mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മഴ തകർത്തു ചെയ്യുകയാണ്. കുട്ടികളെയും ചേർത്തു പിടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ് അയാൾ.. രാവിലെ ഭാര്യയുടെ ശകാരം കേട്ടാണ് ഉണർന്നത്. അയാൾ തല പൊന്തിച്ചു നോക്കി, അവൾ കലി തുള്ളി നിൽക്കുകയാണ്. നശിച്ച മഴ... കണ്ടോ, അടുപ്പിനകം വരെ ചോരുന്നു. അതെങ്ങനാ മഴയ്ക്കു വരെ അറിയാം ഇവിടെ അടുപ്പു പുകയാറില്ലെന്ന്. അയാൾ പതിയെ എണീറ്റിരുന്നു. കുട്ടികളുടെ ശിരസ്സിൽ പതിയെ തലോടി.

അതുങ്ങളെ കൂടെ ഒണർത്തല്ലേ...ഉറക്കത്തിലെങ്കിലും വിശപ്പറിയില്ലല്ലോ ... എന്തൊരു തലവിധിയാണിതീശ്വരാ..
അവൾ ഓടിന്റെ ചോർച്ച മാറ്റാൻ വിഫലശ്രമം നടത്തിക്കൊണ്ടു പറഞ്ഞു .

ഫാക്ടറിയിൽ തൊഴിലാളി സമരം തുടങ്ങിയിട്ട് മാസം നാലായി. ജോലി ഉണ്ടായിരുന്നപ്പോൾ പട്ടിണിയില്ലാതെ കഴിഞ്ഞ കുടിയിരുന്നതാണ്. ഇനി കടം വാങ്ങാനായി ആരും ബാക്കിയില്ല. അയലത്തുള്ളവരും സമാനമായ അവസ്ഥയിലാണ്. ഫാക്ടറി അടച്ചു പൂട്ടുന്ന ലക്ഷണമാണ്. കമ്പനി തമിഴ് നാട്ടിലേക്കോ മറ്റോ മാറ്റാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. തൊഴിലാളി യൂണിയനുകളെല്ലാം അതിനെതിരെ ഒറ്റക്കെട്ടായി സമരത്തിലാണ്.

ഇളയ മകൻ എണീറ്റ് വാതിൽക്കലേക്ക് നടന്നു. 
"എവിടെ പോവ്വാടാ...."
അവൾ ശബ്ദമുയർത്തി

"പല്ലു തേക്കാൻ....."
ആ ആറു വയസുകാരൻ പറഞ്ഞു .

ഓ.. പല്ലും തേച്ചേച്ച് ഇങ്ങു വന്നാ മതി, ഉരുട്ടി വിഴുങ്ങാൻ ഇവിടേതാണ്ട് ഉണ്ടാക്കി വച്ചിരിക്കുന്നു.. ദേഷ്യവും, സങ്കടവും കലർന്ന ശബ്ദത്തിലവൾ പറഞ്ഞു.
ദേ മനുഷ്യാ നമ്മുടെ പ്ലാവേൽ ഒരു ചക്ക നിൽപ്പുണ്ട്. അതിങ്ങ് ഇട്ടോണ്ടു വാ, ഇന്നത്തേക്ക് അതെങ്കിലുമാകട്ടെ..

അയാൾ എണീറ്റ് പുറത്തിറങ്ങി പഴയ അരിവാൾ എടുത്ത് തോട്ടിയുടെ അറ്റത്ത് കെട്ടി ഉറപ്പിച്ചു.
ചക്ക എന്നു കേട്ടപ്പോഴേ കുട്ടികൾ രണ്ടും ഓരോ പ്ലേറ്റും എടുത്ത് ഓടി പ്ലാവിൻ ചോട്ടിലേക്ക് എത്തി, മുകളിലേക്ക് നോക്കി നില്പായി.
ഫാക്ടറിയുടെ കുറ്റൻ മതിലിനോടു ചേർന്നാണ് പ്ലാവു നില്ക്കുന്നത്.
അയാൾ തോട്ടി പൊന്തിച്ച് അരിവാൾ ചക്കയുടെ ഞെടുപ്പിൽ കൊരുത്ത് ആഞ്ഞ് ഒറ്റവലി..
ചക്ക വീണതും കുട്ടികൾ വലിയ വായിൽ കരയുവാൻ തുടങ്ങി;കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ...
ചക്ക വീണത് ഫാക്ടറി മതിലിന്നകത്തേക്കായിരുന്നു.

അയാൾ കുറ്റബോധത്തോടെ ഭാര്യയെ നോക്കി ...

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

ആ നിമിഷം അവളൊന്നു ശകാരിച്ചിരുന്നെങ്കിൽ എന്നയാൾക്ക് തോന്നി.
ഇളയവൻ കയ്യിലിരുന്ന പ്ലേറ്റ് വലിച്ചൊരേറ്, വലിയ വായിൽ നിലവിളിക്കുകയാണ്.

അവൾ കരയുന്ന കുട്ടികളെയും വിളിച്ച് പുരയ്ക്കകത്തേക്ക് കയറിപ്പോയി.

അല്പനേരം ഈ ദുരന്ത നാടകത്തിനു കളമൊരുക്കാനെന്നവണ്ണം തോർന്നു നിന്ന മഴ വീണ്ടും തിമിർത്തു ചെയ്യാൻ തുടങ്ങി.
അയാൾ നനഞ്ഞ് വീട്ടിലേക്കു കയറി ,വാരിയിൽ തിരുകിയിരുന്ന സഞ്ചി കയ്യിലെടുത്ത് കുടഞ്ഞു, വാസസ്ഥലം നഷ്ടപ്പെട്ട ഒരു എട്ടുകാലി നിലത്തു വീണ് ഓടി മറഞ്ഞു..

അച്ഛനിപ്പം വരാം, മക്കൾക്ക് തിന്നാനെന്തേലും കൊണ്ടു വരാം... കുഞ്ഞങ്ങളുടെ മുഖത്തേക്കു നോക്കാതെ അയാൾ പറഞ്ഞു...
കമ്പി ഒടിഞ്ഞ ഒരു കുട ഭാര്യ അയാൾക്കു നേരെ നീട്ടി, അയാൾ അതും ചൂടി പുറത്തേക്കു നടന്നു .

മഴ ശക്തിയായി പെയ്തു കൊണ്ടേ യിരുന്നു.
പൂട്ടിയിട്ടിരുന്ന പീടികയ്ക്ക് മുന്നിലെ അരിച്ചാക്ക് കുത്തിക്കീറി അരി മോഷ്ടിച്ച കള്ളനെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന വീഡിയോ നവ മാദ്ധ്യമങ്ങളിൽ വൈറലാകുന്നതറിയാതെ രണ്ടുകുഞ്ഞുമുഖങ്ങൾ പ്രതീക്ഷയോടെ വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്നുണ്ടായിരുന്നു. മഴ അപ്പോഴും പെയ്തു കൊണ്ടേ യിരുന്നു .

സനിൽ.പി.ഗോപാൽ

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