റോഡിനരികിലുള്ള മാഞ്ചുവട്ടിൽ പരസ്പരം നോക്കി ,ഒന്നും മിണ്ടാനാവാതെ അവൻ നിന്നു. അവന്റെ മിഴികളിലേയ്ക്ക് ഉറ്റുനോക്കി അവളും.
"സുജിത്ത് , എന്തു പറ്റി നിനക്ക് എന്താണെങ്കിലും തുറന്നു പറയൂ. എന്തിനും പരിഹാരം ഉണ്ടല്ലോ" സോഫിയയുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഒന്നും പറയാതെ വിദൂരതയിലേക്ക് കണ്ണും നട്ട് അവൻ നിന്നു.
റോഡിനപ്പുറം പച്ച വിരിച്ച നെൽപ്പാടങ്ങൾ. ദൂരെ മേയുന്ന കാലിക്കൂട്ടങ്ങൾ. പുൽമേടുകൾ നിറഞ്ഞ മൊട്ടക്കുന്നുകൾ. കാട്ടാനകളെപ്പോലെ തോന്നുന്ന പാറക്കൂട്ടങ്ങൾ.
സുജിത്ത് ഒരിക്കലും ഇങ്ങനെയല്ല. ഓരോരോ തമാശകൾ പറഞ്ഞ് എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കും. എവിടെ വെച്ച് കണ്ടാലും ഹൃദ്യമായ പുഞ്ചിരിയോടെ ഓടി വന്ന് ഷേയ്ക്ക് ഹാന്റ് തന്ന്,പറ്റുമെങ്കിൽ ഒന്ന് കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കും. അതും ആൺ പെൺ വിത്യാസമില്ലാതെ. അതു കൊണ്ട് ലേഡീസെല്ലാം സുജിത്തിനെ കാണുമ്പോൾ ഒരു ചെറിയ മുൻകരുതൽ എന്ന പോലെ ഒറ്റപ്പെട്ടു നിൽക്കാറില്ല. അവന്റെ ആലിംഗനം പേടിച്ച്. ഇന്ന് അവന്റെ ഉറ്റ ചങ്ങാതി ബാബുവിനോടു പോലും അവൻ അടുപ്പം കാണിച്ചില്ല.
കളിയില്ല,ചിരിയില്ല, മുഖത്ത് എപ്പോഴും വിഷാദഭാവം. ക്ലീൻ ഷേവ് ചെയ്ത് നടക്കാറുള്ള ആൾ താടിയൊക്കെ വെച്ച്. അവനെ ഈ രൂപത്തിൽ കണ്ടവർക്കെല്ലാം വിഷമം തോന്നി. SSLC ബാച്ചുകാരെല്ലാം കൂടി ബാബുവിന്റെ വീട്ടിൽ ഒത്തുകൂടിയ സമയമാണ്. ആറു മാസം മുൻപ് തീരുമാനിച്ചത് വലിയ ആഘോഷമായി തന്നെ ഗെറ്റ് ടുഗതർ നടത്തണമെന്നും, അതിനായി എല്ലാവരും ഒരിക്കൽ കൂടി പണ്ട് പഠിച്ച ആ കലാലയമുറ്റത്ത് ഒത്തുകൂടാനുമായിരുന്നു. ഇന്നാണ് കാത്തു കാത്തിരുന്ന ആ ദിവസം.
പക്ഷേ, നാടെങ്ങും വ്യാപിച്ച കൊറോണ എന്ന മഹാമാരി എല്ലാം തകർത്തു. ലോക് ഡൗൺപ്രഖ്യാപനം. പലർക്കും വരാൻ സാധിക്കാത്ത അവസ്ഥ. ചടങ്ങുകൾ എല്ലാം വെട്ടിച്ചുരുക്കി. കുറച്ചു പേർ മാത്രം ബാബുവിന്റെ വീട്ടിൽ ഒത്തുകൂടി.
