻ പറ്റാത്തതിനാലാണ് UK / US / ഷെങ്കൻ വിസ ഉള്ള ഇന്ത്യൻ പാസ്സ്പോർട്ടുകാർക്ക് ഓൺലൈൻ വിസ സൗകര്യം ഉള്ള രാജ്യം തിരഞ്ഞെടുത്തത്.
ടർക്കിഷ് എയർലൈൻസിന്റെ ആസ്ഥാനമായ അറ്റാറ്റൂർക്ക് എയർപോർട്ട് ഇപ്പോൾ ലോകത്തെ ഏറ്റവും തിരക്കുള്ള പത്താമത്തെ എയർപോർട്ടാണ്. തിരക്കിൻറെ കാര്യത്തിൽ 2015 വരെ ലണ്ടനും പാരിസിനും പിന്നിൽ മൂന്നാം സ്ഥാനമായിരുന്നെങ്കിലും സമീപകാല സെക്യൂരിറ്റി പ്രശ്നങ്ങൾ യൂറോപ്പിലെ അഞ്ചാമത്തേഎയർപോർട്ടാക്കി മാറ്റി. സാധാരണ എയർപോർട്ടുകളിൽ രണ്ടു തരം പാസ്പോർട്ട് കൗണ്ടറുകളാണുള്ളത്. തദ്ദേശവാസികൾക്കും വിദേശികൾക്കും എന്നിങ്ങനെ, ഇവിടുത്തെ മൂന്നാമത്തെ കൗണ്ടർ എന്നെ അത്ഭുതപ്പെടുത്തി അയൽരാജ്യമായ ഇറാഖി പൗരന്മാർക്കായി പ്രത്യേക കൗണ്ടർ. അവിടെ വളരെയധികം സുരക്ഷാ പരിശോധനകൾക്കുശേഷമേ അവരെ കടത്തിവിടൂ എന്നാണ് ഒരുദ്യോഗസ്ഥൻ പറഞ്ഞത്. തിരിച്ചുള്ള യാത്രയിൽ ഞങ്ങളും അതനുഭവിച്ചു.വിവിധ തലങ്ങളിൽ നാലു സുരക്ഷാ പരിശോധനകൾക്കു ശേഷം ബ്രിട്ടീഷ് എയർവെയ്‌സ് അമേരിക്കൻ ഫ്ലൈറ്റുകൾക്കായി പ്രത്യേകമായി ദേഹപരിശോധന അടക്കം ഒരു പരിശോധനകൂടി. എന്റെ പവർ ബാങ്കെടുത്തവർ കുപ്പയിലിട്ടു.സാധാരണ വലിപ്പമുള്ള മൊബൈൽ അല്ലാതെ ഒരു ഇലക്ട്രോണിക് സാധനവും അവർ കടത്തിവിട്ടില്ല. യൂറോപ്യൻ യാത്രകളിൽ ഫ്ലൈറ്റ് ടിക്കറ്റ് റേറ്റ് കുറയ്ക്കാൻ ഹാൻഡ് ലഗ്ഗേജ് മാത്രമായി യാത്രചെയ്യുന്ന എന്നെപ്പോലെയുള്ള യാത്രക്കാർക്ക് തിരിച്ചടിയാണ് ഈ പുതിയ സുരക്ഷാ മാനദണ്ഡം. പ്രത്യേകിച്ച് ലാപ്ടോപ്പ് ഉണ്ടെങ്കിൽ. ലണ്ടൻ എയർപോർട്ടിൽ ആകെ ഒരേ ഒരു ചെക്ക് മാത്രമേ ഉള്ളു. നിങ്ങളുടെ കയ്യിൽ ബോർഡിങ് പാസ്സ് ഉണ്ടെങ്കിൽ സെക്യൂരിറ്റി ചെക്കിലേക്ക് നേരെപോകാം പിന്നെ പ്രീ ബോർഡിങ് ലോഞ്ചിൽ ബോർഡിങ് പാസ്സ് സ്കാൻ ചെയ്യുക, കയറുക. പാസ്സ്പോർട്ടിൽ എക്സിറ്റ് സ്റ്റാമ്പ് അടിക്കാറില്ലാത്ത അപൂർവം രാജ്യങ്ങളിലൊന്നാണ് UK.