പലരും വിദേശത്തു നിന്നും എത്തിയവരാണ്. എങ്ങും തിക്കും തിരക്കും ഒച്ചപ്പാടും. എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി സുജിത്തിനേം കൂട്ടി ബാബുവിന്റെ വീട്ടുമുറ്റത്തുള്ള മാവിൻ ചുവട്ടിൽ വച്ച് സോഫിയ വീണ്ടും ചോദിച്ചു.
"നീ എന്റെ ആ പഴയ കൂട്ടുകാരൻ തന്നെയാ, മടിക്കണ്ടാ പറയൂ."
"ഒന്നുമില്ല സോഫിയാ." അവൻ ഒഴിഞ്ഞുമാറി.
"എടാ നീ കൊറോണായേ പേടിച്ചാണോ നിന്റെ പഴയ സ്വഭാവം മാറ്റിയത്. ഞങ്ങൾ നാട്ടിലെത്തിയിട്ട് രണ്ടു മാസമായി.നീ പേടിക്കേണ്ട." അവളതു പറഞ്ഞപ്പോൾ അവൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു .
"ഒരിക്കലുമല്ല സോഫിയാ. ഞാനാകെ കടത്തിൽ പെട്ടു പോയി." ആ കഥ അവൻ അവളോട് പറഞ്ഞു. അവന്റെ കളിയും ചിരിയും സന്തോഷവും കൈമോശം വന്ന കഥ.
സുജിത്തും സുഹൃത്തും കൂടി ദുബായിൽ ഒരു മൊബൈൽ ഷോപ്പ് തുടങ്ങി. ലോണെടുത്തും പണം പലിശയ്ക്കു വാങ്ങിയും ഭാര്യയുടെ സ്വർണ്ണം പണയം വച്ചുമാണ് അതിനുള്ള പണം മുടക്കിയത്. ഈ ബിസിനസ് വഴി ജീവിതം രക്ഷപ്പെടുമെന്നു കരുതി. ഏറെ പ്രതീക്ഷയോടെയാണ് തുടങ്ങിയത്. പക്ഷേ, ആറുമാസത്തിനുള്ളിൽ എല്ലാം പൊട്ടിപ്പൊളിഞ്ഞു. കടത്തിൽ മുങ്ങി. കടബാധ്യത തീർക്കാൻ വഴിയില്ലാതായി. സഹായിച്ചവർ പണം ചോദിച്ച് വീട്ടിൽ കയറി ഇറങ്ങിയപ്പോൾ പപ്പയ്ക്ക് ദേഷ്യമായി. വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു.
അങ്ങനെ പൊലിഞ്ഞു പോയ സ്വപ്നങ്ങളും കാലിയായ പോക്കറ്റുമായി ഭാര്യയേയും മക്കളേയും ചേർത്ത് പിടിച്ച് ഒരു ചെറിയ വാടക വീട്ടിലേയ്ക്ക്. ആറു വർഷത്തെ പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ച കുറച്ചു ഭൂമി ഉണ്ട്.
ഒരു കൊച്ചു വീട് വെക്കണം എന്ന ആഗ്രഹത്താൽ ടൗണിൽ തന്നെ മോഹവില കൊടുത്തു വാങ്ങിയതാണ്. ആ ഭൂമി വിറ്റ് എങ്ങനെ എങ്കിലും കടംവീട്ടാം എന്ന പ്രതീക്ഷയോടെ നാട്ടിൽ എത്തി. അപ്പോഴേയ്ക്കും നോട്ട് നിരോധനം എന്ന പുലിവാല് കാരണം ഭൂമി കച്ചവടവും നടന്നില്ല. ഇന്നിതാ കൊറോണയും, ഉള്ള ജോലിയും പോയി. ജീവിതമാകെ പ്രതിസന്ധിയിലാണ്. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. എല്ലാ പ്രതീക്ഷയും അസ്തമിച്ചു. ഭാര്യയേയും മക്കളെയും പോറ്റാനായി ഞാൻ. ഇടറിയ വാക്കുകൾ അവന് പൂർത്തിയാക്കാനായില്ല.
പറയുമ്പോൾ പലപ്പോഴും അവന്റെ മിഴികൾ നിറഞ്ഞൊഴുകി. വിതുമ്പുന്ന ചുണ്ടുകളും, നിറഞ്ഞ കണ്ണുകളും, ഇടയ്ക്കിടെ മുറിഞ്ഞ വാക്കുകളും സോഫിയയുടെ മനസിൽ വേദന പടർത്തി.
ഒരു കാലത്ത് സോഫിയയുടെ കൗമാരസ്വപ്നങ്ങൾക്ക് മഴവില്ലിന്റെ വർണ്ണങ്ങൾ വാരി വിതറിയ ആളാണ് സുജിത്ത്. അവളുടെ മാത്രമല്ല, ക്ലാസിലെ ഒട്ടുമിക്ക പെൺകുട്ടികളുടെയും. ആളൊരു കൊച്ചു ശ്രീകൃഷ്ണനാണ്. എല്ലാവവർക്കും കരളിൽ കുളിരു കോരിയിടുന്ന രീതിയിൽ പ്രേമലേഖനമെഴുതി കൊടുക്കും. കൂടിയാൽ ഒന്നോ രണ്ടോ മാസം. അപ്പോഴേയ്ക്കും അടുത്ത പൂമരക്കൊമ്പിലേയ്ക്ക് അവൻ ചാടിയിരിക്കും. ഒരു മരംചാടി കുരങ്ങനെപ്പോലെ.
വിവാഹം കഴിഞ്ഞിട്ടും മക്കൾ രണ്ടായിട്ടും അവന്റെ സ്വഭാവത്തിന് വല്യ മാറ്റമില്ല. ജീവിതത്തെ എന്നും ലാഘവത്തോടെ കണ്ടിരുന്ന സുജിത്ത് ഇന്ന് പ്രശ്നങ്ങളുടെ നടുവിലാണ്. എങ്ങിനെയും അവനെ സഹായിച്ചേ പറ്റൂ.
"സുജിത്തേ, ഞാൻ ഇച്ചായനോട് ചോദിച്ചു നോക്കാം. തീർച്ചയായും ഇച്ചായൻ സഹായിക്കും."
സോഫിയ പറഞ്ഞു.
"സോഫിയാ കുറച്ചൊന്നുമല്ല എനിക്കു കടം. ഒരിക്കലും എന്നെ സഹായിക്കാൻ നിനക്കെന്നല്ല ആർക്കും കഴിയില്ല." ഗദ്ഗദകണ്ഠനായ് സുജിത്ത് പറഞ്ഞു.
"പഴയ കാര്യങ്ങൾ അവനെ ഓർമ്മിപ്പിക്കുകയാണോ സോഫിയാ." പഠിപ്പിസ്റ്റ് ജയദേവനാണ്. കൂടെ ജസ്റ്റിൻ ഫെർണ്ണാണ്ടസും. എല്ലാവരും മുറ്റത്തെ മാവിൻ ചുവട്ടിൽ ഒത്തുകൂടി. ക്ലാസിലെ വികൃതികളുടെ നേതാവ്
ബാബു ജോൺ. ബാബുവിനോട് മത്സരിച്ച് ക്ലാസ്സിൽ വെച്ച് സിഗരറ്റ് വലിച്ച ലാലിക്കുട്ടി.
ക്ലാസ്സിൽ ഫസ്റ്റ് ആയിരുന്ന ഗോപീകൃഷ്ണനിൽ നിന്നും അത് തട്ടി എടുക്കാൻ വേണ്ടി കള്ള കാമുകിയുടെ വേഷമണിഞ്ഞ മോനിഷ. നിഷ്കളങ്കയും സുന്ദരിയുമായ ചന്ദ്രിക. ബെറ്റി മാർക്കോസ്. റോസക്കുട്ടി. ലാലിച്ചൻ. ജോണി തോമസ്.