പുരാതനമായ കൂറ്റൻ മതിലുകളുടെ അവശേഷിപ്പുകളാണ് ഇസ്താംബുളിൽ ആദ്യമേ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത് ബിസി യിൽ തുടങ്ങി ഗ്രീക്ക് ബൈസാന്റിയവും റോമൻ കോൺസ്റ്റാന്റിനോപ്പിളും ഓട്ടോമൻ കാലഘട്ടവും കടന്ന് ഏകദേശം 2300 - 2400 വർഷത്തെ ചരിത്രം പറയുന്ന ഇസ്‌താംബുൾ നഗരം.
എല്ലാക്കാലത്തും അവർ നഗര/ രാജ്യ സംരക്ഷണത്തിനായി മതിലുകൾ ഉണ്ടാക്കാൻ വിധിക്കപ്പെട്ടവരാണെന്നു തോന്നുന്നു. കാരണം ഇന്ന് സിറിയൻ അതിർത്തിയിൽ 500ൽ ഏറെ കിലോമീറ്റർ നീളമുള്ള മതിൽ നിർമിച്ചുകൊണ്ടിരിക്കുകയാണ് തുർക്കി. പകുതി പൂർത്തിയായിക്കഴിഞ്ഞു.
പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വൻ മതിലുകൾ, കൊട്ടാരങ്ങൾ, മോസ്കുകൾ,...
എവിടെ തിരിഞ്ഞാലും പാറിക്കളിക്കുന്ന ദേശീയ പതാകകൾ...
ഏതു ലോകോത്തര ബ്രാൻഡുതുണിയും ലെതറും കരകൗശല വസ്തുക്കളും കിട്ടുന്ന ഗ്രാൻഡ് ബസാർ.
ഏതു സുഗന്ധവ്യഞ്ജനങ്ങളും കിട്ടുന്ന സ്‌പൈസ് മാർക്കറ്റ്.
നല്ല കബാബുകളും മത്സ്യ വിഭവങ്ങളും ലഭിക്കുന്ന സ്ഥലം.
കല്ലുപാകിയ പാതകളും, വിശാലമായ ശ്മശാനങ്ങളും പാർക്കുകളും
പഴമ നിലനിർത്താൻ ശ്രമിക്കുന്ന ശ്രദ്ധിക്കുന്ന ജനത.
അമ്പതിനായിരത്തോളം പൂച്ചകളും ഒട്ടനവധി നായ്ക്കളും ജീവിക്കുന്ന/ സംരക്ഷിക്കപ്പെടുന്ന നഗരം.
ഏഷ്യയും യൂറോപ്പും സമ്മേളിക്കുന്ന നഗരം.
എന്റെ നോട്ടത്തിൽ ഇതാണ് ഇസ്‌താംബുൾ...
ഒന്നുകൂടി കൂട്ടിച്ചേക്കാതെ ഈ കുറിപ്പ് പൂർണ്ണമാവില്ല.
ഈ സന്തോഷവാർത്ത ലോകമെമ്പാടുമുള്ള കഷണ്ടി തലയന്മാർക്കാണ്...
ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഹെയർ ട്രാൻസ്പ്ലാന്റിനുവേണ്ടി യാത്രചെയ്യുന്ന സ്ഥലമാണ് ഇസ്താൻബുൾ.
കുറഞ്ഞ ചിലവിൽ തലമുടി പിടിപ്പിച്ചതിനുശേഷം ചികിത്സയുടെ ഭാഗമായി തല പ്ലാസ്റ്റർ ഒട്ടിച്ചു നടക്കുന്ന ഒട്ടേറെ ആളുകളെ ഹോട്ടലിലും എയർപോർട്ടിലും കണ്ടു. സുരക്ഷാ കാരണങ്ങളാലും അഭയാർഥി പ്രശ്നങ്ങളാലും മറ്റു ടൂറിസ്റ്റുകൾ കുറഞ്ഞപ്പോഴും കഷണ്ടി ചേട്ടന്മാരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് ഒരു ടൂറിസം ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തൽ. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായി ഇസ്‌താംബുള്ളിൽ മാത്രം 1500 ക്ലിനിക്കുകൾ ഉണ്ടത്രേ...!!!