പാട്ടുകാരി ശാന്തമ്മ. സ്ക്കൂളിലെ സകലകലാ വല്ലഭൻ Fr. ബെഞ്ചമിൻ. നാട്ടിൻ പുറത്തിന്റെ നൻമകൾ നിറഞ്ഞ ജോണി ഫിലിപ്പ്. ക്ലാസിലെ മോഡേൺ വേഷധാരിയും സുന്ദരിയുമായ മേഴ്സിക്കുട്ടി. ശാന്തശീലനായ ജോയ് മാത്യൂ.
രാജലക്ഷ്മി. സ്വപ്ന ലോകത്തെ ബാലഭാസ്ക്കരൻ എന്ന പേര് കരസ്ഥമാക്കിയ ടോമിച്ചൻ.
ഓർമ്മകൾപങ്കുവെയ്ക്കലും. കുശലാന്വേഷണങ്ങളും ഫോട്ടോയെടുപ്പുമായി ഒരു ദിനം എത്ര പെട്ടന്നാണ് കടന്നു പോയത്.പൂത്തുമ്പിയെപ്പോലെ പാറി നടന്ന കൗമാരക്കാരെല്ലാം ഇന്ന് എടുക്കാൻ വയ്യാത്ത വൻ ചുമടുമായി
പ്രാരാബ്ദങ്ങളിൽ പെട്ട് ഉഴലുന്നു. നഷ്ടപ്പെട്ടു പോയി എങ്കിലും ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന കുട്ടിക്കാലവും കുസൃതികൾ നിറഞ്ഞ ഓർമ്മകളും കാലം മായ്ക്കാത്ത സൗഹൃദവുമായി അവർ ഒരിക്കൽ കൂടി തിരിച്ചു നടന്നു.
മാമ്പഴത്തിന്റെ മാധുര്യമുള്ള കുസൃതികളിലേയ്ക്ക്. മഷിത്തണ്ടും മയിൽപ്പീലിയും സൂക്ഷിക്കുന്ന മനസിന്റെ മണിച്ചെപ്പിലേയ്ക്ക്. കുഞ്ഞു മനസിൽ പൂത്തിരി കത്തിച്ച മധുരിക്കുന്ന ഓർമ്മകകളെ തൊട്ടുണർത്തി വിടവാങ്ങുമ്പോൾ പലരുടേം മിഴികൾ ഈറനണിഞ്ഞു.
ചിലരൊക്കെ വിതുമ്പിക്കരഞ്ഞു. പ്രിയതരമായതെന്തോ നഷ്ടപ്പെടുംപോലെ. തിരിച്ചുള്ള യാത്രയിൽ സോഫിയ ഭർത്താവിനോട് സുജിത്തിന്റെ കടബാധ്യതകളെപ്പറ്റി പറഞ്ഞു. അയാൾ തന്ന സോഫിയയോടു പറഞ്ഞു.
"നമുക്ക് എങ്ങനേയും സുജിത്തിനെ സഹായിക്കാമെന്ന്."
തുടർന്ന് സോഫിയ അയച്ച ഇരുപത് ലക്ഷത്തിന്റെ ചെക്ക് കൈയ്യിൽ കിട്ടിയ ഉടൻ സുജിത്തിന്റെ മെസ്സേജ് വന്നു. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ. "സോഫിയാ, എല്ലാം പ്രതീക്ഷയും തകർന്ന് ജീവിക്കാനുള്ള മോഹം പോലും നഷ്ടമായ അവസ്ഥയിൽ നീ എനിക്ക് ഒരു പുതിയ ജീവിതവും സ്വപ്നങ്ങളും തന്നു.നന്ദി നന്ദി."